Monday 20 April 2015

കൂടോത്രം എന്ന കുണ്ടാമണ്ടി.

                                           കൂടോത്രം എന്ന കുണ്ടാമണ്ടി.

             ജ്യോത്സ്യന്‍റെ  കൈവശമിരുന്ന കവടി തറയുമായി ഉരസിയപ്പോളുണ്ടായ
കിരു കിരാ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ചിതലരിച്ചുതുടങ്ങിയ തടിപ്പലകയില്‍ ഒറ്റക്കും കൂട്ടായും ഇരുന്നുകൊണ്ട്  ഗ്രഹങ്ങളും ഉപഗ്രഹങ്ങളും എന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നതായി തോന്നി. ജ്യോത്സ്യന്‍ തന്‍റെ  കൈവശം ഇരുന്ന ജാതകം തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ കൂട്ടിയും കുറച്ചും കൊണ്ടിരുന്നു.

                                പി.എസ്.സി. പരീക്ഷക്ക്‌ പോലും ഞാനിത്രയും ടെന്‍ഷന്‍ അടിച്ചിട്ടില്ല. ദൈവമേ ഇത്തവണയും നീ എന്നെ കൈവിട്ടാല്‍ സത്യമായും ഞാനൊരു റിബലായി മാറും. അത്രയ്ക്ക് ദെണ്ണം ഉണ്ടേ...ഇതിപ്പോള്‍ നൂറ്റി ഒന്നാമത്തെ ജാതകമാ ആ കശ്മലന്‍ ഇട്ടു കീറി മുറിക്കുന്നത്. കഴിഞ്ഞ നൂറെണ്ണവും അയാള്‍ ഓരോരോ  കാരണങ്ങള്‍ പറഞ്ഞു കുളമാക്കി.

                                    പെണ്ണു കാണലിന്‍റെ കാര്യമാലോചിക്കുമ്പോള്‍ തന്നെ ഹൃദയത്തില്‍ ഒരു പാറക്കല്ലെടുത്ത് വെച്ച പോലത്തെ ഫീലാണ്. ഒരുദാഹരണത്തിന് നല്ലൊരു ബുഫെ നടക്കുന്ന ഒരു ഹാളില്‍ നമ്മള്‍ ചെല്ലുകയാണ്. ആ ഹാളിലേക്ക് നമ്മള്‍ ചെന്ന് കയറുമ്പോള്‍ തന്നെ മാല്‍ഗോവ മാമ്പഴം പാലും പഞ്ചസാരയും ഇട്ടടിച്ച സൊയമ്പന്‍ ഒരു ഗ്ലാസ് ജ്യൂസ് നമ്മളെ നോക്കി  പുഞ്ചിരിയോടെ ഇരിക്കുന്നു.  കൊതിയോടെ നമ്മള്‍ അത് എടുത്ത് കുടിക്കാന്‍ ചെല്ലുമ്പോള്‍  ഒരാള്‍ യാതൊരു വിധ ദയാ ദാക്ഷണ്യവും കൂടാതെ പറയുന്നു "മകനെ ഇത് നീ കുടിക്കേണ്ട.നിനക്ക് ഷുഗര്‍ ഉണ്ടാകും" എന്ന്. അങ്ങനെ പുറത്തേക്ക് വന്ന ഒരു ലോഡ് തുപ്പലും അകത്തേക്ക് വിഴുങ്ങി എന്നാല്‍ ഇനിയൊരു ചിക്കന്‍ ബിരിയാണി കഴിക്കാം എന്ന് കരുതി ചെല്ലുമ്പോളാകട്ടെ ദാ നില്‍ക്കുന്നു നേരത്തെ ജ്യൂസ് കുടിക്കാന്‍ അനുവദിക്കാത്ത പരമദ്രോഹി. അയാള്‍ വീണ്ടും മൊഴിയുന്നു " മകനെ ഇത് നീ ഒട്ടും കഴിക്കേണ്ട. ഇത് പൈല്‍സ് ഉണ്ടാക്കും". പോട്ടെ പുല്ല് എന്നും പറഞ്ഞു ഒരു ബീഫ് ബിരിയാണി കഴിക്കാമെന്നു കരുതിയാലോ "ഇതും കഴിക്കേണ്ട,ഇത് കൊളസ്ട്രോള്‍ ഉണ്ടാക്കും" എന്ന ഉപദേശവുമായി അയാള്‍ വീണ്ടും എത്തുന്നു. എന്നാല്‍  നാരങ്ങ അച്ചാറും മാങ്ങ അച്ചാറും കൂട്ടി നല്ലൊരു സദ്യ പിടിപ്പിക്കാമെന്ന് കരുതി ചെന്നാല്‍ അച്ചാര്‍ അള്‍സര്‍ ഉണ്ടാകുമെന്ന് പറഞ്ഞു അതിനും സമ്മതിക്കില്ല. അങ്ങനെ വിശന്നു വലഞ്ഞു ഇപ്പോള്‍ ചെന്ന് നില്‍ക്കുന്നത് പഴങ്കഞ്ഞിയുടെ മുന്നിലാ. പച്ചമുളകും ഉപ്പുമായി കുടിക്കാമെന്ന് കരുതിയപ്പോളാണ് പച്ചമുളകില്‍ പുഴുക്കുത്തല്‍ ഉണ്ടോ ഉപ്പുപയോഗിച്ചാല്‍ പ്രെഷര്‍ ഉണ്ടാകുമോ എന്ന് കൂലംകഷമായി വിശകലനം ചെയ്യുന്നത്.  വിശന്ന വയറിന്‍റെ വേദന മൂന്നു നേരവും സമൃദ്ധമായി ഉണ്ടുറങ്ങി ജീവിക്കുന്ന ഇയാള്‍ക്ക് മനസ്സിലാകുമോ?

