Wednesday 19 June 2013

പാസ്സെഞ്ചർ...


                               ഇന്നലെ പെയ്ത മഴയിൽ ഭൂമിയൊന്നു തണുത്തു.ഓഫീസിൽ നിന്നുമിറങ്ങി മൂന്നു ചുവട്ടടി മുന്നോട്ട് വെച്ച എൻറെ കവിളിലൂടെ അവൾ ഭൂമിയിലേക്ക് പെയ്തിറങ്ങി. ഭൂമിയെപ്പോലെ എന്റെ മനസ്സുമൊന്നു തണുത്തു. എനിക്കന്നു അവളോട്‌ ആദ്യമായി പ്രണയം തോന്നി.എന്റെ നെറുകയിലും കവിളുകളിലും പിൻകഴുത്തിലും ആവോളം ചുംബിക്കുവാൻ ഞാനവളെ അനുവദിച്ചു.

                                    വീട്ടിലെത്തുമ്പോൾ അച്ചാമ്മ( അച്ഛന്റെ അമ്മയെ അങ്ങനെയാണ് ഞങ്ങൾ വിളിക്കുന്നത് ) രാമനാമം ചൊല്ലിക്കൊണ്ടു കുടയും പിടിച്ചു കാറ്റത്ത് ഞെട്ടറ്റ് വീണ മാങ്ങ പെറുക്കുന്നുണ്ടായിരുന്നു.മഴ നനഞ്ഞു ചെന്നതിനു അമ്മയുടെ  വക ശകാരം കിട്ടി.

                                 " ഉച്ചിയിൽക്കൂടി വെള്ളം ഇറങ്ങാൻ നിൽക്കാതെ പോയി തല തുവർത്ത്." തോർത്ത് കയ്യിലെക്കിട്ടു തന്നു കൊണ്ട് അമ്മ പറഞ്ഞു." അച്ഛനിതു കാണേണ്ട. ഉം,വേഗം തുവർത്ത്‌".ഈ സമയം നിലത്തു വീണ മാങ്ങകൾ മുഴുവൻ പെറുക്കി മടിശീലയിൽ തിരുകിക്കൊണ്ട്‌ അച്ചാമ്മയെത്തി.
                                   "രാമ രാമ, എന്തൊരു മഴയാണിത് ? എന്റെ ആയുസ്സിനിടയിൽ ഇതുപോലൊരു മഴ ഞാൻ കണ്ടിട്ടില്ല. ലോകാവസാനം ആയോ ? നാരായണ നാരായണ".എനിക്ക് ഓർമ വെച്ച നാൾ മുതൽ ഓരോ മഴക്കാലത്തും ഞാൻ ഈ വാക്കുകൾ അച്ചാമ്മയിൽ നിന്നും കേൾക്കാറുണ്ട് .
                                     " അമ്മയ്ക്ക് ഇതെന്തിന്റെ അസുഖാ, ഈ മഴ സമയത്ത് മാങ്ങ പെറുക്കാൻ? മഴയൊന്നു തോർന്നിട്ട് പോരാരുന്നോ ?".അച്ചാമ്മക്ക് മറുപടി പറയാനുള്ള അവസരം കിട്ടുന്നതിനു മുൻപ്  അച്ഛനെത്തി.
                        "നിങ്ങൾ ഇതെവിടെ ആയിരുന്നു മനുഷ്യാ?"
                            " ഞാൻ ഒരു ചായ കുടിക്കാൻ പോയതാണ് ." ഇതും പറഞ്ഞു തിരിഞ്ഞപ്പോൾ അച്ഛൻ എന്നെ കണ്ടു." നീയെന്താടാ, മഴ മുഴുവനും നനഞ്ഞോ? പുതു മഴ നനയാൻ പാടില്ലെന്ന് നിനക്കറിഞ്ഞു കൂടെ.ഇതെന്താടി ലൈറ്റൊന്നും ഇടാത്തത്, കരണ്ട് ഇതുവരെ വന്നില്ലേ ?""അഞ്ചു മണിക്ക് പോയതാണ്, ഇതുവരെ വന്നില്ല" അമ്മ മറുപടി പറഞ്ഞു.
                                 "ഡാ, നീ കെ എസ് ഇ  ബിയിലേക്ക് ഒന്ന് വിളിച്ചു തന്നെ." ഞാൻ മൊബൈലിൽ നമ്പർ  ഡയൽ ചെയ്തു കൊടുത്തു. " ഹലോ സർ ഞാൻ രവീന്ദ്രൻ'. കണ്‍സ്യുമർ നമ്പർ 5657.പായൽക്കുളങ്ങര ക്ഷേത്രത്തിനു വടക്ക് ഭാഗത്തായി പടിഞ്ഞാറ് ദിശയിലേക്ക് കിടക്കുന്ന റോഡിലൂടെ നടന്നു വരുമ്പോൾ വലതു ഭാഗത്തായി സ്ഥിതി ചെയ്യുന്നട്രാൻസ് ഫോർമറിൽ നിന്നും കാലാവസ്ഥയിലെ പെട്ടന്നുണ്ടായ മാറ്റം മൂലം ഉണ്ടായ അതി ശക്തമായ കാറ്റും മഴയും മൂലം അതിഭയങ്കരമായ സ്ഫോടനവും തുടർന്ന് പ്രകാശ കിരണങ്ങളുടെ ബഹിർസ്ഫുരണവും ഉണ്ടായതിനാൽ വിച്ചേദിക്കപ്പെട്ട വൈദ്യുതബന്ധം ഇതുവരെ പുനസ്ഥാപിക്കപെട്ടിട്ടില്ല. പ്രസ്തുത പ്രശ്നത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ള നടപടിക്രമങ്ങൾ അങ്ങയുടെ പക്കൽ നിന്നും എത്രയും പെട്ടന്ന് ഉണ്ടാകണമെന്ന് അഭ്യർഥിച്ചു കൊള്ളുന്നു. ഓ കെ സർ "
                                അച്ഛന്റെ ഫോണ്‍ വിളി കേട്ടുകൊണ്ടിരുന്ന എന്റെ തല ആകെ പെരുത്ത് കയറി. ഈശ്വരാ അപ്പോൾ ഈ ഫോണ്‍ കോൾ  അറ്റെന്റ് ചെയ്ത ആളുടെ അവസ്ഥ എന്തായിരിക്കും. മിക്കവാറും അയാൾ ആ ട്രാൻസ്ഫോർമർ പോലെ കത്തിക്കരിഞ്ഞു കാണും.അല്ലെങ്കിൽ ആ ഫോണിന്റെ വയർ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തു കാണും. അച്ഛനങ്ങനെ ആണ് ഫോണ്‍ ചെയ്യുമ്പോൾ സംസാരിക്കുന്നത് . വളരെ വിശദമായി തന്നെ സംസാരിച്ചു കളയും. ഒരിക്കൽ അച്ഛൻ ആലപ്പുഴ വരെ എന്തോ ആവിശ്യത്തിന് പോയി. മടങ്ങി വരാൻ വൈകിയ അച്ഛനെ ഞാൻ വിളിച്ചു.
                              
                                          "എവിടെയെത്തി അച്ഛാ?"
                           "ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിൽ കയറി കച്ചേരിമുക്ക് ജംക്ഷനിൽ ഇറങ്ങി പടിഞ്ഞാറ് ഭാഗത്തേക്ക് റോഡ്‌ ക്രോസ് ചെയ്തു റോഡിന്റെ സൈഡിലൂടെ ദക്ഷിണ ദിശ ലക്ഷ്യമാക്കി നടന്നു നവരാക്കൽ അമ്പലത്തിന്റെ മുൻപിൽ എത്തി."
                                  എന്റെ തല ആകെ ചൂടായി " എന്റെ പൊന്നച്ഛാ, നവരാക്കൽ എത്തിയെന്ന് പറയുന്നതിനാണോ ഇക്കണ്ട രാമായണം മുഴുവനും വിളമ്പിയത് ".എന്തൊക്കെ പറഞ്ഞാലും അച്ഛന്റെ ഫോണ്‍ വിളിയിലുള്ള മികവു കാരണമോ അതോ അത് കേൾക്കാൻ കെ എസ് ഇ ബി ജീവനക്കാർക്കു കരുത്തില്ലാത്തത് കൊണ്ടോ എന്തോ അര മണിക്കൂറിനുള്ളിൽ കരണ്ട് വന്നു.
                                 ഊണും കഴിച്ചു ഞാൻ കമ്പ്യുട്ടെറിന്റെ മുൻപിൽ എത്തി. അന്ന് ഞാൻ മൊബൈൽ ക്യാമറയിൽ പകർത്തിയ എന്റെ വ്യെതസ്ഥ ഭാവത്തിലുള്ള അഞ്ചു ചിത്രങ്ങൾ യു എസ് ബി കേബിൾ വഴി കമ്പ്യുട്ടെറിന്റെ നെഞ്ചത്ത് ഒട്ടിച്ചു. ഫോട്ടോ ഷൊപ്പിലിട്ട് ഒന്ന് ചിന്തേരിട്ട് എടുത്ത എൻറെ  ഫോട്ടോ കണ്ടു ഞാൻ പുളകിതനായി.അതിൽ ഏറ്റവും മികച്ചതെന്നു തോന്നിയ ഒന്ന് ഞാൻ പ്രൊഫൈൽ പിക്ചർ ആയിടാൻ തീരുമാനിച്ചു.ആഴ്ചയിൽ കുറഞ്ഞത്‌ പത്ത് പ്രാവശ്യമെങ്കിലും ഞാൻ എന്റെ പ്രൊഫൈൽ പിക്ചർ മാറ്റിയിരിക്കും.അപ് ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോയിലും കിട്ടുന്ന കമൻറുകളും ലൈക്കുകളും എന്നെ ഹരം കൊള്ളിച്ചിരുന്നു. ഓരോ ഫോട്ടോയും നൂറു ലൈക്കുകൾ കടക്കുമ്പോൾ ട്വന്റി ട്വെന്റിയിൽ സെഞ്ച്വറി തികച്ച ബറ്റ്സ്മാന്റെ ഉന്മാദാവസ്ഥയിൽ ഞാൻ എത്തുമായിരുന്നു. ഫോട്ടോ ലൈക് ചെയ്ത പെണ്‍ പ്രജകളെ തിരഞ്ഞു പിടിച്ചു ചാറ്റ് ചെയ്തതിനു ശേഷം ഞാൻ ഫൈസ് ബുക്ക്‌ അടച്ചു.ഈ സമയങ്ങളിലെല്ലാം മഴ അവളുടെ ലാസ്യ നൃത്തം തുടരുന്നുണ്ടായിരുന്നു. ബെയറിംഗ് പോയ ഫാനിൻറെ കര കരാ ശബ്ദമില്ലാതെ ഞാൻ ഉറക്കത്തിലേക്ക് തെന്നി മാറി.

