Monday 22 July 2013

രേണുക


             
          “രേണു എനിക്ക് തന്നെ ഇഷ്ടമാണ്”. അവന്‍ അവളോട്‌ തന്‍റെ പ്രണയം അറിയിച്ച ദിനം തന്നെയായിരുന്നു അവള്‍ നട്ടു വളര്‍ത്തിയ റോസാ ആദ്യമായി പൂവിട്ടതും.അമ്പരപ്പായിരുന്നു അത് കേട്ട നിമിഷം അവളില്‍ ഉണ്ടായത്. ഓരോ ദിവസങ്ങള്‍ കൊഴിയുംതോറും തന്‍റെ ശരീരം മുഴുവനും പ്രണയത്തിന്‍റെ സുഗന്ധം നിറയുന്നത് അവള്‍ അറിഞ്ഞു.

                   കൃത്യമായി പറഞ്ഞാല്‍ പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അവളുടെ സൗന്ദര്യത്തെ അംഗീകരിച്ചു കൊണ്ടുള്ള ഇത്തരത്തിലൊരു രംഗം അവളുടെ ജീവിതത്തില്‍ അരങ്ങേറിയത്.

                  അമ്പലപ്പുഴ റെയില്‍വെ മേല്‍പ്പാലം കയറി വന്നാല്‍ എത്തുന്ന ആദ്യത്തെ മൂന്നും കൂടിയ ജംക്ഷനാണ് കചെരിമുക്ക്. അമ്പലപ്പുഴ എന്ന ഗ്രാമത്തിന്‍റെ ജീവനാഡിയാണിവിടം. ജംക്ഷന് പടിഞ്ഞാറ് ഭാഗത്തായാണ്‌ രേണു പഠിച്ച കെ കെ കുഞ്ചുപിള്ള ഹൈസ്കൂള്‍ നിലനില്‍ക്കുന്നത്.രേണുവിന്‍റെ സ്കൂളിനോട് ചേര്‍ന്ന് വലതു ഭാഗത്തായി എ ഇ ഓ  ഓഫീസും ഇടതു ഭാഗത്തായി സര്‍ക്കാര്‍ ആശുപത്രിയും ഉണ്ട്.സ്കൂളിന്‍റെ ഗേറ്റ് കടന്നാല്‍ ചെല്ലുന്നത് വലിയൊരു ഹാളിലാണ്.ഈ ഹാളിനെ പല ക്ലാസുകളായി തിരിച്ചിരിക്കുന്നു. ഹാളിന്‍റെ വലതു ഭാഗത്തായാണ്‌ ഹെഡ് മാസ്റ്റെറിന്‍റെ റൂം. അതിനോട് ചേര്‍ന്ന് തന്നെയാണ് ടീച്ചേഴ്സ് റൂമും സ്റ്റാഫ് റൂമും.ടീച്ചേഴ്സ് റൂമിന് വലതു ഭാഗത്തായി കിഴക്ക് പടിഞ്ഞാറായി മറ്റൊരു ഹാളുണ്ട്. ഈ രണ്ടു ഹാളുകള്‍ക്കും ഇടയിലായി മൂന്നു കാറ്റാടി മരങ്ങള്‍ മുമ്പ് സ്ഥിതി ചെയ്തിരുന്നു.അതിന്‍റെ തണലില്‍ നിന്നായിരുന്നു പണ്ട് കാലങ്ങളില്‍ അസംബ്ലികള്‍ നടത്തിയിരുന്നത്. സ്റ്റാഫ് റൂമിന് പടിഞ്ഞാറ് ഭാഗത്തായാണ്‌ കഞ്ഞിപ്പെര. കഞ്ഞിപ്പുരക്കു പുറകിലായി തെക്ക്- വടക്ക്, കിഴക്ക്- പടിഞ്ഞാറായി നീണ്ടു കിടക്കുന്ന വിശാലമായ ഗ്രൌണ്ടാണ്.ഇപ്പോള്‍ ആ ഗ്രൗണ്ടിന്‍റെ സിംഹഭാഗവും കോണ്‍ക്രീറ്റ്  കെട്ടിടങ്ങള്‍ വിഴുങ്ങിയിരിക്കുന്നു.

                  ഗ്രൗണ്ടിന്‍റെ തെക്ക് വടക്ക് അതിര്‍ത്തികളിലായി രണ്ടു ഞാറമരങ്ങള്‍ ഉണ്ട്. വിശ്രമ വേളകളില്‍ കുട്ടികളുടെ കളികള്‍ എല്ലാം തന്നെ ഈ രണ്ടു ഞാറമരങ്ങളെ കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്.ദൂരെ മാനത്തെ തൊട്ടു നില്‍ക്കുന്ന ഞാറമരങ്ങള്‍.അതില്‍ രണ്ടിലും കുല കുലയായി മുന്തിരി പോലെ പിടിച്ചു കിടക്കുന്ന ഞാറപ്പഴങ്ങള്‍ കാണാന്‍ തന്നെ നല്ല ചേലാണ്. അതിന്‍റെ ഏറ്റവും മുകളില്‍ രാജകീയ പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഞാറക്കുലകള്‍ കൊഴിയുപയോഗിച്ചു ആദ്യത്തെ പ്രയത്നത്തില്‍ തന്നെ എറിഞ്ഞു വീഴ്ത്തി സ്ത്രീ ജനങ്ങളുടെ മുന്നില്‍ തങ്ങളുടെ ഉന്നം പ്രദര്‍ശിപ്പിക്കുക എന്നത് സ്കൂളിലെ പുരുഷകേസരികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ടതും ലഹരി പകരുന്നതുമായ വിനോദമാണ്‌. മരം പെയ്യുന്നത് പോലെ താഴേക്കു വീഴുന്ന ഞാറപ്പഴങ്ങള്‍ ക്ഷണനേരത്തില്‍ കൈക്കലാക്കിയ ശേഷം നീല നിറമാക്കിയ നാക്ക് വെളിയില്‍ പ്രദര്‍ശിപ്പിച്ചു നടക്കുക എന്നതാകട്ടെ പെണ്‍പ്രജകളുടെയും.
അന്നത്തെ ദിവസം രേണുവിന് തനിക്കും പ്രീയപ്പെട്ട ആ വിനോദത്തില്‍ പങ്കു ചേരാന്‍ സാധിച്ചില്ല.പഞ്ഞിക്കെട്ടുകള്‍ പോലുള്ള വലതു തുടയിലൂടെ പാദത്തിലേക്ക് ഒലിച്ചിറങ്ങിയ രക്തത്തുള്ളികള്‍ ബുക്കില്‍ നിന്നും കീറിയെടുത്ത പേപ്പറാല്‍ ഒപ്പിയെടുത്ത് ക്ലാസ് റൂമിന്‍റെ മൂലയില്‍ അമ്പരന്നിരുന്ന അവളുടെ മുന്നിലേക്ക്‌ അവന്‍ തന്‍റെ കൈക്കുമ്പിളില്‍ തിങ്ങി നിറഞ്ഞിരുന്ന മുന്തിരിക്കുലകള്‍ പോലുള്ള ഞാറപ്പഴങ്ങള്‍  നീട്ടിക്കൊണ്ടു പറഞ്ഞു.
           
           “രേണു എനിക്ക് തന്നെ ഇഷ്ടമാണ്”.

           ആ നാല് വാക്കുകള്‍ താന്‍ അന്നുവരെ കേട്ടിട്ടുള്ള മറ്റേതൊന്നിനെക്കളും മാധുര്യമൂറുന്നതാണെന്ന് തിരിച്ചറിഞ്ഞ രേണുക പിന്നീടുള്ള ദിവസങ്ങളില്‍ ഒരുങ്ങിയത് അവനു വേണ്ടിയായിരുന്നു.എന്നിരുന്നാലും തന്‍റെ ഇഷ്ടം അനുകൂലമായ ഒരു നോട്ടം കൊണ്ട് പോലും അവനെ അറിയുക്കന്നതില്‍ നിന്നും അവളെ ആരോ പിന്നിലേക്ക്‌ പിന്നിലേക്ക്‌ പിടിച്ചു വലിച്ചു കൊണ്ടിരുന്നു. അവളുടെ ഭാഗത്ത് നിന്നുള്ള  ഈ നിശബ്ദത, അതൊന്നു മാത്രമായിരുന്നു അവനെ കൂടുതല്‍ വീര്‍പ്പു മുട്ടിച്ചതും.

             കാലം കലണ്ടറുകളെ ഓരോന്നായി നിര്‍ദാക്ഷണ്യം ചവറ്റുകുട്ടയിലേക്ക് തള്ളിയിട്ടു കൊണ്ടിരിന്നു. മാറി മാറി വരുന്ന ഋതുക്കള്‍ അവന്‍റെ ഉള്ളിലെ പ്രണയാഗ്നികളെ ആളിക്കത്തിച്ചും  കൊണ്ടിരുന്നു. അവളില്ലാതെയുള്ള താന്‍ അപൂര്‍ണനാണെന്ന അറിവ് അവനെ അവളുടെ വീടിനുള്ളിലെ മാന്ത്രിക തകിടുകളാല്‍ അലംകൃതമായ പൂജാമുറിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന  രാഹുവും കേതുവും മറ്റു ഗ്രഹങ്ങളും കൂടി  വീതം വെച്ചെടുത്ത ചിതലെടുത്തു തുടങ്ങിയ തടിപ്പലകയുടെ മുന്നില്‍ എത്തിച്ചു.ശാസ്ത്രം പ്ലൂട്ടോയെ വെള്ളക്കുള്ളനായി തള്ളിവിട്ട് അഷ്ട ഗ്രഹ സിന്താന്തം അംഗീകരിച്ചു തുടങ്ങിയ കാലം. എന്നാല്‍ നവഗ്രഹങ്ങളുടെ തടവറയില്‍ കിടന്നുഴലുന്ന ജ്യോതിഷ ശാസ്ത്രം അവരുടെ ബന്ധത്തിനു കുറുകെ ഒരു ലക്ഷ്മണ രേഖ തീര്‍ത്തു. ജ്യോത്സ്യന്‍ തന്‍റെ നരവീണകണ്ണുകള്‍ തുറന്നത് അനന്തമായ ഇരുട്ടിലെക്കായിരുന്നു. സ്വന്തം ഭാവി ഗണിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടിരുന്ന ആ മനുഷ്യന്‍ കരകരാ ശബ്ദത്തില്‍ ആ പ്രണയത്തിന്‍റെ വിധി പറഞ്ഞു.

               “ ജാതക പ്രകാരം ലിംഗപ്പോരുത്തം ഒട്ടും കാണുന്നില്ല. മറ്റുള്ള പൊരുത്തങ്ങളുടെ കാര്യവും കഷ്ടത്തിലാണ്. മാത്രവുമല്ല ജാതകന് ആയുസ്സിലും അല്‍പം ഭംഗം കാണുന്നു.”

