Saturday 5 September 2015

പ്രകാശരാമായണം

                                             
                                                                 പ്രകാശരാമായണം

                             ഒരേ സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ച് എനിക്കാകെ മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. പക്ഷെ  എറണാകുളം പോലൊരു നഗരത്തില്‍ വിശ്വസിച്ച് ഫുഡ്‌ കഴിക്കാന്‍ പറ്റിയ മറ്റൊരിടം കണ്ടു കിട്ടുക എന്നത് ഒരു ഹെര്‍കൂലിയന്‍സ് ടാസ്ക് തന്നെയാണ്. വീട്ടില്‍ നിന്നും പോയി വരാനുള്ള ഒരു ചെറിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ ഇവിടെ നില്‍ക്കുകയെന്ന സാഹസികത ചെയ്യില്ലായിരുന്നു. സ്ഥിരമായി ഹോട്ടല്‍ ഭക്ഷണം കഴിച്ച് കഴിച്ച് വയറും കുടലുമെല്ലാം തിരുവാതിര കളി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം ഏകദേശം തുടര്‍ച്ചയായ രണ്ടാഴ്ചയോളമാണ് തിരുവാതിര കളി വാടക വീടിന്‍റെ കക്കൂസിനും പരിസര പ്രദേശങ്ങളിലുമായി നീണ്ടു നിന്നത്.  കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിടയിലൊരിക്കല്‍ പോലും അമ്മ വെച്ചുണ്ടാക്കി തന്നിട്ടുള്ള ഭക്ഷണത്തോട്  മടുപ്പിന്‍റെയൊരു ചെറിയ ലാഞ്ചന പോലും തോന്നിയിട്ടില്ല എന്നോർക്കുമ്പോൾ എനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ഇതിപ്പോള്‍ വെറുമൊരു വര്‍ഷം  കൊണ്ട് തന്നെ ഹോട്ടല്‍ ഭക്ഷണം എന്‍റെ ക്രമസമാധാനനിലയാകെ താറുമാറാക്കിയിരിക്കുന്നു.  

                          "ഹരിയേട്ടാ നമുക്ക് ഇത്തവണ ഹോട്ടലൊന്ന് മാറ്റിപ്പിടിച്ചാലോ????"
                          പ്രകാശനാണ്.
                      "സ്ഥിരം ഒരേ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ നമുക്ക് മടുപ്പ് തോന്നും അതാ..."
                        പ്രകാശന്‍ പറയുന്നത് പോയിന്‍റ് തന്നെയാണ്.പക്ഷെങ്കില് നമ്മുടെ മൊഞ്ചന്‍ പ്രിത്വിരാജ് പറയുന്നത് പോലെ എറണാകുളം എന്ന ഈ മഹാനഗരത്തില്‍   ഇത്രത്തോളം എങ്കിലും നല്ല ഭക്ഷണം കിട്ടുന്ന മറ്റൊരു കട സ്വപ്നങ്ങളില്‍ മാത്രം ആണെന്ന തിരിച്ചറിവ് എന്നെ ഒന്ന് ഇരുത്തി ചിന്തിച്ചു.

                          ഇതിനു മുന്‍പ് കഴിച്ച് കൊണ്ടിരുന്നത് സൗത്ത് റെയില്‍വേ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന രാജേന്ദ്രന്‍ ചേട്ടന്‍റെ കടയില്‍ നിന്നായിരുന്നു. എറണാകുളം എന്ന പട്ടണത്തിന്‍റെ ധാരാളിത്തത്തിന് പിടി കൊടുക്കാതിരുന്ന ഒരു പാവം കടയായിരുന്നു അത്. എനിക്കവിടെ ചെല്ലുമ്പോള്‍ എന്‍റെ വീടിനടുത്തുള്ള ചായക്കടയാശാന്‍റെ കടപോലെയായിരുന്നു തോന്നിയിരുന്നത്. മറ്റുള്ളവരോട് സ്നേഹവും ദയാവായ്പും ഉള്ള ഒരു സാധു മനുഷ്യന്‍ ആയിരുന്നു രാജേന്ദ്രന്‍ ചേട്ടന്‍. മൂന്നു നേരവും ഹോട്ടല്‍ ഭക്ഷണം കഴിച്ചാല്‍ മാസാവസാനം ഇട്ടിരിക്കുന്ന ജട്ടി നാലായി മടക്കി കീറി അയയില്‍ ഉണക്കാന്‍ ഇടേണ്ടി വരും എന്ന തിരിച്ചറിവ് തോന്നി തുടങ്ങിയ സമയം. രാജേന്ദ്രന്‍ ചേട്ടന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് വൈകുന്നേരം ഭക്ഷണം സ്വന്തമായി പാകം ചെയ്യാന്‍  തീരുമാനിച്ചത്.  സ്വന്തം കടയില്‍ നിന്നും ഫ്രീയായി കറി നല്‍കാന്‍ മഹാമനസ്കത കാട്ടുകയും ചെയ്തു ആ നല്ല മനുഷ്യന്‍. അങ്ങനെ മാസാവസാനം മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയിരുന്ന ഞാന്‍ ക്രമേണെ മറ്റുള്ളവര്‍ക്ക് കടം നല്‍കാന്‍ തുടങ്ങി. എന്നാല്‍ പ്രകാശന്‍റെ വായില്‍ നിന്നും വന്ന ചില ശബ്ദ ശകലങ്ങള്‍ എന്‍റെ അവസ്ഥ പഴയതിലും മോശമാക്കി. ദാനം കിട്ടുന്ന പശുവിന്‍റെ പല്ല് എണ്ണി നോക്കരുതെന്നാണല്ലോ പ്രമാണം. എന്നാല്‍ പ്രകാശന്‍ എണ്ണി. എണ്ണുക മാത്രമല്ല, പല്ല് പിടിച്ചു പറിക്കാനും നോക്കി. ആ ദിവസം എന്തിനാണാവോ ഞാന്‍ ആ ദ്രോഹിയെയും കൊണ്ട് കറി വാങ്ങാനായി പോയത്.ഒരിക്കലും ഞാന്‍ കരുതിയില്ല പ്രകാശന്‍ രാജേന്ദ്രന്‍ ചേട്ടനോട് അത്തരത്തില്‍ പറയുമെന്ന്. ഞങ്ങള്‍ക്ക് വേണ്ടി സാമ്പാറും മറ്റു തൊടുകറികളും പാക്ക് ചെയ്തു കൊണ്ടിരുന്ന രാജേന്ദ്രന്‍ ചേട്ടന്‍റെ മുഖത്തേക്ക് ഞാനൊട്ടും പ്രതീക്ഷിക്കാതെയാണ് അവന്‍ ആ ചോദ്യം എറിഞ്ഞത്.

                          " ഇന്നലെ തന്നുവിട്ടത് ഒരാഴ്ച മുന്‍പത്തെ സാമ്പാര്‍ ആയിരുന്നോ ചേട്ടാ???? ഹോ, എന്തൊരു നാറ്റമായിരുന്നു."

                             അവന്‍റെ പറച്ചില്‍ കേട്ട് ഞാന്‍ ആകെ തരിച്ചിരുന്നുപോയി. എന്നാല്‍ അവിടം കൊണ്ടും അവന്‍ നിര്‍ത്താന്‍ ഒരുക്കമല്ലായിരുന്നു.

                      "ഈയിടെയായി സാമ്പാറിന് അല്പം ഒഴുക്ക് കൂടുതലാണ്. അച്ചാര്‍ ഐറ്റത്തിനൊക്കെ പൂപ്പല്‍ അടിച്ചിട്ടുണ്ടോ എന്നും ലേശം സംശയം...മീഞ്ചാറില്‍ മുങ്ങി തപ്പിയിട്ടാ പേരിനെങ്കിലും ഒരു കഷണം കിട്ടിയത്...."

                   സാമ്പാറിന് ഈയിടെയായി അല്പം വെള്ളം കൂടുതല്‍ ആണെന്നത് ഒഴിച്ചാല്‍ ബാക്കിയെല്ലാം അസത്യമായിരുന്നു. ഫ്രീയായിട്ട് തരുന്നതാണെങ്കിലും സാമാന്യം വലിയ രണ്ടു കഷണം മീന്‍ വെക്കാന്‍ രാജേന്ദ്രന്‍ ചേട്ടന്‍ ഒരിക്കലും മറക്കിലായിരുന്നു. അങ്ങനെയുള്ള ആ മനുഷ്യനോട്  എന്തിനവന്‍ അങ്ങനെ പറഞ്ഞു എന്നോര്‍ത്ത് നിന്ന എന്നെ ഉണര്‍ത്തിയത് നെറ്റി വഴി താഴേക്കു ഒഴുകിയ മീന്‍ ചാറാണ്. ആ സംഭവത്തിനു ശേഷം ഇന്നേവരെ ഞാന്‍ രാജേന്ദ്രന്‍ ചേട്ടന്‍റെ കടയുടെ പരിസരത്ത് പോലും പോയിട്ടില്ല.

                    "ഹരി, കോടനാട് ഷിപ്പിംഗ് ഹില്‍സിലേക്കുള്ള മെയില്‍ അയച്ചോ???"

ജി.എമ്മിന്‍റെ ആ ചോദ്യം എന്നെ വര്‍ത്തമാന കാലത്തിലേക്ക് തിരികെ കൊണ്ടുവന്നു.

                        " നേരത്തെ തന്നെ അയച്ചു."

              മറുപടി നല്‍കിക്കൊണ്ട് ഞാന്‍ ക്ലോക്കിലേക്ക് നോക്കി. സമയം മൂന്നരരയായിരിക്കുന്നു. ചുമ്മാതല്ല വയറിനകത്ത്‌ ഒരു യുദ്ധം നടക്കുന്നത്.ഇനിയിപ്പോള്‍ ഊണ് കിട്ടുന്ന കാര്യം കണക്കാണ്. തല്‍ക്കാലം വല്ല ജ്യൂസും കുടിച്ചു പിടിച്ചു നില്‍ക്കാം എന്ന് കരുതി ഞാന്‍ പുറത്തേക്കിറങ്ങി. ഇറങ്ങുമ്പോള്‍ ഞാന്‍ പ്രകാശനെ നോക്കി. എന്നാല്‍ അവന്‍ നേരത്തെ തന്നെ ഇറങ്ങിയിരുന്നു.

                            ഏകദേശം പതിനഞ്ചു മിനിട്ട് കാത്ത് നിന്നിട്ടാണ്‌ ജ്യൂസ് കിട്ടിയത്.ഒരു കവിള്‍ അകത്താക്കിയപ്പോള്‍ തന്നെ വല്ലാത്ത ഒരു ആശ്വാസം തോന്നി. കഴിഞ്ഞ ഒരാഴ്ചയായി മുടിഞ്ഞ വര്‍ക്ക് ലോഡാണ്. നേരാം വണ്ണം ഉച്ച ഭക്ഷണം കഴിച്ച കാലം മറന്നു. ജ്യൂസും കൂടെ ചെറുകടികളും കൊണ്ട് വിശപ്പിനു ചെറിയ ശാന്തി വരുത്തിപ്പോകുന്നു. രണ്ടാമത്തെ കവിള്‍ ജ്യൂസ് തൊണ്ടയിലൂടെചെറുകുടല്‍ ലക്ഷ്യമാക്കി പായുന്നതിനിടയില്‍ ആണ് പ്രകാശന്‍റെ ഫോണ്‍ വന്നത്.

                          " ഹരിയേട്ടാ, നമ്മുടെ രാജേന്ദ്രന്‍ ചേട്ടന്‍റെ കടയില്‍ തീ പിടിച്ചെന്നാണ് തോന്നുന്നത്. അവിടമാകെ ആള് കൂടി നില്‍ക്കുന്നുണ്ട്. തന്നെയുമല്ല കടയിലെ അലമാരയും മറ്റു സാധനങ്ങളുമെല്ലാം ഒരു വണ്ടിയില്‍ കയറ്റി മാറ്റുന്നുമുണ്ട്."

                              ഈശ്വരാ...." എന്നിട്ട് ചേട്ടന് വല്ല അപകടവും പറ്റിയോ???"

                              "അറിയില്ല"

                      ജ്യൂസിന്‍റെയും മറ്റും പൈസ കൊടുത്തിട്ടു ഞാന്‍ അക്ഷരാര്‍ഥത്തില്‍ ബൈക്കില്‍ പായുക തന്നെയായിരുന്നു. ഇതിനിടയില്‍ ഒന്ന് രണ്ടു തവണ ചേട്ടനെ വിളിച്ചു നോക്കിയെങ്കിലും ബിസി ടോണാണ് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. അതെന്‍റെ നെഞ്ചിടിപ്പ് ഒന്നുകൂടി വര്‍ധിപ്പിച്ചു. വിളിച്ചു കിട്ടാഞ്ഞതിനാല്‍ ആദ്യം കടവരെ ഒന്ന് അന്വേഷിച്ചു ചെല്ലാന്‍ ഞാന്‍ തീരുമാനിച്ചു.

                          ഞാന്‍ കടയുടെ സമീപം എത്തിയപ്പോള്‍ അവിടെ ധാരാളം ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. അവരെ വകഞ്ഞു മാറ്റി ഞാന്‍ കട ലക്ഷ്യമാക്കി നടന്നു. കടയുടെ അകത്ത് ചെന്നപ്പോള്‍ അവിടെ ഒരു കസേരയില്‍ ഇരിക്കുന്ന രാജേന്ദ്രന്‍ ചേട്ടനെ എനിക്ക് കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ദേഹമാസകലംകരി പുരണ്ടിരുന്നു. കടയിലെ സഹായിയായ ബംഗാളി വിശറി കൊണ്ട് വീശിക്കൊണ്ട് തൊട്ടടുത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍റെയും ദേഹമാസകലം കരി പുരണ്ടിരുന്നു. എന്നെ കണ്ട രാജേന്ദ്രന്‍ ചേട്ടന്‍ ഒരു വിളറിയ ചിരി എനിക്ക് സമ്മാനിച്ചു. എന്ത് പറഞ്ഞു ആ പാവംമനുഷ്യനെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ സമീപം കിടന്നിരുന്ന കസേരയില്‍ ഇരിപ്പുറപ്പിച്ച ഞാന്‍ മനസ്സില്‍ പാകപ്പെടുത്തി എടുത്ത ആശ്വാസ വാക്കുകള്‍ ശര്‍ദ്ദിക്കാന്‍ തയ്യാറെടുക്കുക്കുന്നതിനിടയില്‍ ചേട്ടന്‍ സംസാരിച്ചു തുടങ്ങി.

                        " എന്‍റെ പൊന്നു ഹരി...കഴിഞ്ഞ ആറു മാസത്തോളമായി കടയൊന്നു പെയിന്‍റ് അടിച്ചിട്ട്. കണ്ടില്ലേ ചുവരാകെ കരി പിടിച്ചു നശിച്ചു തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഇന്ന് രാവിലെ ഞാനും ദേ ഇവനും കൂടി ഇവിടെക്കിടന്ന മേശയും മറ്റു സാധനങ്ങളുമെല്ലാം കൂടി അടുത്ത മുറിയിലേക്ക് മാറ്റി മുറിയാകെ ഒന്ന് വൃത്തിയാക്കുന്നതിനിടയില്‍ ആണ് എന്‍റെ കഷ്ടകാലത്തിന് കൈ ഒന്ന് മുറിഞ്ഞത്. സെപ്ടിക് ആകേണ്ട എന്ന് കരുതി ഇവനുമായി ആശുപത്രിയില്‍ പോയത് ഏതോ സാമദ്രോഹി കണ്ടു.  ആ കാലമാടന്‍, അവന്‍റെ തലയില്‍ ഇടുത്തി വീഴും, കടക്ക് തീ പിടിച്ചെന്നും മറ്റും പടച്ചു വിട്ടു. കഴിഞ്ഞ ഒന്ന് ഒന്നര മണിക്കൂറായി ഞാനും  അറിയാവുന്ന മലയാളത്തില്‍ ദേ ഇവനും കൂടി പറഞ്ഞു കൊണ്ടിരിക്കുവാ സത്യം എന്തെന്ന്. പറഞ്ഞു പറഞ്ഞു കുഴഞ്ഞു വന്ന് ഒന്ന് വിശ്രമിക്കുമ്പോഴാ നീ വന്നത്. എന്‍റെ കടക്ക് തീ പിടിച്ചിട്ടില്ല..."


                              ആ കാലമാടന്‍ പ്രകാശനാണെന്ന്‍ പറയാന്‍ ഞാന്‍ നിന്നില്ല. ഒന്നുകില്‍ ഇവിടെ സാധനങ്ങള്‍ മാറ്റുന്നതും ചുവരിലെ  കരിയും രാജേന്ദ്രന്‍ ചേട്ടന്‍റെ ഹോസ്പിറ്റല്‍ പോക്കും കണ്ടു അവന് മണ്ടത്തരം പറ്റിയതാവാം അല്ല എങ്കില്‍ പഴയ പക വീട്ടിയതും ആവാം. എന്തായാലും ഞാന്‍ അവിടെ നിന്നും തിരിക്കുമ്പോള്‍ കൂടി നില്‍ക്കുന്നവരെ സത്യം പറഞ്ഞു പിരിച്ചു വിടുക എന്ന ശ്രമകരമായ സീസണ്‍ റ്റു ദൗത്യം രാജേന്ദ്രന്‍ ചേട്ടനും സഹായിയും പുനരാരംഭിച്ചിരുന്നു.