                                                        ശീതളമായ കാലാവസ്തയായിരുന്നിട്ട് കൂടി പുലർച്ചെ അഞ്ചു മണിക്ക് തന്നെ അലാറം എഴുന്നേറ്റു.ഉച്ചത്തിൽ അലറിക്കൊണ്ടിരുന്ന അവൻറെ വായ പൊത്തിപ്പിടിച് കട്ടിലിൻറെ ഒരു വശത്തേക്ക് തള്ളിയിട്ടതിന് ശേഷം തലയനക്കടിയിലേക്ക് ഞാൻ തല മൂടി വെച്ചു.അമ്മയുടെ ശകാരം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. കാലം 2700 സെക്കൻറുകൾ കൂടി മുന്നിലേക്ക് പോയെന്നു ക്ലോക്കിലേക്ക് നോക്കിയ ഞാൻ മനസ്സിലാക്കി.പ്രഭാതഭക്ഷണം കഴിച്ചെന്നു വരുത്തി ഇറങ്ങുമ്പോൾ മൊബൈലിൽ  രണ്ടു മിസ്‌ കോളുകൾ കണ്ടു.ബിലിനും അഷ്കറും ആണ്,ഏറനാട് കോത്തിലെ ദിവ്യന്മാർ.വൈകി എഴുന്നേറ്റതിനാൽ ഏറനാട് എക്സ്പ്രസ്സ്‌ മിസ്‌ ആയെന്നും ഇനി മേലിൽ ഇങ്ങനെയൊരു തെറ്റ് ആവർത്തിക്കില്ലെന്നും തൻറെ മേൽ ശിക്ഷണ നടപടികൾ എടുക്കരുതെന്നും അഭ്യർഥിച്ചു കൊണ്ടുള്ള ഒരു എസ് എം എസ് ഞാൻ അവർക്ക് അയച്ചു.

                                              സ്റ്റാർ ബേക്കറിക്ക് അഭിമുഖമായി ബൈക്ക് പാർക്ക്‌ ചെയ്തിട്ട്  ഞാൻ ബസ് സ്റൊപ്പിലെത്തി. ഏതാനം നിമിഷത്തെ കാത്ത് നിൽപ്പിനു ശേഷം ഒരു ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് കിട്ടി. ആലപ്പുഴ മെഡിക്കൽ കോളേജ് ജെംക്ഷനിൽ ബസ്‌ നിർത്തുമ്പോൾ സീതാസ് തിയേറ്ററിൽ മമ്മൂട്ടിയുടെ പടുകൂറ്റൻ ഫ്ലെക്സ്  ഒരു കൂട്ടം ആരാധകർ മഴയെ അവഗണിച്ചും ഒരുക്കുന്നുണ്ടായിരുന്നു.

                                              7.10 ഓടെ ഞാൻ ആലപ്പുഴ റെയിൽവെ സ്റ്റെഷനിൽ എത്തി. സ്റ്റെഷനുള്ളിൽ തന്നെയുള്ള ബുക്ക്‌ സ്റ്റാളിൽ നിന്നും ആലാഖയുടെ പെണ്മക്കൾ വാങ്ങി ബാഗിൻറെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു .പാസ്സെഞ്ചർ മൂന്നാമത്തെ പ്ലാറ്റ് ഫോമിലാണ് കിടന്നിരുന്നത്. ഫ്ലൈ ഓവർ കയറി പാസ്സെഞ്ചരിനടുത്തെക്ക് പോകുമ്പോഴും എൻറെ കണ്ണുകൾ പരിചിത മുഖങ്ങൾ തിരയുകയായിരുന്നു. പക്ഷെ ആരെയും കണ്ടില്ല. ഫ്ലൈ ഓവറിനു സമീപം തന്നെയുള്ള കമ്പാർട്ട് മെന്റിൽ കയറാൻ ഞാൻ തീരുമാനിച്ചു.എന്നാൽ അവിടമാകെ ചെളിവെള്ളം ഒരു തടാകം തീത്തിരുന്നു. ആ തടാകം നീന്തി കടന്നു വേണമായിരുന്നു കയറാൻ. കഴിഞ്ഞയാഴ്ച വാങ്ങിയ   റീബോക്കിന്റെ വെളു വെളുത്ത ഷൂ എന്നെ ആ പ്രയത്നത്തിൽ നിന്നും വിലക്കി.ഞാൻ പുറകിലേക്ക് നടന്നു മറ്റൊരു കമ്പാർട്ട്മേന്റിൽ കയറി.ഭാഗ്യത്തിന് എമർജൻസി വിൻഡോ സീറ്റ് തന്നെ എനിക്ക് കിട്ടി. മഴ തോർന്നിരുന്നതിനാൽ വിൻഡോ മുകളിലേക്ക് കയറ്റി വെച്ച് ബാഗിൽ നിന്നും പഴയ ഒരു ഒരു പത്രക്കടലാസ് എടുത്ത് സീറ്റിലുണ്ടായിരുന്ന വെള്ളത്തുള്ളികൾ തുടച്ചുമാറ്റി. ഈ സമയങ്ങളിൽ പാസ്സെഞ്ചറിന്റെ ആമാശയം യാത്രക്കാരെ കൊണ്ട് നിറഞ്ഞു കൊണ്ടിരുന്നു. ബാഗിൻറെ ഗർഭ പാത്രത്തിൽ നിക്ഷേപിച്ചിരുന്ന പുസ്തകം ഓമനത്വത്തോടെ പുറത്തെടുത്തു ഞാൻ വായന ആരംഭിച്ചു.അപ്പോഴാണ്‌ സീസണ്‍ ടിക്കറ്റ്‌ മൃതിയടഞ്ഞ കാര്യം ഞാൻ ഓർത്തത്. ടിക്കറ്റ്‌ എടുക്കാതെ യാത്ര ചെയ്യാൻ എന്നിലെ പൌര ബോധം എന്നെ അനുവദിചില്ല. ബാഗ് സീറ്റിലേക്ക് സ്ഥാപിച്ചു സീറ്റ് ബുക്ക്‌ ചെയ്തുകൊണ്ട് എതിർവശമിരുന്ന ആളോട് ഞാൻ പറഞ്ഞു.

                                                     " ചേട്ടാ, ഈ ബാഗൊന്നു നോക്കണേ. ഞാനിപ്പോൾ ടിക്കറ്റ്‌ എടുത്തു വരാം." കാർമേഘത്തിനിടയിലൂടെ തട്ടി തടകി വന്ന സൂര്യൻറെ ചീളുകൾ ആ മനുഷ്യൻറെ മാർബിൾ പോലെ മിനുസമായ തലയിൽ തട്ടി റബ്ബർ പന്ത് കണക്കെ എന്റെ കണ്ണിലേക്കു ഇടിച്ചു കയറി.