                  മജ്ജയിലും മാംസത്തിലും യാഥാസ്ഥിതികതയുടെ വടുക്കള്‍ കുത്തിനിറക്കപ്പെട്ട അവളുടെ പിതാവിന് മുന്നില്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ഈയാംപാറ്റയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കാലം അവളുടെ മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നും അവന്‍റെ മോഹന രൂപം ഇളക്കി മാറ്റി പകരം മറ്റൊന്ന് പ്രതിഷ്ഠിച്ചു. നവഗ്രഹങ്ങള്‍ ഒന്നായി നിന്ന് സകലമാന പൊരുത്തങ്ങളോടെ അവളെ മറ്റൊരു ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി.

                   എന്തും കച്ചവടക്കന്നോടെ  മാത്രം കണ്ടിരുന്ന ആ മനുഷ്യന് മുന്നില്‍ തന്‍റെയുള്ളിലെ വസന്തത്തെ അവള്‍ക്ക് ഒരു വേലി കെട്ടി നിര്‍ത്തേണ്ടി വന്നു. നിമിഷങ്ങള്‍ ദിവസങ്ങളായും ദിവസങ്ങള്‍ ആഴ്ച്ചകളായും ആഴ്ചകള്‍ മാസങ്ങളായും മാസങ്ങള്‍ വര്‍ഷങ്ങളായും വര്‍ഷങ്ങള്‍ യുഗങ്ങളുമായി അവളുടെ മുന്നില്‍ പത്തി വിടര്‍ത്തിയാടി. ഒരു നാള്‍ കിടക്കയില്‍ നിന്നും നിദ്രയെ പുതപ്പിനോപ്പം ഒരു മൂലയിലേക്ക് തള്ളി മാറ്റി എഴുന്നേറ്റ അവളുടെ കൃഷ്ണമണികളില്‍ കുരുങ്ങിയത് തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്ന തന്‍റെ പ്രിയതമന്‍റെ കാലുകളാണ്. ഒന്നുറക്കെ കരയാന്‍ പോലും ആകാത്ത രീതിയില്‍ മരവിപ്പ് അവളെ കീഴടക്കിയിരുന്നു. തന്‍റെ ആഴങ്ങളിലേക്ക് പതിച്ച ശുക്ലത്തിന്‍റെ നനവ്‌ മാറുന്നതിനു മുന്‍പ് അയാളുടെ അവശേഷിച്ച മാംസ ഭാഗവും ഒരു പുകയായി അന്തരീക്ഷത്തിലേക്ക് വിലയം പ്രാപിച്ചത് അവള്‍ അറിഞ്ഞു.

              ശാപവാകുകളും ചോദ്യശരങ്ങളും അവളെ നാള്‍ക്കുനാള്‍ വലിച്ചു മുറുക്കിക്കൊണ്ടിരുന്നു.അദ്ദേഹം എന്തിനിത് ചെയ്തു? അവള്‍ക്കറിയില്ലായിരുന്നു.നിറം പിടിപ്പിച്ച കഥകള്‍ പലതും അശക്തയായ അവളുടെ ചുറ്റും ഭീകരരൂപിയായി രൂപം കൊണ്ടത്‌ അവള്‍ മാത്രം അറിഞ്ഞില്ല. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്കൊപ്പം അവളും സ്വയം ചോദിക്കുകയായിരുന്നു.
            
            “എന്തിനു?എന്തിനു?എന്തിനു?”

                കാലമാകുന്ന തീവണ്ടി തന്‍റെ ഇരുളടഞ്ഞ ബോഗിയില്‍ അവളെയും നിക്ഷേപിച്ചു കൊണ്ട് പിന്നെയും മുന്നോട്ട് പോയി. നീണ്ട നാല് വര്‍ഷങ്ങള്‍ സ്വയം ശപിച്ചും മറ്റുള്ളവരാല്‍ ശപിക്കപ്പെട്ടും ഇരുളടഞ്ഞ തന്‍റെ ലോകത്ത് അവള്‍ തനിയെ കഴിഞ്ഞു. ഈ കാലമത്രയും അവള്‍ ഉത്തരം തേടുകയായിരുന്നു.

               “ എന്തിനദ്ദേഹം അങ്ങനെ ചെയ്തു? ഒരിക്കലും തന്‍റെ പക്കല്‍ നിന്നും മോശമായ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല. പിന്നെയെന്തിന്?”

                  നാല് വര്‍ഷത്തെ കാത്തിരിപ്പ് അവള്‍ക്കു അതിനുള്ള ഉത്തരം നല്‍കി. പക്ഷെ അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ഐഡ്സിന്‍റെ വസൂരിക്കുത്തുകള്‍ അവളെ പൂര്‍ണമായും തന്‍റെതാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നവഗ്രഹങ്ങളെ ചതുരപ്പലകയില്‍ ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും തന്‍റെ ഭാവി കാലം രൂപപ്പെടുത്തിയ ആ നരവീണ കണ്ണുകളുടെ ഉടമ തന്‍റെയീ പതനം കണ്ടില്ലായിരുന്നോ?തനിക്ക് പ്രീയപ്പെട്ടത്‌ തട്ടിത്തെറിപ്പിക്കാന്‍ മാത്രമായിരുന്നോ അന്ന് അങ്ങനെയൊരു പ്രഹസനം നടന്നത്? പതിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മുന്തിരി പോലുള്ള ഞാറപ്പഴങ്ങള്‍ നിറച്ചു തന്‍റെ മുന്നിലേക്ക്‌ നീണ്ട കൈകള്‍ യാഥാര്‍ധ്യത്തിന്‍റെതോ സ്വപ്നത്തിന്‍റെതോ എന്ന് തിരിച്ചറിയാനാവുന്നതിനു മുന്‍പ് ഓര്‍മയുടെ അവസാന തുള്ളി വെളിച്ചവും അവളെ വിട്ടു പോയിരുന്നു.

Wednesday 3 July 2013

ഭാഗ്യക്കുറി


             "അളിയാ താങ്ക്സ് ഫോർ യുവർ  ട്രീറ്റ് "


              " നിനക്ക് ശോഭനമായ ഒരു ഭാവി ആശംസിക്കുന്നു"

             എൻറെ മേൽ ആശംസകൾ ചൊരിയുമ്പോഴും  അവരുടെ നാക്കുകൾ കുഴയുന്നുണ്ടായിരുന്നു.
              " അളിയാ നീ മഹാ എച്ചിയാണ് എന്നായിരുന്നു ദാ ഈ പാർട്ടി തരുന്ന നിമിഷം വരെ ഞാൻ കരുതിയിരുന്നത്. ബട്ട്, നീ എന്നെ അതിശയിപ്പിച്ചു കളഞ്ഞു.അളിയാ അങ്ങനെ കരുതിയതിനു നീ എന്നോട് ക്ഷമിക്കണം"
   പലപ്പോഴും  മദ്യത്തിന്റെ അസഹ്യമായ ഗന്ധംപോലെ സത്യവും പുറത്തേക്ക് ഇടിച്ചു വരുമെന്ന് ഞാൻ മനസ്സിലാക്കി.

               " നീ ഇങ്ങനെ ഒരു ട്രീറ്റ് തരുമെന്ന് പറഞ്ഞെങ്കിലും ദൈവത്തിനാണെ കിട്ടുമെന്ന് ഞാൻ കരുതിയില്ല. ഉമ്മ.............." 

 അവൻറെ ചുണ്ടുകൾ എൻറെവലതു കവിളിൻറെ വശത്ത് കൂടെ തോളെല്ലിൽ ഇടിച്ചു നിന്നു. മഴ കനക്കുകയാണ്. ഈ ഒരു പരുവത്തിൽ ബസ് സ്റ്റാന്‍റ്വരെ നടക്കുക അപ്രായോഗികമാണ്. എതിരെ വന്ന ഓട്ടോ കൈകാട്ടി നിർത്തി.
            കിരണ്‍ അടുത്ത ആഴ്ച വിദേശത്തേക്ക് പോകുകയാണ്. ആ ഒരൊറ്റ കാരണം കൊണ്ടായിരുന്നു വിവാഹത്തിനു രണ്ടു മാസങ്ങള്‍ ഉണ്ടായിരുന്നിട്ട് കൂടി ഇന്ന് ബാച്ചിലർ പാർട്ടി വെച്ചത്.
നോട്ടുകള്‍ക്ക് മഷി പടര്‍ന്ന കടലാസിന്റെ വില മാത്രം നല്കിയിരുന്ന യുവാകളിൽ നിന്നും തികച്ചും വ്യെത്യസ്തനായിരുന്നു താൻ. അത് കൊണ്ട് തന്നെയാകാംമറ്റുള്ളവർക്ക്  മുൻപിൽ താനൊരു പിശുക്കനായി തീർന്നതും.
               തന്നേക്കാൾ രണ്ടു വയസ്സിനിളയ സഹോദരൻ ഡിഗ്രിക്ക് ചേരുമ്പോഴാണ് തനിക്കു ഹയ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞത്.തിരുമണ്ടൻ എന്ന സ്ഥാനപ്പേര് കരസ്ഥമാക്കാൻ ആ ഒരു യോഗ്യത തന്നെ ധാരാളമായിരുന്നു. ദൈവഭാഗ്യം കൊണ്ടായിരുന്നു പുറക്കാട് സ്കൂളിൽ പ്ലസ്‌ വണ്‍ കൊമ്മേഴ്സിനു അഡ്മിഷൻ കിട്ടിയത്.
             സുധീഷ്‌ സാർ........ ഒരിക്കലും മറക്കാനാവില്ല അദ്ദേഹത്തെ.ഹയർ സെക്കണ്ടറി വിദ്യാഭ്യാസ കാലത്തെ ആദ്യത്തെ പേരന്റ്സ്‌ മീറ്റിങ്ങിനു അമ്മയുമായി സ്കൂളിൽ ചെന്ന നിമിഷം ഞാൻ ഇന്നും ഓർക്കുന്നു. ഓണ പരീക്ഷയുടെ പേപ്പറുകൾ കാണിച്ച അവസരത്തിലായിരുന്നു അത്. എന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ കണ്ട സുധീഷ്‌ സാർ മേശപ്പുറത്തിരുന്ന പേപ്പർ വെയിറ്റ് പതുക്കെ ഉരുട്ടിക്കാണിച്ചു കൊണ്ട്  പറഞ്ഞു.
                    " ഇവൻ ദേ ഇങ്ങനെ ഉരുണ്ടുരുണ്ട്‌ ഒരു വിധത്തിൽ പ്ലെസ് വണ്‍ എന്ന കടമ്പ കടക്കും "
               അമ്മയുടെ കണ്ണുകളിൽ കണ്ണ് നീരിന്റെ നേരിയ രേഖ രൂപ്പപ്പെടുന്നത് ഞാൻ കണ്ടു. എന്റെ മുഖത്തെ ദൈന്യത കണ്ടത് കൊണ്ടാകാം എന്റെ തോളത്തു തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
        "ഉം,ഇവനെനമുക്ക് ശരിയാക്കിയെടുക്കാം." പേരന്റ്സ്‌ മീറ്റിങ്ങുകളിൽ അനുജൻ അഭിമാനം നൽകിയപ്പോൾ ഞാൻ എന്നും കണ്ണുനീരിന്റെ ഉപ്പു രസമാണ് അമ്മയ്ക്ക് നൽകിയിരുന്നത്.
                  ആ രണ്ടു വർഷക്കാലം അദ്ദേഹത്തിന്റെ അനുഗ്രഹം എന്നിൽ ധാരാളം ഉണ്ടായിരുന്നു. എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ  പ്ലസ് ടൂവിന്റെ വിജയസോപാനം  ചവിട്ടിക്കയറി.പരാജയത്തിന്റെ കൈപ് നീര് തട്ടിത്തെറിപ്പിച്ച് നേടിയ വിജയം നല്കിയ ലഹരി സന്തോഷത്തെക്കാളേറെ പുതു ആത്മവിശ്വാസത്തിന്റെ ഒരു ഉന്മാദാവസ്ഥയിൽ എത്തിച്ചേരാൻ എന്നെ സഹായിച്ചു. ആയൊരു ആത്മവിശ്വാസമായിരുന്നു പിന്നീടുള്ള ജീവിത യാത്രയിൽ ഉടനീളം എന്റെ ഏറ്റവും നല്ല സുഹൃത്തും ശക്തി കേന്ദ്രവും. 
               " നാളെയാണ് നാളെയാണ് നാളെയാണ്.ഭാഗ്യദേവത നിങ്ങൾക്കായി കാത്തിരിക്കുന്നു. ഒന്നാം സമ്മാനം അമ്പതു ലക്ഷം  രൂപയും ഒരു മാരുതിക്കാറും". ഭാഗ്യക്കുറിക്കാരന്റെ ലൌഡ് സ്പീക്കറിൽ നിന്നും ഭാഗ്യദേവതയുടെ വിളി എന്റെ കാതുകളെ തുളച്ച് തലച്ചോറിലേക്ക് യാത്രയായി.

