Wednesday 13 May 2015

തനിയാവര്‍ത്തനം.....

                                           

                             അമ്പലക്കുളത്തിന്‍റെ ഹൃദയത്തിലേക്ക്  നീണ്ടു കിടന്നിരുന്ന കല്‍പ്പടവുകളില്‍ അവനിരുന്നു. ആ കല്‍പ്പടവുകളുടെ അരികുകളിലാകമാനം   അവന്‍റെ തലച്ചോറിലെ കറപിടിച്ചു ദുഷിച്ച ഓര്‍മകള്‍ എന്നപോലെ പായലുകള്‍ പറ്റിപ്പിടിച്ചിരുന്നു. തലച്ചോറിലേക്ക് ഇരച്ചു കയറിയ ഭ്രാന്തന്‍ ഓര്‍മ്മകള്‍ അവന്‍റെ ചിന്തകളുടെ കടിഞ്ഞാണ്‍ പൊട്ടിച്ചു കളഞ്ഞിരുന്നു. ഓര്‍മകള്‍ക്ക് ചിലപ്പോള്‍ ഒരു അടുക്കും ചിട്ടയും കാണില്ലെന്നവന്‍ ഓര്‍ത്തു. വരിയും നിരയും ചേര്‍ത്ത് വെച്ച് ഓര്‍ക്കാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചാലും അതെല്ലാം തെറ്റിച്ചു വരുവാനായിരിക്കും അവയ്ക്ക് എന്നും ഇഷ്ടം.

                                       അമ്മമ (അമ്മയുടെ അമ്മ) പറഞ്ഞപ്പോള്‍ മാത്രമാണ് അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ചു പോയതാണെന്ന് അറിയുന്നത്. അന്നത് മനസ്സിലാക്കാന്‍ മാത്രമുള്ള പ്രായമൊന്നും അവനില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ ദിവസം അവന്‍റെ മൂര്‍ദ്ധാവില്‍ മുത്തം നല്‍കി അച്ഛന്‍ യാത്ര തിരിക്കുമ്പോള്‍ പതിവുപോലെ ഒരു ബിസിനസ് ടൂറിന് അപ്പുറം ഒന്നും തന്നെ അവന്‍  കണ്ടിരുന്നില്ല.

                                അമ്മമ്മ എന്നും അച്ഛനെ കുറ്റം പറയാറുണ്ട്‌. എന്നാല്‍ അതായിരുന്നില്ല അച്ഛനോടുള്ള അവന്‍റെ ദേഷ്യത്തിന്റെ കാരണം. അമ്മയുടെ കണ്ണുനീര്‍ ആയിരുന്നു. വിവാഹ ഫോട്ടോയുടെ ഓരോ ഇതളുകളും വിടര്‍ത്തി അച്ഛന്‍റെ ഓര്‍മകളില്‍ ജീവിക്കുന്ന അമ്മയെ എന്നും അവന്‍ വേദനയോടെ മാത്രമാണ് കണ്ടിരുന്നത്. ആ വേദന അവന്‍റെ ഉള്ളിലെ  ദേഷ്യത്തെ പകയായി പുന:പ്രതിഷ്ഠിച്ചു.

                                        കൗമാരം അവനെ യൌവനെത്തിലെക്ക് തള്ളി വിട്ടപ്പോള്‍ അച്ഛന്‍ എന്തിനു തങ്ങളെ ഉപേക്ഷിച്ചു എന്നറിയാനുള്ള  ജിജ്ഞാസയുംഅവനോടൊപ്പം വളരുകയായിരുന്നു. അമ്മയോട് അതിനെ കുറിച്ച് ചോദിക്കാന്‍ അവനു മടിയായിരുന്നു. ഒടുവില്‍ ഒരു ദിനം അവനാ മടിയെ ഹൃദയത്തിന്‍റെ കോണിലെവിടെയോ ഒരു കുഴി കുത്തി മറച്ചു അമ്മയുടെ തലച്ചോറിലേക്ക് ചോദ്യമയച്ചു. ഒരു കൈക്കുമ്പിള്‍ നിറയെ അമ്മയുടെ കണ്‍കോണുകളില്‍ നിന്നും താഴേക്ക് പതിച്ച വേദനയുടെ കൈപ്പു നീര്‍ ആയിരുന്നു അന്നവന് മറുപടിയായി ലഭിച്ചത്.

                                      നീണ്ട നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് അവനാ ചോദ്യത്തിനു ഉത്തരം ലഭിച്ചു. ഇന്നായിരുന്നു അവന്‍റെ അഞ്ചാം വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷികത്തിന്‍റെ സമ്മാനമായി അവന്‍റെ ഭാര്യ അവനോട് ആവശ്യപ്പെട്ടതും പണ്ട് ദ്രോണര്‍ ഏകലവ്യനോട്‌ ആവശ്യപ്പെട്ടതും ഒന്ന് തന്നെയായിരുന്നു. പെരുവിരല്‍.....തന്‍റെ അമ്മയെന്ന പെരുവിരല്‍. തന്നെ വളര്‍ത്തി ഇത്രടം വരെയെത്തിച്ച എല്ലാമെല്ലാമായ അമ്മയെ ഏതെങ്കിലും ക്ഷേത്രാങ്കണത്തില്‍ നടതള്ളനമെന്ന് തന്‍റെ പ്രീയപ്പെട്ടവള്‍  പറഞ്ഞപ്പോള്‍ അവന്‍ ഇതികര്‍ത്തവ്യഥാമൂഢനായി മണിക്കൂറുകളോളം നിന്നുപോയി. പെരുവിരലില്ലാത്ത ഏകലവ്യന്‍ എപ്രകാരം അപൂര്‍ണനാണോ അപ്രകാരം തന്നെ താനും തന്‍റെ അമ്മ ഒപ്പമില്ലാത്ത ജീവിതവും അപൂര്‍ണമാണെന്ന തിരിച്ചറിവ് അവനെ തളര്‍ത്തി.   എന്നാല്‍ അത് കേട്ട് നിന്ന അമ്മയുടെ മുഖത്ത് അമ്പരപ്പോ സങ്കടമോ ആയിരുന്നില്ല അവന്‍ കണ്ടത്, ആശ്വാസത്തിന്‍റെ നിഴലാട്ടം ആയിരുന്നു. അനിവാര്യമായതെന്തോ ഒന്ന് ഏറ്റു വാങ്ങിയതിന്‍റെ ആശ്വാസം.   തന്‍റെതെന്നു കരുതിയ സര്‍വസ്വവും ഭാര്യയുടെയും മക്കളുടെയും പേരില്‍ എഴുതിവെച്ച് അമ്മയോടൊപ്പം വീടിന്‍റെ പടിയിറങ്ങുമ്പോള്‍  തന്നെപ്പോലെ ഒരു മകന്‍ അവള്‍ക്കും ഉണ്ടാകണമേ എന്ന പ്രാര്‍ഥന മാത്രമേ അവന്‍റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവന്‍റെ മൂര്‍ദ്ധാവില്‍ അവസാന ചുംബനം നല്‍കി പുറത്തേക്ക് ഒഴുകി വന്ന കണ്ണുനീര്‍ കണ്‍കോണുകളില്‍ തന്നെ ഒതുക്കി വീട് വിട്ടിറങ്ങിയ അവന്‍റെ അച്ഛന്‍റെ ഹൃദയത്തിലും ഉണ്ടായിരുന്നതും ഇതേ പ്രാര്‍ഥന തന്നെയായിരിക്കാം...