                                                    വേഗത്തിൽ ഞാൻ ടിക്കറ്റ്‌ കൌണ്ടാറിനരുകിൽ എത്തി.വെള്ളിയാഴ്ച ആയിരുന്നിട്ട് കൂടിയും സാമാന്യം നല്ല രീതിയിൽ തിരക്കുണ്ടായിരുന്നു. ഒച്ചിഴയുന്ന വേഗതയിൽ നീങ്ങി കൊണ്ടിരുന്ന ക്യു എന്നെ മുഷിപ്പിച്ചു. മുക്കിയും മൂളിയും ഒരു വിധത്തിൽ ടിക്കറ്റ്‌ കൌണ്ടാറിനരുകിൽ എത്തി. സ്റ്റാർട്ടിങ്ങ് പോയിൻറ് ആലപ്പുഴ അല്ലാത്തതിനാൽ നിർദാക്ഷണ്യം സീസണ്‍ എനിക്ക് നിഷേധിക്കപ്പെട്ടു. പേഴ്സിൽ നിന്നും തപ്പിപ്പെറുക്കി എടുത്ത പത്തു രൂപയുടെ ചില്ലറ തുട്ടുകൾ ടിക്കറ്റ്‌ കൌണ്ടറിന്റെ വായിലേക്ക് ഞാൻ കൊടുത്തു. തിരികെ കിട്ടിയ ടിക്കെട്ടുമായി മൂന്നാമത്തെ പ്ലാറ്റ് ഫോമിലേക്ക് കുതിക്കുമ്പോൾ റെയിൽ വേയുടെ അന്നൗണ്‍സ്മെന്റ് എൻറെ  ചെവിയിലേക്ക് തുളച്ചു കയറി.

                                             " ആലപ്പുഴ സ്റ്റെഷൻ നിങ്ങൾക്ക് ശുഭ യാത്രയേകുന്നു"  
       
                                            ട്രെയിൻ അതിന്റെ ചലനം തുടങ്ങിയിരിക്കുന്നു. ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നും പാളത്തിലേക്ക്  ചാടിയിറങ്ങി വളരെ വേഗത്തിൽ ഞാൻ ഒരു അഭ്യാസിയെപ്പോലെ രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് ചാടിക്കയറി. മൂന്നാമത്തെ പ്ലാറ്റ് ഫോമിനെ വലയം ചെയ്ത് കിടന്നിരുന്ന ചെളി തടാകത്തെ അവഗണിച്ചു വാതിലിനെ ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ തിളങ്ങുന്ന ഒരു തല പുറത്തേക്ക് നീണ്ടു വരുന്നത് ഞാൻ കണ്ടു.ക്ഷണനേരത്തേക്കേ ആ തല പുറത്ത് ദ്രിശ്യമായുള്ളൂ. തൊട്ടടുത്ത നിമിഷത്തിൽ തന്നെ ആമ സ്വന്തം തോടിനുള്ളിലേക്ക്  തല വലിക്കുന്നത് പോലെ വജ്ര ശോഭ വിതറിയ ആ തല പാസ്സെഞ്ചറിന്റെ ഉദരത്തിലെക്ക് തിരിച്ചു കയറി.ആ തല കണ്ട കമ്പാർട്ട് മെന്റ് ലക്ഷ്യമാക്കി ഞാൻ കുതിച്ചു. ഒരു വിധത്തിൽ ഞാൻ ചാടിക്കയറി. തലക്കുള്ളിലെക്ക് മലവെള്ള പാച്ചിൽ പോലെ രക്തം ഇരച്ചു കയറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. പള പളാ തിളങ്ങിക്കൊണ്ടിരുന്ന എന്റെ പുതു പുത്തൻ റീബോക്കിന്റെ ഷൂസിനു ചുറ്റും ചെളി ഒരു പുറ്റു കണക്കെ പറ്റിപ്പിടിച്ചിരുന്നു. ഹൗ! വല്ലാത്ത ദുർഗന്ധം.ആ ദുർഗന്ധവും പേറി കിതച്ചു കൊണ്ട് ഞാൻ എന്റെ സീറ്റിലെത്തി. സീറ്റിലേക്ക് നോക്കിയാ ഞാൻ ഞെട്ടി. അവിടം ശൂന്യമായിരുന്നു. ഓ ഗോഡ് , ആയിരത്തി അഞ്ഞൂറ്  രൂപ വിലയുള്ള  അമേരിക്കൻ ടൂറിസ്റ്റെറിന്റെ എന്റെ ബാഗ് അപ്രത്യേക്ഷമായിരിക്കുന്നു.ഒരു വിധത്തിൽ ശ്വാസോച്ഛാസത്തെ നിയന്ത്രിച്ചു കൊണ്ട് ബാഗ്‌ നോക്കാൻ ഏല്പിച്ച മാർബിൾ തലയനോട് ചോദിച്ചു.

                                               " ചേട്ടാ, എന്റെ ബാഗ്?"

                                   അപ്പോഴാണയാൾ എന്നെ കണ്ടത്." അയ്യോ മോൻ കയറിയായിരുന്നോ?മക്കൾ കയറിയില്ലെന്നു കരുതി ഞാനത് പ്ലാറ്റ്ഫോമിലേക്കിട്ടു."

                                              ഒരു നിമിഷത്തെ നിശബ്ദത.വിന്ഡോ സീറ്റിലൂടെ പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത് ചെളി സമുദ്രത്തിൽ റ്റൈറ്റാനിക് കപ്പൽ  പോലെ മുങ്ങി താണു കൊണ്ടിരുന്ന എന്റെ ആയിരത്തി അഞ്ഞൂറ് രൂപ വിലയുള്ള അമേരിക്കൻ ടൂറിസ്റ്റെർ ബാഗാണ്.

Monday 10 June 2013

ആകസ്മികം

  ആകസ്മികം


                                  വല്ലാത്ത ക്ഷീണം.കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.എപ്പോഴാണവൾ സ്വന്തം ശരീരം എന്നിൽ നിന്നും പറിചെടുത്തത്, അറിയില്ല.ഞാൻ ചുറ്റും നോക്കി. ഒഴിഞ്ഞ മദ്യ കുപ്പികൾ. സിഗരറ്റിന്റെ ചാരം ആഷ് ട്രേയിൽ ഒരു ഹിമാലയം തീത്തിരിക്കുന്നു.വല്ലാത്ത തലവേദന.താഴെക്കിടന്നിരുന്ന ലുങ്കി ചുറ്റി പതിയെ ബെഡ്‌ഡിൽ നിന്നും എണീറ്റു.

                                ഇത്തരത്തിലുള്ള ആഘോഷം മാസത്തിൽ  ഒന്നോ രണ്ടോ പ്രാവശ്യം പതിവാണ്. ആഘോത്തിനു ശേഷം മനസ്സിനും ശരീരത്തിനും ഒരു പുത്തനുണർവ്  കിട്ടാറാണ്  പതിവ്.ഇന്നെന്തോ അതിനു ഒരു വ്യതിയാനം സംഭവിച്ചിരിക്കുന്നു. ഹൃദയത്തിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു തരം  വിങ്ങൽ.നടക്കുമ്പോഴും അതിനുള്ള കാരണം തിരയുകയായിരുന്നു എന്റെ മനസ്സ്.


                             ഹാളിൽ ജോമും ഹാഷിമും ബോധം കെട്ടുങ്ങുകയാണ്.ഞാൻ ക്ലോക്കിലേക്ക് നോക്കി. പത്തു മണി.


                             " ഡാ എഴുന്നേൽക്ക്, പത്തു മണിയായി".ഇന്നലത്തെ അധ്വാനം അവരെ ശരിക്കും തളർത്തിയിട്ടുണ്ടെന്നു എനിക്ക് മനസ്സിലായി.


                                ഞാൻ, ജോം, ഹാഷിം. മൂന്നു ശരീരമായിരുന്നെങ്കിലും ഒരേ മനസ്സായിരുന്നു  ഞങ്ങൾക്ക്.ചിന്താഗതികളിലെയും അഭിരുചികളിലെയും പൊരുത്തുങ്ങളായിരിക്കാം ഒന്നാം ക്ലാസിൽ തുടങ്ങിയ സൌഹൃദം ഇപ്പോഴും നിലനില്ക്കാൻ കാരണം. പഴകും തോറും വീര്യം കൂടുന്ന ഒരു രം  വീഞ്ഞായിരുന്നു ഞങ്ങളുടെ സൌഹൃദം.


                                 ഒരു തരത്തിൽ പറഞ്ഞാൽ  ഇതെന്റെ രണ്ടാം ജന്മമാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പുണ്ടായ ആക്സിടെന്റ്റ് രക്ത ബന്ധങ്ങളിലെ ജീത തനിക്കു കാട്ടി തന്നു. പത്തു മാസത്തെ ആശുപത്രി വാസം....******* ഹോസ്പിറ്റൽ അക്ഷരാർഥത്തിൽ എനിക്കൊരു ഗർഭ പാത്രമായിരുന്നു. സൗഹ്രിദമാകട്ടെ ഈ ജന്മത്തിലെക്കുള്ള പോക്കിൾക്കൊടിയും. ശരീരം ഹൃദയത്തെ പൂർണമായും സ്വീകരിച്ചു  എന്ന തിരിച്ചറിവിനു ശേഷം ജീവിതം വർണാഭമായി മാറുകയായിരുന്നു.


                               കാപ്പി തയ്യാറാക്കി വരുമ്പോൾ രണ്ടുപേരും സോഫയിൽ ചമ്രം പിടിച്ചിരിപ്പുണ്ടായിരുന്നു. ഹാഷിമിന്റെ എപ്പാടായിരുന്നു ഇന്നലത്തേത്.