                              എന്നെ അത്ഭുതപ്പെടുത്തുന്നത് അച്ഛന്റെയും അമ്മയുടെയും മാറ്റമാണ്. സകലവിധ എതിര്‍പ്പുകളെയും അവഗണിച്ചു പ്രണയിച്ചു വിവാഹം ചെയ്തവര്‍ ആയിരുന്നുഅവര്‍. അന്നത്തെ ഒരു പ്രശസ്ത ജ്യോത്സ്യന്‍ അവരുടെ ദാമ്പത്യ ജീവിതത്തിനു വെറും ഒരു വര്‍ഷത്തെ ആയുസ്സേ വിധിച്ചിട്ടുള്ലായിരുന്നു. അതിനെയൊക്കെ തൃണവല്‍ഗണിച്ചവരാണ് ഇന്ന് സ്വന്തം മകനായ എന്‍റെ കാര്യം വന്നപ്പോള്‍ യാഥാസ്ഥിതികരായി മാറിയത്. വിശ്വാസം എന്നത് ഒരു തരം പച്ച കുത്തല്‍ ആണ്. ചെറുപ്പത്തില്‍ നമ്മുടെ മനസ്സില്‍ അത് ആഴത്തില്‍ പതിഞ്ഞാല്‍ പിന്നീടൊരിക്കലും  ഇളകിപ്പോകില്ല.

                                           എന്നെ വലക്കുന്നത് എനിക്ക് ചെറിയ തോതില്‍ ചൊവ്വാ ദോഷം ഉണ്ടെന്നുള്ളതാണ്. ആരാണാവോ ഈശ്വരാ ഈ ചൊവ്വാ ഗ്രഹം കണ്ടുപിടിച്ചത്? അങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ രെക്ഷപ്പെട്ടെനെ. അല്ലെങ്കില്‍ ഇനി ആകെയുള്ള പ്രതീക്ഷ പ്ലൂട്ടോയെ വെള്ളക്കുള്ളനായി തള്ളിയത് പോലെ ചൊവ്വയെയും തള്ളണം എന്നുള്ളത് മാത്രമാണ്.


                                           ഇത്തരത്തിലൊക്കെ ചിന്തിച്ച് ദൈവത്തെയും പളളു പറഞ്ഞിരുന്ന എന്‍റെ മുഖത്തേക്ക് ജ്യോത്സ്യന്‍ സാവധാനം മുഖമുയര്‍ത്തി നോക്കി. എന്‍റെ ദയനീയാവസ്ഥ കണ്ട് ഞാനൊരു സാമൂഹിക വിപത്തായി മാറുമോ എന്ന പേടി കൊണ്ടോ അതോ എന്‍റെ പ്രാര്‍ഥനയുടെ ശക്തി കൊണ്ടോ എന്തോ എനിക്ക് അനുകൂലമായ ഒരു മറുപടിയാണ് അയാള്‍ പറഞ്ഞത്.

                                 "ഉം....നമുക്കിതങ്ങു ഉറപ്പിക്കാം." ആ വാക്കുകള്‍ എന്‍റെ ഹൃദയത്തില്‍ ആശ്വാസത്തിന്‍റെ കുളിര്‍മഴ പെയ്യിച്ചു. ജ്യോത്സ്യന്‍ തുടര്‍ന്നു. " എങ്കിലും ചില ദോഷങ്ങളൊക്കെ കാണുന്നുണ്ട്. സാരമില്ല, ഞാന്‍ ചില പ്രതിവിധികള്‍ പറഞ്ഞു തരാം. അതെല്ലാം ഈ ലിസ്റ്റില്‍ കാണുന്ന ക്ഷേത്രങ്ങളിലും പള്ളികളിലും നടത്തണം.പിന്നെ ഒരു കാര്യം. നിങ്ങളുടെ അയല്‍വാസികളില്‍ ആരെക്കെയോ നിങ്ങള്‍ക്കെതിരെ കടുത്ത ആഭിചാര കര്‍മങ്ങള്‍ നടത്തിയിട്ടുണ്ട്. ഇയാളുടെ വിവാഹം നടക്കരുതെന്നു കരുതി ആരോ ഇയാള്‍ക്കെതിരെ കൂടോത്രം ചെയ്തിട്ടുണ്ട്."

                                    കൂടോത്രം, മണ്ണാങ്കട്ട. എനിക്കയാള്‍ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തോന്നിയില്ല. പക്ഷെ അച്ഛന്റെ മുഖഭാവത്തില്‍ നിന്നും കൂടോത്ര  പുരാണം ആ പാവത്തിനെ വല്ലാതെ ഭയപ്പെടുത്തി എന്ന് എനിക്ക് മനസ്സിലായി. അച്ഛന്‍ കൂടോത്രത്തിന്‍റെ കാര്യം ഉടന്‍ തന്നെ അമ്മയെ വിളിച്ചു പറയുകയും ചെയ്തു.

