Monday 22 July 2013

രേണുക


             
          “രേണു എനിക്ക് തന്നെ ഇഷ്ടമാണ്”. അവന്‍ അവളോട്‌ തന്‍റെ പ്രണയം അറിയിച്ച ദിനം തന്നെയായിരുന്നു അവള്‍ നട്ടു വളര്‍ത്തിയ റോസാ ആദ്യമായി പൂവിട്ടതും.അമ്പരപ്പായിരുന്നു അത് കേട്ട നിമിഷം അവളില്‍ ഉണ്ടായത്. ഓരോ ദിവസങ്ങള്‍ കൊഴിയുംതോറും തന്‍റെ ശരീരം മുഴുവനും പ്രണയത്തിന്‍റെ സുഗന്ധം നിറയുന്നത് അവള്‍ അറിഞ്ഞു.

                   കൃത്യമായി പറഞ്ഞാല്‍ പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അവളുടെ സൗന്ദര്യത്തെ അംഗീകരിച്ചു കൊണ്ടുള്ള ഇത്തരത്തിലൊരു രംഗം അവളുടെ ജീവിതത്തില്‍ അരങ്ങേറിയത്.

                  അമ്പലപ്പുഴ റെയില്‍വെ മേല്‍പ്പാലം കയറി വന്നാല്‍ എത്തുന്ന ആദ്യത്തെ മൂന്നും കൂടിയ ജംക്ഷനാണ് കചെരിമുക്ക്. അമ്പലപ്പുഴ എന്ന ഗ്രാമത്തിന്‍റെ ജീവനാഡിയാണിവിടം. ജംക്ഷന് പടിഞ്ഞാറ് ഭാഗത്തായാണ്‌ രേണു പഠിച്ച കെ കെ കുഞ്ചുപിള്ള ഹൈസ്കൂള്‍ നിലനില്‍ക്കുന്നത്.രേണുവിന്‍റെ സ്കൂളിനോട് ചേര്‍ന്ന് വലതു ഭാഗത്തായി എ ഇ ഓ  ഓഫീസും ഇടതു ഭാഗത്തായി സര്‍ക്കാര്‍ ആശുപത്രിയും ഉണ്ട്.സ്കൂളിന്‍റെ ഗേറ്റ് കടന്നാല്‍ ചെല്ലുന്നത് വലിയൊരു ഹാളിലാണ്.ഈ ഹാളിനെ പല ക്ലാസുകളായി തിരിച്ചിരിക്കുന്നു. ഹാളിന്‍റെ വലതു ഭാഗത്തായാണ്‌ ഹെഡ് മാസ്റ്റെറിന്‍റെ റൂം. അതിനോട് ചേര്‍ന്ന് തന്നെയാണ് ടീച്ചേഴ്സ് റൂമും സ്റ്റാഫ് റൂമും.ടീച്ചേഴ്സ് റൂമിന് വലതു ഭാഗത്തായി കിഴക്ക് പടിഞ്ഞാറായി മറ്റൊരു ഹാളുണ്ട്. ഈ രണ്ടു ഹാളുകള്‍ക്കും ഇടയിലായി മൂന്നു കാറ്റാടി മരങ്ങള്‍ മുമ്പ് സ്ഥിതി ചെയ്തിരുന്നു.അതിന്‍റെ തണലില്‍ നിന്നായിരുന്നു പണ്ട് കാലങ്ങളില്‍ അസംബ്ലികള്‍ നടത്തിയിരുന്നത്. സ്റ്റാഫ് റൂമിന് പടിഞ്ഞാറ് ഭാഗത്തായാണ്‌ കഞ്ഞിപ്പെര. കഞ്ഞിപ്പുരക്കു പുറകിലായി തെക്ക്- വടക്ക്, കിഴക്ക്- പടിഞ്ഞാറായി നീണ്ടു കിടക്കുന്ന വിശാലമായ ഗ്രൌണ്ടാണ്.ഇപ്പോള്‍ ആ ഗ്രൗണ്ടിന്‍റെ സിംഹഭാഗവും കോണ്‍ക്രീറ്റ്  കെട്ടിടങ്ങള്‍ വിഴുങ്ങിയിരിക്കുന്നു.

