Sunday 21 September 2014

ചെറുതിരി വെട്ടം

                 പാതി താഴ്ത്തി വെച്ചിരുന്ന ഗ്ലാസ്സിന്‍റെ വിടവിലൂടെഅകത്തേക്ക് കയറിയ മകര മാസത്തിലെ തണുത്ത കാറ്റ് അയാളുടെ നട്ടെല്ലിനു ചുറ്റും ധ്രുവ പ്രദേശം സൃഷ്ടിച്ചു.അന്തരീക്ഷത്തില്‍ അങ്ങിങ്ങായി അപ്പൂപ്പന്‍ താടികള്‍ പോലെ മഞ്ഞു തത്തി തത്തി നിന്നിരുന്നത് ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ അയാള്‍ക്ക്‌ കാണുവാന്‍ സാധിച്ചു. സീറ്റിനു പുറകില്‍ വെച്ചിരുന്ന അമേരിക്കന്‍ ടൂറിസ്റ്ററിന്‍റെ ബാഗില്‍ ഭംഗിയായി അടുക്കി വെച്ചിരുന്ന ഡ്രെസ്സുകള്‍ക്കിടയില്‍ നിന്നും കമ്പിളിയുടെ ഒരു പുത്തന്‍ ഷീറ്റെടുത്ത് അയാള്‍ തന്‍റെ ശരീരത്തെ ഭാഗീകമായി പുതച്ചു. കഴിഞ്ഞ തവണ ദുബായിലെ മലയാളി സമാജത്തിന്‍റെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഒരു ആരാധകന്‍ സമ്മാനിച്ചതായിരുന്നു അത്. ബാഗിന്‍റെ മറ്റൊരറയില്‍ നിന്നും റോത്ത്മാന്‍സിന്‍റെ സിഗരെറ്റ്‌ പാക്കെറ്റില്‍ നിന്നും ഒന്നെടുത്തു ചുണ്ടില്‍ വെച്ച് തീ പറ്റിച്ചു.ചുണ്ടുകളില്‍ നിന്നും ശരീരത്തിലേക്ക് പടര്‍ന്ന ചെറു ചൂട് അയാള്‍ക്ക്‌ തെല്ലൊരാശ്വാസം നല്‍കി.
                 " തണുക്കുന്നുണ്ടെങ്കില്‍ ഗ്ലാസ് അടച്ചോളൂ സര്‍", ക്ഷണ നേരത്തേക്ക് തല നൂറ്റി എണ്‍പത് ഡിഗ്രി പുറകിലേക്ക് തിരിച്ചു ഡ്രൈവര്‍ പറഞ്ഞു.
                   അയാളുടെ പുതച്ചു മൂടിയുള്ള ഇരിപ്പ് കണ്ടത് കൊണ്ടായിരുന്നു ഡ്രൈവര്‍ അങ്ങനെ പറഞ്ഞത്. അയാള്‍ എപ്പോഴും അങ്ങനെ തന്നെയായിരുന്നു. വേനല്‍ക്കാലത്ത് മാത്രമല്ല,മഴക്കാലത്തും, എന്തിനു മഞ്ഞു കാലത്ത് പോലും എ.സി. അതിന്‍റെ പരമാവധി വോളിയത്തില്‍ വെച്ച് പുതപ്പു തലവഴിയിട്ട് മൂടി അതും കൂടാതെ തലയണയുടെ അടിയില്‍ തലയും പൂഴ്ത്തി ഒരു ഒട്ടകപ്പക്ഷിയെപ്പോലെയാണ് നിത്യവും അയാള്‍ ഉറങ്ങിയിരുന്നത്.അത്തരത്തിലുള്ള ഉറക്കമായിരുന്നു അയാള്‍ക്ക്‌ സുഖവും സംതൃപ്തിയും നല്‍കിയിരുന്നത്.
                      ഡ്രൈവറുടെ വാക്കുകള്‍ക്കു ഒരു ചെറു പുഞ്ചിരിയിലൂടെ മറുപടി നല്‍കി അയാള്‍ തന്‍റെ ഓര്‍മയിലേക്കിറങ്ങി. ചുണ്ടില്‍ ഒട്ടിപ്പിടിച്ചിരുന്ന സിഗരറ്റില്‍ പറ്റിയ തീ കണക്കെ കാലവും പുറകിലേക്ക് കുതിച്ചു.