                                ജ്യോല്‍സ്യന് നല്‍കേണ്ടദക്ഷിണയും നല്‍കി നടത്തേണ്ട പ്രതിവിധികളുടെ ചാര്‍ത്തും വാങ്ങി ഞാനും അച്ഛനും അവിടെ നിന്നിറങ്ങി. നടക്കുമ്പോള്‍ അച്ഛന്‍റെ വായില്‍ നിന്നും വന്നു കൊണ്ടിരുന്നത് മുഴുവനും കൂടോത്ര പുരാണം ആയിരുന്നു. കൂടോത്രത്തിന്റെ ഫലമായി വടക്കേതിലെ തങ്കപ്പന്‍ ചേട്ടന് ആക്സിടെന്റ്റ് ഉണ്ടായെന്നും പിന്നെ വേറെ ആര്‍ക്കൊക്കെയോ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായെന്നും മറ്റും പുലമ്പിക്കൊണ്ട് ആണ്  അച്ഛന്‍ നടന്നത്. ഈ കൂടോത്ര പുരാണം കേള്‍ക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. നടക്കുമ്പോഴും ഞാന്‍ എന്‍റെ നൂറ്റി ഒന്നാമത്തെ പെണ്‍കൊടിയും കൊണ്ട് ഫ്രാന്‍സ്,അമേരിക്ക,ഉഗാണ്ട, സൌത്ത് ആഫ്രിക്ക,കമ്പോഡിയ  തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ മനോരഥത്തില്‍ ഊളിയിടുകയായിരുന്നു.കഴിഞ്ഞ നൂറു പേരെയും കൊണ്ട് ചെക്ക്‌ ഇന്‍ ചെയ്യാന്‍എയര്‍ പോര്‍ട്ടില്‍ ചെന്നപ്പോള്‍ തന്നെ ഫ്ലൈറ്റ് മിസ്‌ ആയിരുന്നല്ലോ.

                                     നൂറ്റി ഒന്നാമത്തെ പെണ്ണെങ്കിലും ഒന്നുറച്ച സന്തോഷം കൂട്ടുകാരുമായി പങ്ക് വെക്കാമെന്നു കരുതി ഞാന്‍ നേരെ ഹരിയുടെ വീട്ടിലേക്ക് വിട്ടു. എന്‍റെ വീട്ടില്‍ നിന്നും നടന്നു പോകാവുന്ന ദൂരമേ അവന്‍റെ വീടുമായുള്ളൂ. അവിടെ ഹരിയും മറ്റുള്ളവരും എന്‍റെ  സന്തോഷത്തിനു മാറ്റ് കൂട്ടാനായി ബാക്കാര്‍ഡിയുടെ രണ്ടു ഫുള്ളുമായി എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

                                       ആഘോഷങ്ങള്‍ തീര്‍ന്നപ്പോള്‍ നേരമേറെ വൈകിയിരുന്നു. ഒരു തരത്തില്‍ ആടിയാടി വീട്ടിലെത്തിയ ഞാന്‍ ആരെയും വിളിച്ചുണര്‍ത്താതെ രഹസ്യ വാതിലൂടെ മുറിയില്‍ കയറി കിടന്നപ്പോള്‍  എന്‍റെ മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ കുളിരണിയിച്ചു കൊണ്ട് മഴ പെയ്യാന്‍ തുടങ്ങിയത് ഞാന്‍ അറിഞ്ഞു.

                                     രാവിലെ അമ്മയുടെഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. കഴിഞ്ഞ രാത്രിയില്‍ അമിതമായി കഴിചിരുന്നതിനാല്‍ചെറിയ തോതില്‍ ഒരു ഹാങ്ങ് ഓവര്‍ എന്നില്‍ ഉണ്ടായിരുന്നു. വായും മുഖവും കഴുകി സ്മെല്‍ അഥവാ ഉണ്ടെങ്കില്‍ അറിയാതിരിക്കാന്‍ മുഖത്തും വായിലും സ്പ്രേയും അടിച്ച് വീടിനു പുറത്തേക്ക് ചെല്ലുമ്പോള്‍ കാണുന്നത് അച്ഛന്‍ ആകെ വിഷണ്ണനായി താടിക്ക് കയ്യും കൊടുത്ത്  സിറ്റ് ഔട്ടില്‍ ഒരു കസേരയുടെ പുറത്തിരിക്കുന്നു. അമ്മയാണെങ്കില്‍ അടുത്ത വീട്ടിലെ ചേച്ചിയുമായി കശപിശ ഇട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ പതിയെ പത്രവുമെടുത്ത് സോഫയിലേക്ക് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അമ്മ എന്നെ കണ്ടത്.
                      
                                             ഒരു ഭദ്രകാളിയെപ്പോലെ ചാടി തുള്ളിക്കൊണ്ടാണ് അമ്മ എന്‍റെ സമീപത്തേക്ക് വന്നത്. വന്ന പാടെ അത്യുച്ചത്തില്‍എന്നോടായിപറഞ്ഞു.

                                         "നിനക്കല്ലെടാ ഞങ്ങള്‍ പറയുന്നതൊക്കെ അന്ധവിശ്വാസം എന്ന് പറഞ്ഞു പുച്ഛിച്ച് തള്ളാന്‍ തിടുക്കം. കണ്ടില്ലേ നീ ഈ സിറ്റ് ഔട്ടില്‍ ഇരിക്കുന്ന ഈ കല്ലുകള്‍, അതും ലക്ഷണമൊത്ത മൂന്നെണ്ണം."