                  ഗ്രൗണ്ടിന്‍റെ തെക്ക് വടക്ക് അതിര്‍ത്തികളിലായി രണ്ടു ഞാറമരങ്ങള്‍ ഉണ്ട്. വിശ്രമ വേളകളില്‍ കുട്ടികളുടെ കളികള്‍ എല്ലാം തന്നെ ഈ രണ്ടു ഞാറമരങ്ങളെ കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്.ദൂരെ മാനത്തെ തൊട്ടു നില്‍ക്കുന്ന ഞാറമരങ്ങള്‍.അതില്‍ രണ്ടിലും കുല കുലയായി മുന്തിരി പോലെ പിടിച്ചു കിടക്കുന്ന ഞാറപ്പഴങ്ങള്‍ കാണാന്‍ തന്നെ നല്ല ചേലാണ്. അതിന്‍റെ ഏറ്റവും മുകളില്‍ രാജകീയ പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഞാറക്കുലകള്‍ കൊഴിയുപയോഗിച്ചു ആദ്യത്തെ പ്രയത്നത്തില്‍ തന്നെ എറിഞ്ഞു വീഴ്ത്തി സ്ത്രീ ജനങ്ങളുടെ മുന്നില്‍ തങ്ങളുടെ ഉന്നം പ്രദര്‍ശിപ്പിക്കുക എന്നത് സ്കൂളിലെ പുരുഷകേസരികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ടതും ലഹരി പകരുന്നതുമായ വിനോദമാണ്‌. മരം പെയ്യുന്നത് പോലെ താഴേക്കു വീഴുന്ന ഞാറപ്പഴങ്ങള്‍ ക്ഷണനേരത്തില്‍ കൈക്കലാക്കിയ ശേഷം നീല നിറമാക്കിയ നാക്ക് വെളിയില്‍ പ്രദര്‍ശിപ്പിച്ചു നടക്കുക എന്നതാകട്ടെ പെണ്‍പ്രജകളുടെയും.
അന്നത്തെ ദിവസം രേണുവിന് തനിക്കും പ്രീയപ്പെട്ട ആ വിനോദത്തില്‍ പങ്കു ചേരാന്‍ സാധിച്ചില്ല.പഞ്ഞിക്കെട്ടുകള്‍ പോലുള്ള വലതു തുടയിലൂടെ പാദത്തിലേക്ക് ഒലിച്ചിറങ്ങിയ രക്തത്തുള്ളികള്‍ ബുക്കില്‍ നിന്നും കീറിയെടുത്ത പേപ്പറാല്‍ ഒപ്പിയെടുത്ത് ക്ലാസ് റൂമിന്‍റെ മൂലയില്‍ അമ്പരന്നിരുന്ന അവളുടെ മുന്നിലേക്ക്‌ അവന്‍ തന്‍റെ കൈക്കുമ്പിളില്‍ തിങ്ങി നിറഞ്ഞിരുന്ന മുന്തിരിക്കുലകള്‍ പോലുള്ള ഞാറപ്പഴങ്ങള്‍  നീട്ടിക്കൊണ്ടു പറഞ്ഞു.
           
           “രേണു എനിക്ക് തന്നെ ഇഷ്ടമാണ്”.

           ആ നാല് വാക്കുകള്‍ താന്‍ അന്നുവരെ കേട്ടിട്ടുള്ള മറ്റേതൊന്നിനെക്കളും മാധുര്യമൂറുന്നതാണെന്ന് തിരിച്ചറിഞ്ഞ രേണുക പിന്നീടുള്ള ദിവസങ്ങളില്‍ ഒരുങ്ങിയത് അവനു വേണ്ടിയായിരുന്നു.എന്നിരുന്നാലും തന്‍റെ ഇഷ്ടം അനുകൂലമായ ഒരു നോട്ടം കൊണ്ട് പോലും അവനെ അറിയുക്കന്നതില്‍ നിന്നും അവളെ ആരോ പിന്നിലേക്ക്‌ പിന്നിലേക്ക്‌ പിടിച്ചു വലിച്ചു കൊണ്ടിരുന്നു. അവളുടെ ഭാഗത്ത് നിന്നുള്ള  ഈ നിശബ്ദത, അതൊന്നു മാത്രമായിരുന്നു അവനെ കൂടുതല്‍ വീര്‍പ്പു മുട്ടിച്ചതും.

