Sunday 5 October 2014

ധൂളികള്‍....

                                  കൃത്യമായി പറഞ്ഞാല്‍ ഇരുപത്തി അഞ്ച് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു ഗൗതമന്‍ ഉണര്‍ന്നത്.പരസ്പരം ആലിംഗന ബദ്ധരായി കിടന്ന കണ്‍പോളകളെ അകറ്റാന്‍ അയാള്‍ക്ക്‌ അല്‍പ്പ സമയം പണിപ്പെടേണ്ടി വന്നു." ഞാനിതെവിടെയാണ്‌" കണ്ണുകള്‍ കാഴ്ചകളുമായി പൊരുത്തപ്പെട്ടെങ്കിലും അതിനു മടിച്ചു നിന്ന തലച്ചോര്‍ അയാളോട് ചോദിച്ചു.അയാള്‍ ചുറ്റും നോക്കി. വളരെ ഭംഗിയുള്ള മുറിയായിരുന്നു അത്.  എല്ലാ കോണുകളിലും പാകമായ അളവില്‍ ആണ് പ്രകാശം പറ്റി നിന്നിരുന്നത്.ഈട്ടിയിലും തേക്കിലും പണിത ഫര്‍ണീച്ചറുകള്‍ ഒരു പ്രത്യേക രീതിയില്‍ ഭംഗിയായി ക്രമീകരിച്ചിരുന്നു. അതില്‍ ഓരോന്നിലും ഉള്ള കൊത്തുപണികള്‍ തച്ചന്‍റെ കഴിവിനെ വിളിച്ചോതുന്ന തരത്തിലാണ്. ആ മുറിയുടെ ഒത്ത മദ്ധ്യത്തിലായി സിംഹാസനം എന്ന് തോന്നിക്കുന്ന തരത്തില്‍ ഒരു കസേര കിടന്നിരുന്നു. ആ മുറിയില്‍ ആകമാനം മധുരിക്കുന്ന വായു തങ്ങി നിന്നിരുന്നു.

                                  ഗൗതമന്‍ പതിയെ എഴുന്നേറ്റു. അയാളെ കാത്തിട്ടെന്നവണ്ണം വാതില്‍ പടിയില്‍ നിന്നിരുന്ന ഒരാള്‍ കൈകള്‍ കൊണ്ട് എന്തോ ആംഗ്യം കാണിച്ചു പുറം തിരിഞ്ഞു നടന്നു തുടങ്ങി. അയാളെ അനുഗമിക്കാനുള്ള സൂചനയായി കണക്കിലെടുത്ത ഗൗതമന്‍ നിഴല് പോലെ അയാളോടൊപ്പം നടന്നു തുടങ്ങി.

                                  നടക്കുന്നതിനിടയില്‍ ഗൗതമന്‍റെ നോട്ടം ആ അപരിചിതനില്‍ ആയിരുന്നു. ആറടിക്ക്മേല്‍ ഉയരമുണ്ടായിരുന്ന അയാളുടെ ശരീരമാകമാനം അഴുക്കു പുരണ്ടിരുന്നു. അയാള്‍ താടി നീട്ടി വളര്‍ത്തിയിട്ടുണ്ടായിരുന്നു. തലമുടി മുകളിലേക്ക് വെച്ച് കെട്ടിയിരിക്കുന്നതില്‍ നിന്നും അയാള്‍ ഒരു സര്‍ദാര്‍ജി ആയിരിക്കുമെന്ന് ഗൗതമന്‍ഊഹിച്ചു. പഠിക്കുന്ന സമയത്ത് ഹിന്ദിഎന്ന വിഷയത്തിനു വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്ന തന്‍റെ ഉദാസീനതയെ ആനിമിഷം അയാള്‍ ശപിച്ചു.