                                 " ഏതാടാ ഹാഷിമേ ഇന്നലത്തെ ഉരുപ്പിടി?"


                                  " എങ്ങനെയുണ്ടായിരുന്നു?"

                               " അല്പ്പം ചവിട്ടും കുത്തുമൊക്കെയുണ്ടായിരുന്നു. എങ്കിലും  കൊള്ളാം."

                                 "കൂടെ വന്ന പയ്യനില്ലേ, അവൻ വളച്ചു കൊണ്ട് വന്നതാ."


                                 "കള്ളക്കാമുകന്മാർക്കു സ്തോത്രം, എന്തെന്നാൽ നിങ്ങൾ ഞങ്ങൾക്കായി അത്താഴമൊരുക്കുന്നു." വേദ വാക്യം പറയും പോലെ ജോം മന്ത്രിച്ചു.

                         
                                    "നിനക്കെന്ത് പറ്റിയെടാ?"

                                    "ഹേ ഒന്നുമില്ല." ഞാൻ പറഞ്ഞു. " അല്ല നിന്റെ  മുഖം കണ്ടിട്ട്  ഒരു വല്ലായ്ക പോലെ, സുഖമില്ലേ?" " ഒന്നുമില്ലെന്ന്പറഞ്ഞില്ലേ " ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റു.


                                      "എടാ കൊന്നാൽ പാപം തിന്നാൽ തീരുമെന്നാ.അവൻ ചോദിച്ച പണം കൊടുത്തിട്ടുണ്ട്. നമ്മൾ അറിഞ്ഞില്ലല്ലോ അവൻ പണി കൊടുത്തു കൊണ്ടുവന്നതാണെന്നു."


                                     ഞാൻ റൂമിലേക്ക്‌ തിരിച്ചു. മനസ്സാകെ അസ്വസ്തമായിരിക്കുന്നു. അരുതാത്തത് എന്തോ ചെയ്തിരിക്കുന്നു എന്ന ഒരു തോന്ന.


                                     ഷവറിനടിയിൽ നില്ക്കുമ്പോഴും മനസ്സ് സിഗരറ്റിൽ പറ്റിപ്പിടിച്ച തീ കണക്കെ പുറകോട്ട് കുതിക്കുകയായിരുന്നു. സ്വന്തമെന്നു പറയാൻ ഇന്ന് തനിക്കാരുണ്ട്.? ആരുമില്ല. മിടിച്ചു കൊണ്ടിരിക്കുന്ന ഈ ഹൃദയം പോലും തന്റെ സ്വന്തമല്ല. താൻ വെറുമൊരു കാവൽക്കാരൻ മാത്രം. ആക്സിടെന്റ്റ് നടന്നതിന്റെ രണ്ടാഴ്ച കഴിഞ്ഞാണ് തനിക്കു ബോധം തിരിച്ചു കിട്ടിയത്. പത്ര കട്ടിങ്ങ്സുകളിലൂടെ അറിഞ്ഞു താൻ ഇപ്പോൾ മറ്റൊരാളിൽ നിന്ന് ദാനം കിട്ടിയ ഹൃദയത്തിന്റെ കാവൽക്കാരൻ ആയെന്നു.എത്ര നാൾ ആ മിടിപ്പ് തന്നോടൊപ്പം ഉണ്ടാകും എന്നറിയില്ല. ഒരിക്കൽ പോലും തനിക്കായി ജീവിച്ചിരുന്നില്ല എന്ന തിരിച്ചറിവ് ആശുപത്രി കിടക്ക വിട്ടെണീറ്റ  തന്റെ ചിന്താഗതികളെ അപ്പാടെ മാറ്റി മറിക്കുകയായിരുന്നു.


                                      ഷവറിനടിയിലെ നിമിഷങ്ങൾ  എന്റെ മനസ്സൊന്നു ശാന്തമാക്കി. തല തുവർത്തിക്കൊണ്ട് ഞാൻ റൂമിലെത്തി. അലമാരയിൽ നിന്നും കൂട്ടത്തിൽ നല്ലതെന്ന് തോന്നിച്ച ഒരു ഷർട്ടും പാന്റ്സും സെലക്ട്‌ ചെയ്തു. ട്രെസ്സിംഗ് കോഡ് ഒരിക്കൽ പോലും നോക്കിയിട്ടില്ല ഞാൻ. പക്ഷെ ജോം, ഡ്രസ്സ്‌ കോഡിൽ വിട്ടു വീഴ്ച ചെയ്യാത്ത ഒരു ആളാണ്‌. ബ്രാന്റഡ് ഐറ്റംസിനായി ഏത് പാതാളം വരെ പോകാനും  അവൻ ഒരുക്കമാണ്. അലമാരയിലെ കണ്ണാടിക്ക് മുന്നില് കസർത്ത് കാണിക്കുന്നതിനടയിൽ ആണ് അലമാരയുടെ അടുത്ത് തന്നെയുള്ള മേശയിൽ ഇരുന്ന ബാഗ്‌ ഞാൻ ശ്രദ്ധിച്ചത്. കഴിഞ്ഞ ദിവസം വന്ന പെണ്‍കുട്ടിയുടെത് ആണ് അതെന്നു എനിക്ക് മനസ്സിലായി. അത് വീണ്ടും എന്നിൽ അസ്വസ്ഥതയുടെ വസൂരിക്കുത്തുകൾ ഉണ്ടാക്കി. അത്യുച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ ഞാൻ ആ ബാഗിന് അരികിലെത്തി. അത് തുറക്കുമ്പോൾ എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.കഴിഞ്ഞ രാത്രിയുടെ അന്ത്യത്തിൽ ഞാൻ അവൾക്കു നല്കിയ പണവും പിന്നെ കുറെ ലേഡീസ് ഐറ്റംസുമാണ് അതിൽ ഉണ്ടായിരുന്നത്.യാതാസ്ഥാനത്തെക്ക് ബാഗ് തിരിച്ചു വെക്കുന്നതിനിടയിൽ ആണ് അതിലിരുന്ന ഫോട്ടോ എന്റെ ശ്രദ്ധയിൽ പെട്ടത്.അതിൽ ആ കുട്ടിയും അതിന്റെ മാതാ പിതാക്കൾ എന്ന് തോന്നിക്കുന്ന രണ്ടുപേരും ആണ് ഉണ്ടായിരുന്നത്. ആ കുട്ടിയിൽ നിന്നും അച്ഛനിൽ നിന്നും വഴുതി മാറിയ എന്റെ കണ്ണുകൾ അമ്മയിൽ ഉടക്കി നിന്നു.പെട്ടന്ന് എന്റെ ശരീരമാകെ വെട്ടി വിയർക്കാൻ തുടങ്ങി. ഓരോ രോമ കൂപങ്ങളിൽ നിന്നും ചൂട് ലാവ പ്രവഹിക്കുന്നത് പോലെ പുറത്തേക്ക് വന്നത് വിയപ്പായിരുന്നില്ല, ചുടു രക്തമായിരുന്നു.ചുടലപ്പറമ്പിലെ പാതി വെന്ത ശരീരങ്ങൾ എന്റെ ചുറ്റും നിന്ന് ശാപ വചസ്സുകൾ ഉതിക്കുന്നതായി എനിക്ക് തോന്നി. ഉച്ചത്തിൽ കരയാൻ ഞാൻ.ആഗ്രഹിച്ചു  പക്ഷെ എന്റെ ജിഹ്വയെ ആരോ താഴേക്കു വലിച്ചു കെട്ടിയിരുന്നു. ഞാൻ ഒരിക്കൽ കൂടി ആ ഫോട്ടോയിലേക്ക്‌ നോക്കി. അത് അവരായിരുന്നു, എന്റെ ഹൃദയത്തിന്റെ ഉടമ. എന്റെ ശരീരത്തിൽ അപ്പോഴും മിടിച്ചിരുന്നത് ആ അമ്മയുടെ ഹൃദയമാണെന്ന തിരിച്ചറിവ് സകല  നാഡി  ഞരമ്പുകളെയും തളത്തി. എന്റെ കണ്ണുകളിൽ നിന്നും വെളിച്ചത്തിന്റെ അവസാന തുള്ളിയും നഷ്ടപ്പെടുന്നതിനിടയിൽ  ഞാൻ അറിഞ്ഞു, എന്റെ പുരുഷത്വത്തിൽ നിന്നും നൂറു കണക്കിന് പുഴുക്കൾ രൂപമെടുത്തു കൊണ്ടിരിക്കുന്നുവെന്ന്.

Saturday 8 June 2013

ഒരു ദോശ കഥ

സാമ്പാറിൽ ഒരു മുടി. അതായിരുന്നു ഞാൻ കണ്ടുപിടിച്ച മഹാ അപരാധം.

"എന്താ അമ്മെ ഇത് ?ഒരു ശ്രദ്ധയുമില്ല."