                                      "എന്‍റെ ലക്ഷ്മി അത് കുട്ടികള്‍ ആരെങ്കിലും എടുത്ത് വെച്ചതായിരിക്കും". അച്ഛനങ്ങനെ പറയുമ്പോഴും അച്ഛന്റെ വാക്കുകളില്‍ നിഴലിച്ചിരുന്ന ഭയം എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

                               "നിങ്ങളൊന്നു മിണ്ടാതിരിക്ക്‌ മനുഷ്യാ." അമ്മ തുടര്‍ന്നു." ഡാ നീയൊന്നു നോക്കിയേ, ഇന്നലെ ഇവിടെ മുഴുവന്‍ മഴ പെയ്തതല്ലേ. നീ ഈ കല്ലുകളില്‍ ഒന്ന് സൂക്ഷിച്ചു നോക്കിയേ ഒരിത്തിരി എങ്കിലും നനഞ്ഞിട്ടുണ്ടോ? ആരോ ഇത് ഇവിടെ കൂടോത്രം ചെയ്ത് കൊണ്ട് വെച്ചതാ. ജ്യോത്സ്യന്‍ പറഞ്ഞതോര്‍മ്മയുണ്ടല്ലോ അല്ലെ. കല്ലില്‍ വരെ കൂടോത്രം ചെയ്യുന്ന പരിഷകളാ ചുറ്റുമുള്ളത്". അമ്മയത്പറയുമ്പോള്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.


                                  ഈശ്വരാ സയന്‍സ് ഇത്രത്തോളം പുരോഗമിച്ച ഈ കാലഘട്ടത്തിലും കൂടോത്രത്തെ ആശ്രയിക്കുന്ന അപരിഷ്കൃതര്‍ നമുക്ക് ചുറ്റും ഉണ്ടോ എന്ന് എന്നോട് തന്നെ ചോദിച്ചു കൊണ്ട് അമ്മ ചൂണ്ടിക്കാണിച്ചു തന്ന ഭാഗത്തേക്ക് നോക്കി. അവിടെ അമ്മ പറഞ്ഞത് പോലെ തന്നെ മൂന്നു കല്ലുകള്‍ ഉണ്ടായിരുന്നു. അത് പക്ഷെ മറ്റാരും കൂടോത്രം ചെയ്തു കൊണ്ട് വെച്ചതല്ലായിരുന്നു. കഴിഞ്ഞ രാത്രിയില്‍ ഹരിയുടെ വീട്ടില്‍ നിന്നും പോരുമ്പോള്‍ പട്ടികളുടെ കടിയില്‍ രക്ഷപെടാനായി അവന്‍റെ വീടിനു മുന്നില്‍ നിന്നും ഞാന്‍ തന്നെ എടുത്ത കല്ലുകളായിരുന്നു. എന്‍റെ നന്മ മാത്രം മുന്നില്‍ കണ്ടു കഴിഞ്ഞ രാത്രിയില്‍ എന്‍റെ കൂടെ വന്നിട്ടും ഇത്തരത്തില്‍ ഒരു ആരോപണം നേരിടേണ്ടി വന്നതില്‍ അവരുടെ മുഖത്ത് നിഴലിചിരുന്നത് ദുഖമായിരുന്നില്ല മറിച്ച് ഞങ്ങളോടുള്ള സഹതാപം ആയിരുന്നു.

Wednesday 8 April 2015

കൈതക്കോരയും എന്‍റെ ചെറുകഥകളും...

                                       കൈതക്കോരയും എന്‍റെ ചെറുകഥകളും..
  

                                          മുകുന്ദന്‍റെ "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" വായിച്ചപ്പോഴാണ്എന്ത് കൊണ്ട് കഥകള്‍ എഴുതിക്കൂടാ എന്ന ആശയം എന്നില്‍ മുളച്ച് പൊന്തിയത്. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ചില നാടകങ്ങള്‍ സ്വയം എഴുതി സംവിധാനവും ചെയ്തത് എന്നില്‍ ആത്മവിശ്വാസം നിറച്ചു. പക്ഷെ കാലങ്ങള്‍ ഒരുപാട് പിന്നിട്ടിരിക്കുന്നു. അന്നത്തെ മൂക്കള ഒലിപ്പിച്ചിരുന്ന പയ്യനല്ലല്ലോ ഇന്ന് ഞാന്‍. നാട്ടില്‍ അറിയപ്പെടുന്ന ഒരു ബുദ്ധിജീവി . ആ ഒരു നിലവാരത്തില്‍ നിന്ന് താഴുക എന്നത് ഒരിക്കലുംഎനിക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല.

                                              കഥകള്‍ എഴുതുക ഒരു പ്രശ്നമല്ല. പക്ഷെ എവിടെ പ്രസിദ്ധീകരിക്കും. ഏതെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ അയച്ചു കൊടുത്തിട്ട് അവരത് പ്രസിധീകരിച്ചില്ലെങ്കില്‍ അത് എന്‍റെഇമേജിനെ സാരമായിബാധിക്കും. അങ്ങനെയാണ് ഞാന്‍ എന്‍റെ രചനകള്‍ ഫെയിസ് ബുക്കില്‍ ഇടാന്‍ തീരുമാനിച്ചത്. അതാകുമ്പോള്‍ ആരുടേയും കാലു പിടിക്കേണ്ടല്ലോ.