Thursday 27 August 2015

ജന്മദിനം

                                                                ജന്മദിനം


 

                ആ ദിവസം അവന് കാലത്തെ എഴുന്നെല്‍ക്കാതിരിക്കാന്‍ സാധിക്കുമായിരുന്നില്ല.അതവന്‍ അവള്‍ക്ക് കൊടുത്ത ഒരു വാക്ക് കൂടി ആയിരുന്നു. ആ ഒരു ദിനം ഒഴിച്ച് ബാക്കിയെല്ലാ ദിവസങ്ങളും അവനു മാത്രം സ്വന്തമായിരുന്നു. എന്നാല്‍ ആ ഒരു ദിനം അതവളുടെ അവകാശമായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേപ്പോലൊരുദിവസമായിരുന്നു അവളുടെ ഉദരത്തില്‍ നിന്നും അവന്‍റെ  കടിഞ്ഞൂല്‍ കിടാങ്ങള്‍ ഈ ഭൂമിയിലെ   കാറ്റിന്‍റെ തലോടല്‍ ഏറ്റ് വാങ്ങിയത്. 

                              വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ദൈവത്തിന്‍റെ കയ്യൊപ്പ് അവളുടെ ഗര്‍ഭ പാത്രത്തില്‍ പതിഞ്ഞത്.ആ ദിനം ഇന്നും അവനു മറക്കാനാകുമായിരുന്നില്ല. താനൊരു അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞ അവന്‍റെ കണ്ണില്‍ നിന്നും താഴേക്ക് ഉതിര്‍ന്ന  സന്തോഷത്തിന്‍റെ ചുടു കണ്ണീര്‍ ഒന്ന് രണ്ടു നിമിഷ നേരത്തേക്ക് അവളെ അവന്‍റെ കാഴ്ചയില്‍ നിന്നും മറച്ചു. കണ്ണുനീരിന്‍റെ നേര്‍ത്ത പാളികളെ വകഞ്ഞു മാറ്റി അവന്‍റെ നയനങ്ങളിലെക്ക് കയറിയ  അവളുടെ കവിളിണകളില്‍ തെളിഞ്ഞ് നിന്നത്  നാണത്തിന്‍റെ നിഴല്‍പ്പാടുകള്‍ ആയിരുന്നില്ല, മറിച്ച് പരിപൂര്‍ണതയുടെ സംതൃപ്തിയായിരുന്നു.

                                 അര്‍ച്ചനയും നടത്തി അമ്പലത്തിന്‍റെ കല്പടവുകളും താണ്ടി വരുന്ന അവളെയും കാത്ത് അവന്‍ പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. തന്‍റെ കൈവശം ഇരുന്ന വാഴയിലക്കീറില്‍ നിന്നും മോതിര വിരലിനാല്‍ പകര്‍ത്തിയെടുത്ത ചന്ദനം നെറ്റിയില്‍ ചാര്‍ത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം അവനില്‍ നിറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജിന്‍റെ എക്സിബിഷന്‍ ഹാളിനെ ലക്ഷ്യമാക്കി അവരെയും വഹിച്ചു കൊണ്ട് അവന്‍റെ ബൈക്ക് യാത്ര തിരിക്കുമ്പോള്‍ അവന്‍റെ ഉള്ളിലെ തീ കെടുത്താനെന്ന വണ്ണം മഴ പെയ്തു തുടങ്ങി.

                                     എക്സിബിഷന്‍ ഹാളിലെ ഓരോ പടിയും കയറുമ്പോള്‍ അവന്‍റെ ഓര്‍മകളെ ആരൊക്കെയോ പുറകോട്ട് പിടിച്ചു വലിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ തനിക്ക് ദൈവം നല്‍കുന്നത് ഇരട്ടി മധുരമാണെന്ന് മെഡിക്കല്‍ എത്തിക്സിനെ മറികടന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അന്നാദ്യമായി ദൈവത്തോട് അവനു എന്തന്നില്ലാത്ത ആദരവ് തോന്നി. സ്വന്തം കര്‍മമാണ് ദൈവം എന്ന് അതുവരെ കരുതിയിരുന്ന അവന്‍ ആദ്യമായി ഒരു കല്‍പ്രതിമക്ക് മുന്നില്‍  ഇരു കൈകളും കൂപ്പി.  പിന്നീടുള്ള ഓരോ നിമിഷങ്ങളും തന്‍റെ പോന്നോമനകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. ആ കുരുന്നുകളെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അവര്‍ പാകിയത്‌ സ്വര്‍ണ നൂലിഴകളാല്‍ ആയിരുന്നു. എന്നാല്‍ ആ സ്വപ്നങ്ങള്‍ക്ക് ആറു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇരു ഹൃദയങ്ങളെ നിര്‍ലോഭം അവര്‍ക്ക് സമ്മാനിച്ചെങ്കിലും ആ കുഞ്ഞു ഹൃദയങ്ങളുടെ  മിടിപ്പിന്‍റെ കണക്കില്‍ ഈരേഴു പതിനാലു ലോകത്തിന്‍റെയും അധിപനായ ഗണിതാധ്യാപകന് അമ്പേ പരാജയം സംഭവിച്ചു.   ആറാം മാസത്തില്‍ വെറും മാംസ പിണ്ടങ്ങളായി ഇരു കൈകളിലേക്കും തന്‍റെ പൊന്നോമനകളെ ഏറ്റു വാങ്ങുമ്പോള്‍ ആ വേനല്‍ ചൂടിലും അവന്‍റെ ശരീരം ആകമാനം വിറക്കുന്നുണ്ടായിരുന്നു. വണ്ടാനം മെഡിക്കല്‍കോളേജിലെ ശീതീകരിച്ച ലാബിലേക്ക് വെറുമൊരു പഠനോപകരണമായി അവരെ കൊണ്ട് പോകുമ്പോള്‍ വര്‍ഷം തോറും തന്‍റെ പൊന്നോമനകളെ കാണാനുള്ള അനുവാദം ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാങ്ങുന്നതിനായുള്ള പരിശ്രമത്തില്‍ ആയിരുന്നു അവന്‍.ചുവപ്പുനാടകളുടെ ഊരാക്കുടുക്ക്‌ വിടര്‍ത്തി അവനത് നേടുക തന്നെ ചെയ്തു. കഴിഞ്ഞ നാല് വര്‍ഷങ്ങളിലും ഇതേ ദിനം വണ്ടാനം മെഡിക്കല്‍കോളേജിലെ,  തണുപ്പിന്‍റെ കരിമ്പടം മൂടിയ  എക്സിബിഷന്‍ ഹാളിലെ  ആ സ്ഫടിക ഭരണിയിയുടെ സമീപം എത്തി നില്‍ക്കുമ്പോള്‍ അന്നത്തെ വിറയലിന്‍റെ പ്രതിഭലനം ഇന്നും അവനില്‍ നിറയുന്നു. അര്‍ച്ചന കഴിച്ച ചന്ദനം മോതിരവിരലില്‍ പകര്‍ത്തി എടുത്ത് ആ സ്ഫടിക ഭരണിയില്‍ തങ്ങളെയും പ്രതീക്ഷിച്ചെന്ന വണ്ണം നില്‍ക്കുന്ന തന്‍റെ പോന്നോമനകളുടെ എന്നന്നേക്കുമായി ചേതനയറ്റിരുന്ന നെറ്റിയില്‍ ചാര്‍ത്തുമ്പോള്‍ അവളുടെ കയ്യും വിറക്കുന്നുണ്ടായിരുന്നു.

Sunday 2 August 2015

ഏറനാടും ഒരു മഞ്ഞക്കിളിയും....

ഈശ്വരാ സമയം നാല് പത്തായി.... ഏറനാട് കിട്ടിയാല്‍ മതിയായിരുന്നു...കിട്ടിയില്ലേല്ലെങ്കില്‍ ഇന്നത്തെ ദിവസം പോക്കാ. ഈ പേരും പറഞ്ഞാണ് ഇന്ന് ഓഫീസില്‍ നിന്നും ഞാന്‍ നേരത്തെ ഇറങ്ങിയത്‌. ഏറനാട് കിട്ടിയില്ലെങ്കില്‍ നേരത്തെ ഇറങ്ങിയെന്ന പേരും ആകും പാസഞ്ചറിന് വേണ്ടി ആറു മണി വരെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരിക്കുകയും വേണ്ടി വരും.

ഞാന്‍ ഒരിക്കല്‍ കൂടി റെയില്‍വേയുടെ സൈറ്റ് എടുത്ത് ട്രെയിന്‍ അപ്േഡഷന്‍ നോക്കി. പണ്ടാരമടങ്ങാന്‍ വണ്ടി റൈറ്റ് ടൈം ആണെന്നാണ്‌ കാണിക്കുന്നത്.  ഇനി വെറും പത്ത് മിനിട്ട് മാത്രം. സകല ശക്തിയുമെടുത്ത് ഞാന്‍ ഓടി. ഇരുന്നുള്ള ജോലിയായതു കൊണ്ടാകാം ഓടിയിട്ട് വല്ലാതെ കിതക്കുന്നത്. എല്ലാ ദിവസവും കരുതും രാവിലെ എഴുന്നേറ്റ് അല്‍പസമയം വ്യായാമാമൊക്കെ ചെയ്യണമെന്ന്. എന്ത് ചെയ്യാന്‍ മടി കൂടപ്പിറപ്പായിപ്പോയി. മടി മാത്രമല്ല , മറ്റൊരു പ്രധാന കാരണം സമയം കിട്ടുന്നില്ല എന്നതാണ്. രാവിലെ നാലരയ്ക്ക് എങ്കിലും എഴുന്നെറ്റാലെ റിലാക്സ് ആയി അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തി ട്രെയിന്‍ പിടിക്കാന്‍  കഴിയൂ. ഇതിനിടയില്‍ വ്യായാമം ചെയ്യാന്‍ എവിടെയാ സമയം.

ഒരു വിധത്തില്‍ ഓടി ഞാന്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തി. അവിടെയെത്തിയ എന്നെ വരവേറ്റത് റെയില്‍വേ ചേച്ചിയുടെ അനൌണ്‍സ്മെന്‍റ് ആണ്. "ട്രെയിന്‍ നമ്പര്‍ 16605 മംഗലാപുരം മുതല്‍ നാഗര്‍കോവില്‍ വരെ പോകുന്ന ഏറനാട് എക്സ്പ്രസ്സ് എറണാകുളം ജങ്ക്ഷന്‍ നാലാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നും അല്‍പ സമയത്തിനുള്ളില്‍ പുറപ്പെടുന്നതാണ്‌". ഹാവൂ ആശ്വാസമായി. അപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ   എന്നെ ചതിച്ചിട്ടില്ല. റണ്‍ ബേബി റണ്‍.. യു കാന്‍ ഡു ഇറ്റ് മാന്‍. ഞാന്‍ എനിക്ക് തന്നെ ആത്മവിശ്വാസം നല്‍കി.  ആ ആത്മവിശ്വാസത്തിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന ഞാന്‍ ഫ്ലൈ ഓവറും ചാടിക്കടന്നു നാലാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ അതിന്‍റെ പ്രയാണംപുനരാരംഭിച്ചിരുന്നു. ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ട്രയിനിലേക്ക് ചാടിക്കയറി വാതിലിന്‍റെ അടുത്ത് തന്നെയുള്ള സീറ്റില്‍ തല ചായ്ച്ചു വെച്ച് കിതപ്പ് മാറാന്‍ കാത്ത് നിന്നു. 

ഹോ എന്നാലും എന്‍റെ ദൈവമേ വല്ലാത്ത ഒരു ഓട്ടമായിപ്പോയി. വിശന്നിട്ടു കണ്ണ് കാണാതാവും എന്നൊക്കെ കേട്ടിട്ടുണ്ട്, കിതച്ചിട്ട് കണ്ണ് കാണാതാവുന്നത് ഇത് ആദ്യമാണ്.പോരാത്തതിന് തൊണ്ടയാകെ വരണ്ടു വല്ലാതെ ദാഹിക്കുകയും ചെയ്യുന്നു. ബാഗില്‍ നിന്നും കുപ്പിയെടുത്ത് ഒരു കവിള്‍ വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ ചുറ്റുമുള്ള കാഴ്ചകള്‍ എനിക്ക് അനുഭവവേദ്യമാകാന്‍ തുടങ്ങി. ഓ ദൈവമേ അങ്ങ് ഇത്രയും വലിയവനോ. ഇതിനായിരുന്നോ അങ്ങ് എന്നെ ഇത്രയും പരീക്ഷിച്ചത്. ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാകുമെന്ന് പറയുന്നത് എത്രയോ ശരി. എന്‍റെ ചുറ്റും കണ്ട കാഴ്ചകള്‍ എന്‍റെ നയനങ്ങളെ ആനന്ദത്തില്‍ ആറാടിച്ചു. ഞാന്‍ കയറിയ കമ്പാര്‍ട്ട് മുഴുവന്‍ കിളികള്‍. അതും പല വര്‍ണങ്ങളില്‍ ഉള്ള കുപ്പായം ധരിച്ച അതി സുന്ദരികള്‍. അതുവരെ അടുത്തുള്ള ഒരു കമ്പിയില്‍ തൂങ്ങി മൃതപ്രായനായി നിന്ന ഞാന്‍ മൂരി  നിവര്‍ന്നു ഒരുഗ്രന്‍ പോസില്‍ നില്‍ക്കാന്‍ തുടങ്ങി. എന്‍റെ ഓടിയുള്ള ട്രെയിന്‍  കയറ്റവും പട്ടിയുടെത് പോലെയുള്ള കിതയ്ക്കലും കണ്ടിട്ടാകാം കിളികളെല്ലാം എന്നെ തന്നെയായിരുന്നു നോക്കികൊണ്ടിരുന്നത്.

പ്രവീണ്‍, ബി ഡീസന്റ്.. ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ചക്കരക്കുടത്തില്‍ കയറിയ ഉറുമ്പിന്‍റെ അവസ്ഥയില്‍ ആയിരുന്നു ഞാന്‍. എവിടെ നിന്ന് നോക്കി തുടങ്ങണം എന്ന ആശങ്ക എന്നില്‍ മുളച്ചു പൊന്തി. ഇവിടെ വളരെ ബുദ്ധിപൂര്‍വ്വം വേണം കാര്യങ്ങള്‍ നീക്കാന്‍. എന്‍റെ തലച്ചോര്‍ എന്നോട് മന്ത്രിച്ചു. ആദ്യം വേണ്ടത് വായില്‍ നോക്കാനുള്ള ഒരു കിളിയെ തിരഞ്ഞെടുക്കുകയാണ്. അതിനായി ഞാന്‍ സാവധാനം  പരിസര വീക്ഷണം നടത്തി.അപ്പോള്‍ മാത്രമാണ് ആ കമ്പാര്‍ട്ട്മെന്റില്‍ എന്നെ കൂടാതെ ഒരേ ഒരാണ്‍ തരിയെ ഉള്ളൂ എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. ഏകദേശം 45 വയസ് പ്രായമുള്ള ഒരാളായിരുന്നു മറ്റേ കക്ഷി. ഞാന്‍ അയാള്‍ക്ക് വലിയ ശ്രദ്ധ കൊടുക്കാതെ എന്‍റെ ജോലിയില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു റഡാര്‍ പോലെ സ്കാന്‍ ചെയ്തു കൊണ്ടിരുന്ന എന്‍റെ കണ്ണില്‍ അവള്‍ കുടുങ്ങി, ഒരു മഞ്ഞ ചുരിദാര്‍കാരി. അവള്‍ തന്‍റെ കൂട്ടുകാരികളോട് എന്തൊക്കെയോ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് പുറത്തെ കാഴ്ചകള്‍ ആസ്വദിക്കുകയായിരുന്നു. അവളുടെ സംസാരം കേട്ടപ്പോള്‍ മാത്രമാണ് അവരാരും തന്നെ മലയാളികള്‍ അല്ല എന്ന വസ്തുത ഞാന്‍ മനസ്സിലാക്കിയത്. അല്ലെങ്കിലും വായിനോട്ടത്തിനു ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഒരിക്കലും ഒരു തടസമല്ലല്ലോ. അമ്പലപ്പുഴ വരെ ആരെയെങ്കിലും വായില്‍ നോക്കണം. അത്രേ ഉള്ളൂ. അവരുടെ സംസാരത്തില്‍ നിന്നും ഭാഷ കന്നടയാണെന്ന് ഒഴിച്ചാല്‍ ഒരു പിണ്ണാക്കും എനിക്ക് മനസ്സിലായില്ല. 