                                           ഇപ്പോള്‍ അവര്‍ നടന്നിരുന്നത് ഒരു ഇടനാഴിയിലൂടെയാണ്. ഇരു വശത്തെ ഭിത്തിയില്‍ നിന്നും താഴേക്ക് ഒലിച്ചിറങ്ങിയ മലിന ജലം അവിടെയാകമാനം തളം കെട്ടി നിന്നിരുന്നു. ഹോ, വല്ലാത്ത ദുര്‍ഗന്ധം. നാസികയുടെ ഇരു വിടവുകളും അടക്കുനതിനായി ഗൗതമന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ക്ക് തന്‍റെ ഇരു കരങ്ങളും ഒന്നനക്കുവാന്‍ പോലും കഴിഞ്ഞില്ല. ഇതെന്തൊരു അത്ഭുതം. ശ്വാസം പിടിച്ചു നില്‍ക്കുവാനായി അടുത്ത ശ്രമം. എന്നാല്‍ അതിനും അയാള്‍ക്ക് സാധിച്ചില്ല.

                                    " എന്തൊരു നാശം പിടിച്ച സ്ഥലമാണിത്?" അയാള്‍ പിറ് പിറുത്തു. അവിടെയാകെ തങ്ങി നിന്നിരുന്ന ദുര്‍ഗന്ധം തന്‍റെ വയറിനുള്ളിലുള്ള സകലതിനെയും പുറത്തേക്ക് തള്ളാന്‍ അയാളെ പ്രേരിപ്പിച്ചു.


                                     ഒരു വലിയ ഹാളിലായിരുന്നു അവരുടെ യാത്ര അവസാനിച്ചത്.ആ വലിയ മുറിയുടെ നാല് ചുവരുകളില്‍ നിന്നും എവിടെ നിന്നെന്നറിയാതെ മലിന ജലം താഴേക്കു ഒഴുകിക്കൊണ്ടിരുന്നു. അവിടെയുണ്ടായിരുന്ന സകലമാന ഫര്‍ണീച്ചറുകളിലും അഴുക്ക് പുരണ്ടിരുന്നു. താഴേക്ക് ഒഴുകിക്കൊണ്ടിരുന്ന മാലിന്യം അവിടം ഒരു ചെറു സമുദ്രമാക്കി മാറ്റി.

                                        സര്‍ദാര്‍ജി ഗൗതമന്‍റെ മുന്നിലേക്ക്‌ ഒരു ബക്കറ്റും ക്ലീനിംഗ് ഉപകരണങ്ങളും വെച്ച് കൊടുത്തു. ആ മുറിയില്‍ അവരെക്കൂടാതെ മറ്റനേകം പേര്‍ ഉണ്ടായിരുന്നു.അവരെല്ലാം തന്നെ ക്ലീനിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അവരെ ഓരോരുത്തരെയും വീക്ഷിച്ച ഗൗതമന്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടു. അവിടെ അയാള്‍ക്ക് ഇന്ത്യക്കാരെ മാത്രമല്ല, പാകിസ്ഥാനികളെയും ശ്രീലങ്കക്കാരെയും ബ്രിട്ടീഷുകാരെയും അമേരിക്കക്കാരെയും കാണുവാന്‍ കഴിഞ്ഞു. അവിടെ മംഗോളിയന്‍ മുഖമുള്ളവരും കൊറിയന്‍ മുഖമുള്ളവരും ചൈനീസ് മുഖമുള്ളവരും ഉണ്ടായിരുന്നു. അവിടെ ലോകം മുഴുവനും ഉണ്ടായിരുന്നു. എന്നാല്‍ അവരാരും തന്നെ ഗൗതമനെ പരിചയപ്പെടാനോ ഒന്ന് കുശലം പറയാനോ സന്നദ്ധത പ്രകടിപ്പിച്ചില്ല. അവരെല്ലാം അവരവരുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു.

                            " ഏതു നരകത്തിലാണീശ്വരാ ഞാനിതെത്തിപ്പെട്ടിരിക്കുന്നത്?" ഗൗതമന്‍റെ അസ്വസ്ഥത കണ്ട സര്‍ദാര്‍ജി അയാളുടെ സമീപത്തേക്ക് വന്നു.

                                     " സുഹൃത്തേ " സര്‍ദാര്‍ജി പതിഞ്ഞ ശബ്ദത്തില്‍ ഗൗതമനെ വിളിച്ചു.