         "ചേട്ടാ ഒരു ടിക്കെറ്റ് ഇങ്ങെടുക്ക്‌ "

                 "എനിക്കും ഒരെണ്ണം "

                 " എനിക്കും കൂടി " 
               കിരണും മാത്യുവും ജോണും ഓരോ ടിക്കെറ്റുകൾ വാങ്ങി. ഭാഗ്യക്കുറിക്കാരൻ അവർക്കായി ടിക്കെറ്റുകൾ കീറുന്നതിനിടയിൽ എന്നോട് ചോദിച്ചു.
             " സാറിനും കീട്ടെ ഒരെണ്ണം ?"
            " അയ്യോ സുഹൃത്തെ അത് വേണ്ട. ഈ സാറിനായി താൻ വെറുതെ കീണ്ട.ഇദ്ദേഹം ഇതൊന്നും വാങ്ങുന്ന ആളല്ല "മാത്യു പറഞ്ഞു.
               ഞാൻ മാത്യുവിന് ഒരു ചിരിസമ്മാനിച്ചു . അവൻ പറഞ്ഞത് ശരിയായിരുന്നു . ജീവിതത്തിൽ ഇന്നേവരെ ഒരിക്കൽ പോലും ഞാൻ ഭാഗ്യക്കുറിഎടുത്തിരുന്നില്ല . എന്തിനെറെപ്പറയുന്നു, ഓണാഘോഷ പരിപാടികളുടെ സമയങ്ങളിലും ഫുട്ബോൾ മേളകൾ നടത്തപ്പെടുന്ന അവസരങ്ങളിലും വിറ്റിരുന്ന ലക്കിടിപ്പ് കൂപ്പണുകൾ പോലും താൻവാങ്ങിയിരുന്നില്ല . ഭാഗ്യപരീക്ഷണങ്ങളിലെ വിശ്വാസമില്ലായ്മയായിരിക്കാം അതിൽ ഏർപ്പെടുന്നതിൽ നിന്നും തന്നെവിലക്കിയിരുന്നത് . എങ്കിലും ഒരു പിടിവള്ളിക്കായി ഞാൻ പറഞ്ഞു.
                    " അങ്ങനെ നീ എന്നെ ചെറുതാക്കേണ്ട. നീയെല്ലാം എത്ര നാളുകളായി ഈ പരിപാടി തുടങ്ങിയിട്ട്? ഇതുവരെ ഒരു സോപ്പ് പെട്ടി എങ്കിലും സമ്മാനമായി കിട്ടിയിട്ടുണ്ടോ, ഇല്ലല്ലോ? മകനെ മാത്യൂസേ നീ നോക്കിക്കോ, ഞാൻ എടുക്കുന്ന ആദ്യത്തെ ലോട്ടെറിക്ക് തന്നെ സമ്മാനം അടിച്ചിരിക്കും"
                  "ഗ്വാ...."
       ജോണിന്റെ വക  വാളഭിശേകം നടന്നു.
                " ഓ നാറ്റിച്ചു"
           അവനെയൊന്നു കുളിപ്പിച്ച് വൃത്തിയാക്കുന്നതിനായി സ്റ്റെഷനു കിഴക്ക് ഭാഗത്തുള്ള കംഫോർട്ട് സ്റ്റെഷനിലേക്ക് ഞങ്ങൾ നടന്നു.
                സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ തീയേറ്ററുകളിൽ വന്നു പോകുന്ന വേഗതയിൽ മാസങ്ങൾ കടന്നു പോയി. ഇതിനിടയിൽ വിവാഹവുമായി ബന്ധപ്പെട്ടു പല വിഷമ ഘട്ടങ്ങളും എനിക്ക് തരണം ചെയ്യേണ്ടി വന്നു. അതിൽ ഒന്നാമത്തേത് ആലോചന സമയത്ത് വന്ന ജ്യോത്സ്യം ആണ് . പലർക്കും വിവാഹ സമയത്ത് പണി കൊടുത്തുകൊണ്ടിരുന്നത് കുചനും ശുക്രനും ആണെങ്കിൽ എനിക്ക് ആ രണ്ടു വ്യെക്തികളും പണിതന്നില്ല.എന്റെ ഗ്രെഹനിലയിൽ ഷിബു(ശി. ബു ) പിണങ്ങിനില്ക്കുകയായിരുന്നു . ഒരു വിധത്തിൽ ഞാൻ അവരെ കയ്യിൽ എടുത്തു.


                                  രണ്ടാമത്തെ വിഷമ ഘട്ടം നേരിട്ടത് വിവാഹം ക്ഷണിക്കുന്നസമയത്തായിരുന്നു . വളരെ പെട്ടന്നായിരുന്നു പെണ്ണ് ഉറച്ചതും വിവാഹത്തീയതി ഉറപ്പിച്ചതും . അതുകൊണ്ട് തന്നെ എന്റെ പക്കൽ വളരെ തുച്ചമായ ദിനങ്ങളെ ഉണ്ടായിരുന്നുള്ളൂ . എന്റെ സമയ പരിമിതി മൂലം പല മഹത് വ്യെക്തികളെയും നേരിൽ കണ്ടു ക്ഷെണിക്കുവാൻ സാധിച്ചില്ല. മൊബൈൽ ഫോണ്‍ മുഖേനെ ആയിരുന്നു ഭൂരിപക്ഷം ആൾക്കാരെയും ഞാൻ ക്ഷെണിച്ചത്. മൈക്രോ വേവ് തരംഗങ്ങളുടെ സഹായത്തോടെയുള്ള ക്ഷണിക്കൽപലർക്കും  സുഖിച്ചില്ല എന്ന് കല്യാണ ദിവസം ഞാൻ മനസ്സിലാക്കി.


                        എന്നെ ഏറ്റവും കൂടുതൽ വലച്ചത് വിവാഹ ശേഷമുള്ള പറയെടുപ്പ് ( ബന്ധു ജനങ്ങളുടെയും സുഹൃത്തുക്കളുടെയും വീടിലേക്കുള്ള വിരുന്നിനു പോകൽ ) ആയിരുന്നു. എട്ടു പത്തു ദിവസങ്ങൾ കൊണ്ട് എന്റെ ബന്ധു ജനങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകൾ ഒരു വിധത്തിൽ കവർ ചെയ്തു തീർത്തു . ഓരോ വീടുകളിൽ നിന്നും സ്നേഹപൂർവ്വം നല്കിക്കൊണ്ടിരുന്ന മധുര പലഹാരങ്ങളും മറ്റ് ആഹാരപദാർധങ്ങളും  മലമാക്കി പുറത്തേക്ക് വിടാൻ ആമാശയത്തിനു അഹോരാത്രം പണിയെടുക്കേണ്ടി വന്നു.


                        എസ്  ഡി കോളെജിനു സമീപത്തായിരുന്നു മായയുടെ( എന്റെ ഭാര്യ )വീട്. മായയ്ക്ക് അഞ്ചു അമ്മാവന്മാർ ആണ് ഉണ്ടായിരുന്നത് . ഏറ്റവും ഇളയ അമ്മാവനുമായി മായയുടെ അച്ഛനും അമ്മയും അത്ര രസത്തിൽ അല്ലാതിരുന്നത് കൊണ്ട് വിരുന്നിനു പോക്കിൽ നിന്നും ആ ഒരു വീട് ഒഴിവായി കിട്ടി. ആ ഒരു സന്തോഷ വാർത്തയറിഞ്ഞ എന്റെ ആമാശയം കുറച്ചൊന്നുമല്ല  സന്തോഷിച്ചത്‌ . ഇളയ അമ്മാവനുമായുള്ള വഴക്കിനു കാരണം ഒരു ബ്ലാക്ക് ആൻഡ്‌ വൈറ്റ് ലവ് സ്റ്റോറി ആണ് . ഈ പറഞ്ഞ ഇളയ അമ്മാവന്റെ സുഹൃത്തായിരുന്നു മായയുടെ അച്ഛൻ. ഒരിക്കൽ സുഹൃത്തിനെ അന്വേഷിച്ചു വന്നകഥാ നായകനായ  മായയുടെ അച്ഛൻ കഥാനായികയായ അമ്മയെ കാണാൻ ഇടയായി. ലവ് അറ്റ്‌ ഫസ്റ്റ്  സൈറ്റ് , അതങ്ങ്സംഭവിച്ചു . സുഹൃത്തിന്റെ സഹോദരി സ്വന്തം സഹോദരി ആണെന്ന് ബുദ്ധി പറഞ്ഞിട്ട് കഥാനായകൻറെ ഹൃദയം അതിനെ അംഗീകരിച്ചില്ല. ജ്യേഷ്ടന്റെ കൂടെ വന്ന ബെൽബോട്ടം പാന്റ്സ് അണിഞ്ഞ പഴുതാര മീശക്കാരനായ ഹിപ്പിയെ കഥാനായികയ്കും ഇഷ്ടമായി. പ്രണയിക്കുന്ന മനസ്സുകൾ പരസ്പരംഅടുത്തപ്പോൾ  ആ സുഹൃത്ത് ബന്ധം മുറിഞ്ഞു . ഇരുപത്തിരണ്ടു വർഷങ്ങൾക്കിപ്പവും ആ മുറിപ്പാട് ഒരു വൃണമായി അവശേഷിക്കുന്നു .


