Saturday 21 February 2015

പി.കെ. റീലോഡഡ്

                                                           പി.കെ. റീലോഡഡ്

                                               അമല്‍ നീരജ് വ്യാസന്‍ അതായിരുന്നു അവന്‍റെപേര്. പക്ഷെ ഞങ്ങള്‍ ഒരിക്കലും അവനെ അങ്ങനെ വിളിക്കാറില്ല. ഞങ്ങള്‍ക്കവന്‍ പി.കെ. ആണ്.പൊക്കത്തില്‍ നീരജ് വ്യാസന്‍റെ ഓമനപുത്രന്‍. എനിക്കിപ്പോഴും ഓര്‍മയുണ്ട്,എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിട്ടും കളര്‍ ആയിട്ടും ആകെ ഒരേയൊരു ടി.വി. ഉണ്ടായിരുന്നത് അവന്‍റെ വീട്ടില്‍ മാത്രമായിരുന്നു. അവന്‍റെ വീട്ടില്‍ പോയിട്ടായിരുന്നു  ഞങ്ങള്‍ ചന്ദ്രകാന്ത കണ്ടത്,അപ്പൂപ്പന്‍ താടി കണ്ടത്, രാമായണവും പുന്നക്കാ വികസന കോര്‍പറേഷനും  ചിത്ര ഗീതവും ചിത്രഹാറും ഞായറാഴ്ച സിനിമകളും കണ്ടത് .

                                                "പൊക്കത്തില്‍" എന്നത് അവന്‍റെ വീട്ടുപേര് ആയിരുന്നു. അത് സൂചിക്കും പോലെ അവന്‍റെ വീട് ഒരു കുന്നിന്‍റെ മുകളില്‍ ആയിരുന്നു. എല്ലാ ഞായറാഴ്ചകളിലും ഞങ്ങള്‍ അവന്‍റെ വീട്ടിലേക്ക് ജാഥകള്‍ നടത്തും. രാവിലെ പോയാല്‍ വൈകിട്ടത്തെ സിനിമയും കണ്ടിട്ടാണ് മിക്കവാറും തിരികെ വരുക. ആറു മണിക്ക് തുടങ്ങുന്ന സിനിമ ത്രില്ലടിച്ചു വരുമ്പോള്‍ ഏഴു മണിക്കുള്ള വാര്‍ത്തയാകും. പതിനഞ്ചു മിനിറ്റ് ഒരേ ഇരുപ്പാണ്. ടെന്‍ഷനടിച്ചും ബാക്കിയുള്ള കഥ ഭാവനക്ക് അനുസരിച്ച് പരസ്പരം പറഞ്ഞും ഞങ്ങളങ്ങനെ ഇരിക്കുമ്പോഴാണ്  അവിടേക്ക് ചന്ദ്രകാന്തയിലെ "യക്കൂവി"നെപ്പോലെ അവന്‍റെ അപ്പൂപ്പന്‍റെ എന്ട്രി ഉണ്ടാകുന്നത്. ടി. വി. ഇരിക്കുന്ന ഹാളില്‍ തൂക്കിയിട്ടിരിക്കുന്ന ഭവാന്‍ കൃഷ്ണന്‍റെ ഫോട്ടോക്ക് മുന്‍പില്‍ ഒരു ചന്ദനത്തിരി കത്തിച്ച് നിന്ന് കൊണ്ട് ആ മഹാന്‍ ഒരു പ്രാര്‍ഥന തുടങ്ങും. ആ പ്രാര്‍ഥന ഏകദേശം പതിനഞ്ച് മിനിട്ടോളം കാണും. അത് തീരുമ്പോള്‍ സമയം ഏഴു മുപ്പത്. അതിനു ശേഷം ഫോട്ടോക്ക് അടുത്തു തന്നെയുള്ള ഭസ്മ പാത്രത്തില്‍ നിന്നും ഒരു കൈക്കുമ്പിള്‍ ഭസ്മം എടുത്ത് നെറ്റിയിലും പിടലിയുടെ ഇരു ഭാഗത്തും ഇരു കൈകളിലും നെഞ്ചത്തും ഇട്ട് ഫോട്ടോക്ക് മുന്‍പില്‍ നിലത്ത് കിടന്നു ഒരു സ്രാഷ്ട്ടാംഗ പ്രണാമം നടത്തും. ആ കിടപ്പ് ഒരു പത്ത് മിനിട്ടോളം കാണും.അപ്പോള്‍ സമയം ഏകദേശം ഏഴു നാല്പത്തി അഞ്ചാകും. അതിനു ശേഷം പതിയെ എഴുന്നേല്‍ക്കും. ഈ സമയമെല്ലാം  ഞങ്ങള്‍ കുട്ടികള്‍ ആകാംക്ഷയോടെ സിനിമയുടെ ബാക്കി ഭാഗം കാണാന്‍ കൈയ്യിലെ നഖം മുഴുവനും തിന്നു തീര്‍ത്തു  കൊണ്ട് കാത്തിരിക്കുകയാണ്. എനിക്ക് നഖം കടിക്കല്‍ എന്ന ദുശീലം ഉണ്ടായത് ഒരു പക്ഷെ ഈ അവസരത്തില്‍ ആയിരുന്നിരിക്കണം. പ്രാര്‍ഥന അവിടെ തീര്‍ന്നു എന്ന് കരുതി കാത്തിരിക്കുന്ന ഞങ്ങള്‍ കുട്ടികളുടെ സകല പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് ആ ഭക്ത ശിരോമണി നിലത്തു ചമ്രം പിടിച്ചു ഒറ്റ ഇരിപ്പാണ്. ആ ഇരിപ്പില്‍ കയ്യിലിരിക്കുന്ന ജ്ഞാനപ്പാന നാലഞ്ചാവര്‍ത്തി തിന്നു തീര്‍ത്തിരിക്കും. ഞങ്ങള്‍ കുട്ടികള്‍ വളരെ ദയനീയത്തോടെ ചുവരില്‍ ഇരിക്കുന്ന കള്ളക്കണ്ണനെ നോക്കും. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഞങ്ങള്‍ കുട്ടികളെപ്പോലെ തന്നെ ആകാംക്ഷയുടെ രസച്ചരട് പൊട്ടിയ കുണ്ഠിതത്തില്‍ ആണ് ആ കള്ളക്കണ്ണന്‍റെയും ഇരുപ്പെന്ന്. എല്ലാ പ്രാര്‍ഥനയും കഴിഞ്ഞു ടി.വി. ഓണ്‍ ചെയ്യുമ്പോള്‍ ശുഭം എന്നെഴുതിയ ഭാഗമായിരിക്കും ടി.വി.യില്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ടാവുക. ഞങ്ങളുടെ സിനിമാ കാഴ്ചയുടെ അന്തകനായ ആ ഭക്തനെ ഉള്ളം കയ്യിലിട്ടു ഞെരിച്ചു കൊല്ലാനുള്ള കലിയുമായിട്ടാണ് ഞങ്ങളുടെ മടക്കയാത്ര. ഞങ്ങളുടെ അതെ മാനസികാവസ്ഥയില്‍ പൊക്കത്തിലും ഒരാള്‍ ഉണ്ടായിരുന്നു, ഒരേയൊരാള്‍. അത് പി.കെ.ആയിരുന്നു.