പണ്ടേ കൂട്ടുകാര്‍ പറയാറുണ്ട്‌ എന്‍റെ കണ്ണുകള്‍ക്ക് എന്തോ മാന്ത്രികതയുണ്ടെന്ന്. അവളുടെ നോട്ടം പലപ്പോഴായി എന്നിലേക്ക് പാറി വീഴാന്‍ തുടങ്ങിയപ്പോള്‍ എനിക്കും അതില്‍ എന്തൊക്കെയോ സത്യമുണ്ടെന്ന് തോന്നി തുടങ്ങി.ആ മഞ്ഞ ചുരിദാറിന്‍റെയും എന്‍റെയും കണ്ണുകള്‍ പലപ്പോഴും പരസ്പരം  ഇടഞ്ഞു. ഇടക്കെപ്പോഴോ അവളുടെ കവിളിണകളില്‍ ഒരു നനുത്ത മന്ദഹാസത്തിന്‍റെ തുടിപ്പ് ഞാന്‍ കണ്ടു. എന്നെ നോക്കുന്നത് കൂട്ടുകാരികള്‍ അറിയാതിരിക്കാന്‍ ആണെന്ന് തോന്നുന്നു അവരോട് വളരെ ഉച്ചത്തില്‍ എന്തൊക്കെയോ തമാശ   പറഞ്ഞു കൊണ്ടാണ് അവള്‍ അവളുടെ പ്രവീണേട്ടനെ കടക്കണ്ണാല്‍ നോക്കിക്കൊണ്ടിരുന്നത്. ഇറങ്ങുമ്പോള്‍ എന്തായാലും ആ സുന്ദരിക്കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങണം. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. പെട്ടന്നാണ് എന്‍റെ പുറത്ത് ഒരു കൈ വന്നു വീണത്. ശവം, ആ നാല്പത്തഞ്ച്കാരനാണ്. ഒറ്റക്ക് നിന്ന് ബോറടിച്ചത് കൊണ്ട് കമ്പനി കൂടാനുള്ള വരവാണ്. ഞാന്‍ പരമാവധി അയാളെ ഒഴിവാക്കാന്‍ നോക്കിയെങ്കിലും അയാള്‍ ഓരോരോ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ഞങ്ങള്‍ ഒരേ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവരാണെന്ന മഹത്തായ കണ്ടുപിടുത്തം നടത്തുകയും ചെയ്തു ആ ബോറന്‍, വെബ് ഡിസൈനിംഗ്.... പിന്നീട് ഒരു മണിക്കൂര്‍ നേരം  വെബ് ഡിസൈനിങ്ങിന്‍റെ ആരും ഇതുവരെയും നടന്നിട്ടില്ലാത്ത വഴികളിലൂടൊക്കെ അയാള്‍ എന്നെയും കൂട്ടി നടന്നു, ഒരു ഭ്രാന്തനെപ്പോലെ.. അയാളുടെ വാക്കുകള്‍ മൂളി കേള്‍ക്കുന്നതിനിടയിലും ഞാന്‍ എന്‍റെ മഞ്ഞക്കിളിയെ നോക്കുന്നുമുണ്ടായിരുന്നു. ഇതിനിടയിലെപ്പോഴൊക്കെയോ  ഞാന്‍ നില്‍ക്കുന്നതിനു തൊട്ടടുത്തിരുന്ന തന്‍റെ കൂട്ടുകാരിയുടെ അരികില്‍ എത്തി എന്തൊക്കെയോ സംസാരിച്ചു. അവളുടെ അധരങ്ങള്‍ കൂട്ടുകാരിയോടും  അവളുടെ കണ്ണുകള്‍ എന്നോടും ആയിരുന്നു സംസാരിച്ചത്.  ഹോ ദൈവമേ വടക്കന്‍ കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തും ആ പ്രത്യേക തരം ഗന്ധമുള്ള കാറ്റ് ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി.  അത് ആ മഞ്ഞക്കിളിയുടെ ചുരിദാറിലും ഷാളിലുമൊക്കെ തട്ടി തടഞ്ഞു എന്നെ തഴുകി കടന്നു പോയി. 

എന്‍റെ നിവിന്‍ പൊളി സ്റ്റൈലില്‍ ഉള്ള നില്‍പ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു ആ നാല്പത്തഞ്ച്കാരന്‍ മൊഴിഞ്ഞു തുടങ്ങി. " പ്രവീണേ, എന്ത് പെണ്‍പിള്ളേരാടായിവര്‍???? നാടും വീടും വിട്ടാല്‍ ആണും പെണ്ണുമൊക്കെ  കണക്കാ. നീയാ മഞ്ഞ ചുരിദാര്‍ ഇട്ട പെണ്ണിനെ കണ്ടോ??? അവളാണ് ഈ കൂട്ടത്തിലെ ജഗജില്ലി.." അയാളുടെ വാക്കുകള്‍ കേട്ട എന്‍റെ നാഡിഞരമ്പ്‌ വലിഞ്ഞു മുറുകി, കണ്ണ് ചുവന്നു... അയാളുടെ കര്‍ണപുടം നോക്കി ഒരെണ്ണം കൊടുക്കാന്‍ തോന്നി. പിന്നെ ഒരേ മേഖലയില്‍ വര്‍ക്ക് ചെയുന്നത് കൊണ്ടും പ്രായകൂടുതല്‍ ഉള്ളത് കൊണ്ടും പുള്ളിക്കാരന്‍റെ ഇരു കൈകളിലെയും മാംസക്കുന്നുകള്‍ കണ്ടതിനാലും  ഞാന്‍ തല്‍ക്കാലം ക്ഷമിച്ചു.  എന്നാല്‍ എന്‍റെ നീരസം മുഖത്ത് പരമാവധി പ്രദര്‍ശിപ്പിച്ചു. അത് വകവെക്കാത അയാള്‍ തുടര്‍ന്നു. "ഇവളുമാരുടെ വിചാരം നമുക്കാര്‍ക്കും കന്നഡ അറിയില്ലെന്നാ. ഞാനേ മൂന്നാല് വര്‍ഷം ബാംഗ്ലൂരില്‍ കിടന്നു പയറ്റി തെളിഞ്ഞതാ.."അത് കേട്ടപ്പോള്‍ ആദ്യം തോന്നിയത് ആ നാല്പത്തഞ്ച്കാരന്‍ തള്ളിയതാണെന്നാണ്.എന്നാല്‍ തുടര്‍ന്നുള്ള അയാളുടെ വാക്കുകള്‍ക്ക് ചെവിനല്‍കിയപ്പോള്‍ അത് സത്യമാണെന്ന് എനിക്ക് ബോധ്യമായി. ബാംഗ്ലൂര്‍, മാംഗ്ലൂര്‍, മൈസൂര്‍, ഹമ്പി, കൂര്‍ഗ് ഇത്യാദി കര്‍ണാടകയിലെ വിശേഷ സ്ഥലങ്ങളില്‍ എല്ലാം  താന്‍ നടത്തിയ പടയോട്ടങ്ങളെക്കുറിച്ച് ആ നാല്‍പ്പത്തി അഞ്ചുകാരന്‍ വാചാലനായി. ആ വാചക കസര്‍ത്തില്‍ തരക്കേടില്ലാത്ത രീതിയില്‍ എനിക്ക് ബോറടിച്ചെങ്കിലും മഞ്ഞക്കിളി എന്നെക്കുറിച്ച് എന്തെങ്കിലും മൊഴിഞ്ഞിട്ടുണ്ടെങ്കില്‍ മനസ്സിലാക്കുന്നതിനായി തല്ക്കാലം സഹിച്ചു. അവസാനം ചെവി കടിച്ചു പറിച്ചു ആ മനുഷ്യന്‍ തിന്നു തീര്‍ക്കും എന്ന ഘട്ടം വന്നപ്പോള്‍ അപ്പോള്‍ സംസാരം അപ്പോള്‍ എത്തി നിന്നിരുന്ന ഗുല്‍ബര്‍ഗായില്‍ നിന്നും യു ടേണ്‍ എടുത്ത് വീണ്ടും കിളികളില്‍ എത്തിച്ചു. 


"ഇവളുമാരെ പറഞ്ഞിട്ട് കാര്യമില്ല. കണ്ടില്ലേ ഓരോന്നിന്‍റെയും ഡ്രസ്സ്‌ കോഡ്. " അതിനെന്താ, ഒരു കുഴപ്പവുമില്ലല്ലോ...നല്ല സ്റ്റൈല്‍ ആയിട്ടുണ്ട് എന്നൊക്കെ പറയാന്‍ നാവു പൊങ്ങിയെങ്കിലും പൊങ്ങി വന്ന നാവിനെ കടിച്ചു പിടിച്ചു ആ നാല്‍പ്പത്തിഅഞ്ചുകാരന് ഞാന്‍ റാന്‍ മൂളി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പിന്നീട് ഒരു അരമണിക്കൂര്‍ നേരം ഡ്രസ്സ്‌ കോഡിനെക്കുറിച്ചായിരുന്നു അയാളുടെ സംസാരം.സംഭാഷണം വീണ്ടും കാട് കയറുമെന്ന ഘട്ടം വന്നപ്പോള്‍ ഞാന്‍ തന്നെ മുന്‍കൈ എടുത്ത് മഞ്ഞച്ചുരിദാറില്‍ എത്തിച്ചു.

" ചേട്ടാ ആ മഞ്ഞ ചുരിദാര്‍ എന്ത് അങ്കമാണ് കാണിക്കുന്നത് അല്ലെ ചേട്ടാ..." തല്‍ക്കാലം എന്‍റെ ലക്ഷ്യത്തിനായി എന്‍റെ പ്രണയിനിയെ ഞാന്‍ കുരുതി നല്‍കി.

" പിന്നല്ലാതെ...അവളില്ലേ...... അവള്‍ വായ വലിച്ചു കീറി ഉച്ചത്തില്‍ കൂട്ടുകാരികളോട് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്താണെന്ന് നിനക്ക് മനസ്സിലായോ????"

യെസ് അതാ അവസാനം ഞാന്‍ ഉദ്ദേശിച്ചിടത്ത് കാര്യം എത്തിയിരിക്കുന്നു.എനിക്കത് അറിയാന്‍ താല്‍പര്യമില്ലായിരുന്നു. എന്‍റെ ഉല്‍കണ്ഠ അവള്‍  എന്‍റെ അടുത്തേക്ക് വന്നു തൊട്ടടുത്തിരുന്ന കൂട്ടുകാരിയുടെ കാതില്‍ മൊഴിഞ്ഞത് എന്തെന്നറിയുന്നതിലായിരുന്നു. എനിക്കുറപ്പായിരുന്നു അത് എന്നെക്കുറിച്ചാണെന്ന്, അവളുടെ മനസ്സ് കുറഞ്ഞ നിമിഷങ്ങള്‍ കൊണ്ട് കവര്‍ന്നെടുത്ത ഈ പ്രവീണ്‍കുമാര്‍.എം.ജി. എന്ന പ്രവീണേട്ടനെക്കുറിച്ചാണെന്ന്‍

" എന്താ ചേട്ടാ പറഞ്ഞത്???" കഴിയുന്നത്ര നിഷ്കളങ്കത മുഖത്ത്  വരുത്തി ഞാന്‍ ചോദിച്ചു.

" അവള്‍ പറയുകയാ ഈ മലയാളികളൊക്കെ വെറും വായി നോക്കികളാ അവരെ വളക്കാന്‍ വളരെ എളുപ്പമാണെന്ന്..."

ആ വാക്കുകള്‍ എന്‍റെ കാതില്‍  ചുട്ടു പഴുപ്പിച്ച ഒന്നര ഇഞ്ചിന്‍റെ ആണി  കയറുന്നത് പോലെ കടന്നു പോയി. അതിനു ശേഷം ആ നാല്‍പ്പത്തഞ്ചുകാരന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ ബാഹുബലിയെപ്പോലെ ഞാന്‍ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങി റെയില്‍വേ പാളവും മുറിച്ചു കടന്നു  ഓടി.  മണിച്ചിത്രത്താഴിലെ ഗംഗയെപ്പോലെ സീസണ്‍ ടിക്കറ്റും കീറി ഒരു മുഴുഭ്രാന്തനെപ്പോലെ
ഓടിയ എന്നെ ഇന്നും ആ നാല്‍പ്പത്തിയഞ്ചുകാരനും സ്റ്റേഷന്‍ മാസ്റ്ററും ഓര്‍ക്കുന്നുണ്ടാകും....


Saturday 4 July 2015

കാക്ക മുട്ട V/S ഷാര്‍ജ ഷേക്ക്‌

                                          
                                            കാക്ക മുട്ട V/S ഷാര്‍ജ ഷേക്ക്‌
                                       *********************************
                                              ധനുഷ് എന്ന അതുല്യ പ്രതിഭ ഒരിക്കല്‍ കൂടി നിര്‍മാതാവിന്‍റെ മേലങ്കി അണിഞ്ഞ ഒരു ക്ലാസ്സിക്കല്‍ സിനിമ ആണ് "കാക്കമുട്ട". ചെന്നൈയിലെ ഒരു ചേരിയില്‍ താമസിക്കുന്ന രണ്ടു സഹോദരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അവരുടെ അച്ഛന്‍ ഏതോ കേസില്‍ പെട്ട് ജയിലില്‍ ആണ്. അവരുടെ ഏക ആശ്രയം അമ്മയും പിന്നെ ഒരു മുത്തശ്ശിയും ആണ്. ഈ കുട്ടികള്‍ ട്രെയിനില്‍ നിന്നും പോകുന്ന കല്‍ക്കരി ശേഖരിച്ചു അടുത്തുള്ള ഒരു കടയില്‍ കൊടുത്ത് അതില്‍ നിന്നും ലഭിക്കുന്ന പണം അമ്മയെ ഏല്‍പ്പിക്കുന്നു. അങ്ങനെയിരിക്കെ അവര്‍ സ്ഥിരമായി കളിക്കാറുള്ള സ്ഥലത്ത് ഉയര്‍ന്നു പൊങ്ങിയ പിസ്സ കട കാണുകയും അവിടെ പ്രത്യേക സുഗന്ധം പരത്തിയിരിക്കുന്ന പിസ്സ അവരുടെ ഉള്ളില്‍ ഒരു മോഹമായി ഉയരുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും പിസ്സ കഴിക്കണം എന്ന ആഗ്രഹം അവരില്‍ അനുനിമിഷം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അതിനായി ഈ കുട്ടികള്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമ.



                                             ധനുഷ് എന്ന അതുല്യ പ്രതിഭയെപ്പോലുള്ള ഒരു നിര്‍മാതാവിന്‍റെ കുറവ് നിമിത്തം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കുഞ്ഞു മലയാളം സിനിമയാണ് "ഷാര്‍ജഷേക്ക്‌". ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അധ്യയന വര്‍ഷത്തില്‍ രണ്ടു കുട്ടികളിലൂടെ കടന്നു പോകുന്ന ഒരു ലഘു ചിത്രമാണിത്. കഥ നടക്കുന്നതു എ.ഡി.രണ്ടായിരാമാണ്ടിലാണ്. പട്ടണങ്ങളില്‍ മാത്രം കിട്ടിയിരുന്ന ഷാര്‍ജഷേക്ക്‌ ഗ്രാമ പ്രദേശങ്ങളില്‍ എത്തി നോക്കിയത് ആ വര്‍ഷം ആണ്. മധ്യ വേനല്‍ അവധിക്കാലത്ത്‌ തന്‍റെ അമ്മ വീട്ടില്‍ എത്തുന്ന കണ്ണന്‍ എന്ന കുട്ടി അമ്മ വീടിനു അടുത്തുള്ള രമേശന്‍ എന്ന മറ്റൊരു കുട്ടിയുമൊത്ത് റേഷന്‍ കടയില്‍ പോകുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. റേഷന്‍ കടയില്‍ പോയി വരുന്ന അവര്‍ ഒരു കടയില്‍ കഥാപുസ്തകം വാങ്ങുന്നതിനായി കയറുന്നു. ഷാര്‍ജഷേക്ക്‌ കുടിക്കുന്ന രണ്ടു പേരെ അവര്‍ അവിടെ കാണുന്നു. ഷാര്‍ജഷേക്ക്‌ കുടിക്കുന്നവരെ കൊതിയോടെ നോക്കി നില്‍ക്കുന്ന കണ്ണനെ കടക്കാരന്‍ പരിഹസിക്കുന്നു. അപമാന ഭാരവുമായി അവിടെ നിന്നും തല കുമ്പിട്ട് ഇറങ്ങുന്ന കണ്ണന്‍ എന്ത് വില കൊടുത്തും ആ കടയില്‍ നിന്ന് തന്നെ ഷാര്‍ജ കുടിക്കും എന്ന് മനസ്സില്‍ ആരുമറിയാതെ ഒരു ദൃഢ നിശ്ചയം എടുക്കുന്നു. തുടര്‍ന്നു ഓരോ അവധിയിലും അവന്‍ കാരണങ്ങള്‍ ഉണ്ടാക്കി അമ്മ വീടിനടുത്തുള്ള കടയില്‍ എത്തുന്നു. അവനു തന്‍റെ ആഗ്രഹം സഫലമാക്കുവാന്‍ കഴിയുമോ ഇല്ലയോ എന്നതാണ് "ഷാര്‍ജഷേക്ക്‌" പറയുന്നത്.