അമ്മയുടെ മറുപടിക്ക് ഞാൻ കാത്ത് നിന്നില്ല. കയ്യും കഴുകി ഞാൻ പുറത്തേക്കിറങ്ങി.അമ്മയുടെ മറുപടി ഏത് ദിശയിലേക്കായിരിക്കും പോകുക എന്ന് എനിക്ക് ഊഹിക്കാൻ കഴിയും. കഴിഞ്ഞ ഒരു വർഷത്തോളമായി അമ്മ നിർബന്ധിക്കുന്നു. ജോലി ചെയ്യുന്ന പ്രൈവറ്റ് കമ്പനിയുടെ നില നിൽപ്പ് തന്നെ ഒരു സൂചി മുനയിലാണ്. ഒന്ന് പച്ച പിടിച്ചു കഴിഞ്ഞേ കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ കഴിയൂ. എന്നാൽ ജീവിതം എന്ന വയലിൽ അനുനിമിഷം പോച്ച വളർന്നു വരുന്നത് മാത്രം മിച്ചം.

എന്തൊക്കെയായാലും അന്ന് മുതൽ ഞാൻ ഭക്ഷണം ഹോട്ടലിൽ നിന്നാക്കി. എറണാകുളത്ത് വർക്ക് ചെയ്യുന്ന പ്രൈവറ്റ് കമ്പനിയുടെ അടുത്ത് തന്നെയുള്ള ******* എന്ന ഹോട്ടലിൽ ഞാൻ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്തു. ആ ഹോട്ടലിലെ പ്രധാന ഐറ്റമായി എനിക്ക് തോന്നിയത് അവിടുത്തെ ദോശയായിരുന്നു. ഒരു പ്രത്യേകതരം ടേസ്റ്റ് ആയിരുന്നു അതിന്. ആ ടേസ്റ്റിന്റെ കാരണം എന്തെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. തലയിൽ കഷണ്ടി കയറിയത് തന്നെ മിച്ചം.

അധോവായു പോകുന്ന വേഗത്തിൽ ആറ് മാസങ്ങൾ കടന്നു പോയി. അന്നൊരു അവധി ദിനമായിരുന്നു. അവധി ദിനങ്ങളിൽ വാർത്തകളിലൂടെയുള്ള ഒരു യാത്ര എന്റെ പതിവായിരുന്നു. എന്നാൽ അന്നത്തെ പത്ര വാർത്ത‍ എന്നെ ഞെട്ടിച്ചു.

"സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക റൈഡ്. എറണാകുളത്തെ ******** ഹോട്ടലിലെ( ഞാൻ ഫുഡ്‌ കഴിച്ചിരുന്ന ) അടുക്കളയിൽ കക്കൂസ് മാലിന്യം കണ്ടെടുത്തു."

എന്റെ അടിവയറ്റിൽ നിന്നും എന്തോ ഒന്ന് മുകളിലേക്ക് ഉരുണ്ടുകയറാൻ തുടങ്ങി. എന്നാൽ എന്നെ അക്ഷരാർഥത്തിൽ തകർത്തത് ആ വാർത്തയിലെ അടുത്ത വരികളായിരുന്നു.

"പ്രസ്തുത ഹോട്ടലിലെ അന്യ സംസ്ഥാനക്കാരായ ജോലിക്കാർ സ്വന്തം ജട്ടി ഉണക്കാനിട്ടിരുന്നത് അവിടുത്തെ ദോശക്കല്ലിൽ ആയിരുന്നു."

അപ്പോൾ അതായിരുന്നു ആ വെറൈറ്റി ടേസ്റ്റിനു കാരണം. ആ ഉരുണ്ടു കയറ്റം എന്റെ വായിലൂടെ ഒരു കൊടും വാളായി പുറത്തേക്കിറങ്ങി.

NB :ഈ കഥ തികച്ചും സാങ്കല്പികം മാത്രം

ഒരു ബ്ലോഗിന്റെ കഥ - എന്റെയും



        “ഇത് എന്റെ ഭാര്യയുടെ അനുജത്തിയുടെ ഹസ്ബന്റ്" അങ്ങനെയാണ് ഞാൻ ട്രെയിൻ കോറത്തിൽ എത്തിയത്. ഞാൻ വളരെ വേഗത്തിൽ ആ കോറത്തിലെ ഒരാളായി മാറി.നവാസ്, അഷ്കർ,പ്രവീണ്‍,ഹരി,മനു ,വിജേഷ്, ബിജു ചേട്ടൻ എന്നിവരായിരുന്നു ഏറനാട് കോറത്തിലെ പ്രധാനികൾ.
            
                നവാസ്, ശബ്ദം കൂട്ടിയായിരുന്നു അവൻ എന്തും സംസാരിച്ചിരുന്നത്. ലൌഡ് സ്പീകറിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പലപ്പോഴും അവൻ അനുസ്മരിപ്പിക്കുമായിരുന്നു.ഒരിക്കൽ അവൻ പറഞ്ഞ ഒരു രഹസ്യം പാസഞ്ചറിലെ മുഴുവൻ യാത്രക്കാരും കേട്ടു എന്നത് ചരിത്ര വസ്തുത.അവൻ തന്നെ തന്റെ ഈ സംസാര രീതിയെക്കുറിച്ച് പറയുന്നത് "ചള്ള്" രീതി എന്നാണ്.ചില പ്രത്യേക തരം വാക്കുകൾ അവൻ സംസാരിക്കുമ്പോൾ ഉപയോഗിച്ചിരുന്നു. അതിൽ ഒന്നാണ് ഈ " ചള്ള്" എന്നാ പ്രയോഗം. മോശം എന്നാണു അവൻ അതിനു അർഥമാക്കുന്നത്. ഇനി മറ്റൊരെണ്ണം പറയാം.നമ്മൾ കഴിക്കുന്ന റൊട്ടിക്ക് അവന്റെ ഭാഷയിലെ പേര് "ഒരുത്തിക്കൊന്ന് എന്നാണ്.കാരണം മറ്റൊന്നുമല്ല, ഒരാൾക്ക് ഒരെണ്ണം മതിയല്ലോ വിശപ്പ് മാറാൻ.
   
            ഇനി അഷ്ക്കറിലേക്ക് പോകാം.നവാസിന്റെ നേരെ എതിർ സ്വഭാവം.വളരെ ശബ്ദം കുറച്ചാണ് അവൻ സംസാരിച്ചിരുന്നത്. അഷ്ക്കർ സംസാരിക്കുമ്പോൾ മറ്റുള്ളവർ നിശബ്ദരാകും. എങ്കിലെ അവനിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ശബ്ദ വീചികൾ നമുക്ക് ശ്രവണകരമാകൂ.

അടുത്തത് പ്രവീണ്‍. മിസ്‌ കോളടി ശീലമാക്കിയ ഒരു ഹതഭാഗ്യൻ.അവന്റെ മൊബൈലിൽ ഒരിക്കൽ പോലും ബാലൻസ് ഉണ്ടാകുമായിരുന്നില്ല. കൊച്ചു കുട്ടികൾ ഇൻജക്ഷൻ എടുക്കുന്നത് പോലെ അവൻ റീ ചാർജ് ചെയ്യുന്നത് ഭയപ്പെട്ടിരുന്നു. എങ്കിലും ഒരിക്കൽ തന്റെ പ്രി പൈഡ് കണക്ഷൻ മാറ്റി പോസ്റ്റ്‌ പൈഡ് ആക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നടന്നാൽ നന്ന്.

            കൂട്ടത്തിലെ മിസ്റ്റർ പെർഫക്റ്റ് ഹരിയായിരുന്നു. ( ഡ്രസിങ്ങിന്റെ കാര്യത്തിൽ) ഫുൾ സ്ലീവ് ഷർട്ട് ഇൻ  ചെയ്യാതെ ആശാൻ കാണപ്പെടുന്നത് നീലക്കുറിഞ്ഞി പൂകും പോലെ ആണ് . ഡ്രസ്സ് കോഡിനവൻ  വളരെയേറെ പ്രാധാന്യം നല്കിയിരുന്നു. ബ്രാന്റഡ് ഐറ്റംസ് വാങ്ങിച്ച് കൂട്ടുന്നതിൽ ആശാൻ യാതൊരു പിശുക്കും കാണിച്ചിരുന്നില്ല. ദിവസവും ഷേവ് ചെയ്തു മിനുസമാക്കിയ മുഖം അവന്റെ മാത്രം പ്രത്യേകതയായിരുന്നു. ട്രെയിൻ കോറത്തിൽ ചേർത്തലയിൽ നിന്നും കയറിയിരുന്ന ഒരാളായിരുന്നു ഹരി.

            ഞങ്ങളുടെ ഇടയിലെ റൊമാന്റിക് ഹൃദയത്തിനുടമ മനുവായിരുന്നു. എന്തിനും സ്വന്തമായ ഒരു സാധൂകരണം അവനുണ്ടായിരുന്നു. ഒരിക്കൽ അവൻ വിവിധയിനം പൂക്കളോട് കൂടിയ ഒരു  ഷർട്ട്‌ ഇട്ടാണ് വന്നത്. അൽപ്പം പൈങ്കിളി ടച്ച് ഉള്ളത്. ഇത് കണ്ട പ്രവീണ്‍ ചോദിച്ചു.