                               ഗൗതമന്‍ അത്ഭുതസ്തബ്ധനായി. ഉറക്കമെണീറ്റ നിമിഷം മുതല്‍ അത്ഭുതങ്ങള്‍ ഒരു ഘോഷയാത്രയായി അയാളിലൂടെ കടന്നു പോവുകയായിരുന്നു. ഇപ്പോളിതാ ഗൗതമന്‍റെ ഭാഷയിലൂടെ സര്‍ദാര്‍ജിയും അയാളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

                                 സര്‍ദാര്‍ജി പറഞ്ഞു തുടങ്ങി.

              " ഏതാണീ സ്ഥലമെന്ന അങ്കലാപ്പിലായിരിക്കും താങ്കള്‍. മനുഷ്യര്‍ സ്വര്‍ഗമെന്നും നരകമെന്നും തരം തിരിച്ച് വിശ്വസിക്കുന്ന ദൈവ സന്നിധിയാണിവിടം."

വല്ലാത്തൊരു നടുക്കത്തോടെയാണ് സര്‍ദാര്‍ജിയുടെ വാക്കുകള്‍ ഗൗതമന്‍റെ ചെവികളിലൂടെ കടന്നു പോയത്. ഗൗതമന്‍റെ  മനസ്സിലുള്ളത് വായിച്ചിട്ടെന്ന പോലെ സര്‍ദാര്‍ജി തുടര്‍ന്നു.

                          " അതെ സുഹൃത്തേ, മനുഷ്യ ജീവിതത്തിന്‍റെ ഏറ്റവും മനോഹരവും അനിവാര്യവുമായ അത്ഭുതവും കടന്നാണ് താങ്കള്‍ ഇന്നിവിടെ എത്തിയിരിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെയെത്തുമ്പോള്‍ എനിക്കും ആദ്യം ഉണ്ടായത് ഇതേ നടുക്കമാണ്."

                             കാല്‍ വെള്ളയിലൂടെ തണുപ്പ് ഗൗതമനിലേക്ക് അരിച്ചു കയറി. സര്‍ദാര്‍ജി തുടര്‍ന്നു.
 "താങ്കള്‍കണ്‍തുറന്നമുറിപോലെശുദ്ധവുംസുന്ദരവുമായിരുന്നുപണ്ടിവിടംമുഴുവന്‍.എന്നാല്‍മനുഷ്യന്‍റെപ്രവര്‍ത്തനങ്ങള്‍അനുനിമിഷംഇവിടംമലിനമാക്കിക്കൊണ്ടിരിക്കുകയാണ്. മനുഷ്യനെതെറ്റില്‍നിന്നും പിന്‍തിരിപ്പിക്കാനുള്ള ഉപാധിയായിട്ടായിരുന്നു ഈശ്വരനും ദേവാലയങ്ങളും അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇന്നോ, ചെയ്ത തെറ്റുകള്‍ കഴുകി കളയാനുള്ള ഒരിടമാക്കി അതിനെ അവര്‍ മാറ്റി."

                              സത്യത്തിനൊപ്പം മുറിയിലെ ദുര്‍ഗന്ധവും ഗൗതമന്‍റെ തലച്ചോറിലേക്ക് ഇടിച്ചു കയറി. അയാളപ്പോള്‍ തന്‍റെ മൂക്ക്പൊത്താനുള്ള ഒരു വൃഥാ ശ്രമം നടത്തി. അത് മനസ്സിലാക്കിയിട്ടെന്ന വണ്ണം സര്‍ദാര്‍ജി തുടര്‍ന്നു.

                                          " സുഹൃത്തെ, താങ്കള്‍ക്കതിനു കഴിയില്ല. മനുഷ്യ ജന്മം പൂണ്ടിരുന്ന വേളയില്‍ ഞാനും താങ്കളും അടക്കമുള്ളവര്‍ ചെയ്തു കൂട്ടിയ പാപത്തിന്‍റെ ഗന്ധമാണിത്. അത് അനുഭവിക്കുന്നതില്‍ നിന്നും ഒരു മോചനം സാധ്യമല്ല."