                          എല്ലാ അമ്മാവന്മാരുടെയും വീട് കൊമ്മാടിയിൽ ആയിരുന്നു. നടന്നു പോകാവുന്ന ദൂരമെ ഓരോ വീടുകൾക്കിടയിലും ഉണ്ടായിരുന്നുള്ളൂ. ബൈക്ക് സർവീസിനു കൊടുത്തതിനാൽ ബസ്സിൽ പോകാൻ തീരുമാനിച്ചു. നാല് അമ്മാവന്മാരുടെയും വീട്ടിൽഗംഭീര  പറയെടുപ്പ് ഉള്ളതിനാൽ രാവിലെ തന്നെ ഡെറ്റോൾ ഇട്ട് വയറും കുടലും കഴുകി വൃത്തിയാകിയിട്ടായിരുന്നു യാത്രതിരിച്ചത് .


                        രാവിലെ എട്ട് മണിയോടെ ഞങ്ങൾ മുതിർന്ന അമ്മാവന്റെ വീട്ടിൽഎത്തി .ജ്വെല്ലറി  ഉത്ഘാടനത്തിനു ചെന്ന നടിക്ക് ലഭിക്കുന്നത് പോലെ ഗംഭീരമായ സ്വീകരണം ഞങ്ങൾക്ക് ലഭിച്ചു . ബ്രേക്ക് ഫാസ്റ്റ് തന്നെ വളരെ കട്ടിക്കായിരുന്നു . ഇടിയപ്പവും ചിക്കൻ കറിയും കൂടെ പഴവും മാറ്റ്ഫ്രൂട്ട്സും . അമ്മായി സ്നേഹപൂർവ്വം കുടഞ്ഞിട്ട് കൊണ്ടിരുന്ന ഓരോ ഇടിയപ്പവും എന്റെ കുടലിന്റെ വ്യാസം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു കസേരയിൽ നിന്നും എഴുന്നേറ്റ ഞാൻ പൂർണ ഗർഭിണികൾ നടക്കുന്നത് പോലെ അടിവെച്ചടിവെച്ച് വാഷ് ബയ്സനുടുത്തെക്ക് യാത്രയായി. ഒരു മണിക്കൂർ അവിടെ ചിലവഴിച്ചതിനു ശേഷം ഞങ്ങൾ രണ്ടാമത്തെ അമ്മാവന്റെ വീടിലേക്ക്‌ യാത്രയായി.ചെന്നപാടെ പുട്ടും ബീഫ് കറിയും ഞങ്ങളുടെ മുന്നിലെത്തി. രാവിലെ വയറ്റിലെത്തിയ കോഴിയുടെ കൂവൽ നില്ക്കുന്നതിനു മുൻപേ അടുത്ത വിഭവവും ആമാശയത്തിലേക്ക് ചെന്നു. അമ്മായി പാത്രത്തിലെക്കിട്ട രണ്ടു കുറ്റി പുട്ടും ഒരു വിധത്തിൽ വയറ്റിലാക്കി ഒരു ദീർഘ നിശ്വാസം ഞാൻ എടുത്തു. അമ്മാവനുമായി സംസാരിക്കുന്നതിനിടയിലും അടുത്ത രണ്ടു വീട്ടുകളിലെ ഭക്ഷണ പദാർഥങ്ങൾ വയറിന്റെ ഏത് ഭാഗത്ത്‌ കൊണ്ടിടും എന്ന ചിന്തയായിരുന്നു എന്റെ മനസ്സ്മുഴുവൻ . ബാക്കി വീടുകളിലെ യാത്ര അടുത്ത ദിവസം ആക്കാം എന്ന് പറഞ്ഞിട്ടും മായ കൂട്ടാക്കിയില്ല.



                        ഉച്ചക്ക് ഒന്നരയോടെ മൂന്നാമത്തെ അമ്മാവന്റെ വീട്ടിൽ ഞങ്ങൾ എത്തിച്ചേർന്നു . നടന്നു പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും എന്റെ നിറവയർ ആ ഒരു സാഹസത്തിൽ നിന്നും എന്നെവിലക്കി . ഒരു ഓട്ടോയിൽ ഞങ്ങൾ അമ്മാവന്റെ വീട്ടിൽ.എത്തിച്ചേർന്നു  ഞങ്ങൾ എത്തുമ്പോഴേക്കും എല്ലാം ഒരുക്കി കാത്തിരിക്കുകയായിരുന്നുഅവർ . ഒന്ന് റസ്റ്റ്‌ എടുക്കാനുള്ള സമയംകിട്ടിയില്ല , റിസ്ക്‌ എടുക്കാൻ തന്നെ ഞാൻതീരുമാനിച്ചു . ചിക്കൻ , ചെമ്മീൻറോസ്റ്റ് ,കക്കായിറച്ചി  എന്ന് വേണ്ട കൊതിപിടിപ്പിക്കുന്ന ഒരുപാട് വിഭവങ്ങൾ ഡൈനിംഗ്  ടേബിളിൽ ഞങ്ങളെയും കാത്ത് അക്ഷമയോടെ ഇരിപ്പുണ്ടായിരുന്നു  എന്നാൽ അതെല്ലാം ഒന്ന് തലോടാൻ മാത്രമായിരുന്നു എന്റെ വിധി. ഊണും കഴിഞ്ഞു പായസവും കുടിച്ചിറങ്ങിയ എന്നിൽ അനിവാര്യമായത് സംഭവിക്കാൻതുടങ്ങി . സുനാമിയുടെ തിരയിളക്കം എന്റെ വയറിനുള്ളിൽആരംഭിച്ചിരിക്കുന്നു . ഉദര മദ്ധ്യം ആയിരുന്നു പ്രഭവ കേന്ദ്രം. നാലാമത്തെ അമ്മാവന്റെ വീടിലേക്ക്‌ പുറപ്പെടാൻ തയ്യാറായി നിന്ന മായയോട്‌ ഞാൻപറഞ്ഞു .


                             " മായേ ഒരു സാധനം ഞാൻ വീട്ടിൽ മറന്നു വെച്ചു "

                             " ഇല്ല,ഞാൻ എല്ലാം എടുത്തിട്ടുണ്ട് ചേട്ടാ"
                       
                              സഹികെട്ട ഞാൻ പറഞ്ഞു "ഞാൻ മറന്നു വെച്ച സാധനം നീ എങ്ങനെ അറിയാനാണ് . മര്യാദയ്ക്കു വീട്ടിൽ പോകാം "

                            ഭാഗ്യത്തിന് അവൾ എതിരൊന്നും പറഞ്ഞില്ല. അമ്മാവനോടും മറ്റുള്ളവരോടും യാത്ര പറഞ്ഞു ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് തിരിച്ചു. സ്റ്റോപ്പിലെത്തിയ എനിക്ക് ബസ് വരുന്നത് വരെ കാത്തു നില്ക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. അവിടെ കിടന്നിരുന്ന ഒരു കാർ പിടിച്ചു വീട്ടിലേക്ക്‌ യാത്ര തിരിച്ചു.


                      "ചേട്ടാ ഒന്ന് വേഗം വിട്"

          
                    ഏത് നേരവും പിടിവിട്ട് പോകാവുന്ന ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ. അപ്പോഴാണ്‌ മായയ്ക്ക് വീട്ടിൽ വെച്ചു മറന്നു വെച്ചതു എന്താണെന്ന് മനസ്സിലായത്‌ . ശവക്കോട്ട പാലത്തിലെ ബ്ലോക്ക്‌ കണ്ട ഞാൻ കരുതി അവിടം എന്റെ ശവക്കോട്ടയാകുമെന്ന് . ബ്ലോക്കിനെ മറികടന്ന ഞങ്ങൾ ഒരു വിധത്തിൽ വീട്ടിൽ എത്തി. കയ്യിൽ കിട്ടിയ പണം എണ്ണിപ്പോലും നോക്കാതെ ടാക്സിക്കാരൻ പയ്യന്റെ മടിയിലെക്കിട്ടു കൊടുത്തു ഉസൈൻ ബോൾട്ടിനെ വെല്ലുന്ന വേഗത്തിൽ ആശ്വാസ കേന്ദ്രം ലെക്ഷ്യമാക്കി ഞാൻ ഓടി. മുണ്ട് ദൂരേക്ക്‌ വലിച്ചെറിഞ്ഞു ആ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായപ്പോഴേക്കും ജലനിരപ്പുയർന്ന ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നിട്ട പോലെ അനർഗ നിർഗളം ലാവാപ്രവാഹം തുടങ്ങിയിരുന്നു. ആശ്വാസത്തിന്റെയും സംത്രിപ്തിയുടെയും ഹിമാലയസാനുവിലെത്തിയെ എനിക്ക് ഉറക്കെ വിളിച്ചു കൂവണമെന്നു തോന്നി

"ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ്, ഇവിടെയാണ്‌ ഇവിടെ മാത്രമാണ് ."

                  "എന്താടി നീ ഇളിക്കുന്നത് ?" ഞാൻ മായയോട്‌ ചോദിച്ചു .


                    "അല്ല, ചേട്ടൻ അന്ന് വീട്ടിൽ വെച്ചു മറന്നത് ക്ലോസറ്റ് ആയിരുന്നോ ? എന്നാലും കാർ പിടിച്ചുപോകേണ്ടിയിരുന്നില്ല .


                               " നീ ഇതുവരെ അത് വിട്ടില്ലേ ?"

                     
                     ഒരു ചിരിയായിരുന്നു അതിനുള്ള അവളുടെ മറുപടി. ആ സംഭവത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞു ഇന്നാണ് നാലാമത്തെ അമ്മാവന്റെ വീട്ടിൽ പോയത്. അങ്ങനെ പറയെടുപ്പിന്റെ ആദ്യ ഘട്ടം സമങ്ങളം പര്യവാസിനിച്ചു.



                   "ജ്യൂസേ, വെള്ളമേ......വെള്ളമേ,ജ്യൂസേ.....വെള്ളമേ,വെള്ളമേ.......വെള്ളമേ,ജ്യൂസേ....."


                             ആലപ്പുഴ ബസ് സ്റെഷനിൽ ഇറങ്ങുമ്പോൾ വഴിവാണിഭക്കാരന്റെ താളത്തിലുള്ള വായ്ത്താരി കേൾക്കാമായിരുന്നു . ബസ് സ്റെഷന് അകത്തു തന്നെയുള്ള കടയിൽ നിന്നും രണ്ടു ലൈം ജ്യൂസും രണ്ടു പേടയും ഒരു ലൈസും വാങ്ങി.ലൈം ജ്യൂസ് കുടിക്കുന്നതിനിടയിൽ ഉദ്ദേശം 75 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഞങ്ങളുടെ അരികിൽ വന്നു.