        " എന്തോന്നാടെ ഇത്? ഒരു മാതിരി പൈങ്കിളി സ്റ്റൈൽ."
             "വൈ മാൻ , ഞാനിങ്ങനെയാണ്‌ . എനിക്കിത് ഏറെ ഇഷ്ടപ്പെട്ടു. അത് കൊണ്ട് ഞാനിത് ഇട്ടു. ദാറ്റ്സ് ഓൾ."


            പ്രവീണ്‍ തിരിച്ചൊന്നും പറഞ്ഞില്ല. അതിന്റെ പിന്നാമ്പുറം പിന്നീട് ഒരിക്കലും മനു ആ ഷർട്ട് ഇട്ടിട്ടില്ല എന്നതാണ്.പിന്നീടൊരിക്കൽ അവൻ ജീൻസും ഒരു ജാങ്കോ ടി ഷർട്ടുമിട്ട് നെറ്റിയിൽ  ഒരു പോസ്റ്റർ കണക്കെ ചന്ദനവും പുരട്ടി വന്നു. അപ്പോഴും പ്രവീണ്‍ ചോദിച്ചു.
       
        " എന്തോന്നാടെ ഇത് ? ടി ഷർട്ടിന്റെയും ജീൻസിന്റെയും കൂടെ ചന്ദനക്കുറിയോ ? ഒരു മാതിരി അലുവയും അയലക്കറിയും പോലെ.ബോറിംഗ്. തൂത്തിട്ട് വാടെ. ചന്ദനത്തിന് പകരം ഭസ്മം ഇട് . അതാവുമ്പോൾ ഇത്രയും വിസിബിൾ ആയിരിക്കില്ലല്ലോ."

    അപ്പോഴും മനു പറഞ്ഞു "യോ മാൻ. ഞാൻ ഇങ്ങനെ ആണ്. എനിക്ക് ചന്ദനം തോടുന്നതാണിഷ്ടം. അതിൽ എന്താണ് ഒരു തെറ്റ്."
പ്രവീണ്‍ അന്നുംപ്രതികരിച്ചില്ല .പിന്നീടൊരിക്കലും മനു ടി ഷർട്ട് ഇടുമ്പോൾ ചന്ദനം തൊട്ടിട്ടില്ല, എന്തിനു ഭസ്മം പോലും.

            അടുത്തത് വിജേഷ്. കോട്ടയം, കോഴിക്കൊടാൻ യാത്രകൾ ആഴ്ചയിലൊരിക്കൽ നടത്തിയിരുന്ന വിദ്വാൻ. സുന്ദരൻ , സുമുഘൻ. ഒത്ത പൊക്കം . ഒരേയൊരു കുഴപ്പമേഉള്ളൂ . അവൻ ഇടുന്ന ഷർട്ട് അമ്മുമ്മമാരുടെ റൌക്ക കണക്കെ ആയിരുന്നു. ഒന്ന് ശ്വാസം വിട്ടാൽ പൊട്ടിപ്പോകുന്ന തരത്തിൽ ശരീരവുമായി ഇഴുകി ചേർന്നാണത് കിടന്നിരുന്നത് . വീട്ടിൽ ചെന്ന് ഷർട്ട് ഊരിയല്ല , വടിച്ചാണത് അവൻ എടുത്തിരുന്നത്.

        കൂട്ടത്തിൽ സീനിയർ ബിജു ചേട്ടൻ ആയിരുന്നു. സഹൃദയൻ . ഞങ്ങളിൽ ഒരാളായി എപ്പോഴും അദ്ദേഹം കൂടെ ഉണ്ടായിരുന്നു. എന്തെങ്കിലും ഒക്കെ എഴുതി പ്രസിദ്ധീകരിക്കാൻ ആഗ്രഹിച്ചിരുന്ന എനിക്ക് കരുമാടി ന്യൂസ്‌ എന്ന അടിത്തറ തന്നത് അദ്ദേഹം ആയിരുന്നു.

            നവാസ്, അഷ്കർ , പ്രവീണ്‍, ഹരി, മനു, വിജേഷ് എന്നിവർ ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരുന്നു. " സൊമാലിയൻസ് " ലാലേട്ടന്റെ രീതിയിൽ പറഞ്ഞാൽ " ഞാൻ സൊമാലിയൻ, പ്രണയം നിഷേധിക്കപ്പെട്ടവൻ എന്നർഥം." വിവാഹിതരായി എന്ന ഒറ്റ കാരണത്താൽ എനിക്കും ബിജു ചേട്ടനും  സൊമാലിയൻസ് പട്ടം അവർ നിഷേധിച്ചു. എങ്കിലും ഞാൻ അവരോടൊപ്പം തന്നെ കൂടി.
       
            കുറച്ച് ദിവസങ്ങളായി എന്റെ മനസ്സിൽ സ്വന്തമായൊരു ബ്ലോഗ്‌ എന്ന ആശയം കിടക്കുന്നു.ഞാനത് ഏറനാട് ചർച്ചകളിൽ എടുത്തിട്ടു. നവാസ് പച്ചക്കൊടി കാണിച്ചു "നീ ധൈര്യമായി തുടങ്ങേടാ."

ഞാൻ : മച്ചു അതിന് എനിക്കതിന്റെ എ ബി സി ഡി പോലും അറിയില്ല.
പ്രവീണ്‍ " യോ മാൻ ( അവനങ്ങനെയാണ്. എന്തും തുടങ്ങുന്നതിനു മുൻപ് ആ ഒരു വാക്ക് മന്ത്രം കണക്കെ ഉരുവിടും) നീ ഗോ മാൻ.ഗൂഗിളിൽ കയറി ബ്ലോഗ്ഗർ എന്ന് ടൈപ് ചെയ്തു സൈൻ അപ് ചെയ്‌താൽ മതി. ഇ- മെയിൽ ഐ ഡി നിനക്കുള്ളത് അല്ലെ. അത് ക്രിയേറ്റ് ചെയ്ത പോലെ തന്നെ.

        അങ്ങനെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.അപ്പോളതാ അടുത്ത പ്രശ്നം മുളച്ചു പൊന്തി." അളിയാ എന്റെ ബ്ലോഗിന് ഒരു പേര് വേണം."

ഹരി : ഹരി ഓം.നമുക്കത് പരിഹരിക്കാം.

        അങ്ങനെയതും ചർച്ചക്കെടുത്തു. എന്തെക്കൊയോ ചില കാരണങ്ങളാൽ അത് തല്ക്കാലം തടസ്സപ്പെട്ടു.

            വൈകുന്നേരങ്ങളിൽ തിരികെ വന്നിരുന്നത് പസ്സഞ്ചറിൽ ആയിരുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഷാലിമാറിലും . അന്ന് ഞാൻ പസ്സഞ്ചറിൽ എത്തിയപ്പോൾ ഹരി അവിടെ  സന്നിഹിതനായിരുന്നു. 6 മണിക്ക് മുൻപ് തന്നെ ബാക്കിയുള്ളവരും ഹാജരായി. മറ്റൊരു ചർച്ചക്കും ഇടം നല്കാതെ ഞാൻ എന്റെ വിഷയം എടുത്തിട്ടു .  നവാസ് തന്റെ മൊട്ടതലയിൽ കൈ വിരലോടിച്ചു അതിൽ പതുക്കെ ഒരു തട്ടും കൊടുത്ത് ഗൌരവത്തിൽ പറഞ്ഞു.

        "അപ്പോൾ  നിനക്കൊരു  പേര് വേണം. "എല്ലാവരും ഗാഡമായ ആലോചനയിൽ ആയി. ഈ ഞാനും.

        “നീ ഏത് ടൈപ് പേരാണ് ആഗ്രഹിക്കുന്നത് ?"
        " മച്ചു ആ ഒരു പേരുള്ള മറ്റൊരു ബ്ലോഗും കാണരുത്." ഞാൻ മറുപടി പറഞ്ഞു.

        " ഉം " അവനൊന്നു അമർത്തി മൂളി. " എന്റെ കഥകൾ എന്നായാലോ ?"

" എടാ ആ പേരിൽ ഒരുപാട് ബ്ലോഗ്‌ കാണും" പ്രവീണിന്റെ വെട്ട്.

        " മച്ചു അടയും ശർക്കരയും എന്നായാലോ ?" വിജേഷിന്റെ സംഭാവന.
        "അടയും ശർക്കരയും ഒന്ന് പോടെ." പ്രവീണ്‍ രണ്ടാമതും വെട്ടി.

        " ചേട്ടാ ഒരു പേര് പറയു" ഞാൻ ബിജു ചേട്ടനോട് പറഞ്ഞു.
        " നാല്പാമരം എന്നിട്ടാലോ."
        " മച്ചു അതൊന്നു ലിസ്റ്റിൽ ഇട്ടോ." ഹരി എന്നോട് പറഞ്ഞു. അങ്ങനെ ഷോർട് ലിസ്റ്റിൽ ഒരു പേരായി.