          സ്വന്തം സംതൃപ്തിക്ക് വേണ്ടി മാത്രമായിരുന്നു ആദ്യമൊക്കെ അയാള്‍ എഴുതിയിരുന്നത്. പ്രസിദ്ധീകരണങ്ങളില്‍ അയച്ചു കൊടുത്താല്‍ ബൂമാറാങ്ങ് പോലെ  തിരിച്ചു വരുമെന്ന ഭയം ആദ്യ നാളുകളില്‍ അയാളുടെ ഉള്ളിന്‍റെ ഉള്ളില്‍  ആഴത്തില്‍ വേരോടിയിരുന്നു. ഒരു നാളെപ്പോഴോ ആ ഭയം അയാളില്‍ നിന്നും പിഴുതെറിയപ്പെട്ടു. ചെരുവരികള്‍ മുഴു കഥകളായി രൂപപ്പെട്ടു. എന്നാല്‍ പ്രോത്സാഹനം ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന പലരില്‍ നിന്നും അത് കിട്ടാതായപ്പോള്‍ ആദ്യമൊന്നു പതറി. എന്തെങ്കിലുമൊക്കെ എഴുതണം എന്ന ആഗ്രഹം മാത്രമാണ് അയാളെ നിലനിര്‍ത്തിയത്.
                 ഇന്നയാള്‍ മലയാള സാഹിത്യത്തിലെ നിറസാനിധ്യമാണ്. അയാളുടെ അക്ഷരങ്ങള്‍ക്ക് സ്വര്‍ണത്തിന്‍റെ വിലയുണ്ടിന്ന്‍.അയാളുടെ ഓരോ പുസ്തകങ്ങളും പത്തും ഇരുപതും പതിപ്പുകളിലൂടെയാണിന്ന് സഞ്ചരിക്കുന്നത്. അയാളുടെ വയറും മനസ്സും എപ്പോഴും നിറഞ്ഞു തന്നെ നിന്നു. സര്‍ക്കാരും സര്‍ക്കാരിതര സ്ഥാപനങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന പുരസ്കാര ഫലകങ്ങള്‍ക്കു പലതിനും ഷോ കേസില്‍ ഇരിക്കുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. അവയില്‍ പലതിനും സ്ഥാനം സ്റ്റോര്‍ റൂമിലെ ചാക്കിനകത്തായിരുന്നു.ആകെ വിയര്‍ത്തു,പൊടിയില്‍ കുളിച്ച്,ശ്വാസം മുട്ടി അവ കരഞ്ഞു കൊണ്ട് അവിടെ കിടന്നു. അവയുടെ രോദനം അയാളൊരിക്കലും കേട്ടില്ല.അയാളുടെ വയറും മനസ്സും എപ്പോഴും നിറഞ്ഞു തന്നെ നിന്നു.
                      ഒരുകാലത്ത് പ്രോത്സാഹിപ്പിക്കുവാന്‍ പിശുക്ക് കാട്ടിയിരുന്നവര്‍ ഇന്ന് അഭിനന്ദനങ്ങള്‍ നിര്‍ലോഭം അയാളുടെ മേല്‍ ചൊരിയുന്നു. ഇന്ന് അയാള്‍ മലയാളത്തിന്‍റെ ചിഹ്നമാണ്. മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ നടക്കുന്ന സാംസ്ക്കാരിക മേഘലയിലെ വിവിധ തുറകളില്‍ നിന്നും ഉള്‍പ്പെട്ട പ്രമുഖരെ ആരാധിക്കുന്ന ചടങ്ങില്‍ വിശിഷ്ട സ്ഥാനം ലഭിച്ചതും അതൊന്നുകൊണ്ട് മാത്രം.അഭിനന്ദനങ്ങളും പുരസ്കാരങ്ങളും അയാളെ പൂര്‍ണമായും ഉന്മത്തനാക്കി മാറ്റിയിരുന്നു.
                       പാതിയുറക്കത്തില്‍, തന്‍റെ മനോരാജ്യത്തില്‍ ആ നവയുഗ സാഹിത്യകാരന്‍ ആണ്ടുകിടക്കുന്ന അവസരത്തില്‍ അയാളെ വഹിച്ചു പൊയ്ക്കൊണ്ടിരുന്ന കാറിന്‍റെ സാരഥി ആ സമയം ഒരു ശ്രമകരമായ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
                                     റോഡിന്‍റെ മധ്യത്തില്‍ നിന്നിരുന്ന നായയെ ഇടിക്കാതിരിക്കുക എന്ന ശ്രമകരമായ ദൗത്യത്തില്‍ ഏര്‍പ്പെട്ട ആ കാര്‍ റോഡിന്‍റെ ഒരു വശം ചേര്‍ന്ന് ടാറിളക്കി നിന്നു. പെട്ടന്നുണ്ടായ ദിശാവ്യതിയാനത്തില്‍ നിയന്ത്രണം വിട്ട അയാളുടെ ശരീരത്തിന്‍റെ മുന്‍ഭാഗം അനുവാദത്തിനു കാത്ത് നില്‍ക്കാതെ മുന്‍സീറ്റില്‍ ചെന്നിടിച്ചു. ഇതിനിടയില്‍ ചുണ്ടില്‍ ഒട്ടിയിരുന്ന തീമരം അയാള്‍ക്ക്‌ നഷ്ടമായിരുന്നു. വര്‍ത്തമാന കാലത്തിലേക്കിറങ്ങിയ അയാള്‍ക്ക്‌, ഒരു നായയുടെ ജീവന്‍റെയത്ര പോലും തന്‍റെ ജീവന് വില കല്‍പ്പിക്കാത്ത ഡ്രൈവറുടെ പ്രവര്‍ത്തിയോട് അത്യുഗ്രമായ കോപം തോന്നി. ആ കോപം കമ്പിളിയുടെ സ്ഥാനം ഏറ്റെടുത്തു.