                                            ആദ്യ രചന തന്നെ സ്ത്രീകളുടെ മനസ്സിനെ പിടിച്ചുലക്കണം. ആ ഒരു ഉദ്ദേശത്തില്‍ തന്നെ ഞാന്‍ എഴുതി തുടങ്ങി. ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ എന്‍റെ ആദ്യ കഥ എഴുതി തീര്‍ത്തു. ആദ്യ പ്രസവം കഴിഞ്ഞു വയറൊഴിഞ്ഞത് പോലൊരു ഫീല്‍. "സ്ത്രീ മനസ്" എന്ന പേരും മുകളില്‍ എഴുതി പിടിപ്പിച് എന്‍റെ ചിരിക്കുന്ന ഒരു ഫോട്ടോ ഫോട്ടോഷോപ്പിലിട്ടു ചില്ലറ ഭംഗിയൊക്കെ വരുത്തി രണ്ടാമതൊന്നു ചിന്തിക്കുക പോലും ചെയ്യാതെ പോസ്റ്റി. 

                                                 മണിക്കൂറുകള്‍ ഓരോന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. പേരിനു പോലും ഒരു ലൈക്കോ കമന്റോ കിട്ടിയില്ല. ഹതാശയനായ ഞാന്‍ തല്‍ക്കാലം മുഖപുസ്തകം അടച്ചു വെച്ച് ഉറങ്ങാന്‍ കിടന്നു. അതങ്ങനെയാണ്, യാതൊന്നും ചെയ്യാനില്ലെങ്കില്‍ ഞാന്‍ കിടന്നുറങ്ങും. അമ്മയും അച്ഛനും അതിനെപ്പോഴും വഴക്കാണ്. അവര്‍ക്കറിയില്ലല്ലോ ബുദ്ധിജീവികള്‍ മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ അലസന്മാരാകുമെന്ന്. 

                                         അമ്മയുടെ നിരന്തരമായ വിളികള്‍ കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. നോക്കിയപ്പോള്‍ സമയം ഏഴര. അമ്മ കൊണ്ട് വെച്ച ചൂട് കാപ്പി മൊത്തിക്കൊണ്ട് ഞാന്‍ കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ എത്തി. ഫെയിസ് ബുക്കില്‍ കയറി എന്‍റെ പോസ്റ്റ്‌ പരതി. നിരാശയായിരുന്നു ഫലം. ആകെ കിട്ടിയത് ഒരു ലൈക്കും "നൈസ്" എന്ന ഒരേ ഒരു കമന്‍റും. അത് രണ്ടും ചെയ്തത് ഒരേ ആള്‍. നമ്മുടെ "കൈതക്കോര". എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. അതിനു കാരണം ഉണ്ട്. ഒരിക്കലും ഞാന്‍ ഈ കൈതക്കൊരയെ മതിച്ചിരുന്നില്ല. വളരെ നിസാരനായിട്ടായിരുന്നു ഞാന്‍ അവനെ കരുതിയിരുന്നത്. അവസാനം അവന്‍ വേണ്ടി വന്നു എന്‍റെ സൃഷ്ടിയെ മാനിക്കാന്‍.

                                     കഷ്ടം അവന്‍റെ യഥാര്‍ഥ പേര് പോലും ഞാന്‍ മറന്നിരിക്കുന്നു. മഴക്കാലത്ത് കുളം നിറഞ്ഞു കവിയുന്ന അവസരങ്ങളില്‍ ചൂണ്ട പോലുള്ള ലഘു യന്ത്രങ്ങളുടെ സഹായങ്ങള്‍ ഒന്നും തന്നെയില്ലാതെ സ്വന്തം കൈകള്‍ ഉപയോഗിച്ച് കൈതക്കോര എന്ന മത്സ്യത്തെ പിടിക്കാന്‍ അതിവിദഗ്ദ്ധനായത് കൊണ്ട് ഞാന്‍ പരിഹാസപൂര്‍വ്വം അവനിട്ട പേരായിരുന്നു "കൈതക്കോര" എന്നത്. വളരെ പെട്ടന്ന് ആ പേര് മറ്റുള്ളവരുടെ ഇടയില്‍ ക്ലിക്കായി. എല്ലാവരും ആ പേര് അവനെ വിളിക്കാന്‍ തുടങ്ങി.അവസാനം എല്ലാവരും  ആ പേര് വിളിച്ചു വിളിച്ച് അവന്‍ തന്നെ അവന്‍റെ പേര് മറന്നു തുടങ്ങിയിരുന്നു.