        " അളിയാ പച്ചപ്പ്‌ എന്നിട്ടാലോ?" പ്രവീണിന്റെ ചോദ്യം.
        " പച്ചപ്പോ ഒന്ന് പോടെ " വിജെഷും നവാസും ഒരുമിച്ച് പ്രവീണിനെ കന്നം പിന്നം വെട്ടി.
        " അളിയാ ചിരാത് എന്നിട്ടാലോ? " നവാസിന്റെ ചോദ്യം. "എന്നാലത് മണ്‍ചിരാത് എന്നാക്കിക്കോ." അത് വരെ മിണ്ടാതിരുന്ന സൈലൻസർ അഷ്കർ പറഞ്ഞു.

        " അതും കൊള്ളാം. ഷോർട് ലിസ്റ്റിൽ ഇട്ടോ." ഹരി പറഞ്ഞു. " അളിയാ ഞാൻ ഒരു പേര് പറയാം. പകർന്നാട്ടം, എങ്ങനെയുണ്ട്?" പ്രവീണിന്റെ വക അടുത്തത്. " മച്ചു അതിനൊരിത്തിരി നിലവാരം കൂടി പ്പോയി. ആ പേര് കണ്ടു ബ്ലോഗിൽ കയറുന്നവർ ഒരുപാട് പ്രതീക്ഷിക്കും.ഞാൻ അത്ര നിലവാരത്തിൽ എത്തിയിട്ടില്ല." ഞാനും ഒരു വെട്ടു വെട്ടി.പ്രവീണ്‍ ആകെ നിരാശനായി.

            " പകർന്നാട്ടം നല്ല ഒരു പേരാണ്. അതിന് മനോഹരമായ ഒരു കവർ പേജു പോലും ഞാനിപ്പോൾ മനസ്സിൽ കണ്ടു" പ്രവീണ്‍ സ്വയം പറഞ്ഞു. എന്നാൽ ഞങ്ങളതിന് ചെവി കൊടുത്തില്ല.

        " ഡാ തൂശനില എങ്ങനെയുണ്ട് ?" മനു ചാടിപ്പറഞ്ഞു. " കൊള്ളാം അതൊരു ബയിസ് ആണ്. അതിൽ എല്ലാതരം കഥകളും വിളമ്പാം." ഞങ്ങളതും ഷോർട്ട് ലിസ്റ്റ് ചെയ്തു.

        " ഹരി ഓം. ഞാനൊരു പേര് പറയാം. വാഴപ്പിണ്ടി എങ്ങനുണ്ട്?" ഹരിയുടെ വക. ഞങ്ങളതും ലിസ്റ്റ് ചെയ്തു.പേരിടൽ അങ്ങനെ കൊഴുക്കുകയാണ്. " സിമ്പിൾ, കാചിംഗ് ആയിട്ടുള്ള ഒരു പേര് ഞാൻ പറയാം ഞഞ്ഞാ പിഞ്ഞ " ബിജു ചേട്ടൻ പറഞ്ഞു.
        "ചേട്ടാ എന്നെപ്പോലുള്ളവർ അതെങ്ങനെ ടൈപ് ചെയ്തു കേറും." നവാസ് ആത്മ നൊമ്പരത്തോടെ ചോദിച്ചു. " ഞഞ്ഞാ പിഞ്ഞ. നല്ലതാണ്. പക്ഷെ ടൈപ് ചെയ്യാൻ ബുദ്ധിമുട്ട് തന്നെയാണ്. " ഞാനും അതിനോട്  യോജിച്ചു.

        "ഡാ ഉണ്ടംപൊരി എങ്ങനെയുണ്ട് ?" അഷ്കറിന്റെ വക. ഞങ്ങൾ അഷ്കറിന്റെ ഉണ്ടംപോരിയും ലിസ്റ്റ് ചെയ്തു." ഹരി ഓം. ദാ പിടിച്ചോ വേറൊരെണ്ണം തേങ്ങാക്കൊല" " ബലെ ഭേഷ്" ഞാൻ പറഞ്ഞു. ഹരിയുടെ തെങ്ങാകൊലയും ലിസ്റ്റിൽ ആയി. " അളിയാ എന്റെ അടയും ശർക്കരയും....." വിജേഷ് പത്തി വിടർത്തി. " ഒന്ന് പോടെ " അപ്പോൾ തന്നെ നവാസ് ആ പത്തി നിലത്തിട്ട് ചതച്ചരച്ചു.

        ഹതാശനായ പ്രവീണ്‍ ദയനീയമായി പറഞ്ഞു " യോ മാൻ" ആ വിളിയിൽ പഴയ പുള്ളിംഗ് ഇല്ലായിരുന്നു. " മണ്ണാംകട്ട എങ്ങനെയുണ്ട്?" " കുഴപ്പമില്ല " അഷ്കറിന്റെ അപ്രൂവൽ. പ്രവീണിന് പഴയ ഊർജം തിരിച്ചു കിട്ടി.

            " മക്കളെ കപ്പതണ്ട്. എങ്ങനെയുണ്ട് ?"ബിജു ചേട്ടൻ. ഞങ്ങളതും ലിസ്റ്റ് ചെയ്തു. ഷോർട്ട് ലിസ്റ്റ് ചെയ്ത പേരിനൊക്കെ ഞങ്ങൾ നമ്പരിട്ടു.
1. മണ്‍ചിരാത്
2. തൂശനില
3.വാഴപ്പിണ്ടി
4. ഉണ്ടംപൊരി
5. തേങ്ങാക്കൊല
6. മണ്ണാംകട്ട
7. കപ്പതണ്ട്
       
        ഞങ്ങൾ തൽക്കാലത്തെക്ക് ചർച്ച അവസാനിപ്പിച്ചു.

        വീട്ടിലെത്തി ചായ കുടിച്ചെന്നു വരുത്തി ഞാൻ സിസ്റ്റത്തിനു മുന്നിൽ എത്തി. ഫേസ് ബുക്കിൽ അല്പസമയം കയറി നഖ ക്ഷതങ്ങൾ എൽപ്പിച്ചതിനു ശേഷം ഞാൻ ബ്ലോഗ്‌ നിർമാണം ആരംഭിച്ചു. അതിനു മുന്നോടിയായി ഷോർട്ട് ലിസ്റ്റ് ചെയ്ത പേരുകളിൽ ബ്ലോഗ്‌ ഉണ്ടോയെന്നു പരത്താൻ ഞാൻ തീരുമാനിച്ചു.

            അഷ്കറിന്റെ ഉണ്ടംപൊരി അടുപ്പത്ത് വെച്ചപ്പോളെ  കത്തിക്കരിഞ്ഞു പോയി. ആ പേരിൽ ഒരു ബ്ലോഗ്‌ ഉണ്ടായിരുന്നു.അങ്ങനെ ഗണപതിക്ക്‌ വെച്ചത് തന്നെ കാക്ക കൊണ്ട് പോയി. തൂശനില കീറി പറിഞ്ഞു നാശമായി.അതും ഉണ്ടായിരുന്നു. മണ്‍ചിരാത് നെലത്ത് വീണുടഞ്ഞു. എന്റെ പ്രതീക്ഷകൾ അസ്തമിക്കാൻ തുടങ്ങി.

        തെങ്ങാക്കൊല.ബ്ലോഗ്‌ സ്പോട്ട് . കോം നോക്കി. ഛെ, എന്റെ നെറുകംതലയിൽ തന്നെ തേങ്ങാക്കൊല വീണു.മണ്ണാംകട്ടയിലായി എന്റെ അടുത്ത പ്രതീക്ഷ. അത് ഗൂഗിളിന്റെ സെർച് ബാറിൽ വെച്ചപ്പോൾ തന്നെ മഴ പെയ്തു അലിഞ്ഞു പോയി.
       
        ഹരിയുടെ വാഴപ്പിണ്ടിയിലായി പിന്നീടെന്റെ പ്രതീക്ഷ. ഭാഗ്യം, വാഴപ്പിണ്ടി ജസ്റ്റിനു രക്ഷപെട്ടു. ബിജു ചേട്ടൻ തന്ന കപ്പതണ്ടും ഗൂഗിളിൽ ഒന്ന് നട്ടു നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. മരച്ചീനി കൃഷിയെ കുറിച്ചല്ലാതെ കപ്പതണ്ട് എന്ന പേരിൽ മറ്റൊരു ബ്ലോഗ്‌ ഇല്ലായിരുന്നു. അങ്ങനെ അവസാന റൌണ്ടിൽ വാഴപ്പിണ്ടിയും കപ്പതണ്ടും പ്രവേശിച്ചു. അതിൽ എതെന്നായി അടുത്ത ചോദ്യം. വാഴപ്പിണ്ടിയെക്കാൾ ആകർഷകമായി എനിക്ക് തോന്നിയത് കപ്പതണ്ട് ആയിരുന്നു. അഭിപ്രായം ആരായുന്നതിനായി ഞാൻ നവാസിനെ വിളിച്ചു. റിംഗ് ചെയ്ത് നിന്നതല്ലാതെ അവൻ എടുത്തില്ല. പ്രവീണിനെ എനിക്ക് കിട്ടി. " ഡാ തെങ്ങാകൊല കിട്ടിയില്ല" അങ്ങേത്തലക്കൽ ഫോണെടുത്ത പ്രവീണ്‍ " തെങ്ങാകൊല കിട്ടിയില്ലെന്നോ" ആരാണിത് ?" അപ്പോഴാണ്‌ ഞാൻ ഓർത്തത് വിളിച്ചത് ലാൻഡ്‌ ഫോണിൽ നിന്നാണെന്നു. " മച്ചു ഇത് ഞാനാണ് സുനിൽ." നീയായിരുന്നോ. ഞാൻ കരുതി ഏതോ തേങ്ങാ കച്ചവടക്കാരനാണെന്ന്. ഡാ മണ്ണാംകട്ടയുമില്ലെ?" " ഇല്ലളിയാ." " യോ മാൻ അത് കുഴപ്പമില്ല. തേങ്ങാക്കൊല ഔട്ട്‌ ആയല്ലോ, അത് മതി. "അവന്റെ ചിരിയിൽ ആശ്വാസം നിഴലിച്ചിരുന്നു.