                                  നല്ല സിനിമകള്‍ ശ്രദ്ധിക്കപ്പെടുക തന്നെ വേണം. രണ്ടു സിനിമകളുടെയും കഥാ തന്തുക്കള്‍ ഒന്നുതന്നെ ആണ്. " കാക്കമുട്ട" ഒരു വലിയ ബാനറില്‍ ധനുഷ് എന്ന പ്രതിഭ നിര്‍മ്മിച്ചപ്പോള്‍ പ്രേക്ഷകര്‍ എല്ലാം ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ സിനിമ എന്ന മോഹം ഉള്ളിന്‍റെ ഉള്ളില്‍ കൊണ്ട് നടക്കുന്ന രണ്ടു ചെറുപ്പക്കാര്‍ പണത്തിന്‍റെ അഭാവം നിമിത്തം തങ്ങളാല്‍ കഴിയുന്ന വിധം പ്രേക്ഷകരില്‍ എത്തിച്ചപ്പോള്‍ അതിനെ വേണ്ട വിധം പ്രോത്സാഹിപ്പിക്കാതെ തള്ളിക്കളഞ്ഞ ഇരട്ടത്താപ്പിനെയാണ് നാം തിരിച്ചറിയേണ്ടത്. ഇനിയും നമുക്ക് സമയം ഉണ്ട്. ആ യുവാക്കള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കി നല്ല നല്ല സിനിമകള്‍ മലയാളത്തിനു നല്‍കാന്‍ നാം ഏവരും ബാധ്യസ്ഥരാണ്. അതിനായി നമുക്ക് ആദ്യമായി ചെയ്യാന്‍ പറ്റുന്നത് ഈ പോസ്റ്റ്‌ പരമാവധി ഷെയര്‍ ചെയ്തു മറ്റുള്ളവരില്‍ എത്തിക്കുക എന്ന് മാത്രമാണ്. ഇനിയും ഷാര്‍ജ ഷേക്ക്‌ കാണാത്തവര്‍ക്കായി അതിന്‍റെ ലിങ്ക് ഇതിനോടൊപ്പം നല്‍കുന്നു. അത് കണ്ടു നിങ്ങള്‍ വിലയിരുത്തുക....

കാക്കമുട്ട(തമിള്‍ ഫീച്ചര്‍ ഫിലിം)
റിലീസ് ഡേറ്റ് : 5 September 2014 (Toronto International Film Festival), 5 June 2015 (Worldwide)

ഷാര്‍ജഷേക്ക്‌(മലയാളം ഷോര്‍ട്ട് ഫിലിം)
റിലീസ് ഡേറ്റ്: May 8, 2014
ഷാര്‍ജഷേക്ക്‌ ലിങ്ക്(ഇനിയും കാണാത്തവര്‍ക്കായി)

https://www.youtube.com/watch?v=cHwONIjToLg

Saturday 27 June 2015

ചിറകൊടിഞ്ഞ കിനാവുകള്‍.....

                                      ചിറകൊടിഞ്ഞ കിനാവുകള്‍.....
                                     **********************************

                                               "ഒരു രാജമല്ലി വിടരുന്നപോലെ സ്വയമരുളി എന്നിലൊരു മുഖം...." കഴിഞ്ഞ ദിവസം കണ്ട അനിയത്തിപ്രാവിന്‍റെ  ഹാങ്ങ് ഓവര്‍ ഉള്ളില്‍ കിടക്കുന്നത് കൊണ്ടാകാം ചില ആംഗിളുകളില്‍ കുഞ്ചാക്കോ ബോബന്‍റെ ഒരു കട്ട് വരുന്നുണ്ട്. അതല്ലെങ്കിലും അങ്ങനെയാണ് ഏതെങ്കിലും സിനിമ മനസ്സിന് പിടിച്ചാല്‍ ആയാഴ്ച കണ്ണാടി നോക്കുമ്പോള്‍ ചില ആംഗിളുകളില്‍ ആ സിനിമയുടെ നായകന്‍റെ ഛായ എനിക്ക് തോന്നാറുണ്ട്. കുഞ്ചാക്കോ ബോബന്‍...പയ്യന്‍ ആള് കൊള്ളാം. കര്‍ത്താവേ ഇവന്‍ ഒന്ന് പൊങ്ങി വന്നാല്‍ മതിയായിരുന്നു. എന്നിട്ട് വേണം ആ നവാസിന്‍റെയും ഹരിയുടെയും മുന്നില്‍ നെഞ്ചും വിരിച്ചൊന്നു നില്‍ക്കാന്‍. സിനിമാ ചര്‍ച്ച തുടങ്ങിയാല്‍ ഹരി മോഹന്‍ ലാലിനെയും നവാസ് മമ്മൂട്ടിയെയും അങ്ങ് ഏറ്റെടുക്കും. ഒരിക്കല്‍ സഹികെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു പോയി "നിങ്ങള്‍ മുസ്ലീങ്ങള്‍ മമ്മൂട്ടിയെയും ഹിന്ദുക്കള്‍ മോഹന്‍ലാലിനെയും കൊണ്ടുപോയാല്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്ആരാടാ ഉള്ളത്???" അതിന്ഹരി പറഞ്ഞ മറുപടി ഹൃദയഭേദകം ആയിരുന്നു." നിങ്ങള്‍ വേണേല്‍ മച്ചാന്‍ വര്‍ഗീസിനെ എടുത്തോന്നേ".

                            " കുറെ നേരമായല്ലോടാ കണ്ണാടിയുടെ മുന്നില്‍ നിന്ന് പിറു പിറുക്കുന്നത്?" പുറകില്‍ വലതു കയ്യില്‍ നൂല് കോര്‍ത്ത സൂചിയുമായി അച്ഛനാണ്. എന്നെ ഈ ഭൂമിയിലേക്ക്ഭൂജാതനാക്കിയപ്പോള്‍ കുറച്ചു കൂടി സൌന്ദര്യത്തോടെ ആയിക്കൂടായിരുന്നോ എന്ന് ചോദിക്കാന്‍ നാവു പൊങ്ങി. ഒരു നല്ല കാര്യത്തിനു ഇറങ്ങുന്നതിനാല്‍ തല്‍ക്കാലം "ഒന്നുമില്ലേ" എന്ന് നീട്ടിയൊന്നു പറഞ്ഞു കൊണ്ട് ഞാന്‍ അവിടെ നിന്ന് തടിതപ്പി. ഇറങ്ങാന്‍ നേരത്താണ് അച്ഛന്‍റെ ഇടത് കയ്യിലെ ഷര്‍ട്ട് കാണുന്നത്. അതില്‍ ഇനി തുന്നാന്‍ ഒരു സ്ഥലം ബാക്കിയില്ല. അച്ഛന്‍റെ  ഈയൊരു സ്വഭാവം  ആണ് എനിക്ക് പിടിക്കാത്തത്. എന്ത് കീറിയാലും, അതിപ്പോള്‍ ഷര്‍ട്ട് ആയാലും മുണ്ടായാലും തുന്നി ഉപയോഗിക്കുന്ന ശീലം പണ്ടേ ഉള്ളതാണ്. കഴിഞ്ഞ ആഴ്ച വീട്ടില്‍  കൂട്ടുകാര്‍ വന്നപ്പോള്‍ അച്ഛനുണ്ട് സിറ്റ് ഔട്ടില്‍ ഇരുന്നു ബനിയന്‍ തുന്നുന്നു. ആ ബനിയന്‍ ആണെങ്കില്‍ അപ്പടി കീറിയതും . ഓര്‍ക്കുമ്പോള്‍ തന്നെ വല്ലാതെ വരുന്നു. അന്നവര്‍ പോയതിനു ശേഷം ഒരു മൂന്നാം ലോക മഹായുദ്ധം തന്നെ വീട്ടില്‍ നടന്നു. അവസാനം "ഞാന്‍ ഇങ്ങനെ കീറല്‍ തുന്നി ഇടുന്നത് കൊണ്ടാണ് നിനക്ക് ബ്രാന്റഡ് ഷര്‍ട്ടും പാന്‍റ്സും ഇടാന്‍ പറ്റുന്നത്" എന്ന അച്ഛന്‍റെ  വാദം തന്നെ ജയിച്ചു .അമ്മയും അച്ഛന്‍റെ  സൈഡ് ആയതിനാല്‍ കയ്യില്‍ കിട്ടിയ റിമോട്ട് തല്ലിപ്പൊട്ടിച്ചു ഇറങ്ങേണ്ടി വന്നു.

                                              ഓരോന്ന് ആലോചിച്ചു കൊച്ചിച്ചന്‍റെ  കടയുടെ സമീപം വന്നതറിഞ്ഞില്ല. ഓര്‍മ വെച്ചനാള്‍ മുതല്‍ അമ്പലപ്പുഴ ജംക്ഷനിലുള്ള ആ ചായ കടക്കാരനെ ഞാന്‍ വിളിക്കുന്നത് കൊച്ചിച്ചന്‍ എന്നാണു. ഞാന്‍ മാത്രമല്ല, കൊച്ചു കുട്ടികള്‍ മുതല്‍ കുഴിയിലേക്ക് കാലു നീട്ടീരിക്കുന്ന കാര്‍ന്നോന്മാര്‍ക്ക് വരെ അദ്ദേഹം കൊച്ചിച്ചനാണ്.

                                                    ഭാഗ്യം കൃത്യ സമയത്ത് തന്നെയാണ് ഞാന്‍ എത്തിയത്. ദൂരെ നിന്നും അവള്‍ വരുന്നുണ്ട്, മീര. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ആയി അവളുടെ ഒരു നോട്ടത്തിനായി ദാഹിച്ചു പുറകെ നടക്കുന്നു. ഇത് വരെ അവളൊന്ന് നോക്കുക പോലും ചെയ്തിട്ടില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ എന്നും കൊച്ചിച്ചന്‍റെ  കടയുടെ വലതു സൈഡില്‍ ഞാന്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം വാങ്ങിയ വാക്ക് മാന്‍ ഓണ്‍ ചെയ്ത് ഇയര്‍ ഫോണ്‍ ചെവിയില്‍ തിരികി നല്ല സ്റ്റൈലില്‍ തന്നെ ഞാന്‍ നിലയുറപ്പിച്ചു.

                                                    അവള്‍ തനിച്ചായിരുന്നില്ല,കൂടെ ഗായത്രിയും ഉണ്ട്. അവളുടെ മുന്നോട്ടുള്ള ഓരോ ചുവടും എന്‍റെ ഹൃദയത്തിലാണോ പതിക്കുന്നതെന്ന് തോന്നി. അവളുടെ ഗന്ധം അടുത്തടുത്ത് വരും തോറും ശരീരത്തിലാകമാനം ഒരു വിറ രൂപം കൊള്ളുന്നത് ഞാന്‍ അറിഞ്ഞു. ഒരു പക്ഷെ കുരിശില്‍ കിടക്കുന്ന സമയത്ത് കര്‍ത്താവ് പോലും ഇത്രയേറെ മാനസിക പീഡ അനുഭവിച്ചു കാണില്ല.  അവള്‍ അടുത്തെത്തിയപ്പോള്‍ എന്‍റെ ശ്വാസം ഒരു നിമിഷം നിലച്ചത് പോലെ തോന്നി. " കര്‍ത്താവേ പരീക്ഷണം അരുതേ", അത്രയേറെ ആത്മാര്‍ഥമായി ഞാന്‍ മുന്‍പൊരിക്കലും പ്രാര്‍ഥിച്ചിട്ടില്ലായിരുന്നു.  എന്നാല്‍ ഒന്നും സംഭവിക്കാതെ  അവള്‍ ഉപയോഗിച്ചിരുന്ന കാച്ചിയെണ്ണ എന്‍റെ മൂക്കില്‍ ശക്തമായിടിച്ചു കടന്നു പോയി. പക്ഷെ ചില സിനിമകളില്‍ പറയാറില്ലേ മെഡിക്കല്‍ മിറാക്കിള്‍ എന്ന് , അന്നത് സംഭവിച്ചു. അവളുടെ വാലിട്ടെഴുതി മനോഹരമാക്കിയ കണ്ണുകള്‍ എന്‍റെ മുഖത്തേക്ക് പാറി വീഴുന്നത് ഒരു നിമിഷം ഞാന്‍ കണ്ടു. യെസ്, അത് സംഭവിച്ചിരിക്കുന്നു. അവള്‍ എന്നെ നോക്കിയിരിക്കുന്നു. കഴുത്തില്‍ കിടന്ന ഈശോയുടെ തിരു രൂപത്തില്‍ മുത്തി ഞാന്‍ അതിവേഗം വീട്ടിലേക്ക് കുതിച്ചു. എന്‍റെ ശരീരത്തേക്കാള്‍ വേഗം മനസ്സിനുണ്ടെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു.

                                            ഭാഗ്യം, സിറ്റ് ഔട്ടില്‍ തന്നെ സൈക്കിള്‍ ഉണ്ട്. സാധാരണ അച്ഛന്‍ അതുമായി റൌണ്ട്സിനു പോകുന്ന സമയമായിരുന്നു അത്. സ്വന്തം ഇരയെ വളരെയേറെ വൈദഗ്ധ്യത്തോടെ കൈപ്പിടിയില്‍ ഒതുക്കുന്ന പരുന്തിന്‍റെ  കയ്യടക്കത്തോടെ ഞാന്‍ സിറ്റ് ഔട്ടില്‍ ഇരുന്ന സൈക്കിള്‍ റാഞ്ചിയെടുത്ത് അക്ഷരാര്‍ഥത്തില്‍ പറക്കുക തന്നെയായിരുന്നു. എത്രയും വേഗം അവളുടെ അടുത്തെത്തണം എന്ന  ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സില്‍. സൈക്കിളുമെടുത്തു പായുന്നതിനിടയില്‍ പുറകില്‍ നിന്ന് അച്ഛന്‍ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ എന്‍റെ ചുറ്റും പ്രണയത്തിന്‍റെ  ബി ജി എം അലയടിച്ചു കൊണ്ടിരുന്നതിനാല്‍ അതൊന്നും തന്നെ എന്‍റെ കര്‍ണപുടത്തില്‍ എത്തുന്നുണ്ടായിരുന്നില്ല.

                                               അവളുടെ അടുത്തെത്തിയപ്പോള്‍ സൈക്കിളിന്‍റെ വേഗത അല്പം കുറച്ചു ഒരു ചാക്കോച്ചന്‍ ചിരി വരുത്തി സൈഡ്ചരിഞ്ഞു ഞാന്‍ അവളെ നോക്കി. അവള്‍ നോക്കുന്നുണ്ട്. എന്നെ കണ്ട അവളുടെ മുഖത്ത് ഒരു പുഞ്ചിരി വരുന്നുണ്ട്. എന്‍റെ ഉത്സാഹം അതോടെ പതിന്മടങ്ങായി വര്‍ദ്ധിച്ചു. അല്‍പ സ്വല്പം സൈക്കിളില്‍ അഭ്യാസങ്ങള്‍ അറിയാവുന്നതിനാല്‍ ഞാന്‍ അതെല്ലാം ആ സൈക്കിളില്‍ പ്രയോഗിച്ചു. എന്‍റെ അഭ്യാസങ്ങള്‍ കണ്ടിട്ടാണെന്ന് തോന്നുന്നു അവള്‍ ഗായത്രിയുടെ കാതില്‍ എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. കര്‍ത്താവേ അങ്ങേക്ക് നന്ദി. അവള്‍ വളഞ്ഞു തുടങ്ങി എന്ന് ഉറപ്പ്.  അവളുടെ ചുറ്റും സൈക്കിളില്‍ ഒരു വൃത്തം വരച്ചു ഞാന്‍ അന്നത്തെ എന്‍റെ അഭ്യാസത്തിനു പരിസമാപ്തി ഇടാന്‍ തീരുമാനിച്ചു. ആ നിമിഷം തന്നെ എന്‍റെ ഇഷ്ടം അവളോട്‌ പറയാന്‍ എന്‍റെ മനസു കൊതിച്ചു.അടുത്ത നിമിഷം തന്നെ എന്നിലെ വിവേകം അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഇപ്പോള്‍ വേണ്ട, പതുക്കെ പതുക്കെ അവളെ പ്രണയ പരവശയാക്കിയിട്ടു പറയാം. നല്ല സ്റ്റൈലില്‍ മുടി കോതിയൊതുക്കി അവളെ നോക്കി ഒരു സ്റ്റൈലന്‍ ചിരിയും പാസാക്കി അവളുടെ അന്നനടയും നോക്കി ഞാന്‍ അവിടെ നിന്നു. മുന്നിലേക്ക് നടക്കുമ്പോളും അവള്‍ പിന്നിലേക്ക് തിരിഞ്ഞു എന്നെ നോക്കി ചിരിക്കുന്നത് വല്ലാത്തൊരു ഉള്‍പുളകത്തോടെ നോക്കി നിന്നു.