                                                   സ്കൂള്‍ പഠനകാലം കഴിഞ്ഞു അവനെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ യാദൃശ്ചികമായാണ് അവനെ ഞാന്‍ ബോംബെയില്‍ വെച്ച് കാണുന്നത്. പ്രീ ഡിഗ്രീ കഴിഞ്ഞ ഞാന്‍ പഠിക്കാന്‍ അല്‍പ്പം പിന്നോക്കമായതിനാല്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച് പല ഇടവഴികളും ചാടിക്കടന്ന് ബോംബെയില്‍ എത്തി. അവിടെയതാ നില്‍ക്കുന്നു നമ്മുടെ പി.കെ. അവന്‍ വന്നതാകട്ടെ ആ കാലഘട്ടത്തിന്‍റെ കോഴ്സ് ആയ കമ്പ്യൂട്ടറും പഠിച്ച്. അവന്‍റെ കമ്പ്യൂട്ടര്‍ പഠനം അവനെ ഒരു "ങ്ങമൂ" (മനസ്സിലായില്ല അല്ലെ മൂങ്ങ) ആക്കി മാറ്റിയിരുന്നു. മൂങ്ങക്ക് പകലാണ്‌ കാഴ്ചക്ക് പ്രശ്നം എന്നാണല്ലോ വെയ്പ്പ്. ഇത് നേരെ തിരിച്ചാണ്, രാത്രിയില്‍ അവന്‍റെ കണ്ണിന്‍റെ ഉള്ളില്‍ കയറി നിന്നാലേ നമ്മളെയൊക്കെ ആ പാവത്തിന് മനസ്സിലാകൂ.