                                              അടുത്ത രണ്ടു ദിവസത്തേക്ക് ഒന്നും ചെയ്യാന്‍ ഒരുഉത്സാഹവും തോന്നിയില്ല. ആകെപ്പാടെ ഒരു മടുപ്പ്. മറ്റുള്ളവര്‍ വായിക്കണമെങ്കില്‍ ഏതു തരം കഥകള്‍ എഴുതണമെന്നായി എന്‍റെ ചിന്ത. ചെറുപ്പക്കാരെ ആകര്‍ഷിക്കണമെങ്കില്‍ പ്രണയത്തെ കുറിച്ച് തന്നെ എഴുതണം. പക്ഷെ എന്നപ്പോലെ ഒരു ബുദ്ധിജീവി പ്രണയത്തെക്കുറിചെഴുതിയാല്‍... എന്‍റെ ഇമേജ്...ഇമേജ്, മണ്ണാംകട്ട...ലൈക് തന്നെ പ്രധാനം. ഞാന്‍ അവസാനം രണ്ടും കല്‍പ്പിച്ച്‌ പ്രണയത്തെക്കുറിച്ച് അടുത്ത രചന നടത്തി. ഇത്തവണ ഒന്ന് രണ്ടാവര്‍ത്തി വായിച്ചു ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് പോസ്റ്റാന്‍ തീരുമാനിച്ചത്. കൂട്ടത്തില്‍ വികാര വിവശനായി നില്‍ക്കുന്നഎന്‍റെ ഒരു സെല്ഫിയും അതിനു മോടികൂട്ടാനായി ചേര്‍ത്തു.

                                                            ഇരുപത്തഞ്ചോളം സുഹൃത്തുക്കള്‍ക്ക് ടാഗ് ചെയ്താണ് ഞാന്‍ ഇപ്രാവശ്യംഎന്‍റെ കഥ പോസ്റ്റ്‌ ചെയ്തത്. അത് മാത്രമല്ല പ്ലീസ് സപ്പോര്‍ട്ട് എന്ന ഒരു മെസേജും എല്ലാ പഹയന്മാര്‍ക്കും അയച്ചു.നിമിഷങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു പോകുന്നതിനോടൊപ്പം എന്‍റെ മനസ്സില്‍ ഒരു പ്രത്യേകതരം വിറയല്‍ കടന്നു കൂടി. മണിക്കൂറുകള്‍ പലതു കഴിഞ്ഞിട്ടും ഒറ്റൊരുത്തന്‍ പോലും എന്‍റെ കഥ ഒന്ന് ശ്രദ്ധിക്കുക കൂടി ചെയ്തില്ല. അതല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലെന്നാണല്ലോ. എല്ലാ പ്രശസ്തരും പ്രശസ്തരായതിനു ശേഷം മാത്രമാണല്ലോ അവര്‍ക്ക് ഗോഡ് ഫാദേഴ്സ് ഉണ്ടാകുന്നത്. എന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് അവസാനം കൈതക്കോര തന്നെ രക്ഷകനായെത്തി. ഒരു ലൈക്കും "സ്വീറ്റ്" എന്ന കമന്‍റും ചൊരിഞ്ഞു ആ മഹാനുഭാവന്‍ എന്‍റെ ഉള്ളം തണുപ്പിച്ചു. ഈ നാട്ടില്‍ സാഹിത്യാഭിരുചിയുള്ള ഒരേയൊരാള്‍ കൈതക്കോര മാത്രമാണെന്ന് സത്യം എന്നെ ഞെട്ടിച്ചു. എന്‍റെ എല്ലാ ഈഗോയും കാറ്റില്‍ പറത്തി കൈതക്കൊരയുമായി അല്പം സാഹിത്യ ചര്‍ച്ചയും പിന്നെ എന്‍റെ കഥയെ കുറിച്ചുള്ള വിലയിരുത്തലും അറിയുക എന്ന ലക്ഷ്യത്തോടെ  അവനെ തിരക്കി ഞാന്‍ പുറത്തേക്കിറങ്ങി.


                                                      പ്രതീക്ഷിച്ചത് പോലെ തന്നെ വടക്കേതിലെ മൂത്താശാരിയുടെ പറമ്പിനു കിഴക്ക് ഭാഗത്തായുള്ള കുളത്തിന്‍റെ കരയില്‍ തന്നെ ഞാന്‍ അവനെ കണ്ടു. കൈതക്കൊരയുടെ (മത്സ്യം) സഞ്ചാര ഗതിയും വേഗവും മനസ്സില്‍ കണക്കു കൂട്ടി നിന്ന അവനു പിന്നില്‍ കൃത്രിമമായി രൂപപ്പെടുത്തിയ ഗൌരവ ഭാവത്തോടെ ഊശാന്‍ താടിയും തടവി ഞാന്‍ നിന്നു. മുന്നില്‍ വീണ നിഴലിനെ പിന്തുടര്‍ന്ന് പുറകിലേക്ക് തിരിഞ്ഞ അവന്‍റെ ദൃഷ്ടിയില്‍ ഞാന്‍ പതിഞ്ഞു. "ങാ അണ്ണനോ?" 

                                        ഊശാന്‍ താടിയില്‍ നിന്നുംകൈ എടുത്ത് വളരെ  നാടകീയമായി കുളത്തോട് ചേര്‍ന്ന് നിന്ന മൂവാണ്ടന്‍ മാവില്‍ ചാരി നിന്ന് ഞാന്‍ ചര്‍ച്ചക്ക് തുടക്കം ഇട്ടു.

                                                "വളരെയേറെ പുസ്തകങ്ങള്‍ വായിക്കുമല്ലേ നീ? നല്ലത്. ആരുടെ എഴുത്താണ് നിന്നെ കൂടുതലായി വശീകരിച്ചിട്ടുള്ളത്?"

                                                  ഒരു വിചിത്ര ജീവിയെ കാണുന്നത് പോലെ അവന്‍ എന്നെ നോക്കി. അവനില്‍ നിന്നും യാതൊരു മറുപടിയും കിട്ടാഞ്ഞതിനാല്‍ ഞാന്‍ വന്ന കാര്യത്തിലേക്ക് നേരിട്ട് കടന്നു.