                           ജന്തു സ്നേഹിയായ ആ പാവം ഡ്രൈവര്‍ എത്ര ശ്രമിച്ചിട്ടും അതിനു സംഭവിക്കെണ്ടിയിരുന്ന ദുരന്തത്തില്‍ നിന്നും ആ ജീവിയെ രക്ഷിക്കാന്‍ സാധിച്ചില്ല. ജീവിതത്തിന്‍റെ അനിവാര്യത ഏറ്റുവാങ്ങി മകരത്തിന്‍റെ തണുപ്പ് ശരീരത്തിലേക്ക് ആവാഹിച്ച് കൊണ്ടിരുന്ന ആ ജീവിയുടെ സമീപത്തേക്ക് തന്‍റെ കാറിലിരുന്ന വിശിഷ്ട വ്യക്തിയെ മറന്നിട്ടെന്നപോലെ ഓടിയടുത്തു.
                         മനപ്പൂര്‍വമല്ലാതെ സംഭവിച്ചുപോയ തെറ്റിന്‍റെ ഫലമായി തണുപ്പ് കൊണ്ട് മൂടപ്പെട്ടുകൊണ്ടിരുന്ന ആ ജീവിയുടെ ആത്മാവിനോട് ക്ഷമ ചോദിച്ചു തിരികെ കാറിനരികിലേക്ക് നടക്കുമ്പോള്‍ അയാളുടെ ഇരുകണ്ണുകളിലും കണ്ണുനീര്‍ തളം കെട്ടി നിന്നിരുന്നു. മനോവ്യഥയാല്‍ തപിച്ചുകൊണ്ട് തിരികെ വരുന്ന ആ മനുഷ്യനെ നോക്കി നിന്നിരുന്ന നവയുഗ സാഹിത്യകാരന്‍റെ കണ്ണില്‍ ക്രോധത്തിന്‍റെ ഉഗ്രഭാവമായിരുന്നില്ല, മറിച്ച് തിരിച്ചറിവിന്‍റെ തെളിനാളമാണ് നിഴലിച്ചു നിന്നത്. പണ്ടെപ്പോഴോ കേട്ട് മറന്ന, ഉറുമ്പുകളുടെ ഘോഷ യാത്രക്ക് വിഘ്നം വരാതിരിക്കാന്‍, അവയുടെ ജീവന് ആപത്ത് വരാതിരിക്കാന്‍ അവയുടെ യാത്ര അവസാനിക്കുന്നത് വരെ ക്ഷമയോടെ തന്‍റെ കുതിരയുമായി കാത്തു നിന്ന രാജകുമാരന്‍റെ കഥ, ആ ഉന്മത്തന്‍റെ ബോധമണ്ഡലത്തില്‍ ആ നിമിഷങ്ങളില്‍ തെളിഞ്ഞിരിക്കാം. കാരണം, മാനവികതയെക്കുറിച്ചു ഘോര ഘോരം പ്രസംഗിക്കുകയും വാക്കുകളാല്‍ പുസ്തകങ്ങളില്‍ കോറിയിടുകയും മാത്രമായിരുന്നല്ലോ ഇക്കാലമത്രയും അയാള്‍ ചെയ്തിരുന്നത്. താന്‍ ഒരു നിസ്സാരനെന്നു കരുതിയ ആ ചെറു ജീവിയുടെ മരണത്തില്‍ പോലും ആകുലനായി നില്‍ക്കുന്ന മനുഷ്യനോട് നവയുഗ സാഹിത്യകാരന് ആദരവ് തോന്നി. പിന്നീട് ആ കാറിന്‍റെ നാല് ചക്രങ്ങളും സഞ്ചരിച്ചത് പ്രമുഖ ചാനലിന്‍റെ സമ്മേളന സ്ഥലത്തേക്കായിരുന്നില്ല, മറിച്ച് അതിലും പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരിടത്തേക്കായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ അയാള്‍ പോകേണ്ടിയിരുന്ന ഒരിടത്തേക്ക്.....