             കാലം കലണ്ടറുകളെ ഓരോന്നായി നിര്‍ദാക്ഷണ്യം ചവറ്റുകുട്ടയിലേക്ക് തള്ളിയിട്ടു കൊണ്ടിരിന്നു. മാറി മാറി വരുന്ന ഋതുക്കള്‍ അവന്‍റെ ഉള്ളിലെ പ്രണയാഗ്നികളെ ആളിക്കത്തിച്ചും  കൊണ്ടിരുന്നു. അവളില്ലാതെയുള്ള താന്‍ അപൂര്‍ണനാണെന്ന അറിവ് അവനെ അവളുടെ വീടിനുള്ളിലെ മാന്ത്രിക തകിടുകളാല്‍ അലംകൃതമായ പൂജാമുറിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന  രാഹുവും കേതുവും മറ്റു ഗ്രഹങ്ങളും കൂടി  വീതം വെച്ചെടുത്ത ചിതലെടുത്തു തുടങ്ങിയ തടിപ്പലകയുടെ മുന്നില്‍ എത്തിച്ചു.ശാസ്ത്രം പ്ലൂട്ടോയെ വെള്ളക്കുള്ളനായി തള്ളിവിട്ട് അഷ്ട ഗ്രഹ സിന്താന്തം അംഗീകരിച്ചു തുടങ്ങിയ കാലം. എന്നാല്‍ നവഗ്രഹങ്ങളുടെ തടവറയില്‍ കിടന്നുഴലുന്ന ജ്യോതിഷ ശാസ്ത്രം അവരുടെ ബന്ധത്തിനു കുറുകെ ഒരു ലക്ഷ്മണ രേഖ തീര്‍ത്തു. ജ്യോത്സ്യന്‍ തന്‍റെ നരവീണകണ്ണുകള്‍ തുറന്നത് അനന്തമായ ഇരുട്ടിലെക്കായിരുന്നു. സ്വന്തം ഭാവി ഗണിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടിരുന്ന ആ മനുഷ്യന്‍ കരകരാ ശബ്ദത്തില്‍ ആ പ്രണയത്തിന്‍റെ വിധി പറഞ്ഞു.

               “ ജാതക പ്രകാരം ലിംഗപ്പോരുത്തം ഒട്ടും കാണുന്നില്ല. മറ്റുള്ള പൊരുത്തങ്ങളുടെ കാര്യവും കഷ്ടത്തിലാണ്. മാത്രവുമല്ല ജാതകന് ആയുസ്സിലും അല്‍പം ഭംഗം കാണുന്നു.”

                  മജ്ജയിലും മാംസത്തിലും യാഥാസ്ഥിതികതയുടെ വടുക്കള്‍ കുത്തിനിറക്കപ്പെട്ട അവളുടെ പിതാവിന് മുന്നില്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ഈയാംപാറ്റയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കാലം അവളുടെ മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നും അവന്‍റെ മോഹന രൂപം ഇളക്കി മാറ്റി പകരം മറ്റൊന്ന് പ്രതിഷ്ഠിച്ചു. നവഗ്രഹങ്ങള്‍ ഒന്നായി നിന്ന് സകലമാന പൊരുത്തങ്ങളോടെ അവളെ മറ്റൊരു ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി.

                   എന്തും കച്ചവടക്കന്നോടെ  മാത്രം കണ്ടിരുന്ന ആ മനുഷ്യന് മുന്നില്‍ തന്‍റെയുള്ളിലെ വസന്തത്തെ അവള്‍ക്ക് ഒരു വേലി കെട്ടി നിര്‍ത്തേണ്ടി വന്നു. നിമിഷങ്ങള്‍ ദിവസങ്ങളായും ദിവസങ്ങള്‍ ആഴ്ച്ചകളായും ആഴ്ചകള്‍ മാസങ്ങളായും മാസങ്ങള്‍ വര്‍ഷങ്ങളായും വര്‍ഷങ്ങള്‍ യുഗങ്ങളുമായി അവളുടെ മുന്നില്‍ പത്തി വിടര്‍ത്തിയാടി. ഒരു നാള്‍ കിടക്കയില്‍ നിന്നും നിദ്രയെ പുതപ്പിനോപ്പം ഒരു മൂലയിലേക്ക് തള്ളി മാറ്റി എഴുന്നേറ്റ അവളുടെ കൃഷ്ണമണികളില്‍ കുരുങ്ങിയത് തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്ന തന്‍റെ പ്രിയതമന്‍റെ കാലുകളാണ്. ഒന്നുറക്കെ കരയാന്‍ പോലും ആകാത്ത രീതിയില്‍ മരവിപ്പ് അവളെ കീഴടക്കിയിരുന്നു. തന്‍റെ ആഴങ്ങളിലേക്ക് പതിച്ച ശുക്ലത്തിന്‍റെ നനവ്‌ മാറുന്നതിനു മുന്‍പ് അയാളുടെ അവശേഷിച്ച മാംസ ഭാഗവും ഒരു പുകയായി അന്തരീക്ഷത്തിലേക്ക് വിലയം പ്രാപിച്ചത് അവള്‍ അറിഞ്ഞു.