                                                " എങ്ങനുണ്ടെടാ ഫെയിസ് ബുക്കില്‍ അണ്ണന്‍ ഇട്ട കഥകള്‍?" വളരെയേറെ ആകാംക്ഷയോടെ ഞാന്‍ അവന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നു. അവന്‍ പറഞ്ഞു തുടങ്ങി.

                                        "അണ്ണാ അത് കഥകള്‍ ആയിരുന്നാ? ഞാന്‍ ഓര്‍ക്കുവായിരുന്നു അണ്ണന്‍ ഫോട്ടോകള്‍ ഇടാന്‍ എന്തിനാ ഇത്രയേറെ ചതുരങ്ങള്‍ മുകളില്‍ ടൈപ് ചെയ്യുന്നതെന്ന്? 

                                                അവന്‍റെ വാക്കുകള്‍ കേട്ട ഞാന്‍ ഒരു നിമിഷം സ്തബ്ധനായിപ്പോയി. കുളത്തിന്‍റെ കരയില്‍ വെച്ചിരുന്ന അവന്‍റെ  മൊബൈല്‍ എടുത്ത് അവന്‍റെ ഫെയിസ് ബുക്കില്‍ ഞാന്‍ കയറി നോക്കി. അതില്‍ കണ്ട കാഴ്ച എന്നെ തളര്‍ത്തി കളഞ്ഞു. വികാര വിജ്രംബിതനായി നില്‍ക്കുന്ന എന്‍റെ തലയ്ക്കു മുകളില്‍ ചതുരങ്ങളുടെ ഒരു നീണ്ട ഘോഷയാത്ര. അപ്പോള്‍ അവന്‍ എന്‍റെ ഫോട്ടോക്കാണ് ഇക്കണ്ട രണ്ടു ലൈക്കും കമന്‍റും പാസ്സാക്കിയത്. ഭൂമി പിളര്‍ന്നു താഴേക്കു പോകുന്ന പോലെയുള്ള ഫീലുമായി ദൂരേക്ക്‌ നീങ്ങിയ എന്നോട് അവന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.....

Thursday 2 April 2015

പൂവന്‍റെ മക്കള്‍

                                                   പൂവന്‍റെ മക്കള്‍

                                              

                                         തൃത്താല കാവിലെ കോടിയേറ്റത്തിന്‍റെ കാര്യം വല്ലാത്തൊരു ആവേശത്തോടെയാണ് പൂവന്‍ മക്കളോടും പിടയോടും പറഞ്ഞത്.  അവന്‍ ഇത്രത്തോളം വികാര വിക്ഷോഭം കൊള്ളാന്‍ പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാമത്തേത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇതുപോലൊരു കൊടിയേറ്റ ദിവസമായിരുന്നു അവന്‍ ആ നാട്ടില്‍ ആദ്യമായി എത്തിയത്.  വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതേ പോലെ ഒരു ഉത്സവ ദിവസമായിരുന്നു അവന്‍ തന്‍റെ പിടയെ ജീവിത സഖിയാക്കിയത്. ഒരു പക്ഷെ നിമിത്തങ്ങള്‍ ആകാം പിന്നെയും ചില വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ പോലെ ഒരു ഉത്സവ  സമയത്താണ് അവരുടെ ജീവിതത്തിലേക്ക് കുട്ടികള്‍ കടന്നു വരുന്നത്. അത് കൊണ്ട് തന്നെ തൃത്താല കാവിലെ ഉത്സവത്തിന് തങ്ങളുടെ ജീവിതവുമായി എന്തോ ഒരു അദൃശ്യ ബന്ധമുണ്ടെന്നു  അവനും പിടയും ഒരു പോലെ വിശ്വസിക്കുന്നു.

                                               തൃത്താല കാവിലെ അമ്മയെ പിട ഒരുപാടൊരുപാട് വിശ്വസിക്കുന്നു. മനസ്സുരുകി പ്രാര്‍ഥിച്ചാല്‍ അമ്മ എന്തും നല്‍കുമെന്ന് അവള്‍ക്ക് ഉറപ്പാണ്. ഒരു കുട്ടിയെ പോറ്റി വളര്‍ത്തണം എന്നത് അവളുടെ വളരെ നാളത്തെ ആഗ്രഹമായിരുന്നു. എന്നാല്‍ മുട്ട ഇടാന്‍ മാത്രമായിരുന്നു അവള്‍ക്ക് അവകാശം. അതിന്സ്വന്തം ചൂട് നല്‍കി ഭൂമിയിലേക്ക് ഭൂമിയുടെ മറ്റൊരു അവകാശിയായി അതിനെ പടച്ചു വിടാന്‍ അവള്‍ക്ക് യാതൊരു അവകാശവുമില്ലായിരുന്നു. ആദ്യമായി തന്‍റെ ഉദരത്തില്‍ നിന്നും പുറത്തേക്ക് വന്ന ജീവന്‍ തീന്മേശക്ക് സമീപമുള്ള ചട്ടിയില്‍ മനുഷ്യന്‍റെ ഭക്ഷണമായി മാറുന്നത് ചങ്ക് പിളര്‍ക്കുന്ന വേദനയോടെയാണ് അവള്‍ കണ്ടു നിന്നത്. അവളോടൊപ്പം നിന്ന് ആ ദുഖത്തില്‍ പങ്കു ചേരുന്നതിനപ്പുറം പൂവനൊന്നും ചെയ്യാനില്ലായിരുന്നു. "ഇത് നമ്മുടെ ലോകമല്ല മോളെ. ബുദ്ധിയും വിവേകമുള്ള മനുഷ്യരുടെ മാത്രം ലോകമാണ്. എല്ലാ വേദനകളും സഹിച്ചു അവര്‍ക്ക് സന്തോഷം നല്‍കാന്‍ വേണ്ടി മാത്രമാണ് ഈശ്വരന്‍ നമ്മെ പടച്ചു വിട്ടിരിക്കുന്നത്"