                        അങ്ങനെ ഒടുവില്‍ ഞാന്‍ അവളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയിരിക്കുന്നു. എന്‍റെ ശരീരത്തിലെ ഓരോ രോമകൂപത്തിലും ആ തിരിച്ചറിവ് വല്ലാത്തൊരു ലഹരി പടര്‍ത്തി. ആനിയത്തിപ്രാവിലെ " ഓ പ്രീയേ " എന്ന ഗാനവും മൂളി വീട്ടിലേക്ക് ചെന്ന എന്നെയും നോക്കി അച്ഛന്‍ സിറ്റ് ഔട്ടില്‍ തന്നെയുണ്ടായിരുന്നു. അച്ഛന്‍ വല്ലാത്തൊരു കലിപ്പ് ലുക്കില്‍ ആണ് നിന്നിരുന്നത്. ആ സമയം എന്‍റെ ഹൃദയത്തില്‍ നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന സന്തോഷംതല്ലിക്കെടുത്താന്‍ ആഗ്രഹിക്കാതിരുന്നതിനാല്‍ അച്ഛന് വലിയ മൈന്‍ഡ് കൊടുക്കാതെ സൈക്കിള്‍ സിറ്റ് ഔട്ടിലേക്ക് കയറ്റി വെച്ച് മാറി നിന്നു. അച്ഛന്‍റെ  വായില്‍ നിന്നും ചീത്തവിളി പ്രതീക്ഷിച്ചു നിന്ന എന്നെ എതിരേറ്റത് അതിലും ഭീകരമായ് മറ്റൊരു അത്യാപത്തായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരക്ഷരം പോലും ഉരിയാടാതെ സൈക്കിളിന്‍റെ സമീപത്ത് ചെന്ന അച്ഛന്‍ പുറകിലത്തെ ക്യാരിയറില്‍ നിന്നും  ഉണക്കാന്‍ ഇട്ടിരുന്ന അച്ഛന്‍റെ ജട്ടി പൊക്കിയെടുത്തു. ആ നിമിഷം വരെ ഞാന്‍ അത് കണ്ടിരുന്നില്ല.  " എന്തായാലും നീ സൈക്കിളും കൊണ്ട് പോയത് നന്നായി. ഇത് പെട്ടന്നുണങ്ങി കിട്ടി." ഉണങ്ങിയ ജട്ടിയുമായി വീടിനകത്തേക്ക് പോകുന്ന അച്ഛനെ നോക്കി തലക്കു കയ്യും വെച്ച് നിലത്ത് കുത്തിയിരിക്കാനെ എനിക്ക് പറ്റുമായിരുന്നുള്ളൂ. മീര നോക്കിച്ചിരിച്ചത് എന്നെയായിരുന്നില്ല മറിച്ച് പല പ്രാവശ്യം സൂചിയും നൂലും വിക്രിതികള്‍ കാട്ടിയ അച്ചന്‍റെ ആടിമാസ കിഴിവുകള്‍ വീണ
ജട്ടി നോക്കിയായിരുന്നു എന്ന തിരിച്ചറിവ് എന്‍റെ ബോധ മണ്ഡലത്തെ എന്നില്‍ നിന്നും മറച്ചു കളഞ്ഞു.

Wednesday 13 May 2015

തനിയാവര്‍ത്തനം.....

                                           

                             അമ്പലക്കുളത്തിന്‍റെ ഹൃദയത്തിലേക്ക്  നീണ്ടു കിടന്നിരുന്ന കല്‍പ്പടവുകളില്‍ അവനിരുന്നു. ആ കല്‍പ്പടവുകളുടെ അരികുകളിലാകമാനം   അവന്‍റെ തലച്ചോറിലെ കറപിടിച്ചു ദുഷിച്ച ഓര്‍മകള്‍ എന്നപോലെ പായലുകള്‍ പറ്റിപ്പിടിച്ചിരുന്നു. തലച്ചോറിലേക്ക് ഇരച്ചു കയറിയ ഭ്രാന്തന്‍ ഓര്‍മ്മകള്‍ അവന്‍റെ ചിന്തകളുടെ കടിഞ്ഞാണ്‍ പൊട്ടിച്ചു കളഞ്ഞിരുന്നു. ഓര്‍മകള്‍ക്ക് ചിലപ്പോള്‍ ഒരു അടുക്കും ചിട്ടയും കാണില്ലെന്നവന്‍ ഓര്‍ത്തു. വരിയും നിരയും ചേര്‍ത്ത് വെച്ച് ഓര്‍ക്കാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചാലും അതെല്ലാം തെറ്റിച്ചു വരുവാനായിരിക്കും അവയ്ക്ക് എന്നും ഇഷ്ടം.

                                       അമ്മമ (അമ്മയുടെ അമ്മ) പറഞ്ഞപ്പോള്‍ മാത്രമാണ് അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ചു പോയതാണെന്ന് അറിയുന്നത്. അന്നത് മനസ്സിലാക്കാന്‍ മാത്രമുള്ള പ്രായമൊന്നും അവനില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ ദിവസം അവന്‍റെ മൂര്‍ദ്ധാവില്‍ മുത്തം നല്‍കി അച്ഛന്‍ യാത്ര തിരിക്കുമ്പോള്‍ പതിവുപോലെ ഒരു ബിസിനസ് ടൂറിന് അപ്പുറം ഒന്നും തന്നെ അവന്‍  കണ്ടിരുന്നില്ല.

                                അമ്മമ്മ എന്നും അച്ഛനെ കുറ്റം പറയാറുണ്ട്‌. എന്നാല്‍ അതായിരുന്നില്ല അച്ഛനോടുള്ള അവന്‍റെ ദേഷ്യത്തിന്റെ കാരണം. അമ്മയുടെ കണ്ണുനീര്‍ ആയിരുന്നു. വിവാഹ ഫോട്ടോയുടെ ഓരോ ഇതളുകളും വിടര്‍ത്തി അച്ഛന്‍റെ ഓര്‍മകളില്‍ ജീവിക്കുന്ന അമ്മയെ എന്നും അവന്‍ വേദനയോടെ മാത്രമാണ് കണ്ടിരുന്നത്. ആ വേദന അവന്‍റെ ഉള്ളിലെ  ദേഷ്യത്തെ പകയായി പുന:പ്രതിഷ്ഠിച്ചു.

                                        കൗമാരം അവനെ യൌവനെത്തിലെക്ക് തള്ളി വിട്ടപ്പോള്‍ അച്ഛന്‍ എന്തിനു തങ്ങളെ ഉപേക്ഷിച്ചു എന്നറിയാനുള്ള  ജിജ്ഞാസയുംഅവനോടൊപ്പം വളരുകയായിരുന്നു. അമ്മയോട് അതിനെ കുറിച്ച് ചോദിക്കാന്‍ അവനു മടിയായിരുന്നു. ഒടുവില്‍ ഒരു ദിനം അവനാ മടിയെ ഹൃദയത്തിന്‍റെ കോണിലെവിടെയോ ഒരു കുഴി കുത്തി മറച്ചു അമ്മയുടെ തലച്ചോറിലേക്ക് ചോദ്യമയച്ചു. ഒരു കൈക്കുമ്പിള്‍ നിറയെ അമ്മയുടെ കണ്‍കോണുകളില്‍ നിന്നും താഴേക്ക് പതിച്ച വേദനയുടെ കൈപ്പു നീര്‍ ആയിരുന്നു അന്നവന് മറുപടിയായി ലഭിച്ചത്.

                                      നീണ്ട നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് അവനാ ചോദ്യത്തിനു ഉത്തരം ലഭിച്ചു. ഇന്നായിരുന്നു അവന്‍റെ അഞ്ചാം വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷികത്തിന്‍റെ സമ്മാനമായി അവന്‍റെ ഭാര്യ അവനോട് ആവശ്യപ്പെട്ടതും പണ്ട് ദ്രോണര്‍ ഏകലവ്യനോട്‌ ആവശ്യപ്പെട്ടതും ഒന്ന് തന്നെയായിരുന്നു. പെരുവിരല്‍.....തന്‍റെ അമ്മയെന്ന പെരുവിരല്‍. തന്നെ വളര്‍ത്തി ഇത്രടം വരെയെത്തിച്ച എല്ലാമെല്ലാമായ അമ്മയെ ഏതെങ്കിലും ക്ഷേത്രാങ്കണത്തില്‍ നടതള്ളനമെന്ന് തന്‍റെ പ്രീയപ്പെട്ടവള്‍  പറഞ്ഞപ്പോള്‍ അവന്‍ ഇതികര്‍ത്തവ്യഥാമൂഢനായി മണിക്കൂറുകളോളം നിന്നുപോയി. പെരുവിരലില്ലാത്ത ഏകലവ്യന്‍ എപ്രകാരം അപൂര്‍ണനാണോ അപ്രകാരം തന്നെ താനും തന്‍റെ അമ്മ ഒപ്പമില്ലാത്ത ജീവിതവും അപൂര്‍ണമാണെന്ന തിരിച്ചറിവ് അവനെ തളര്‍ത്തി.   എന്നാല്‍ അത് കേട്ട് നിന്ന അമ്മയുടെ മുഖത്ത് അമ്പരപ്പോ സങ്കടമോ ആയിരുന്നില്ല അവന്‍ കണ്ടത്, ആശ്വാസത്തിന്‍റെ നിഴലാട്ടം ആയിരുന്നു. അനിവാര്യമായതെന്തോ ഒന്ന് ഏറ്റു വാങ്ങിയതിന്‍റെ ആശ്വാസം.   തന്‍റെതെന്നു കരുതിയ സര്‍വസ്വവും ഭാര്യയുടെയും മക്കളുടെയും പേരില്‍ എഴുതിവെച്ച് അമ്മയോടൊപ്പം വീടിന്‍റെ പടിയിറങ്ങുമ്പോള്‍  തന്നെപ്പോലെ ഒരു മകന്‍ അവള്‍ക്കും ഉണ്ടാകണമേ എന്ന പ്രാര്‍ഥന മാത്രമേ അവന്‍റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവന്‍റെ മൂര്‍ദ്ധാവില്‍ അവസാന ചുംബനം നല്‍കി പുറത്തേക്ക് ഒഴുകി വന്ന കണ്ണുനീര്‍ കണ്‍കോണുകളില്‍ തന്നെ ഒതുക്കി വീട് വിട്ടിറങ്ങിയ അവന്‍റെ അച്ഛന്‍റെ ഹൃദയത്തിലും ഉണ്ടായിരുന്നതും ഇതേ പ്രാര്‍ഥന തന്നെയായിരിക്കാം...

Monday 20 April 2015

കൂടോത്രം എന്ന കുണ്ടാമണ്ടി.

                                           കൂടോത്രം എന്ന കുണ്ടാമണ്ടി.

             ജ്യോത്സ്യന്‍റെ  കൈവശമിരുന്ന കവടി തറയുമായി ഉരസിയപ്പോളുണ്ടായ
കിരു കിരാ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ചിതലരിച്ചുതുടങ്ങിയ തടിപ്പലകയില്‍ ഒറ്റക്കും കൂട്ടായും ഇരുന്നുകൊണ്ട്  ഗ്രഹങ്ങളും ഉപഗ്രഹങ്ങളും എന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നതായി തോന്നി. ജ്യോത്സ്യന്‍ തന്‍റെ  കൈവശം ഇരുന്ന ജാതകം തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ കൂട്ടിയും കുറച്ചും കൊണ്ടിരുന്നു.

                                പി.എസ്.സി. പരീക്ഷക്ക്‌ പോലും ഞാനിത്രയും ടെന്‍ഷന്‍ അടിച്ചിട്ടില്ല. ദൈവമേ ഇത്തവണയും നീ എന്നെ കൈവിട്ടാല്‍ സത്യമായും ഞാനൊരു റിബലായി മാറും. അത്രയ്ക്ക് ദെണ്ണം ഉണ്ടേ...ഇതിപ്പോള്‍ നൂറ്റി ഒന്നാമത്തെ ജാതകമാ ആ കശ്മലന്‍ ഇട്ടു കീറി മുറിക്കുന്നത്. കഴിഞ്ഞ നൂറെണ്ണവും അയാള്‍ ഓരോരോ  കാരണങ്ങള്‍ പറഞ്ഞു കുളമാക്കി.

                                    പെണ്ണു കാണലിന്‍റെ കാര്യമാലോചിക്കുമ്പോള്‍ തന്നെ ഹൃദയത്തില്‍ ഒരു പാറക്കല്ലെടുത്ത് വെച്ച പോലത്തെ ഫീലാണ്. ഒരുദാഹരണത്തിന് നല്ലൊരു ബുഫെ നടക്കുന്ന ഒരു ഹാളില്‍ നമ്മള്‍ ചെല്ലുകയാണ്. ആ ഹാളിലേക്ക് നമ്മള്‍ ചെന്ന് കയറുമ്പോള്‍ തന്നെ മാല്‍ഗോവ മാമ്പഴം പാലും പഞ്ചസാരയും ഇട്ടടിച്ച സൊയമ്പന്‍ ഒരു ഗ്ലാസ് ജ്യൂസ് നമ്മളെ നോക്കി  പുഞ്ചിരിയോടെ ഇരിക്കുന്നു.  കൊതിയോടെ നമ്മള്‍ അത് എടുത്ത് കുടിക്കാന്‍ ചെല്ലുമ്പോള്‍  ഒരാള്‍ യാതൊരു വിധ ദയാ ദാക്ഷണ്യവും കൂടാതെ പറയുന്നു "മകനെ ഇത് നീ കുടിക്കേണ്ട.നിനക്ക് ഷുഗര്‍ ഉണ്ടാകും" എന്ന്. അങ്ങനെ പുറത്തേക്ക് വന്ന ഒരു ലോഡ് തുപ്പലും അകത്തേക്ക് വിഴുങ്ങി എന്നാല്‍ ഇനിയൊരു ചിക്കന്‍ ബിരിയാണി കഴിക്കാം എന്ന് കരുതി ചെല്ലുമ്പോളാകട്ടെ ദാ നില്‍ക്കുന്നു നേരത്തെ ജ്യൂസ് കുടിക്കാന്‍ അനുവദിക്കാത്ത പരമദ്രോഹി. അയാള്‍ വീണ്ടും മൊഴിയുന്നു " മകനെ ഇത് നീ ഒട്ടും കഴിക്കേണ്ട. ഇത് പൈല്‍സ് ഉണ്ടാക്കും". പോട്ടെ പുല്ല് എന്നും പറഞ്ഞു ഒരു ബീഫ് ബിരിയാണി കഴിക്കാമെന്നു കരുതിയാലോ "ഇതും കഴിക്കേണ്ട,ഇത് കൊളസ്ട്രോള്‍ ഉണ്ടാക്കും" എന്ന ഉപദേശവുമായി അയാള്‍ വീണ്ടും എത്തുന്നു. എന്നാല്‍  നാരങ്ങ അച്ചാറും മാങ്ങ അച്ചാറും കൂട്ടി നല്ലൊരു സദ്യ പിടിപ്പിക്കാമെന്ന് കരുതി ചെന്നാല്‍ അച്ചാര്‍ അള്‍സര്‍ ഉണ്ടാകുമെന്ന് പറഞ്ഞു അതിനും സമ്മതിക്കില്ല. അങ്ങനെ വിശന്നു വലഞ്ഞു ഇപ്പോള്‍ ചെന്ന് നില്‍ക്കുന്നത് പഴങ്കഞ്ഞിയുടെ മുന്നിലാ. പച്ചമുളകും ഉപ്പുമായി കുടിക്കാമെന്ന് കരുതിയപ്പോളാണ് പച്ചമുളകില്‍ പുഴുക്കുത്തല്‍ ഉണ്ടോ ഉപ്പുപയോഗിച്ചാല്‍ പ്രെഷര്‍ ഉണ്ടാകുമോ എന്ന് കൂലംകഷമായി വിശകലനം ചെയ്യുന്നത്.  വിശന്ന വയറിന്‍റെ വേദന മൂന്നു നേരവും സമൃദ്ധമായി ഉണ്ടുറങ്ങി ജീവിക്കുന്ന ഇയാള്‍ക്ക് മനസ്സിലാകുമോ?

                              എന്നെ അത്ഭുതപ്പെടുത്തുന്നത് അച്ഛന്റെയും അമ്മയുടെയും മാറ്റമാണ്. സകലവിധ എതിര്‍പ്പുകളെയും അവഗണിച്ചു പ്രണയിച്ചു വിവാഹം ചെയ്തവര്‍ ആയിരുന്നുഅവര്‍. അന്നത്തെ ഒരു പ്രശസ്ത ജ്യോത്സ്യന്‍ അവരുടെ ദാമ്പത്യ ജീവിതത്തിനു വെറും ഒരു വര്‍ഷത്തെ ആയുസ്സേ വിധിച്ചിട്ടുള്ലായിരുന്നു. അതിനെയൊക്കെ തൃണവല്‍ഗണിച്ചവരാണ് ഇന്ന് സ്വന്തം മകനായ എന്‍റെ കാര്യം വന്നപ്പോള്‍ യാഥാസ്ഥിതികരായി മാറിയത്. വിശ്വാസം എന്നത് ഒരു തരം പച്ച കുത്തല്‍ ആണ്. ചെറുപ്പത്തില്‍ നമ്മുടെ മനസ്സില്‍ അത് ആഴത്തില്‍ പതിഞ്ഞാല്‍ പിന്നീടൊരിക്കലും  ഇളകിപ്പോകില്ല.

                                           എന്നെ വലക്കുന്നത് എനിക്ക് ചെറിയ തോതില്‍ ചൊവ്വാ ദോഷം ഉണ്ടെന്നുള്ളതാണ്. ആരാണാവോ ഈശ്വരാ ഈ ചൊവ്വാ ഗ്രഹം കണ്ടുപിടിച്ചത്? അങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ രെക്ഷപ്പെട്ടെനെ. അല്ലെങ്കില്‍ ഇനി ആകെയുള്ള പ്രതീക്ഷ പ്ലൂട്ടോയെ വെള്ളക്കുള്ളനായി തള്ളിയത് പോലെ ചൊവ്വയെയും തള്ളണം എന്നുള്ളത് മാത്രമാണ്.