              ശാപവാകുകളും ചോദ്യശരങ്ങളും അവളെ നാള്‍ക്കുനാള്‍ വലിച്ചു മുറുക്കിക്കൊണ്ടിരുന്നു.അദ്ദേഹം എന്തിനിത് ചെയ്തു? അവള്‍ക്കറിയില്ലായിരുന്നു.നിറം പിടിപ്പിച്ച കഥകള്‍ പലതും അശക്തയായ അവളുടെ ചുറ്റും ഭീകരരൂപിയായി രൂപം കൊണ്ടത്‌ അവള്‍ മാത്രം അറിഞ്ഞില്ല. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്കൊപ്പം അവളും സ്വയം ചോദിക്കുകയായിരുന്നു.
            
            “എന്തിനു?എന്തിനു?എന്തിനു?”

                കാലമാകുന്ന തീവണ്ടി തന്‍റെ ഇരുളടഞ്ഞ ബോഗിയില്‍ അവളെയും നിക്ഷേപിച്ചു കൊണ്ട് പിന്നെയും മുന്നോട്ട് പോയി. നീണ്ട നാല് വര്‍ഷങ്ങള്‍ സ്വയം ശപിച്ചും മറ്റുള്ളവരാല്‍ ശപിക്കപ്പെട്ടും ഇരുളടഞ്ഞ തന്‍റെ ലോകത്ത് അവള്‍ തനിയെ കഴിഞ്ഞു. ഈ കാലമത്രയും അവള്‍ ഉത്തരം തേടുകയായിരുന്നു.

               “ എന്തിനദ്ദേഹം അങ്ങനെ ചെയ്തു? ഒരിക്കലും തന്‍റെ പക്കല്‍ നിന്നും മോശമായ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല. പിന്നെയെന്തിന്?”

                  നാല് വര്‍ഷത്തെ കാത്തിരിപ്പ് അവള്‍ക്കു അതിനുള്ള ഉത്തരം നല്‍കി. പക്ഷെ അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ഐഡ്സിന്‍റെ വസൂരിക്കുത്തുകള്‍ അവളെ പൂര്‍ണമായും തന്‍റെതാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നവഗ്രഹങ്ങളെ ചതുരപ്പലകയില്‍ ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും തന്‍റെ ഭാവി കാലം രൂപപ്പെടുത്തിയ ആ നരവീണ കണ്ണുകളുടെ ഉടമ തന്‍റെയീ പതനം കണ്ടില്ലായിരുന്നോ?തനിക്ക് പ്രീയപ്പെട്ടത്‌ തട്ടിത്തെറിപ്പിക്കാന്‍ മാത്രമായിരുന്നോ അന്ന് അങ്ങനെയൊരു പ്രഹസനം നടന്നത്? പതിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മുന്തിരി പോലുള്ള ഞാറപ്പഴങ്ങള്‍ നിറച്ചു തന്‍റെ മുന്നിലേക്ക്‌ നീണ്ട കൈകള്‍ യാഥാര്‍ധ്യത്തിന്‍റെതോ സ്വപ്നത്തിന്‍റെതോ എന്ന് തിരിച്ചറിയാനാവുന്നതിനു മുന്‍പ് ഓര്‍മയുടെ അവസാന തുള്ളി വെളിച്ചവും അവളെ വിട്ടു പോയിരുന്നു.

1 comment:

  1. നല്ല കഥ.വായിച്ചപ്പോൾ വിഷമം തോന്നി.

    ReplyDelete