                                                           സിഗരറ്റ് വലി തുടങ്ങിയ സമയത്താണ് ആശാനെ എന്‍റെ കയ്യില്‍ ഒത്തു കിട്ടിയത്. ഒറ്റക്ക് വലിച്ചു ബോറടിച്ചു തുടങ്ങിയ സമയം. ഒരു ഇരയെ കിട്ടിയ പാടെ അവന്‍റെ അണ്ണാക്കിലേക്ക് തന്നെ തള്ളിക്കൊടുത്തു ചാര്‍മിനാര്‍ ഒരെണ്ണം. വളരെ പേടിയോടെയാണ് അവന്‍ വലി തുടങ്ങിയത്. ഏതെങ്കിലും കടയുടെ മറവില്‍ ആരുടേയും കണ്ണില്‍ പെടാതെയായിരുന്നു അവന്‍റെ പുകവലി. ഏതെങ്കിലും ഹിന്ദിക്കാരന്‍ വന്നാല്‍ വായില്‍ നിറഞ്ഞിരിക്കുന്ന പുക പുറത്ത് വിടാതെ കത്തി നില്‍ക്കുന്ന തീപ്പന്തം ദൂരേക്ക്‌ വലിച്ചെറിഞ്ഞു മാറിക്കളയും. ഇത് കാണുമ്പോള്‍ എനിക്ക് ദേഷ്യവും ചിരിയും വരും. കാരണം വീട്ടിലേക്ക് മണിയോടറായി അയക്കേണ്ട പൈസയില്‍ നിന്നും ഇസ്ക്കിയാണ് ഇങ്ങനെയുള്ള വിനോദങ്ങള്‍ക്ക്  പൈസ കണ്ടെത്തുന്നത്. ദേഷ്യത്തോടെ ഞാന്‍ ചോദിക്കും," ഇവിടെ നിന്‍റെ തന്ത ഇരിക്കുന്നോടാ ഇത്ര പേടിക്കാന്‍, അതോ ആ പരട്ട കിളവനോ?"

                                                      വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. ഇതിനിടയില്‍ പി.കെ. തന്‍റെ ബോബെ വാസം ഉപേക്ഷിച്ചു നാടിലേക്ക് തിരിച്ചു. അവിടെ ആശാന്‍ സ്വന്തമായി ഒരു നെറ്റ് കഫെയും ഇട്ട് തന്‍റെ ജീവിതയാത്ര തുടര്‍ന്നു. ആ നാട്ടിലെ ചെറുപ്പക്കാരുടെയും തൈക്കിളവന്‍മാരുടെയും ദാഹശമനിയായി പില്‍ക്കാലത്ത് ആ കഫെ മാറി. ഞാന്‍ പിന്നെയും കുറച്ചു നാള്‍ കൂടി ഹിന്ദിക്കാരുടെ അന്നദാതാവായി അവിടെ കൂടി. അവസാനം ഞാനും എന്‍റെ ബോംബെ സേവനം നിര്‍ത്തി നാട്ടില്‍ തിരിച്ചെത്തി. 