                                           ഇത്തരത്തിലൊക്കെ ചിന്തിച്ച് ദൈവത്തെയും പളളു പറഞ്ഞിരുന്ന എന്‍റെ മുഖത്തേക്ക് ജ്യോത്സ്യന്‍ സാവധാനം മുഖമുയര്‍ത്തി നോക്കി. എന്‍റെ ദയനീയാവസ്ഥ കണ്ട് ഞാനൊരു സാമൂഹിക വിപത്തായി മാറുമോ എന്ന പേടി കൊണ്ടോ അതോ എന്‍റെ പ്രാര്‍ഥനയുടെ ശക്തി കൊണ്ടോ എന്തോ എനിക്ക് അനുകൂലമായ ഒരു മറുപടിയാണ് അയാള്‍ പറഞ്ഞത്.

                                 "ഉം....നമുക്കിതങ്ങു ഉറപ്പിക്കാം." ആ വാക്കുകള്‍ എന്‍റെ ഹൃദയത്തില്‍ ആശ്വാസത്തിന്‍റെ കുളിര്‍മഴ പെയ്യിച്ചു. ജ്യോത്സ്യന്‍ തുടര്‍ന്നു. " എങ്കിലും ചില ദോഷങ്ങളൊക്കെ കാണുന്നുണ്ട്. സാരമില്ല, ഞാന്‍ ചില പ്രതിവിധികള്‍ പറഞ്ഞു തരാം. അതെല്ലാം ഈ ലിസ്റ്റില്‍ കാണുന്ന ക്ഷേത്രങ്ങളിലും പള്ളികളിലും നടത്തണം.പിന്നെ ഒരു കാര്യം. നിങ്ങളുടെ അയല്‍വാസികളില്‍ ആരെക്കെയോ നിങ്ങള്‍ക്കെതിരെ കടുത്ത ആഭിചാര കര്‍മങ്ങള്‍ നടത്തിയിട്ടുണ്ട്. ഇയാളുടെ വിവാഹം നടക്കരുതെന്നു കരുതി ആരോ ഇയാള്‍ക്കെതിരെ കൂടോത്രം ചെയ്തിട്ടുണ്ട്."

                                    കൂടോത്രം, മണ്ണാങ്കട്ട. എനിക്കയാള്‍ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തോന്നിയില്ല. പക്ഷെ അച്ഛന്റെ മുഖഭാവത്തില്‍ നിന്നും കൂടോത്ര  പുരാണം ആ പാവത്തിനെ വല്ലാതെ ഭയപ്പെടുത്തി എന്ന് എനിക്ക് മനസ്സിലായി. അച്ഛന്‍ കൂടോത്രത്തിന്‍റെ കാര്യം ഉടന്‍ തന്നെ അമ്മയെ വിളിച്ചു പറയുകയും ചെയ്തു.

                                ജ്യോല്‍സ്യന് നല്‍കേണ്ടദക്ഷിണയും നല്‍കി നടത്തേണ്ട പ്രതിവിധികളുടെ ചാര്‍ത്തും വാങ്ങി ഞാനും അച്ഛനും അവിടെ നിന്നിറങ്ങി. നടക്കുമ്പോള്‍ അച്ഛന്‍റെ വായില്‍ നിന്നും വന്നു കൊണ്ടിരുന്നത് മുഴുവനും കൂടോത്ര പുരാണം ആയിരുന്നു. കൂടോത്രത്തിന്റെ ഫലമായി വടക്കേതിലെ തങ്കപ്പന്‍ ചേട്ടന് ആക്സിടെന്റ്റ് ഉണ്ടായെന്നും പിന്നെ വേറെ ആര്‍ക്കൊക്കെയോ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായെന്നും മറ്റും പുലമ്പിക്കൊണ്ട് ആണ്  അച്ഛന്‍ നടന്നത്. ഈ കൂടോത്ര പുരാണം കേള്‍ക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. നടക്കുമ്പോഴും ഞാന്‍ എന്‍റെ നൂറ്റി ഒന്നാമത്തെ പെണ്‍കൊടിയും കൊണ്ട് ഫ്രാന്‍സ്,അമേരിക്ക,ഉഗാണ്ട, സൌത്ത് ആഫ്രിക്ക,കമ്പോഡിയ  തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ മനോരഥത്തില്‍ ഊളിയിടുകയായിരുന്നു.കഴിഞ്ഞ നൂറു പേരെയും കൊണ്ട് ചെക്ക്‌ ഇന്‍ ചെയ്യാന്‍എയര്‍ പോര്‍ട്ടില്‍ ചെന്നപ്പോള്‍ തന്നെ ഫ്ലൈറ്റ് മിസ്‌ ആയിരുന്നല്ലോ.

                                     നൂറ്റി ഒന്നാമത്തെ പെണ്ണെങ്കിലും ഒന്നുറച്ച സന്തോഷം കൂട്ടുകാരുമായി പങ്ക് വെക്കാമെന്നു കരുതി ഞാന്‍ നേരെ ഹരിയുടെ വീട്ടിലേക്ക് വിട്ടു. എന്‍റെ വീട്ടില്‍ നിന്നും നടന്നു പോകാവുന്ന ദൂരമേ അവന്‍റെ വീടുമായുള്ളൂ. അവിടെ ഹരിയും മറ്റുള്ളവരും എന്‍റെ  സന്തോഷത്തിനു മാറ്റ് കൂട്ടാനായി ബാക്കാര്‍ഡിയുടെ രണ്ടു ഫുള്ളുമായി എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

                                       ആഘോഷങ്ങള്‍ തീര്‍ന്നപ്പോള്‍ നേരമേറെ വൈകിയിരുന്നു. ഒരു തരത്തില്‍ ആടിയാടി വീട്ടിലെത്തിയ ഞാന്‍ ആരെയും വിളിച്ചുണര്‍ത്താതെ രഹസ്യ വാതിലൂടെ മുറിയില്‍ കയറി കിടന്നപ്പോള്‍  എന്‍റെ മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ കുളിരണിയിച്ചു കൊണ്ട് മഴ പെയ്യാന്‍ തുടങ്ങിയത് ഞാന്‍ അറിഞ്ഞു.

                                     രാവിലെ അമ്മയുടെഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. കഴിഞ്ഞ രാത്രിയില്‍ അമിതമായി കഴിചിരുന്നതിനാല്‍ചെറിയ തോതില്‍ ഒരു ഹാങ്ങ് ഓവര്‍ എന്നില്‍ ഉണ്ടായിരുന്നു. വായും മുഖവും കഴുകി സ്മെല്‍ അഥവാ ഉണ്ടെങ്കില്‍ അറിയാതിരിക്കാന്‍ മുഖത്തും വായിലും സ്പ്രേയും അടിച്ച് വീടിനു പുറത്തേക്ക് ചെല്ലുമ്പോള്‍ കാണുന്നത് അച്ഛന്‍ ആകെ വിഷണ്ണനായി താടിക്ക് കയ്യും കൊടുത്ത്  സിറ്റ് ഔട്ടില്‍ ഒരു കസേരയുടെ പുറത്തിരിക്കുന്നു. അമ്മയാണെങ്കില്‍ അടുത്ത വീട്ടിലെ ചേച്ചിയുമായി കശപിശ ഇട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ പതിയെ പത്രവുമെടുത്ത് സോഫയിലേക്ക് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അമ്മ എന്നെ കണ്ടത്.
                      
                                             ഒരു ഭദ്രകാളിയെപ്പോലെ ചാടി തുള്ളിക്കൊണ്ടാണ് അമ്മ എന്‍റെ സമീപത്തേക്ക് വന്നത്. വന്ന പാടെ അത്യുച്ചത്തില്‍എന്നോടായിപറഞ്ഞു.

                                         "നിനക്കല്ലെടാ ഞങ്ങള്‍ പറയുന്നതൊക്കെ അന്ധവിശ്വാസം എന്ന് പറഞ്ഞു പുച്ഛിച്ച് തള്ളാന്‍ തിടുക്കം. കണ്ടില്ലേ നീ ഈ സിറ്റ് ഔട്ടില്‍ ഇരിക്കുന്ന ഈ കല്ലുകള്‍, അതും ലക്ഷണമൊത്ത മൂന്നെണ്ണം."

                                      "എന്‍റെ ലക്ഷ്മി അത് കുട്ടികള്‍ ആരെങ്കിലും എടുത്ത് വെച്ചതായിരിക്കും". അച്ഛനങ്ങനെ പറയുമ്പോഴും അച്ഛന്റെ വാക്കുകളില്‍ നിഴലിച്ചിരുന്ന ഭയം എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

                               "നിങ്ങളൊന്നു മിണ്ടാതിരിക്ക്‌ മനുഷ്യാ." അമ്മ തുടര്‍ന്നു." ഡാ നീയൊന്നു നോക്കിയേ, ഇന്നലെ ഇവിടെ മുഴുവന്‍ മഴ പെയ്തതല്ലേ. നീ ഈ കല്ലുകളില്‍ ഒന്ന് സൂക്ഷിച്ചു നോക്കിയേ ഒരിത്തിരി എങ്കിലും നനഞ്ഞിട്ടുണ്ടോ? ആരോ ഇത് ഇവിടെ കൂടോത്രം ചെയ്ത് കൊണ്ട് വെച്ചതാ. ജ്യോത്സ്യന്‍ പറഞ്ഞതോര്‍മ്മയുണ്ടല്ലോ അല്ലെ. കല്ലില്‍ വരെ കൂടോത്രം ചെയ്യുന്ന പരിഷകളാ ചുറ്റുമുള്ളത്". അമ്മയത്പറയുമ്പോള്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.


                                  ഈശ്വരാ സയന്‍സ് ഇത്രത്തോളം പുരോഗമിച്ച ഈ കാലഘട്ടത്തിലും കൂടോത്രത്തെ ആശ്രയിക്കുന്ന അപരിഷ്കൃതര്‍ നമുക്ക് ചുറ്റും ഉണ്ടോ എന്ന് എന്നോട് തന്നെ ചോദിച്ചു കൊണ്ട് അമ്മ ചൂണ്ടിക്കാണിച്ചു തന്ന ഭാഗത്തേക്ക് നോക്കി. അവിടെ അമ്മ പറഞ്ഞത് പോലെ തന്നെ മൂന്നു കല്ലുകള്‍ ഉണ്ടായിരുന്നു. അത് പക്ഷെ മറ്റാരും കൂടോത്രം ചെയ്തു കൊണ്ട് വെച്ചതല്ലായിരുന്നു. കഴിഞ്ഞ രാത്രിയില്‍ ഹരിയുടെ വീട്ടില്‍ നിന്നും പോരുമ്പോള്‍ പട്ടികളുടെ കടിയില്‍ രക്ഷപെടാനായി അവന്‍റെ വീടിനു മുന്നില്‍ നിന്നും ഞാന്‍ തന്നെ എടുത്ത കല്ലുകളായിരുന്നു. എന്‍റെ നന്മ മാത്രം മുന്നില്‍ കണ്ടു കഴിഞ്ഞ രാത്രിയില്‍ എന്‍റെ കൂടെ വന്നിട്ടും ഇത്തരത്തില്‍ ഒരു ആരോപണം നേരിടേണ്ടി വന്നതില്‍ അവരുടെ മുഖത്ത് നിഴലിചിരുന്നത് ദുഖമായിരുന്നില്ല മറിച്ച് ഞങ്ങളോടുള്ള സഹതാപം ആയിരുന്നു.

Wednesday 8 April 2015

കൈതക്കോരയും എന്‍റെ ചെറുകഥകളും...

                                       കൈതക്കോരയും എന്‍റെ ചെറുകഥകളും..
  

                                          മുകുന്ദന്‍റെ "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" വായിച്ചപ്പോഴാണ്എന്ത് കൊണ്ട് കഥകള്‍ എഴുതിക്കൂടാ എന്ന ആശയം എന്നില്‍ മുളച്ച് പൊന്തിയത്. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ചില നാടകങ്ങള്‍ സ്വയം എഴുതി സംവിധാനവും ചെയ്തത് എന്നില്‍ ആത്മവിശ്വാസം നിറച്ചു. പക്ഷെ കാലങ്ങള്‍ ഒരുപാട് പിന്നിട്ടിരിക്കുന്നു. അന്നത്തെ മൂക്കള ഒലിപ്പിച്ചിരുന്ന പയ്യനല്ലല്ലോ ഇന്ന് ഞാന്‍. നാട്ടില്‍ അറിയപ്പെടുന്ന ഒരു ബുദ്ധിജീവി . ആ ഒരു നിലവാരത്തില്‍ നിന്ന് താഴുക എന്നത് ഒരിക്കലുംഎനിക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല.

                                              കഥകള്‍ എഴുതുക ഒരു പ്രശ്നമല്ല. പക്ഷെ എവിടെ പ്രസിദ്ധീകരിക്കും. ഏതെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ അയച്ചു കൊടുത്തിട്ട് അവരത് പ്രസിധീകരിച്ചില്ലെങ്കില്‍ അത് എന്‍റെഇമേജിനെ സാരമായിബാധിക്കും. അങ്ങനെയാണ് ഞാന്‍ എന്‍റെ രചനകള്‍ ഫെയിസ് ബുക്കില്‍ ഇടാന്‍ തീരുമാനിച്ചത്. അതാകുമ്പോള്‍ ആരുടേയും കാലു പിടിക്കേണ്ടല്ലോ.

                                            ആദ്യ രചന തന്നെ സ്ത്രീകളുടെ മനസ്സിനെ പിടിച്ചുലക്കണം. ആ ഒരു ഉദ്ദേശത്തില്‍ തന്നെ ഞാന്‍ എഴുതി തുടങ്ങി. ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ എന്‍റെ ആദ്യ കഥ എഴുതി തീര്‍ത്തു. ആദ്യ പ്രസവം കഴിഞ്ഞു വയറൊഴിഞ്ഞത് പോലൊരു ഫീല്‍. "സ്ത്രീ മനസ്" എന്ന പേരും മുകളില്‍ എഴുതി പിടിപ്പിച് എന്‍റെ ചിരിക്കുന്ന ഒരു ഫോട്ടോ ഫോട്ടോഷോപ്പിലിട്ടു ചില്ലറ ഭംഗിയൊക്കെ വരുത്തി രണ്ടാമതൊന്നു ചിന്തിക്കുക പോലും ചെയ്യാതെ പോസ്റ്റി. 

                                                 മണിക്കൂറുകള്‍ ഓരോന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. പേരിനു പോലും ഒരു ലൈക്കോ കമന്റോ കിട്ടിയില്ല. ഹതാശയനായ ഞാന്‍ തല്‍ക്കാലം മുഖപുസ്തകം അടച്ചു വെച്ച് ഉറങ്ങാന്‍ കിടന്നു. അതങ്ങനെയാണ്, യാതൊന്നും ചെയ്യാനില്ലെങ്കില്‍ ഞാന്‍ കിടന്നുറങ്ങും. അമ്മയും അച്ഛനും അതിനെപ്പോഴും വഴക്കാണ്. അവര്‍ക്കറിയില്ലല്ലോ ബുദ്ധിജീവികള്‍ മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ അലസന്മാരാകുമെന്ന്. 

                                         അമ്മയുടെ നിരന്തരമായ വിളികള്‍ കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. നോക്കിയപ്പോള്‍ സമയം ഏഴര. അമ്മ കൊണ്ട് വെച്ച ചൂട് കാപ്പി മൊത്തിക്കൊണ്ട് ഞാന്‍ കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ എത്തി. ഫെയിസ് ബുക്കില്‍ കയറി എന്‍റെ പോസ്റ്റ്‌ പരതി. നിരാശയായിരുന്നു ഫലം. ആകെ കിട്ടിയത് ഒരു ലൈക്കും "നൈസ്" എന്ന ഒരേ ഒരു കമന്‍റും. അത് രണ്ടും ചെയ്തത് ഒരേ ആള്‍. നമ്മുടെ "കൈതക്കോര". എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. അതിനു കാരണം ഉണ്ട്. ഒരിക്കലും ഞാന്‍ ഈ കൈതക്കൊരയെ മതിച്ചിരുന്നില്ല. വളരെ നിസാരനായിട്ടായിരുന്നു ഞാന്‍ അവനെ കരുതിയിരുന്നത്. അവസാനം അവന്‍ വേണ്ടി വന്നു എന്‍റെ സൃഷ്ടിയെ മാനിക്കാന്‍.

                                     കഷ്ടം അവന്‍റെ യഥാര്‍ഥ പേര് പോലും ഞാന്‍ മറന്നിരിക്കുന്നു. മഴക്കാലത്ത് കുളം നിറഞ്ഞു കവിയുന്ന അവസരങ്ങളില്‍ ചൂണ്ട പോലുള്ള ലഘു യന്ത്രങ്ങളുടെ സഹായങ്ങള്‍ ഒന്നും തന്നെയില്ലാതെ സ്വന്തം കൈകള്‍ ഉപയോഗിച്ച് കൈതക്കോര എന്ന മത്സ്യത്തെ പിടിക്കാന്‍ അതിവിദഗ്ദ്ധനായത് കൊണ്ട് ഞാന്‍ പരിഹാസപൂര്‍വ്വം അവനിട്ട പേരായിരുന്നു "കൈതക്കോര" എന്നത്. വളരെ പെട്ടന്ന് ആ പേര് മറ്റുള്ളവരുടെ ഇടയില്‍ ക്ലിക്കായി. എല്ലാവരും ആ പേര് അവനെ വിളിക്കാന്‍ തുടങ്ങി.അവസാനം എല്ലാവരും  ആ പേര് വിളിച്ചു വിളിച്ച് അവന്‍ തന്നെ അവന്‍റെ പേര് മറന്നു തുടങ്ങിയിരുന്നു.