                         
                              "മോനെ ഒരു ടിക്കെറ്റെടുക്ക് "

                    ഞാൻ അവരെ നോക്കി. ദാരിദ്ര്യത്തിന്റെ ഒരു ഉത്തമ ഉദാഹരണമായിരുന്നു ആ സ്ത്രീ . ശുഷ്കിച്ച കൈകൾ, തോളെല്ലുകൾ രണ്ടും ആർച്ച്  കണക്കെ പുറത്തേക്ക് തള്ളി നിന്നിരുന്നു. കണ്ണുകളുടെ സ്ഥാനത്ത് രണ്ടു കുഴികളാണ് കാണാൻ സാധിച്ചത്. കവിളിലെ ത്വക്ക് ചുളിഞ്ഞു തൂങ്ങിക്കിടന്നിരുന്നു. മുഷിഞ്ഞ ഒരു സാരിയും ബ്ലൗസും ആണ് അവർ ധരിച്ചിരുന്നത് . നഗ്ന പാദയായി നടക്കുന്നത് കൊണ്ടാകാം കാൽപ്പാദങ്ങൾ വേനൽക്കാലത്തെ പാടം കണക്കെ വിണ്ടുകീറിയിരുന്നു .


                    "ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.ഒരു ടിക്കെറ്റ് എടുത്തു സഹായിക്കു മോനെ "


                      കാരുണ്യ ഭാഗ്യക്കുറിയും നീട്ടിപ്പിടിച്ച് മുന്നിൽ നില്ക്കുന്ന അവരുടെ മുഖത്തേക്ക് ഞാൻ നോക്കി.പെട്ടന്ന് മറ്റാരും  കാണാത്ത തരത്തിലുള്ള ഒരു ചൈതന്യ പ്രഭാവം അവരുടെ തലയ്ക്കു ചുറ്റും ഉള്ളതായി എനിക്ക് തോന്നി. ചെറുപ്പ കാലത്ത്  കേട്ടിട്ടുള്ള, യാചകന്റെ രൂപത്തിൽ തന്റെ ഭക്തനെ പരീക്ഷിക്കുന്നതിനായി അവന്റെ ഭവനത്തിലേക്ക്‌ വിരുന്നിനു വരുന്ന ദൈവത്തിന്റെ കഥയാണ്‌ എന്റെ മനസ്സിലേക്ക് ഓടി വന്നത്.ഇത് ലക്ഷ്മി ദേവതയാണ്,എന്റെ മനസ്സ് പറഞ്ഞു. എന്നെ പരീക്ഷിക്കനായാണ് ഈ രൂപത്തിൽ വന്നിരിക്കുന്നത്. ഈ അവസരം പാഴാക്കിക്കൂട.പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് അതിൽ നിന്നും അമ്പതു രൂപ അവരുടെ നേർക്ക്‌ ഞാൻ നീട്ടി.ഭാഗ്യക്കുറി വാങ്ങി പോക്കെറ്റിൽ നിക്ഷേപിക്കുന്നതിനിടയിൽ ആ സ്ത്രീ ബസ് സ്റ്റേഷനിലെ ഇൻഫർമേഷൻ സെന്റെർ ചുറ്റി മറഞ്ഞിരുന്നു.


                    ബസ് സ്റ്റെഷന്റെ തെക്ക് ഭാഗത്തായി കിടന്ന ഹരിപ്പാട് ഓർഡിനറി ബസ്സിൽ ഞങ്ങൾ കയറി. രണ്ടു പേർക്കിരിക്കാവുന്ന സീറ്റിൽ ഇരുന്നതിനു ശേഷം പോക്കെറ്റിൽ നിന്നും ഭാഗ്യക്കുറി എടുത്തു.


                      "മായേ നീ നോക്കിക്കോ. ഇതിൻറെ ഒന്നാം സമ്മാനം എനിക്ക് തന്നെയായിരിക്കും." ഒരു കോടി രൂപയുടെ മനോവിചാരത്തിലിരുന്ന എൻറെ കയ്യിൽ നിന്നും അവൾ ആ ടിക്കെറ്റ് വാങ്ങി. അത് തിരിച്ചും മറിച്ചും നോക്കിയിട്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.


                       "ചേട്ടാ, ചേട്ടൻ ആദ്യമായിട്ടാണോ ഭാഗ്യക്കുറി എടുക്കുന്നത്?."  ആശ്ചര്യത്തോടെ ഞാൻ അവളെ നോക്കി. 


                                     "അതെങ്ങനെ നിനക്ക് മനസ്സിലായി?"


                      "എൻറെ പോന്നു ചേട്ടാ,ഇതിനു ഒന്നാം സമ്മാനം പോയിട്ട് പത്തു രൂപ പോലും അടിക്കില്ല.ഇതേ നറുക്കെടുപ്പ് കഴിഞ്ഞ ടിക്കെറ്റാണ്"


                       എൻറെ ചുറ്റും നിന്ന് കിരണും മാത്യുവും ജോണും കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി.അവളുടെ കൈയ്യിൽ നിന്നും ടിക്കെറ്റ് തിരികെ വാങ്ങി തുണിയില്ലാത്ത ആ സത്യം ഞാൻ ഉറപ്പിച്ചു.


                          "ചതിച്ചല്ലോടി ആ തള്ള. അവരെ ഇന്ന് ഞാൻ......."


                         ഒരു അഭ്യാസിയെപ്പോലെ ബസ്സിൻറെ പടികൾ ചാടിക്കടന്നു ആ സ്ത്രീ പോയ ദിക്ക് ലക്ഷ്യമാക്കി കുതിക്കുമ്പോൾ മായ തൊട്ട് പുറകെ ഉണ്ടായിരുന്നു.ആ സ്ത്രീയെ തേടിയുള്ള എൻറെ അന്വേഷണം ഓട്ടോ സ്റ്റാന്റിനടുത്തുള്ള തട്ട് കടയിൽ അവസാനിച്ചു. അവിടെ നാൽപത്തി അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന, ബുദ്ധിയുറക്കാത്ത തൻറെ മകന് കടയിൽ നിന്നും വാങ്ങിയ ബണ്‍ ചായയിൽ മുക്കി നല്കിക്കൊണ്ടിരുന്ന ഒരു അമ്മയെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്.ചായ ഗ്ലാസും അതിനൊപ്പം എൻറെ കയ്യിൽ നിന്നും വാങ്ങിയ അമ്പതു രൂപ നോട്ടും കടക്കാരനെ ഏല്പിച്ച് തിരികെ വന്ന ആ അമ്മ തൻറെ മൂന്നിരട്ടി ഭാരമുള്ള മകനെ ഒക്കത്തെടുത്ത് യാത്രയാരംഭിച്ചു.ഒരു നിമിഷം കൊണ്ട് എൻറെ ഉള്ളിൽ ഉറഞ്ഞു കൂടിയ ദേഷ്യം അലിഞ്ഞില്ലാതെയായി.


                          "അമ്മേ ...." ഞാൻ അവരെ വിളിച്ചു. എന്നെ കണ്ടു പകച്ചു നിന്ന ആ അമ്മയുടെ കൈകളിലേക്ക് നൂറു രൂപയുടെ രണ്ടു നോട്ടുകൾ വെച്ചു നീട്ടി ഞാൻ പറഞ്ഞു.


                       "അമ്മേ നാല് ടിക്കെറ്റുകൾ കൂടി വേണം". വിറയാർന്ന കൈകളാൽ ആ അമ്മ നാല് ടിക്കെറ്റുകൾ കീറി നൽകി.


                    അഞ്ചു ടിക്കെറ്റുകളും നെഞ്ചോട്‌ ചേർത്ത് പിടിച്ചിരുന്ന എൻറെ തോളിലേക്ക് മായ തല ചായ്ച്ച് കിടന്നു. അവളുടെ കണ്ണുകളിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു സുരക്ഷിതത്വ ബോധം എനിക്ക് കാണുവാൻ കഴിഞ്ഞു.




Wednesday 19 June 2013

പാസ്സെഞ്ചർ...


                               ഇന്നലെ പെയ്ത മഴയിൽ ഭൂമിയൊന്നു തണുത്തു.ഓഫീസിൽ നിന്നുമിറങ്ങി മൂന്നു ചുവട്ടടി മുന്നോട്ട് വെച്ച എൻറെ കവിളിലൂടെ അവൾ ഭൂമിയിലേക്ക് പെയ്തിറങ്ങി. ഭൂമിയെപ്പോലെ എന്റെ മനസ്സുമൊന്നു തണുത്തു. എനിക്കന്നു അവളോട്‌ ആദ്യമായി പ്രണയം തോന്നി.എന്റെ നെറുകയിലും കവിളുകളിലും പിൻകഴുത്തിലും ആവോളം ചുംബിക്കുവാൻ ഞാനവളെ അനുവദിച്ചു.

                                    വീട്ടിലെത്തുമ്പോൾ അച്ചാമ്മ( അച്ഛന്റെ അമ്മയെ അങ്ങനെയാണ് ഞങ്ങൾ വിളിക്കുന്നത് ) രാമനാമം ചൊല്ലിക്കൊണ്ടു കുടയും പിടിച്ചു കാറ്റത്ത് ഞെട്ടറ്റ് വീണ മാങ്ങ പെറുക്കുന്നുണ്ടായിരുന്നു.മഴ നനഞ്ഞു ചെന്നതിനു അമ്മയുടെ  വക ശകാരം കിട്ടി.