                                         ആ സംഭവത്തിനു ശേഷം പലതവണ അവളുടെ ഉദരത്തിലെ ജീവന്‍റെ തുടിപ്പ് തീന്മേശയിലെ രസക്കൂട്ടായി മാറി. അവര്‍ക്ക് പരാതികള്‍ ഇല്ലായിരുന്നു, അഥവാ ഉണ്ടെങ്കില്‍ തന്നെ അതവരുടെ കണ്ഠത്തില്‍ ഊരാക്കുടുക്ക്‌ കണക്കെ കുരുങ്ങി തന്നെ കിടന്നു. തൃത്താല കാവിലെ അമ്മ മാത്രമായിരുന്നു അവര്‍ക്കൊരാശ്വാസം. ഒടുവില്‍ ഒരുനാള്‍ അവരുടെ പ്രാര്‍ഥന ഫലം കണ്ടു. യജമാനന്‍റെ കുടുംബം വിദേശത്ത് പോയ ഇരുപത്തൊന്നു ദിവസം അവരുടെ ജീവിതത്തെ മാറ്റി മറിച്ചു. അതിനു ശേഷം എല്ലാ വര്‍ഷവും അവര്‍ കുടുംബ സമേതം തൃത്താല കാവിലെത്തി തൃപ്പടിയില്‍ ചുണ്ടുരച്ച് തങ്ങളുടെ നന്ദി അവര്‍ അമ്മയെ അറിയിച്ചു പോന്നു. 

                                                        അന്ന് പത്താം ഉത്സവമായിരുന്നു. കൊടിയിറങ്ങുന്ന ദിനം. ചെണ്ട മേളത്തിന്‍റെ താളക്കൊഴുപ്പില്‍മതിമറന്നു നിന്ന പൂവനെ അന്നാദ്യമായി അവന്‍റെ യജമാനന്‍ വാല്സ്യത്തോടെ എടുത്തു. പിടയും മക്കളും ആശ്ചര്യത്തോടെയാണ് അത് കണ്ടു നിന്നത്. പൂവനുമായി അയാള്‍ നടയിലേക്ക് പോകുമ്പോള്‍ പിട തന്‍റെ മക്കളോടൊപ്പം അയാളെ അനുഗമിച്ചു. നടയുടെ മുന്‍പിലെത്തിയ അയാള്‍ തന്‍റെ കൈവശം ഉണ്ടായിരുന്ന ചെമ്പട്ട് പൂവന്‍റെ കഴുത്തിലണിയിച്ചു. ശാന്തിയുടെ കൈയില്‍ നിന്നും വാങ്ങിയ വാഴയിലക്കീറിലെ ചന്ദനവും കുങ്കുമവും പൂവന്‍റെ നെറ്റിയില്‍ അണിയിച്ച് തന്‍റെ യാത്ര തുടര്‍ന്ന അയാള്‍ ബലിക്കല്ലിന്‍റെ സമീപം കാലുകള്‍ നിശ്ചലമാക്കി. ബലിക്കല്ലില്‍ തലയമര്‍ത്തിക്കിടക്കുമ്പോളും പൂവന്‍റെ കണ്ണുകള്‍ അവന്‍റെ ഭാര്യയേയും മക്കളെയും തിരയുകയായിരുന്നു. തന്‍റെ ചുറ്റും നിന്നിരുന്ന നൂറു കണക്കിന് ഭക്ത ജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരുന്ന മന്ത്രാക്ഷരങ്ങളില്‍ നിന്നുയര്‍ന്ന്‍ കൊണ്ടിരുന്ന ഭക്തിയായിരുന്നില്ല മറിച്ചു ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചു കൊണ്ടിരുന്ന കത്തിയുടെ  വേഗത്തില്‍ നിന്നും മൂര്‍ച്ചയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ ഭയമായിരുന്നു പൂവന്‍റെ തലച്ചോറില്‍ നിറഞ്ഞത്‌. ഉയരത്തില്‍ നിന്നും പൂവന്‍റെ കണ്ഠത്തെ ലക്ഷ്യമാക്കി ശരവേഗത്തില്‍ താഴേക്കു പതിച്ച അറവു കത്തിയുടെ കണ്ണില്‍ പതിച്ചത് യജമാനന്‍റെ ഭക്തിയായിരുന്നില്ല, മറിച്ചു പൂവന്‍റെ കണ്ണുകളിലെ ജീവിതത്തോടുള്ള ആസക്തിയായിരുന്നു.

(മനുഷ്യനു വേണ്ടി സ്വന്തം ജീവനും ജീവിതവും ഹോമിക്കുന്ന എല്ലാ ജീവികള്‍ക്കും ഈ കഥ സമര്‍പ്പിക്കുന്നു.)