                                              അടുത്ത രണ്ടു ദിവസത്തേക്ക് ഒന്നും ചെയ്യാന്‍ ഒരുഉത്സാഹവും തോന്നിയില്ല. ആകെപ്പാടെ ഒരു മടുപ്പ്. മറ്റുള്ളവര്‍ വായിക്കണമെങ്കില്‍ ഏതു തരം കഥകള്‍ എഴുതണമെന്നായി എന്‍റെ ചിന്ത. ചെറുപ്പക്കാരെ ആകര്‍ഷിക്കണമെങ്കില്‍ പ്രണയത്തെ കുറിച്ച് തന്നെ എഴുതണം. പക്ഷെ എന്നപ്പോലെ ഒരു ബുദ്ധിജീവി പ്രണയത്തെക്കുറിചെഴുതിയാല്‍... എന്‍റെ ഇമേജ്...ഇമേജ്, മണ്ണാംകട്ട...ലൈക് തന്നെ പ്രധാനം. ഞാന്‍ അവസാനം രണ്ടും കല്‍പ്പിച്ച്‌ പ്രണയത്തെക്കുറിച്ച് അടുത്ത രചന നടത്തി. ഇത്തവണ ഒന്ന് രണ്ടാവര്‍ത്തി വായിച്ചു ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് പോസ്റ്റാന്‍ തീരുമാനിച്ചത്. കൂട്ടത്തില്‍ വികാര വിവശനായി നില്‍ക്കുന്നഎന്‍റെ ഒരു സെല്ഫിയും അതിനു മോടികൂട്ടാനായി ചേര്‍ത്തു.

                                                            ഇരുപത്തഞ്ചോളം സുഹൃത്തുക്കള്‍ക്ക് ടാഗ് ചെയ്താണ് ഞാന്‍ ഇപ്രാവശ്യംഎന്‍റെ കഥ പോസ്റ്റ്‌ ചെയ്തത്. അത് മാത്രമല്ല പ്ലീസ് സപ്പോര്‍ട്ട് എന്ന ഒരു മെസേജും എല്ലാ പഹയന്മാര്‍ക്കും അയച്ചു.നിമിഷങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു പോകുന്നതിനോടൊപ്പം എന്‍റെ മനസ്സില്‍ ഒരു പ്രത്യേകതരം വിറയല്‍ കടന്നു കൂടി. മണിക്കൂറുകള്‍ പലതു കഴിഞ്ഞിട്ടും ഒറ്റൊരുത്തന്‍ പോലും എന്‍റെ കഥ ഒന്ന് ശ്രദ്ധിക്കുക കൂടി ചെയ്തില്ല. അതല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലെന്നാണല്ലോ. എല്ലാ പ്രശസ്തരും പ്രശസ്തരായതിനു ശേഷം മാത്രമാണല്ലോ അവര്‍ക്ക് ഗോഡ് ഫാദേഴ്സ് ഉണ്ടാകുന്നത്. എന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് അവസാനം കൈതക്കോര തന്നെ രക്ഷകനായെത്തി. ഒരു ലൈക്കും "സ്വീറ്റ്" എന്ന കമന്‍റും ചൊരിഞ്ഞു ആ മഹാനുഭാവന്‍ എന്‍റെ ഉള്ളം തണുപ്പിച്ചു. ഈ നാട്ടില്‍ സാഹിത്യാഭിരുചിയുള്ള ഒരേയൊരാള്‍ കൈതക്കോര മാത്രമാണെന്ന് സത്യം എന്നെ ഞെട്ടിച്ചു. എന്‍റെ എല്ലാ ഈഗോയും കാറ്റില്‍ പറത്തി കൈതക്കൊരയുമായി അല്പം സാഹിത്യ ചര്‍ച്ചയും പിന്നെ എന്‍റെ കഥയെ കുറിച്ചുള്ള വിലയിരുത്തലും അറിയുക എന്ന ലക്ഷ്യത്തോടെ  അവനെ തിരക്കി ഞാന്‍ പുറത്തേക്കിറങ്ങി.


                                                      പ്രതീക്ഷിച്ചത് പോലെ തന്നെ വടക്കേതിലെ മൂത്താശാരിയുടെ പറമ്പിനു കിഴക്ക് ഭാഗത്തായുള്ള കുളത്തിന്‍റെ കരയില്‍ തന്നെ ഞാന്‍ അവനെ കണ്ടു. കൈതക്കൊരയുടെ (മത്സ്യം) സഞ്ചാര ഗതിയും വേഗവും മനസ്സില്‍ കണക്കു കൂട്ടി നിന്ന അവനു പിന്നില്‍ കൃത്രിമമായി രൂപപ്പെടുത്തിയ ഗൌരവ ഭാവത്തോടെ ഊശാന്‍ താടിയും തടവി ഞാന്‍ നിന്നു. മുന്നില്‍ വീണ നിഴലിനെ പിന്തുടര്‍ന്ന് പുറകിലേക്ക് തിരിഞ്ഞ അവന്‍റെ ദൃഷ്ടിയില്‍ ഞാന്‍ പതിഞ്ഞു. "ങാ അണ്ണനോ?" 

                                        ഊശാന്‍ താടിയില്‍ നിന്നുംകൈ എടുത്ത് വളരെ  നാടകീയമായി കുളത്തോട് ചേര്‍ന്ന് നിന്ന മൂവാണ്ടന്‍ മാവില്‍ ചാരി നിന്ന് ഞാന്‍ ചര്‍ച്ചക്ക് തുടക്കം ഇട്ടു.

                                                "വളരെയേറെ പുസ്തകങ്ങള്‍ വായിക്കുമല്ലേ നീ? നല്ലത്. ആരുടെ എഴുത്താണ് നിന്നെ കൂടുതലായി വശീകരിച്ചിട്ടുള്ളത്?"

                                                  ഒരു വിചിത്ര ജീവിയെ കാണുന്നത് പോലെ അവന്‍ എന്നെ നോക്കി. അവനില്‍ നിന്നും യാതൊരു മറുപടിയും കിട്ടാഞ്ഞതിനാല്‍ ഞാന്‍ വന്ന കാര്യത്തിലേക്ക് നേരിട്ട് കടന്നു.

                                                " എങ്ങനുണ്ടെടാ ഫെയിസ് ബുക്കില്‍ അണ്ണന്‍ ഇട്ട കഥകള്‍?" വളരെയേറെ ആകാംക്ഷയോടെ ഞാന്‍ അവന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നു. അവന്‍ പറഞ്ഞു തുടങ്ങി.

                                        "അണ്ണാ അത് കഥകള്‍ ആയിരുന്നാ? ഞാന്‍ ഓര്‍ക്കുവായിരുന്നു അണ്ണന്‍ ഫോട്ടോകള്‍ ഇടാന്‍ എന്തിനാ ഇത്രയേറെ ചതുരങ്ങള്‍ മുകളില്‍ ടൈപ് ചെയ്യുന്നതെന്ന്? 

                                                അവന്‍റെ വാക്കുകള്‍ കേട്ട ഞാന്‍ ഒരു നിമിഷം സ്തബ്ധനായിപ്പോയി. കുളത്തിന്‍റെ കരയില്‍ വെച്ചിരുന്ന അവന്‍റെ  മൊബൈല്‍ എടുത്ത് അവന്‍റെ ഫെയിസ് ബുക്കില്‍ ഞാന്‍ കയറി നോക്കി. അതില്‍ കണ്ട കാഴ്ച എന്നെ തളര്‍ത്തി കളഞ്ഞു. വികാര വിജ്രംബിതനായി നില്‍ക്കുന്ന എന്‍റെ തലയ്ക്കു മുകളില്‍ ചതുരങ്ങളുടെ ഒരു നീണ്ട ഘോഷയാത്ര. അപ്പോള്‍ അവന്‍ എന്‍റെ ഫോട്ടോക്കാണ് ഇക്കണ്ട രണ്ടു ലൈക്കും കമന്‍റും പാസ്സാക്കിയത്. ഭൂമി പിളര്‍ന്നു താഴേക്കു പോകുന്ന പോലെയുള്ള ഫീലുമായി ദൂരേക്ക്‌ നീങ്ങിയ എന്നോട് അവന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.....

Thursday 2 April 2015

പൂവന്‍റെ മക്കള്‍

                                                   പൂവന്‍റെ മക്കള്‍

                                              

                                         തൃത്താല കാവിലെ കോടിയേറ്റത്തിന്‍റെ കാര്യം വല്ലാത്തൊരു ആവേശത്തോടെയാണ് പൂവന്‍ മക്കളോടും പിടയോടും പറഞ്ഞത്.  അവന്‍ ഇത്രത്തോളം വികാര വിക്ഷോഭം കൊള്ളാന്‍ പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാമത്തേത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇതുപോലൊരു കൊടിയേറ്റ ദിവസമായിരുന്നു അവന്‍ ആ നാട്ടില്‍ ആദ്യമായി എത്തിയത്.  വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതേ പോലെ ഒരു ഉത്സവ ദിവസമായിരുന്നു അവന്‍ തന്‍റെ പിടയെ ജീവിത സഖിയാക്കിയത്. ഒരു പക്ഷെ നിമിത്തങ്ങള്‍ ആകാം പിന്നെയും ചില വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ പോലെ ഒരു ഉത്സവ  സമയത്താണ് അവരുടെ ജീവിതത്തിലേക്ക് കുട്ടികള്‍ കടന്നു വരുന്നത്. അത് കൊണ്ട് തന്നെ തൃത്താല കാവിലെ ഉത്സവത്തിന് തങ്ങളുടെ ജീവിതവുമായി എന്തോ ഒരു അദൃശ്യ ബന്ധമുണ്ടെന്നു  അവനും പിടയും ഒരു പോലെ വിശ്വസിക്കുന്നു.

                                               തൃത്താല കാവിലെ അമ്മയെ പിട ഒരുപാടൊരുപാട് വിശ്വസിക്കുന്നു. മനസ്സുരുകി പ്രാര്‍ഥിച്ചാല്‍ അമ്മ എന്തും നല്‍കുമെന്ന് അവള്‍ക്ക് ഉറപ്പാണ്. ഒരു കുട്ടിയെ പോറ്റി വളര്‍ത്തണം എന്നത് അവളുടെ വളരെ നാളത്തെ ആഗ്രഹമായിരുന്നു. എന്നാല്‍ മുട്ട ഇടാന്‍ മാത്രമായിരുന്നു അവള്‍ക്ക് അവകാശം. അതിന്സ്വന്തം ചൂട് നല്‍കി ഭൂമിയിലേക്ക് ഭൂമിയുടെ മറ്റൊരു അവകാശിയായി അതിനെ പടച്ചു വിടാന്‍ അവള്‍ക്ക് യാതൊരു അവകാശവുമില്ലായിരുന്നു. ആദ്യമായി തന്‍റെ ഉദരത്തില്‍ നിന്നും പുറത്തേക്ക് വന്ന ജീവന്‍ തീന്മേശക്ക് സമീപമുള്ള ചട്ടിയില്‍ മനുഷ്യന്‍റെ ഭക്ഷണമായി മാറുന്നത് ചങ്ക് പിളര്‍ക്കുന്ന വേദനയോടെയാണ് അവള്‍ കണ്ടു നിന്നത്. അവളോടൊപ്പം നിന്ന് ആ ദുഖത്തില്‍ പങ്കു ചേരുന്നതിനപ്പുറം പൂവനൊന്നും ചെയ്യാനില്ലായിരുന്നു. "ഇത് നമ്മുടെ ലോകമല്ല മോളെ. ബുദ്ധിയും വിവേകമുള്ള മനുഷ്യരുടെ മാത്രം ലോകമാണ്. എല്ലാ വേദനകളും സഹിച്ചു അവര്‍ക്ക് സന്തോഷം നല്‍കാന്‍ വേണ്ടി മാത്രമാണ് ഈശ്വരന്‍ നമ്മെ പടച്ചു വിട്ടിരിക്കുന്നത്"

                                         ആ സംഭവത്തിനു ശേഷം പലതവണ അവളുടെ ഉദരത്തിലെ ജീവന്‍റെ തുടിപ്പ് തീന്മേശയിലെ രസക്കൂട്ടായി മാറി. അവര്‍ക്ക് പരാതികള്‍ ഇല്ലായിരുന്നു, അഥവാ ഉണ്ടെങ്കില്‍ തന്നെ അതവരുടെ കണ്ഠത്തില്‍ ഊരാക്കുടുക്ക്‌ കണക്കെ കുരുങ്ങി തന്നെ കിടന്നു. തൃത്താല കാവിലെ അമ്മ മാത്രമായിരുന്നു അവര്‍ക്കൊരാശ്വാസം. ഒടുവില്‍ ഒരുനാള്‍ അവരുടെ പ്രാര്‍ഥന ഫലം കണ്ടു. യജമാനന്‍റെ കുടുംബം വിദേശത്ത് പോയ ഇരുപത്തൊന്നു ദിവസം അവരുടെ ജീവിതത്തെ മാറ്റി മറിച്ചു. അതിനു ശേഷം എല്ലാ വര്‍ഷവും അവര്‍ കുടുംബ സമേതം തൃത്താല കാവിലെത്തി തൃപ്പടിയില്‍ ചുണ്ടുരച്ച് തങ്ങളുടെ നന്ദി അവര്‍ അമ്മയെ അറിയിച്ചു പോന്നു. 

                                                        അന്ന് പത്താം ഉത്സവമായിരുന്നു. കൊടിയിറങ്ങുന്ന ദിനം. ചെണ്ട മേളത്തിന്‍റെ താളക്കൊഴുപ്പില്‍മതിമറന്നു നിന്ന പൂവനെ അന്നാദ്യമായി അവന്‍റെ യജമാനന്‍ വാല്സ്യത്തോടെ എടുത്തു. പിടയും മക്കളും ആശ്ചര്യത്തോടെയാണ് അത് കണ്ടു നിന്നത്. പൂവനുമായി അയാള്‍ നടയിലേക്ക് പോകുമ്പോള്‍ പിട തന്‍റെ മക്കളോടൊപ്പം അയാളെ അനുഗമിച്ചു. നടയുടെ മുന്‍പിലെത്തിയ അയാള്‍ തന്‍റെ കൈവശം ഉണ്ടായിരുന്ന ചെമ്പട്ട് പൂവന്‍റെ കഴുത്തിലണിയിച്ചു. ശാന്തിയുടെ കൈയില്‍ നിന്നും വാങ്ങിയ വാഴയിലക്കീറിലെ ചന്ദനവും കുങ്കുമവും പൂവന്‍റെ നെറ്റിയില്‍ അണിയിച്ച് തന്‍റെ യാത്ര തുടര്‍ന്ന അയാള്‍ ബലിക്കല്ലിന്‍റെ സമീപം കാലുകള്‍ നിശ്ചലമാക്കി. ബലിക്കല്ലില്‍ തലയമര്‍ത്തിക്കിടക്കുമ്പോളും പൂവന്‍റെ കണ്ണുകള്‍ അവന്‍റെ ഭാര്യയേയും മക്കളെയും തിരയുകയായിരുന്നു. തന്‍റെ ചുറ്റും നിന്നിരുന്ന നൂറു കണക്കിന് ഭക്ത ജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരുന്ന മന്ത്രാക്ഷരങ്ങളില്‍ നിന്നുയര്‍ന്ന്‍ കൊണ്ടിരുന്ന ഭക്തിയായിരുന്നില്ല മറിച്ചു ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചു കൊണ്ടിരുന്ന കത്തിയുടെ  വേഗത്തില്‍ നിന്നും മൂര്‍ച്ചയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ ഭയമായിരുന്നു പൂവന്‍റെ തലച്ചോറില്‍ നിറഞ്ഞത്‌. ഉയരത്തില്‍ നിന്നും പൂവന്‍റെ കണ്ഠത്തെ ലക്ഷ്യമാക്കി ശരവേഗത്തില്‍ താഴേക്കു പതിച്ച അറവു കത്തിയുടെ കണ്ണില്‍ പതിച്ചത് യജമാനന്‍റെ ഭക്തിയായിരുന്നില്ല, മറിച്ചു പൂവന്‍റെ കണ്ണുകളിലെ ജീവിതത്തോടുള്ള ആസക്തിയായിരുന്നു.

(മനുഷ്യനു വേണ്ടി സ്വന്തം ജീവനും ജീവിതവും ഹോമിക്കുന്ന എല്ലാ ജീവികള്‍ക്കും ഈ കഥ സമര്‍പ്പിക്കുന്നു.)