                                 " ഉച്ചിയിൽക്കൂടി വെള്ളം ഇറങ്ങാൻ നിൽക്കാതെ പോയി തല തുവർത്ത്." തോർത്ത് കയ്യിലെക്കിട്ടു തന്നു കൊണ്ട് അമ്മ പറഞ്ഞു." അച്ഛനിതു കാണേണ്ട. ഉം,വേഗം തുവർത്ത്‌".ഈ സമയം നിലത്തു വീണ മാങ്ങകൾ മുഴുവൻ പെറുക്കി മടിശീലയിൽ തിരുകിക്കൊണ്ട്‌ അച്ചാമ്മയെത്തി.
                                   "രാമ രാമ, എന്തൊരു മഴയാണിത് ? എന്റെ ആയുസ്സിനിടയിൽ ഇതുപോലൊരു മഴ ഞാൻ കണ്ടിട്ടില്ല. ലോകാവസാനം ആയോ ? നാരായണ നാരായണ".എനിക്ക് ഓർമ വെച്ച നാൾ മുതൽ ഓരോ മഴക്കാലത്തും ഞാൻ ഈ വാക്കുകൾ അച്ചാമ്മയിൽ നിന്നും കേൾക്കാറുണ്ട് .
                                     " അമ്മയ്ക്ക് ഇതെന്തിന്റെ അസുഖാ, ഈ മഴ സമയത്ത് മാങ്ങ പെറുക്കാൻ? മഴയൊന്നു തോർന്നിട്ട് പോരാരുന്നോ ?".അച്ചാമ്മക്ക് മറുപടി പറയാനുള്ള അവസരം കിട്ടുന്നതിനു മുൻപ്  അച്ഛനെത്തി.
                        "നിങ്ങൾ ഇതെവിടെ ആയിരുന്നു മനുഷ്യാ?"
                            " ഞാൻ ഒരു ചായ കുടിക്കാൻ പോയതാണ് ." ഇതും പറഞ്ഞു തിരിഞ്ഞപ്പോൾ അച്ഛൻ എന്നെ കണ്ടു." നീയെന്താടാ, മഴ മുഴുവനും നനഞ്ഞോ? പുതു മഴ നനയാൻ പാടില്ലെന്ന് നിനക്കറിഞ്ഞു കൂടെ.ഇതെന്താടി ലൈറ്റൊന്നും ഇടാത്തത്, കരണ്ട് ഇതുവരെ വന്നില്ലേ ?""അഞ്ചു മണിക്ക് പോയതാണ്, ഇതുവരെ വന്നില്ല" അമ്മ മറുപടി പറഞ്ഞു.
                                 "ഡാ, നീ കെ എസ് ഇ  ബിയിലേക്ക് ഒന്ന് വിളിച്ചു തന്നെ." ഞാൻ മൊബൈലിൽ നമ്പർ  ഡയൽ ചെയ്തു കൊടുത്തു. " ഹലോ സർ ഞാൻ രവീന്ദ്രൻ'. കണ്‍സ്യുമർ നമ്പർ 5657.പായൽക്കുളങ്ങര ക്ഷേത്രത്തിനു വടക്ക് ഭാഗത്തായി പടിഞ്ഞാറ് ദിശയിലേക്ക് കിടക്കുന്ന റോഡിലൂടെ നടന്നു വരുമ്പോൾ വലതു ഭാഗത്തായി സ്ഥിതി ചെയ്യുന്നട്രാൻസ് ഫോർമറിൽ നിന്നും കാലാവസ്ഥയിലെ പെട്ടന്നുണ്ടായ മാറ്റം മൂലം ഉണ്ടായ അതി ശക്തമായ കാറ്റും മഴയും മൂലം അതിഭയങ്കരമായ സ്ഫോടനവും തുടർന്ന് പ്രകാശ കിരണങ്ങളുടെ ബഹിർസ്ഫുരണവും ഉണ്ടായതിനാൽ വിച്ചേദിക്കപ്പെട്ട വൈദ്യുതബന്ധം ഇതുവരെ പുനസ്ഥാപിക്കപെട്ടിട്ടില്ല. പ്രസ്തുത പ്രശ്നത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ള നടപടിക്രമങ്ങൾ അങ്ങയുടെ പക്കൽ നിന്നും എത്രയും പെട്ടന്ന് ഉണ്ടാകണമെന്ന് അഭ്യർഥിച്ചു കൊള്ളുന്നു. ഓ കെ സർ "
                                അച്ഛന്റെ ഫോണ്‍ വിളി കേട്ടുകൊണ്ടിരുന്ന എന്റെ തല ആകെ പെരുത്ത് കയറി. ഈശ്വരാ അപ്പോൾ ഈ ഫോണ്‍ കോൾ  അറ്റെന്റ് ചെയ്ത ആളുടെ അവസ്ഥ എന്തായിരിക്കും. മിക്കവാറും അയാൾ ആ ട്രാൻസ്ഫോർമർ പോലെ കത്തിക്കരിഞ്ഞു കാണും.അല്ലെങ്കിൽ ആ ഫോണിന്റെ വയർ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തു കാണും. അച്ഛനങ്ങനെ ആണ് ഫോണ്‍ ചെയ്യുമ്പോൾ സംസാരിക്കുന്നത് . വളരെ വിശദമായി തന്നെ സംസാരിച്ചു കളയും. ഒരിക്കൽ അച്ഛൻ ആലപ്പുഴ വരെ എന്തോ ആവിശ്യത്തിന് പോയി. മടങ്ങി വരാൻ വൈകിയ അച്ഛനെ ഞാൻ വിളിച്ചു.
                              
                                          "എവിടെയെത്തി അച്ഛാ?"
                           "ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിൽ കയറി കച്ചേരിമുക്ക് ജംക്ഷനിൽ ഇറങ്ങി പടിഞ്ഞാറ് ഭാഗത്തേക്ക് റോഡ്‌ ക്രോസ് ചെയ്തു റോഡിന്റെ സൈഡിലൂടെ ദക്ഷിണ ദിശ ലക്ഷ്യമാക്കി നടന്നു നവരാക്കൽ അമ്പലത്തിന്റെ മുൻപിൽ എത്തി."
                                  എന്റെ തല ആകെ ചൂടായി " എന്റെ പൊന്നച്ഛാ, നവരാക്കൽ എത്തിയെന്ന് പറയുന്നതിനാണോ ഇക്കണ്ട രാമായണം മുഴുവനും വിളമ്പിയത് ".എന്തൊക്കെ പറഞ്ഞാലും അച്ഛന്റെ ഫോണ്‍ വിളിയിലുള്ള മികവു കാരണമോ അതോ അത് കേൾക്കാൻ കെ എസ് ഇ ബി ജീവനക്കാർക്കു കരുത്തില്ലാത്തത് കൊണ്ടോ എന്തോ അര മണിക്കൂറിനുള്ളിൽ കരണ്ട് വന്നു.
                                 ഊണും കഴിച്ചു ഞാൻ കമ്പ്യുട്ടെറിന്റെ മുൻപിൽ എത്തി. അന്ന് ഞാൻ മൊബൈൽ ക്യാമറയിൽ പകർത്തിയ എന്റെ വ്യെതസ്ഥ ഭാവത്തിലുള്ള അഞ്ചു ചിത്രങ്ങൾ യു എസ് ബി കേബിൾ വഴി കമ്പ്യുട്ടെറിന്റെ നെഞ്ചത്ത് ഒട്ടിച്ചു. ഫോട്ടോ ഷൊപ്പിലിട്ട് ഒന്ന് ചിന്തേരിട്ട് എടുത്ത എൻറെ  ഫോട്ടോ കണ്ടു ഞാൻ പുളകിതനായി.അതിൽ ഏറ്റവും മികച്ചതെന്നു തോന്നിയ ഒന്ന് ഞാൻ പ്രൊഫൈൽ പിക്ചർ ആയിടാൻ തീരുമാനിച്ചു.ആഴ്ചയിൽ കുറഞ്ഞത്‌ പത്ത് പ്രാവശ്യമെങ്കിലും ഞാൻ എന്റെ പ്രൊഫൈൽ പിക്ചർ മാറ്റിയിരിക്കും.അപ് ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോയിലും കിട്ടുന്ന കമൻറുകളും ലൈക്കുകളും എന്നെ ഹരം കൊള്ളിച്ചിരുന്നു. ഓരോ ഫോട്ടോയും നൂറു ലൈക്കുകൾ കടക്കുമ്പോൾ ട്വന്റി ട്വെന്റിയിൽ സെഞ്ച്വറി തികച്ച ബറ്റ്സ്മാന്റെ ഉന്മാദാവസ്ഥയിൽ ഞാൻ എത്തുമായിരുന്നു. ഫോട്ടോ ലൈക് ചെയ്ത പെണ്‍ പ്രജകളെ തിരഞ്ഞു പിടിച്ചു ചാറ്റ് ചെയ്തതിനു ശേഷം ഞാൻ ഫൈസ് ബുക്ക്‌ അടച്ചു.ഈ സമയങ്ങളിലെല്ലാം മഴ അവളുടെ ലാസ്യ നൃത്തം തുടരുന്നുണ്ടായിരുന്നു. ബെയറിംഗ് പോയ ഫാനിൻറെ കര കരാ ശബ്ദമില്ലാതെ ഞാൻ ഉറക്കത്തിലേക്ക് തെന്നി മാറി.

                                                        ശീതളമായ കാലാവസ്തയായിരുന്നിട്ട് കൂടി പുലർച്ചെ അഞ്ചു മണിക്ക് തന്നെ അലാറം എഴുന്നേറ്റു.ഉച്ചത്തിൽ അലറിക്കൊണ്ടിരുന്ന അവൻറെ വായ പൊത്തിപ്പിടിച് കട്ടിലിൻറെ ഒരു വശത്തേക്ക് തള്ളിയിട്ടതിന് ശേഷം തലയനക്കടിയിലേക്ക് ഞാൻ തല മൂടി വെച്ചു.അമ്മയുടെ ശകാരം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. കാലം 2700 സെക്കൻറുകൾ കൂടി മുന്നിലേക്ക് പോയെന്നു ക്ലോക്കിലേക്ക് നോക്കിയ ഞാൻ മനസ്സിലാക്കി.പ്രഭാതഭക്ഷണം കഴിച്ചെന്നു വരുത്തി ഇറങ്ങുമ്പോൾ മൊബൈലിൽ  രണ്ടു മിസ്‌ കോളുകൾ കണ്ടു.ബിലിനും അഷ്കറും ആണ്,ഏറനാട് കോത്തിലെ ദിവ്യന്മാർ.വൈകി എഴുന്നേറ്റതിനാൽ ഏറനാട് എക്സ്പ്രസ്സ്‌ മിസ്‌ ആയെന്നും ഇനി മേലിൽ ഇങ്ങനെയൊരു തെറ്റ് ആവർത്തിക്കില്ലെന്നും തൻറെ മേൽ ശിക്ഷണ നടപടികൾ എടുക്കരുതെന്നും അഭ്യർഥിച്ചു കൊണ്ടുള്ള ഒരു എസ് എം എസ് ഞാൻ അവർക്ക് അയച്ചു.

                                              സ്റ്റാർ ബേക്കറിക്ക് അഭിമുഖമായി ബൈക്ക് പാർക്ക്‌ ചെയ്തിട്ട്  ഞാൻ ബസ് സ്റൊപ്പിലെത്തി. ഏതാനം നിമിഷത്തെ കാത്ത് നിൽപ്പിനു ശേഷം ഒരു ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് കിട്ടി. ആലപ്പുഴ മെഡിക്കൽ കോളേജ് ജെംക്ഷനിൽ ബസ്‌ നിർത്തുമ്പോൾ സീതാസ് തിയേറ്ററിൽ മമ്മൂട്ടിയുടെ പടുകൂറ്റൻ ഫ്ലെക്സ്  ഒരു കൂട്ടം ആരാധകർ മഴയെ അവഗണിച്ചും ഒരുക്കുന്നുണ്ടായിരുന്നു.