                                                               ഒരു സന്ധ്യാ സമയത്താണ് ഞാന്‍ പി.കെ.യെ കാണാനായി അവന്‍റെ കഫെയായ "ദാഹശമനി"യില്‍ ചെന്നത്.  ഞാന്‍ ചെല്ലുമ്പോള്‍ കഫെയില്‍ നല്ല രീതിയില്‍ തിരക്കുന്നുണ്ടായിരുന്നു.  കമ്പ്യൂട്ടര്‍ സാക്ഷരതയിലുള്ള എന്‍റെ നാടിന്‍റെ മുന്നേറ്റം എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. എന്നാല്‍ കഫെക്കകത്ത് പോണ്‍ സൈറ്റുകളിലൂടെ അവിടെയുണ്ടായിരുന്ന ആബാല വൃദ്ധം ജനങ്ങളും  ഊളിയിട്ട് തങ്ങളുടെ ദാഹം തീര്‍ക്കുകയാണെന്നു അവന്‍ പറഞ്ഞു തന്നു. അപ്പോഴാണ്‌ അവന്‍ എന്ത് കൊണ്ട് തന്‍റെ കഫെക്ക് "ദാഹശമനി" എന്ന പേരിട്ടു എന്ന് എനിക്ക് മനസ്സിലായത്‌. ചെന്നപാടെ പി.കെ. തന്‍റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മാല്‍ബരോയുടെ ഒരു പാക്കെറ്റും എടുത്ത് എന്‍റെ കൂടെ  പുറത്തേക്ക് വന്നു. വളരെയേറെ കൌതുകത്തോടെയായിരുന്നു ഞാന്‍ അവനെ നോക്കിക്കണ്ടത്. അവന്‍റെ ശരീര പുഷ്ട്ടിയിലും പുറത്തെ മങ്ങിയ വെളിച്ചത്തില്‍അവന്‍റെ ദേഹത്തില്‍ കണ്ട തിളങ്ങുന്ന സ്വര്‍ണ മാലയില്‍ നിന്നും അവന്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ എത്തി എന്ന് ഞാന്‍ മനസ്സിലാക്കി. ജോലിയും പോയി കളസവും കീറി നിന്നിരുന്ന എന്‍റെ കയ്യിലേക്ക് ശങ്കര്‍ ദാസ് സ്റ്റൈലില്‍ ആശാന്‍ ഒരു സിഗരറ്റ് തീ പറ്റിച്ചു നല്‍കി. അവന്‍ തന്‍റെ വളര്‍ച്ചയുടെ പടവുകള്‍ നാടകീയമായി വിവരിക്കുന്നതിനിടയില്‍ മറ്റൊരു സിഗരറ്റില്‍ തീ പറ്റിച്ചു തന്‍റെ ചുണ്ടുകള്‍ക്കിടയില്‍ ഒട്ടിച്ച്  വലി ആരംഭിച്ചു. എന്‍റെ ചെവികള്‍ അവന്‍റെ വാക്കുകളെ ശ്രവിക്കുകയായിരുന്നില്ല, മറിച്ചു എന്‍റെ നയനങ്ങള്‍ അവന്‍റെ പുകവലിയില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. അന്യ നാട്ടില്‍ ഹിന്ദിക്കാരെ പേടിച്ചു മാത്രം പുകവലിച്ചിരുന്ന പേടിത്തൂറിയായപയ്യനില്‍ നിന്നും കലാപരമായ രീതിയില്‍ സിഗരറ്റിനെ കൈകാര്യം ചെയ്യുന്ന ഒരു മഹാമാന്ത്രികനായിട്ടാണ് എനിക്കവനെ അന്ന് തോന്നിയത്. ഇങ്ങനെ ഒരു മഹത് വ്യക്തിയെ ഈ ഒരു കര്‍മ പഥത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതില്‍ ഞാന്‍ ആ നിമിഷം വല്ലാതെ അഭിമാനിച്ചു. വൃത്താകൃതിയിലും ത്രികോണാകൃതിയിലും ചതുരാകൃതിയിലും അവന്‍റെ സിഗരറ്റിന്‍റെ അഗ്രഭാഗത്ത് നിന്നും പുക മുകളിലേക്ക് ഉയര്‍ന്നു കൊണ്ടിരുന്നു. തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട്‌ കണ്ടു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയുടെ  കൌതുകത്തോടെ ഞാന്‍ ആ മനോഹര കാഴ്ച വളരെയേറെ ആസ്വദിച്ചു കൊണ്ട് കണ്ടു നിന്നു. പെട്ടന്നാണ് ആ അത്യാഹിതം സംഭവിച്ചത്. അതാ പി.കെ.യുടെ തൊട്ടു പുറകില്‍ അവന്‍റെ അച്ഛന്‍. പതിവിലും വൈകിയിട്ടും മകനെ കാണാഞ്ഞിട്ട് അന്വേഷിച്ചു വന്നതായിരുന്നു അദ്ദേഹം. അവന്‍റെ ധൂമ നിര്‍ഗ്ഗമന പ്രകടനത്തില്‍ മതി മറന്നു നിന്ന ഞാന്‍ അദ്ദേഹം വളരെ അടുത്തെത്തിയപ്പോള്‍ മാത്രമാണ് കണ്ടത്. യാതൊരു തരത്തിലുള്ള സിഗ്നലും നല്‍കാന്‍ കഴിയുന്നതിനു മുന്‍പേ അവന്‍ അടുത്ത പുക വൃത്തം അച്ഛന്‍റെ മുഖത്തേക്ക് തന്നെ തൊടുത്തു. ഒരു നിമിഷം കണ്ണടച്ചു തുറന്ന ഞാന്‍ കണ്ടത് ആ പുകവൃത്തത്തില്‍ കുരുങ്ങി നില്‍ക്കുന്ന അവന്‍റെ അച്ഛനെയാണ്. കഴുത്തില്‍ കുരുങ്ങിയ പുകവൃത്തവുമായി ദൂരേക്ക്‌ നീങ്ങുന്ന അച്ഛനെ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട്  ആ ഹതഭാഗ്യന്‍ പതിയെ പറഞ്ഞു " അതെ, ഞാന്‍ പി.കെ.തന്നെയാണ്, ശരിക്കുമൊരു പൊട്ടക്കണ്ണന്‍....."