Saturday 21 February 2015

പി.കെ. റീലോഡഡ്

                                                           പി.കെ. റീലോഡഡ്

                                               അമല്‍ നീരജ് വ്യാസന്‍ അതായിരുന്നു അവന്‍റെപേര്. പക്ഷെ ഞങ്ങള്‍ ഒരിക്കലും അവനെ അങ്ങനെ വിളിക്കാറില്ല. ഞങ്ങള്‍ക്കവന്‍ പി.കെ. ആണ്.പൊക്കത്തില്‍ നീരജ് വ്യാസന്‍റെ ഓമനപുത്രന്‍. എനിക്കിപ്പോഴും ഓര്‍മയുണ്ട്,എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിട്ടും കളര്‍ ആയിട്ടും ആകെ ഒരേയൊരു ടി.വി. ഉണ്ടായിരുന്നത് അവന്‍റെ വീട്ടില്‍ മാത്രമായിരുന്നു. അവന്‍റെ വീട്ടില്‍ പോയിട്ടായിരുന്നു  ഞങ്ങള്‍ ചന്ദ്രകാന്ത കണ്ടത്,അപ്പൂപ്പന്‍ താടി കണ്ടത്, രാമായണവും പുന്നക്കാ വികസന കോര്‍പറേഷനും  ചിത്ര ഗീതവും ചിത്രഹാറും ഞായറാഴ്ച സിനിമകളും കണ്ടത് .

                                                "പൊക്കത്തില്‍" എന്നത് അവന്‍റെ വീട്ടുപേര് ആയിരുന്നു. അത് സൂചിക്കും പോലെ അവന്‍റെ വീട് ഒരു കുന്നിന്‍റെ മുകളില്‍ ആയിരുന്നു. എല്ലാ ഞായറാഴ്ചകളിലും ഞങ്ങള്‍ അവന്‍റെ വീട്ടിലേക്ക് ജാഥകള്‍ നടത്തും. രാവിലെ പോയാല്‍ വൈകിട്ടത്തെ സിനിമയും കണ്ടിട്ടാണ് മിക്കവാറും തിരികെ വരുക. ആറു മണിക്ക് തുടങ്ങുന്ന സിനിമ ത്രില്ലടിച്ചു വരുമ്പോള്‍ ഏഴു മണിക്കുള്ള വാര്‍ത്തയാകും. പതിനഞ്ചു മിനിറ്റ് ഒരേ ഇരുപ്പാണ്. ടെന്‍ഷനടിച്ചും ബാക്കിയുള്ള കഥ ഭാവനക്ക് അനുസരിച്ച് പരസ്പരം പറഞ്ഞും ഞങ്ങളങ്ങനെ ഇരിക്കുമ്പോഴാണ്  അവിടേക്ക് ചന്ദ്രകാന്തയിലെ "യക്കൂവി"നെപ്പോലെ അവന്‍റെ അപ്പൂപ്പന്‍റെ എന്ട്രി ഉണ്ടാകുന്നത്. ടി. വി. ഇരിക്കുന്ന ഹാളില്‍ തൂക്കിയിട്ടിരിക്കുന്ന ഭവാന്‍ കൃഷ്ണന്‍റെ ഫോട്ടോക്ക് മുന്‍പില്‍ ഒരു ചന്ദനത്തിരി കത്തിച്ച് നിന്ന് കൊണ്ട് ആ മഹാന്‍ ഒരു പ്രാര്‍ഥന തുടങ്ങും. ആ പ്രാര്‍ഥന ഏകദേശം പതിനഞ്ച് മിനിട്ടോളം കാണും. അത് തീരുമ്പോള്‍ സമയം ഏഴു മുപ്പത്. അതിനു ശേഷം ഫോട്ടോക്ക് അടുത്തു തന്നെയുള്ള ഭസ്മ പാത്രത്തില്‍ നിന്നും ഒരു കൈക്കുമ്പിള്‍ ഭസ്മം എടുത്ത് നെറ്റിയിലും പിടലിയുടെ ഇരു ഭാഗത്തും ഇരു കൈകളിലും നെഞ്ചത്തും ഇട്ട് ഫോട്ടോക്ക് മുന്‍പില്‍ നിലത്ത് കിടന്നു ഒരു സ്രാഷ്ട്ടാംഗ പ്രണാമം നടത്തും. ആ കിടപ്പ് ഒരു പത്ത് മിനിട്ടോളം കാണും.അപ്പോള്‍ സമയം ഏകദേശം ഏഴു നാല്പത്തി അഞ്ചാകും. അതിനു ശേഷം പതിയെ എഴുന്നേല്‍ക്കും. ഈ സമയമെല്ലാം  ഞങ്ങള്‍ കുട്ടികള്‍ ആകാംക്ഷയോടെ സിനിമയുടെ ബാക്കി ഭാഗം കാണാന്‍ കൈയ്യിലെ നഖം മുഴുവനും തിന്നു തീര്‍ത്തു  കൊണ്ട് കാത്തിരിക്കുകയാണ്. എനിക്ക് നഖം കടിക്കല്‍ എന്ന ദുശീലം ഉണ്ടായത് ഒരു പക്ഷെ ഈ അവസരത്തില്‍ ആയിരുന്നിരിക്കണം. പ്രാര്‍ഥന അവിടെ തീര്‍ന്നു എന്ന് കരുതി കാത്തിരിക്കുന്ന ഞങ്ങള്‍ കുട്ടികളുടെ സകല പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് ആ ഭക്ത ശിരോമണി നിലത്തു ചമ്രം പിടിച്ചു ഒറ്റ ഇരിപ്പാണ്. ആ ഇരിപ്പില്‍ കയ്യിലിരിക്കുന്ന ജ്ഞാനപ്പാന നാലഞ്ചാവര്‍ത്തി തിന്നു തീര്‍ത്തിരിക്കും. ഞങ്ങള്‍ കുട്ടികള്‍ വളരെ ദയനീയത്തോടെ ചുവരില്‍ ഇരിക്കുന്ന കള്ളക്കണ്ണനെ നോക്കും. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഞങ്ങള്‍ കുട്ടികളെപ്പോലെ തന്നെ ആകാംക്ഷയുടെ രസച്ചരട് പൊട്ടിയ കുണ്ഠിതത്തില്‍ ആണ് ആ കള്ളക്കണ്ണന്‍റെയും ഇരുപ്പെന്ന്. എല്ലാ പ്രാര്‍ഥനയും കഴിഞ്ഞു ടി.വി. ഓണ്‍ ചെയ്യുമ്പോള്‍ ശുഭം എന്നെഴുതിയ ഭാഗമായിരിക്കും ടി.വി.യില്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ടാവുക. ഞങ്ങളുടെ സിനിമാ കാഴ്ചയുടെ അന്തകനായ ആ ഭക്തനെ ഉള്ളം കയ്യിലിട്ടു ഞെരിച്ചു കൊല്ലാനുള്ള കലിയുമായിട്ടാണ് ഞങ്ങളുടെ മടക്കയാത്ര. ഞങ്ങളുടെ അതെ മാനസികാവസ്ഥയില്‍ പൊക്കത്തിലും ഒരാള്‍ ഉണ്ടായിരുന്നു, ഒരേയൊരാള്‍. അത് പി.കെ.ആയിരുന്നു.

                                                   സ്കൂള്‍ പഠനകാലം കഴിഞ്ഞു അവനെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ യാദൃശ്ചികമായാണ് അവനെ ഞാന്‍ ബോംബെയില്‍ വെച്ച് കാണുന്നത്. പ്രീ ഡിഗ്രീ കഴിഞ്ഞ ഞാന്‍ പഠിക്കാന്‍ അല്‍പ്പം പിന്നോക്കമായതിനാല്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച് പല ഇടവഴികളും ചാടിക്കടന്ന് ബോംബെയില്‍ എത്തി. അവിടെയതാ നില്‍ക്കുന്നു നമ്മുടെ പി.കെ. അവന്‍ വന്നതാകട്ടെ ആ കാലഘട്ടത്തിന്‍റെ കോഴ്സ് ആയ കമ്പ്യൂട്ടറും പഠിച്ച്. അവന്‍റെ കമ്പ്യൂട്ടര്‍ പഠനം അവനെ ഒരു "ങ്ങമൂ" (മനസ്സിലായില്ല അല്ലെ മൂങ്ങ) ആക്കി മാറ്റിയിരുന്നു. മൂങ്ങക്ക് പകലാണ്‌ കാഴ്ചക്ക് പ്രശ്നം എന്നാണല്ലോ വെയ്പ്പ്. ഇത് നേരെ തിരിച്ചാണ്, രാത്രിയില്‍ അവന്‍റെ കണ്ണിന്‍റെ ഉള്ളില്‍ കയറി നിന്നാലേ നമ്മളെയൊക്കെ ആ പാവത്തിന് മനസ്സിലാകൂ.

                                                           സിഗരറ്റ് വലി തുടങ്ങിയ സമയത്താണ് ആശാനെ എന്‍റെ കയ്യില്‍ ഒത്തു കിട്ടിയത്. ഒറ്റക്ക് വലിച്ചു ബോറടിച്ചു തുടങ്ങിയ സമയം. ഒരു ഇരയെ കിട്ടിയ പാടെ അവന്‍റെ അണ്ണാക്കിലേക്ക് തന്നെ തള്ളിക്കൊടുത്തു ചാര്‍മിനാര്‍ ഒരെണ്ണം. വളരെ പേടിയോടെയാണ് അവന്‍ വലി തുടങ്ങിയത്. ഏതെങ്കിലും കടയുടെ മറവില്‍ ആരുടേയും കണ്ണില്‍ പെടാതെയായിരുന്നു അവന്‍റെ പുകവലി. ഏതെങ്കിലും ഹിന്ദിക്കാരന്‍ വന്നാല്‍ വായില്‍ നിറഞ്ഞിരിക്കുന്ന പുക പുറത്ത് വിടാതെ കത്തി നില്‍ക്കുന്ന തീപ്പന്തം ദൂരേക്ക്‌ വലിച്ചെറിഞ്ഞു മാറിക്കളയും. ഇത് കാണുമ്പോള്‍ എനിക്ക് ദേഷ്യവും ചിരിയും വരും. കാരണം വീട്ടിലേക്ക് മണിയോടറായി അയക്കേണ്ട പൈസയില്‍ നിന്നും ഇസ്ക്കിയാണ് ഇങ്ങനെയുള്ള വിനോദങ്ങള്‍ക്ക്  പൈസ കണ്ടെത്തുന്നത്. ദേഷ്യത്തോടെ ഞാന്‍ ചോദിക്കും," ഇവിടെ നിന്‍റെ തന്ത ഇരിക്കുന്നോടാ ഇത്ര പേടിക്കാന്‍, അതോ ആ പരട്ട കിളവനോ?"

                                                      വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. ഇതിനിടയില്‍ പി.കെ. തന്‍റെ ബോബെ വാസം ഉപേക്ഷിച്ചു നാടിലേക്ക് തിരിച്ചു. അവിടെ ആശാന്‍ സ്വന്തമായി ഒരു നെറ്റ് കഫെയും ഇട്ട് തന്‍റെ ജീവിതയാത്ര തുടര്‍ന്നു. ആ നാട്ടിലെ ചെറുപ്പക്കാരുടെയും തൈക്കിളവന്‍മാരുടെയും ദാഹശമനിയായി പില്‍ക്കാലത്ത് ആ കഫെ മാറി. ഞാന്‍ പിന്നെയും കുറച്ചു നാള്‍ കൂടി ഹിന്ദിക്കാരുടെ അന്നദാതാവായി അവിടെ കൂടി. അവസാനം ഞാനും എന്‍റെ ബോംബെ സേവനം നിര്‍ത്തി നാട്ടില്‍ തിരിച്ചെത്തി. 

                                                               ഒരു സന്ധ്യാ സമയത്താണ് ഞാന്‍ പി.കെ.യെ കാണാനായി അവന്‍റെ കഫെയായ "ദാഹശമനി"യില്‍ ചെന്നത്.  ഞാന്‍ ചെല്ലുമ്പോള്‍ കഫെയില്‍ നല്ല രീതിയില്‍ തിരക്കുന്നുണ്ടായിരുന്നു.  കമ്പ്യൂട്ടര്‍ സാക്ഷരതയിലുള്ള എന്‍റെ നാടിന്‍റെ മുന്നേറ്റം എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. എന്നാല്‍ കഫെക്കകത്ത് പോണ്‍ സൈറ്റുകളിലൂടെ അവിടെയുണ്ടായിരുന്ന ആബാല വൃദ്ധം ജനങ്ങളും  ഊളിയിട്ട് തങ്ങളുടെ ദാഹം തീര്‍ക്കുകയാണെന്നു അവന്‍ പറഞ്ഞു തന്നു. അപ്പോഴാണ്‌ അവന്‍ എന്ത് കൊണ്ട് തന്‍റെ കഫെക്ക് "ദാഹശമനി" എന്ന പേരിട്ടു എന്ന് എനിക്ക് മനസ്സിലായത്‌. ചെന്നപാടെ പി.കെ. തന്‍റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മാല്‍ബരോയുടെ ഒരു പാക്കെറ്റും എടുത്ത് എന്‍റെ കൂടെ  പുറത്തേക്ക് വന്നു. വളരെയേറെ കൌതുകത്തോടെയായിരുന്നു ഞാന്‍ അവനെ നോക്കിക്കണ്ടത്. അവന്‍റെ ശരീര പുഷ്ട്ടിയിലും പുറത്തെ മങ്ങിയ വെളിച്ചത്തില്‍അവന്‍റെ ദേഹത്തില്‍ കണ്ട തിളങ്ങുന്ന സ്വര്‍ണ മാലയില്‍ നിന്നും അവന്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ എത്തി എന്ന് ഞാന്‍ മനസ്സിലാക്കി. ജോലിയും പോയി കളസവും കീറി നിന്നിരുന്ന എന്‍റെ കയ്യിലേക്ക് ശങ്കര്‍ ദാസ് സ്റ്റൈലില്‍ ആശാന്‍ ഒരു സിഗരറ്റ് തീ പറ്റിച്ചു നല്‍കി. അവന്‍ തന്‍റെ വളര്‍ച്ചയുടെ പടവുകള്‍ നാടകീയമായി വിവരിക്കുന്നതിനിടയില്‍ മറ്റൊരു സിഗരറ്റില്‍ തീ പറ്റിച്ചു തന്‍റെ ചുണ്ടുകള്‍ക്കിടയില്‍ ഒട്ടിച്ച്  വലി ആരംഭിച്ചു. എന്‍റെ ചെവികള്‍ അവന്‍റെ വാക്കുകളെ ശ്രവിക്കുകയായിരുന്നില്ല, മറിച്ചു എന്‍റെ നയനങ്ങള്‍ അവന്‍റെ പുകവലിയില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. അന്യ നാട്ടില്‍ ഹിന്ദിക്കാരെ പേടിച്ചു മാത്രം പുകവലിച്ചിരുന്ന പേടിത്തൂറിയായപയ്യനില്‍ നിന്നും കലാപരമായ രീതിയില്‍ സിഗരറ്റിനെ കൈകാര്യം ചെയ്യുന്ന ഒരു മഹാമാന്ത്രികനായിട്ടാണ് എനിക്കവനെ അന്ന് തോന്നിയത്. ഇങ്ങനെ ഒരു മഹത് വ്യക്തിയെ ഈ ഒരു കര്‍മ പഥത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതില്‍ ഞാന്‍ ആ നിമിഷം വല്ലാതെ അഭിമാനിച്ചു. വൃത്താകൃതിയിലും ത്രികോണാകൃതിയിലും ചതുരാകൃതിയിലും അവന്‍റെ സിഗരറ്റിന്‍റെ അഗ്രഭാഗത്ത് നിന്നും പുക മുകളിലേക്ക് ഉയര്‍ന്നു കൊണ്ടിരുന്നു. തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട്‌ കണ്ടു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയുടെ  കൌതുകത്തോടെ ഞാന്‍ ആ മനോഹര കാഴ്ച വളരെയേറെ ആസ്വദിച്ചു കൊണ്ട് കണ്ടു നിന്നു. പെട്ടന്നാണ് ആ അത്യാഹിതം സംഭവിച്ചത്. അതാ പി.കെ.യുടെ തൊട്ടു പുറകില്‍ അവന്‍റെ അച്ഛന്‍. പതിവിലും വൈകിയിട്ടും മകനെ കാണാഞ്ഞിട്ട് അന്വേഷിച്ചു വന്നതായിരുന്നു അദ്ദേഹം. അവന്‍റെ ധൂമ നിര്‍ഗ്ഗമന പ്രകടനത്തില്‍ മതി മറന്നു നിന്ന ഞാന്‍ അദ്ദേഹം വളരെ അടുത്തെത്തിയപ്പോള്‍ മാത്രമാണ് കണ്ടത്. യാതൊരു തരത്തിലുള്ള സിഗ്നലും നല്‍കാന്‍ കഴിയുന്നതിനു മുന്‍പേ അവന്‍ അടുത്ത പുക വൃത്തം അച്ഛന്‍റെ മുഖത്തേക്ക് തന്നെ തൊടുത്തു. ഒരു നിമിഷം കണ്ണടച്ചു തുറന്ന ഞാന്‍ കണ്ടത് ആ പുകവൃത്തത്തില്‍ കുരുങ്ങി നില്‍ക്കുന്ന അവന്‍റെ അച്ഛനെയാണ്. കഴുത്തില്‍ കുരുങ്ങിയ പുകവൃത്തവുമായി ദൂരേക്ക്‌ നീങ്ങുന്ന അച്ഛനെ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട്  ആ ഹതഭാഗ്യന്‍ പതിയെ പറഞ്ഞു " അതെ, ഞാന്‍ പി.കെ.തന്നെയാണ്, ശരിക്കുമൊരു പൊട്ടക്കണ്ണന്‍....."