                                              7.10 ഓടെ ഞാൻ ആലപ്പുഴ റെയിൽവെ സ്റ്റെഷനിൽ എത്തി. സ്റ്റെഷനുള്ളിൽ തന്നെയുള്ള ബുക്ക്‌ സ്റ്റാളിൽ നിന്നും ആലാഖയുടെ പെണ്മക്കൾ വാങ്ങി ബാഗിൻറെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു .പാസ്സെഞ്ചർ മൂന്നാമത്തെ പ്ലാറ്റ് ഫോമിലാണ് കിടന്നിരുന്നത്. ഫ്ലൈ ഓവർ കയറി പാസ്സെഞ്ചരിനടുത്തെക്ക് പോകുമ്പോഴും എൻറെ കണ്ണുകൾ പരിചിത മുഖങ്ങൾ തിരയുകയായിരുന്നു. പക്ഷെ ആരെയും കണ്ടില്ല. ഫ്ലൈ ഓവറിനു സമീപം തന്നെയുള്ള കമ്പാർട്ട് മെന്റിൽ കയറാൻ ഞാൻ തീരുമാനിച്ചു.എന്നാൽ അവിടമാകെ ചെളിവെള്ളം ഒരു തടാകം തീത്തിരുന്നു. ആ തടാകം നീന്തി കടന്നു വേണമായിരുന്നു കയറാൻ. കഴിഞ്ഞയാഴ്ച വാങ്ങിയ   റീബോക്കിന്റെ വെളു വെളുത്ത ഷൂ എന്നെ ആ പ്രയത്നത്തിൽ നിന്നും വിലക്കി.ഞാൻ പുറകിലേക്ക് നടന്നു മറ്റൊരു കമ്പാർട്ട്മേന്റിൽ കയറി.ഭാഗ്യത്തിന് എമർജൻസി വിൻഡോ സീറ്റ് തന്നെ എനിക്ക് കിട്ടി. മഴ തോർന്നിരുന്നതിനാൽ വിൻഡോ മുകളിലേക്ക് കയറ്റി വെച്ച് ബാഗിൽ നിന്നും പഴയ ഒരു ഒരു പത്രക്കടലാസ് എടുത്ത് സീറ്റിലുണ്ടായിരുന്ന വെള്ളത്തുള്ളികൾ തുടച്ചുമാറ്റി. ഈ സമയങ്ങളിൽ പാസ്സെഞ്ചറിന്റെ ആമാശയം യാത്രക്കാരെ കൊണ്ട് നിറഞ്ഞു കൊണ്ടിരുന്നു. ബാഗിൻറെ ഗർഭ പാത്രത്തിൽ നിക്ഷേപിച്ചിരുന്ന പുസ്തകം ഓമനത്വത്തോടെ പുറത്തെടുത്തു ഞാൻ വായന ആരംഭിച്ചു.അപ്പോഴാണ്‌ സീസണ്‍ ടിക്കറ്റ്‌ മൃതിയടഞ്ഞ കാര്യം ഞാൻ ഓർത്തത്. ടിക്കറ്റ്‌ എടുക്കാതെ യാത്ര ചെയ്യാൻ എന്നിലെ പൌര ബോധം എന്നെ അനുവദിചില്ല. ബാഗ് സീറ്റിലേക്ക് സ്ഥാപിച്ചു സീറ്റ് ബുക്ക്‌ ചെയ്തുകൊണ്ട് എതിർവശമിരുന്ന ആളോട് ഞാൻ പറഞ്ഞു.

                                                     " ചേട്ടാ, ഈ ബാഗൊന്നു നോക്കണേ. ഞാനിപ്പോൾ ടിക്കറ്റ്‌ എടുത്തു വരാം." കാർമേഘത്തിനിടയിലൂടെ തട്ടി തടകി വന്ന സൂര്യൻറെ ചീളുകൾ ആ മനുഷ്യൻറെ മാർബിൾ പോലെ മിനുസമായ തലയിൽ തട്ടി റബ്ബർ പന്ത് കണക്കെ എന്റെ കണ്ണിലേക്കു ഇടിച്ചു കയറി.

                                                    വേഗത്തിൽ ഞാൻ ടിക്കറ്റ്‌ കൌണ്ടാറിനരുകിൽ എത്തി.വെള്ളിയാഴ്ച ആയിരുന്നിട്ട് കൂടിയും സാമാന്യം നല്ല രീതിയിൽ തിരക്കുണ്ടായിരുന്നു. ഒച്ചിഴയുന്ന വേഗതയിൽ നീങ്ങി കൊണ്ടിരുന്ന ക്യു എന്നെ മുഷിപ്പിച്ചു. മുക്കിയും മൂളിയും ഒരു വിധത്തിൽ ടിക്കറ്റ്‌ കൌണ്ടാറിനരുകിൽ എത്തി. സ്റ്റാർട്ടിങ്ങ് പോയിൻറ് ആലപ്പുഴ അല്ലാത്തതിനാൽ നിർദാക്ഷണ്യം സീസണ്‍ എനിക്ക് നിഷേധിക്കപ്പെട്ടു. പേഴ്സിൽ നിന്നും തപ്പിപ്പെറുക്കി എടുത്ത പത്തു രൂപയുടെ ചില്ലറ തുട്ടുകൾ ടിക്കറ്റ്‌ കൌണ്ടറിന്റെ വായിലേക്ക് ഞാൻ കൊടുത്തു. തിരികെ കിട്ടിയ ടിക്കെട്ടുമായി മൂന്നാമത്തെ പ്ലാറ്റ് ഫോമിലേക്ക് കുതിക്കുമ്പോൾ റെയിൽ വേയുടെ അന്നൗണ്‍സ്മെന്റ് എൻറെ  ചെവിയിലേക്ക് തുളച്ചു കയറി.

                                             " ആലപ്പുഴ സ്റ്റെഷൻ നിങ്ങൾക്ക് ശുഭ യാത്രയേകുന്നു"  
       
                                            ട്രെയിൻ അതിന്റെ ചലനം തുടങ്ങിയിരിക്കുന്നു. ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നും പാളത്തിലേക്ക്  ചാടിയിറങ്ങി വളരെ വേഗത്തിൽ ഞാൻ ഒരു അഭ്യാസിയെപ്പോലെ രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് ചാടിക്കയറി. മൂന്നാമത്തെ പ്ലാറ്റ് ഫോമിനെ വലയം ചെയ്ത് കിടന്നിരുന്ന ചെളി തടാകത്തെ അവഗണിച്ചു വാതിലിനെ ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ തിളങ്ങുന്ന ഒരു തല പുറത്തേക്ക് നീണ്ടു വരുന്നത് ഞാൻ കണ്ടു.ക്ഷണനേരത്തേക്കേ ആ തല പുറത്ത് ദ്രിശ്യമായുള്ളൂ. തൊട്ടടുത്ത നിമിഷത്തിൽ തന്നെ ആമ സ്വന്തം തോടിനുള്ളിലേക്ക്  തല വലിക്കുന്നത് പോലെ വജ്ര ശോഭ വിതറിയ ആ തല പാസ്സെഞ്ചറിന്റെ ഉദരത്തിലെക്ക് തിരിച്ചു കയറി.ആ തല കണ്ട കമ്പാർട്ട് മെന്റ് ലക്ഷ്യമാക്കി ഞാൻ കുതിച്ചു. ഒരു വിധത്തിൽ ഞാൻ ചാടിക്കയറി. തലക്കുള്ളിലെക്ക് മലവെള്ള പാച്ചിൽ പോലെ രക്തം ഇരച്ചു കയറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. പള പളാ തിളങ്ങിക്കൊണ്ടിരുന്ന എന്റെ പുതു പുത്തൻ റീബോക്കിന്റെ ഷൂസിനു ചുറ്റും ചെളി ഒരു പുറ്റു കണക്കെ പറ്റിപ്പിടിച്ചിരുന്നു. ഹൗ! വല്ലാത്ത ദുർഗന്ധം.ആ ദുർഗന്ധവും പേറി കിതച്ചു കൊണ്ട് ഞാൻ എന്റെ സീറ്റിലെത്തി. സീറ്റിലേക്ക് നോക്കിയാ ഞാൻ ഞെട്ടി. അവിടം ശൂന്യമായിരുന്നു. ഓ ഗോഡ് , ആയിരത്തി അഞ്ഞൂറ്  രൂപ വിലയുള്ള  അമേരിക്കൻ ടൂറിസ്റ്റെറിന്റെ എന്റെ ബാഗ് അപ്രത്യേക്ഷമായിരിക്കുന്നു.ഒരു വിധത്തിൽ ശ്വാസോച്ഛാസത്തെ നിയന്ത്രിച്ചു കൊണ്ട് ബാഗ്‌ നോക്കാൻ ഏല്പിച്ച മാർബിൾ തലയനോട് ചോദിച്ചു.

                                               " ചേട്ടാ, എന്റെ ബാഗ്?"

                                   അപ്പോഴാണയാൾ എന്നെ കണ്ടത്." അയ്യോ മോൻ കയറിയായിരുന്നോ?മക്കൾ കയറിയില്ലെന്നു കരുതി ഞാനത് പ്ലാറ്റ്ഫോമിലേക്കിട്ടു."

                                              ഒരു നിമിഷത്തെ നിശബ്ദത.വിന്ഡോ സീറ്റിലൂടെ പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത് ചെളി സമുദ്രത്തിൽ റ്റൈറ്റാനിക് കപ്പൽ  പോലെ മുങ്ങി താണു കൊണ്ടിരുന്ന എന്റെ ആയിരത്തി അഞ്ഞൂറ് രൂപ വിലയുള്ള അമേരിക്കൻ ടൂറിസ്റ്റെർ ബാഗാണ്.

Monday 10 June 2013

ആകസ്മികം

  ആകസ്മികം


                                  വല്ലാത്ത ക്ഷീണം.കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.എപ്പോഴാണവൾ സ്വന്തം ശരീരം എന്നിൽ നിന്നും പറിചെടുത്തത്, അറിയില്ല.ഞാൻ ചുറ്റും നോക്കി. ഒഴിഞ്ഞ മദ്യ കുപ്പികൾ. സിഗരറ്റിന്റെ ചാരം ആഷ് ട്രേയിൽ ഒരു ഹിമാലയം തീത്തിരിക്കുന്നു.വല്ലാത്ത തലവേദന.താഴെക്കിടന്നിരുന്ന ലുങ്കി ചുറ്റി പതിയെ ബെഡ്‌ഡിൽ നിന്നും എണീറ്റു.

                                ഇത്തരത്തിലുള്ള ആഘോഷം മാസത്തിൽ  ഒന്നോ രണ്ടോ പ്രാവശ്യം പതിവാണ്. ആഘോത്തിനു ശേഷം മനസ്സിനും ശരീരത്തിനും ഒരു പുത്തനുണർവ്  കിട്ടാറാണ്  പതിവ്.ഇന്നെന്തോ അതിനു ഒരു വ്യതിയാനം സംഭവിച്ചിരിക്കുന്നു. ഹൃദയത്തിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു തരം  വിങ്ങൽ.നടക്കുമ്പോഴും അതിനുള്ള കാരണം തിരയുകയായിരുന്നു എന്റെ മനസ്സ്.