                          സര്‍ദാര്‍ജി സംസാരിക്കുന്നതിനിടയിലും തന്‍റെ ക്ലീനിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു.

                  "താങ്കള്‍ അതിശയപ്പെടുന്നുണ്ടാകും ഞാന്‍എങ്ങനെ താങ്കളുടെ ഭാഷ സംസാരിക്കുന്നതെന്ന്. ഞാനൊരിക്കലും താങ്കളുടെ ഭാഷയില്‍ അല്ല സംസാരിക്കുന്നത്, എന്‍റെഭാഷയില്‍ ആണ്."

                         അവരുടെ സംഭാഷണത്തിന് ക്ഷണ നേരത്തേക്ക് ഭംഗം വരുത്തി ചുവന്നു തുടുത്ത ഒരുവസ്തു അവരുടെ മുന്നില്‍ വന്നു വീണു. അത് അവിടുത്തെ മലിന സമുദ്രത്തില്‍ പൊങ്ങിക്കിടന്നു. ആ വസ്തുവിനെ നോക്കി സര്‍ദാര്‍ജി പറഞ്ഞു.

                          " പെണ്‍കുട്ടിയായതിന്‍റെ പേരില്‍ മാത്രം ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട മനുഷ്യ ഭ്രൂണമാണത്"

                        അത് കണ്ട ഗൗതമന് മനം പുരട്ടലുണ്ടായി. എന്നാല്‍ അയാള്‍ക്കത് ശര്‍ദ്ദിച്ചു പുറത്തേക്ക് കളയാനുള്ള അനുവാദമില്ലായിരുന്നു. അസ്വസ്ഥതയുളവാക്കികൊണ്ട് ആ ചവര്‍പ്പ് അയാളുടെ വായ്ക്കുള്ളില്‍ തന്നെ കിടന്നു.

                            ഈ സമയം ദൂരത്തെവിടെ നിന്നോ വന്ന ഒരു വ്യക്തി ആ മനുഷ്യ ഭ്രൂണത്തെ ഓമനത്തത്തോടെ കയ്യിലെടുത്ത് നടന്നകന്നു. ആ രൂപത്തിന്‍റെ ശരീരവും മാലിന്യത്താല്‍ മൂടപ്പെട്ടിരുന്നു,താടിയും മുടിയും നീട്ടി വളര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ ഗൗതമന് ആ വ്യക്തിയുടെ മുഖം കാണുവാന്‍ സാധിച്ചില്ല. മുഖഭാഗത്ത് നിന്നും പുറപ്പെട്ടിരുന്ന ചൈതന്യ പ്രഭാപൂരം തന്‍റെ കണ്ണുകളെ ഇറുക്കി അടപ്പിക്കാന്‍ ഗൗതമനെ നിര്‍ബന്ധിതനാക്കി. ദൂരേക്ക് നടന്നകന്ന ആ രൂപത്തെ നോക്കി സര്‍ദാര്‍ജി പതുക്കെ പറഞ്ഞു.

                        " വിവിധ പേരുകളിലും വിവിധ രൂപങ്ങളിലും മനുഷ്യര്‍ ആരാധിക്കുന്ന ഈശ്വരനാണത്."


                   ഒരു വിറയല്‍ ഗൗതമന്‍റെ ശരീരത്തെ പിടിച്ചുലച്ചു. സര്‍ദാര്‍ജി തുടര്‍ന്നു.

                                "മുപ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ സുന്ദര വദനം കാണാന്‍ ഇനിയും എനിക്ക്അനുവാദം ലഭിച്ചിട്ടില്ല."

                               കാലം തെറ്റി വന്ന മഴ ഗൗതമന്‍റെ ശരീരത്തെ നനയിച്ചു. ജീവനറ്റ്  കിടന്ന അയാളുടെ ശരീരത്തില്‍ വീണത് അവിടെ കൂടി നിന്നവരുടെ ഹൃദയങ്ങള്‍ ആയിരുന്നില്ല, മറിച്ച് മൊബൈല്‍ ക്യാമറ കണ്ണുകള്‍ ആയിരുന്നു.....