                             ഹാളിൽ ജോമും ഹാഷിമും ബോധം കെട്ടുങ്ങുകയാണ്.ഞാൻ ക്ലോക്കിലേക്ക് നോക്കി. പത്തു മണി.


                             " ഡാ എഴുന്നേൽക്ക്, പത്തു മണിയായി".ഇന്നലത്തെ അധ്വാനം അവരെ ശരിക്കും തളർത്തിയിട്ടുണ്ടെന്നു എനിക്ക് മനസ്സിലായി.


                                ഞാൻ, ജോം, ഹാഷിം. മൂന്നു ശരീരമായിരുന്നെങ്കിലും ഒരേ മനസ്സായിരുന്നു  ഞങ്ങൾക്ക്.ചിന്താഗതികളിലെയും അഭിരുചികളിലെയും പൊരുത്തുങ്ങളായിരിക്കാം ഒന്നാം ക്ലാസിൽ തുടങ്ങിയ സൌഹൃദം ഇപ്പോഴും നിലനില്ക്കാൻ കാരണം. പഴകും തോറും വീര്യം കൂടുന്ന ഒരു രം  വീഞ്ഞായിരുന്നു ഞങ്ങളുടെ സൌഹൃദം.


                                 ഒരു തരത്തിൽ പറഞ്ഞാൽ  ഇതെന്റെ രണ്ടാം ജന്മമാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പുണ്ടായ ആക്സിടെന്റ്റ് രക്ത ബന്ധങ്ങളിലെ ജീത തനിക്കു കാട്ടി തന്നു. പത്തു മാസത്തെ ആശുപത്രി വാസം....******* ഹോസ്പിറ്റൽ അക്ഷരാർഥത്തിൽ എനിക്കൊരു ഗർഭ പാത്രമായിരുന്നു. സൗഹ്രിദമാകട്ടെ ഈ ജന്മത്തിലെക്കുള്ള പോക്കിൾക്കൊടിയും. ശരീരം ഹൃദയത്തെ പൂർണമായും സ്വീകരിച്ചു  എന്ന തിരിച്ചറിവിനു ശേഷം ജീവിതം വർണാഭമായി മാറുകയായിരുന്നു.


                               കാപ്പി തയ്യാറാക്കി വരുമ്പോൾ രണ്ടുപേരും സോഫയിൽ ചമ്രം പിടിച്ചിരിപ്പുണ്ടായിരുന്നു. ഹാഷിമിന്റെ എപ്പാടായിരുന്നു ഇന്നലത്തേത്.


                                 " ഏതാടാ ഹാഷിമേ ഇന്നലത്തെ ഉരുപ്പിടി?"


                                  " എങ്ങനെയുണ്ടായിരുന്നു?"

                               " അല്പ്പം ചവിട്ടും കുത്തുമൊക്കെയുണ്ടായിരുന്നു. എങ്കിലും  കൊള്ളാം."

                                 "കൂടെ വന്ന പയ്യനില്ലേ, അവൻ വളച്ചു കൊണ്ട് വന്നതാ."


                                 "കള്ളക്കാമുകന്മാർക്കു സ്തോത്രം, എന്തെന്നാൽ നിങ്ങൾ ഞങ്ങൾക്കായി അത്താഴമൊരുക്കുന്നു." വേദ വാക്യം പറയും പോലെ ജോം മന്ത്രിച്ചു.

                         
                                    "നിനക്കെന്ത് പറ്റിയെടാ?"

                                    "ഹേ ഒന്നുമില്ല." ഞാൻ പറഞ്ഞു. " അല്ല നിന്റെ  മുഖം കണ്ടിട്ട്  ഒരു വല്ലായ്ക പോലെ, സുഖമില്ലേ?" " ഒന്നുമില്ലെന്ന്പറഞ്ഞില്ലേ " ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റു.


                                      "എടാ കൊന്നാൽ പാപം തിന്നാൽ തീരുമെന്നാ.അവൻ ചോദിച്ച പണം കൊടുത്തിട്ടുണ്ട്. നമ്മൾ അറിഞ്ഞില്ലല്ലോ അവൻ പണി കൊടുത്തു കൊണ്ടുവന്നതാണെന്നു."


                                     ഞാൻ റൂമിലേക്ക്‌ തിരിച്ചു. മനസ്സാകെ അസ്വസ്തമായിരിക്കുന്നു. അരുതാത്തത് എന്തോ ചെയ്തിരിക്കുന്നു എന്ന ഒരു തോന്ന.


                                     ഷവറിനടിയിൽ നില്ക്കുമ്പോഴും മനസ്സ് സിഗരറ്റിൽ പറ്റിപ്പിടിച്ച തീ കണക്കെ പുറകോട്ട് കുതിക്കുകയായിരുന്നു. സ്വന്തമെന്നു പറയാൻ ഇന്ന് തനിക്കാരുണ്ട്.? ആരുമില്ല. മിടിച്ചു കൊണ്ടിരിക്കുന്ന ഈ ഹൃദയം പോലും തന്റെ സ്വന്തമല്ല. താൻ വെറുമൊരു കാവൽക്കാരൻ മാത്രം. ആക്സിടെന്റ്റ് നടന്നതിന്റെ രണ്ടാഴ്ച കഴിഞ്ഞാണ് തനിക്കു ബോധം തിരിച്ചു കിട്ടിയത്. പത്ര കട്ടിങ്ങ്സുകളിലൂടെ അറിഞ്ഞു താൻ ഇപ്പോൾ മറ്റൊരാളിൽ നിന്ന് ദാനം കിട്ടിയ ഹൃദയത്തിന്റെ കാവൽക്കാരൻ ആയെന്നു.എത്ര നാൾ ആ മിടിപ്പ് തന്നോടൊപ്പം ഉണ്ടാകും എന്നറിയില്ല. ഒരിക്കൽ പോലും തനിക്കായി ജീവിച്ചിരുന്നില്ല എന്ന തിരിച്ചറിവ് ആശുപത്രി കിടക്ക വിട്ടെണീറ്റ  തന്റെ ചിന്താഗതികളെ അപ്പാടെ മാറ്റി മറിക്കുകയായിരുന്നു.


                                      ഷവറിനടിയിലെ നിമിഷങ്ങൾ  എന്റെ മനസ്സൊന്നു ശാന്തമാക്കി. തല തുവർത്തിക്കൊണ്ട് ഞാൻ റൂമിലെത്തി. അലമാരയിൽ നിന്നും കൂട്ടത്തിൽ നല്ലതെന്ന് തോന്നിച്ച ഒരു ഷർട്ടും പാന്റ്സും സെലക്ട്‌ ചെയ്തു. ട്രെസ്സിംഗ് കോഡ് ഒരിക്കൽ പോലും നോക്കിയിട്ടില്ല ഞാൻ. പക്ഷെ ജോം, ഡ്രസ്സ്‌ കോഡിൽ വിട്ടു വീഴ്ച ചെയ്യാത്ത ഒരു ആളാണ്‌. ബ്രാന്റഡ് ഐറ്റംസിനായി ഏത് പാതാളം വരെ പോകാനും  അവൻ ഒരുക്കമാണ്. അലമാരയിലെ കണ്ണാടിക്ക് മുന്നില് കസർത്ത് കാണിക്കുന്നതിനടയിൽ ആണ് അലമാരയുടെ അടുത്ത് തന്നെയുള്ള മേശയിൽ ഇരുന്ന ബാഗ്‌ ഞാൻ ശ്രദ്ധിച്ചത്. കഴിഞ്ഞ ദിവസം വന്ന പെണ്‍കുട്ടിയുടെത് ആണ് അതെന്നു എനിക്ക് മനസ്സിലായി. അത് വീണ്ടും എന്നിൽ അസ്വസ്ഥതയുടെ വസൂരിക്കുത്തുകൾ ഉണ്ടാക്കി. അത്യുച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ ഞാൻ ആ ബാഗിന് അരികിലെത്തി. അത് തുറക്കുമ്പോൾ എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.കഴിഞ്ഞ രാത്രിയുടെ അന്ത്യത്തിൽ ഞാൻ അവൾക്കു നല്കിയ പണവും പിന്നെ കുറെ ലേഡീസ് ഐറ്റംസുമാണ് അതിൽ ഉണ്ടായിരുന്നത്.യാതാസ്ഥാനത്തെക്ക് ബാഗ് തിരിച്ചു വെക്കുന്നതിനിടയിൽ ആണ് അതിലിരുന്ന ഫോട്ടോ എന്റെ ശ്രദ്ധയിൽ പെട്ടത്.അതിൽ ആ കുട്ടിയും അതിന്റെ മാതാ പിതാക്കൾ എന്ന് തോന്നിക്കുന്ന രണ്ടുപേരും ആണ് ഉണ്ടായിരുന്നത്. ആ കുട്ടിയിൽ നിന്നും അച്ഛനിൽ നിന്നും വഴുതി മാറിയ എന്റെ കണ്ണുകൾ അമ്മയിൽ ഉടക്കി നിന്നു.പെട്ടന്ന് എന്റെ ശരീരമാകെ വെട്ടി വിയർക്കാൻ തുടങ്ങി. ഓരോ രോമ കൂപങ്ങളിൽ നിന്നും ചൂട് ലാവ പ്രവഹിക്കുന്നത് പോലെ പുറത്തേക്ക് വന്നത് വിയപ്പായിരുന്നില്ല, ചുടു രക്തമായിരുന്നു.ചുടലപ്പറമ്പിലെ പാതി വെന്ത ശരീരങ്ങൾ എന്റെ ചുറ്റും നിന്ന് ശാപ വചസ്സുകൾ ഉതിക്കുന്നതായി എനിക്ക് തോന്നി. ഉച്ചത്തിൽ കരയാൻ ഞാൻ.ആഗ്രഹിച്ചു  പക്ഷെ എന്റെ ജിഹ്വയെ ആരോ താഴേക്കു വലിച്ചു കെട്ടിയിരുന്നു. ഞാൻ ഒരിക്കൽ കൂടി ആ ഫോട്ടോയിലേക്ക്‌ നോക്കി. അത് അവരായിരുന്നു, എന്റെ ഹൃദയത്തിന്റെ ഉടമ. എന്റെ ശരീരത്തിൽ അപ്പോഴും മിടിച്ചിരുന്നത് ആ അമ്മയുടെ ഹൃദയമാണെന്ന തിരിച്ചറിവ് സകല  നാഡി  ഞരമ്പുകളെയും തളത്തി. എന്റെ കണ്ണുകളിൽ നിന്നും വെളിച്ചത്തിന്റെ അവസാന തുള്ളിയും നഷ്ടപ്പെടുന്നതിനിടയിൽ  ഞാൻ അറിഞ്ഞു, എന്റെ പുരുഷത്വത്തിൽ നിന്നും നൂറു കണക്കിന് പുഴുക്കൾ രൂപമെടുത്തു കൊണ്ടിരിക്കുന്നുവെന്ന്.