        " മച്ചു ഇപ്പോൾ ഉള്ളത് രണ്ടു പേരാണ്, വാഴപ്പിണ്ടിയും കപ്പതണ്ടും. ഏതു വേണം" ഒരു നിമിഷത്തെ നിശബ്ദത "മാൻ, കപ്പതണ്ടാണ് ബെറ്റർ"ഞാൻ ആശ്വാസത്തോടെ ഫോണ്‍ ഡിസ് കണക്റ്റ് ചെയ്തു ബ്ലോഗ്ഗർ എടുത്ത് ബ്ലോഗ്‌ അഡ്രസ്സിൽ "കപ്പതണ്ട് " എന്ന് ടൈപ് ചെയ്തു.ഏതാനം മിനുട്ടുകൾ...... അത് യുഗങ്ങളായി എനിക്ക് തോന്നി. ഞാൻ അക്ഷമയോടെ കാത്തു നില്ക്കെ ഗൂഗിൾ ബ്ലോഗറിന്റെ വാതിൽ എനിക്കായി മലർക്കെ തുറന്നു തന്നു. കന്നി പ്രസവം കഴിഞ്ഞ സ്ത്രീയെ പോലെ ഞാൻ പുളകിതനായി നിന്നു.

Wednesday 5 June 2013

നേതാവ്

                   വളരെ പ്രതീക്ഷയോടെയാണ് ഞാൻ കോളേജിൽ ആദ്യ ദിനത്തിൽ എത്തിയത്. ഫസ്റ്റ് പ്രിഫറൻസ് വെച്ചത് ഇംഗ്ലീഷിനായിരുന്നു. കിട്ടിയതാവട്ടെ സുവോളജിയും. ആദ്യ ദിനം തന്നെ മടുപ്പിക്കുന്നതായിരുന്നു.മൂന്നോ നാലോ ആണ്‍കുട്ടികളെ ക്ലാസിൽ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാം പെണ്‍കുട്ടികൾ.കമ്പനി കൂടാനായി ആദ്യം കണ്ട പെണ്‍കുട്ടിയോട് ഞാൻ "ഹായ് " പറഞ്ഞു."ഇവനാരെടാ " എന്നാ ഭാവത്തോടെയുള്ള ഒരു നോട്ടം നോക്കി ദേഹമാസകാലം കുലുക്കിക്കൊണ്ടവൾ സ്വന്തം സീറ്റിലെക്ക് പോയിരുന്നു.നനഞ്ഞ കോഴിയെപ്പോലെ ഞാൻ ചുറ്റും നോക്കി.പെണ്‍കുട്ടികൾ ആരും തന്നെ എന്നെ നോക്കുന്നില്ലായിരുന്നു. എന്നാൽ ലവന്മാരുടെ മുഖത്ത് ഒരു ആത്മ നിർവൃതി ഞാൻ കണ്ടു. റെകോർഡുകളും അസൈൻമെന്റുകളും എന്നിലെ യോദ്ധാവിനെ തളർത്തി. ഞാൻ ഡിപാർട്ട്‌ മെന്റ് മാറാനുള്ള ഊർജിത ശ്രമങ്ങൾ ആരംഭിച്ചു.ഡിസംബറിന്റെ തുടക്കത്തോടെ ഇംഗ്ലീഷ് ഡിപാർട്ട്‌ മെന്റിലെക്ക് എനിക്ക് മാറ്റം കിട്ടി.ഇംഗ്ലീഷ് ഡിപാർട്ട്‌ മെന്റിന്റെ ഇടവഴികളിൽ ഞാൻ അവളെ കണ്ടു.വടക്കൻ കേരളത്തിൽ മാത്രം കണ്ടു വരാറുള്ളതെന്നു പറയപ്പെടുന്ന ആ പ്രത്യേക തരം കാറ്റ് മദ്ധ്യ കേരളത്തിലും വീശുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കി.നീണ്ട മൂക്കിന്റെ ഉടമയായ ആ സുന്ദരി എന്റെ ക്ലാസ്സിൽ തന്നെയാണെന്ന തിരിച്ചറിവ് എന്റെ മനസ്സിൽ നൂറു കണക്കിന് ലഡ്ഡുസ് ഒരുമിച്ച് പൊട്ടിച്ചു.മീര , അവളെന്റെ ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം അനുനിമിഷം കൂട്ടിക്കൊണ്ടിരുന്നു.എന്നാൽ മിസ്‌ . സുവോളജിയുടെ പ്രതികരണം അവളുമായി സൗഹാർദം രൂപപ്പെടുത്തുന്നതിന് ഒരു തടസ്സമായി നിന്നു.
                                  സെക്യുരിറ്റി ഇരിക്കുന്നതിനു സമീപമായി ഒരു ചെറിയ ഷെഡ്‌ ഉണ്ട് . അവിടെയാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിക്കുന്നത് പോലെ ക്ലാസുകൾ ബഹിഷ്കരിച്ചിരുന്ന ധീരയോധാക്കൾ തമ്പടിച്ചിരുന്നത് .അവിടെ വെച്ചാണ് ഞാൻ നേതാവിനെയും അനുയായികളെയും പരിചയപ്പെട്ടത്‌.മീശ മാധവൻ സിനിമ സ്റ്റൈലിൽ നേതാവ് എന്നോട് ചോദിച്ചു

             "എന്താടാ നിന്റെ പേര് ?"
              ഭവ്യതയോടെ ഞാൻ പറഞ്ഞു.
                         "പ്രവീണ്‍ "
   അടുത്ത ഊഴം അനുയായിയുടെതായിരുന്നു.ഗൗരവത്തി
             "ഏതാ ഡിപാർട്ട്‌ മെന്റ് ?"
              "ഫസ്റ്റ് ഇയർ ഇംഗ്ലീഷ് ലിറ്ററേച്ചർ"
                        നേതാവും അതേ ക്ലാസിൽ ആയിരുന്നു.നേതാവ് മൊഴിഞ്ഞു.
              "എന്നിട്ട് നിന്നെ ഞങ്ങൾ ഇതേവരെ കണ്ടിട്ടില്ലല്ലോ ?"
                അനുയായി മയത്തിൽ നേതാവിന്റെ ചെവിയിൽ മന്ത്രിച്ചു.
             "നേതാവേ നാലഞ്ചു മാസത്തോളമായി നമ്മൾ സ്വന്തം മണ്ഡലത്തിൽ ചെന്നിട്ട് "
ഗാഡമായി ചിന്തിച്ചതിനു ശേഷം നേതാവ് പറഞ്ഞു.
             "ഇന്ന് മുതൽ നീയും എന്റെ അനുയായി ആയിരിക്കും."
                  ഞാൻ ഭയ ഭക്തി ബഹുമാനത്തോടെ അനുയായി പദം ഏറ്റെടുത്തു.അനുയായി ഒന്നാമന്റെ പക്കൽ നിന്നും നേതാവിന്റെ വീര കഥകൾ ഞാൻ കേട്ടു. കരാട്ടെ ബ്ലാക്ക്‌ ബെൽറ്റായ നേതാവ് നഞ്ചക്ക് ഉപയോഗിക്കുന്നതിൽ അസാമാന്യ പ്രാഗത്ഭ്യം പ്രദർശിപ്പിച്ചിരുന്നു . പാർട്ടി അഹിംസ മുറുകെ പിടിചിരുന്നെങ്കിലും നേതാവ് അടിക്കടി ഇടിക്കിടി എന്ന മട്ടുകാരൻ ആണെന്ന് അനുയായിയുടെ വായിൽ നിന്നും ഞാൻ അറിഞ്ഞു . ഏതു കാര്യത്തിനും സ്വന്തമായ തീരുമാനം പറയാനുള്ള നേതാവിന്റെ കഴിവാണ് എന്നെ അയാളിലേക്ക് അടുപ്പിച്ചത്. അങ്ങനെ ഞാനും നേതാവിനു "കീ ജയ്‌ " വിളിച്ചു തുടങ്ങി .
കലുഷിതമായ പാർട്ടി പ്രവർത്തനങ്ങൽക്കിടയിലും മീരയുടെ ഗന്ധം ആസ്വദിക്കാൻ ഞാൻ സമയം കണ്ടെത്തി . എന്നാൽ ഒരിക്കൽ പോലും അവളെന്നെ നോക്കിയിരുന്നില്ല.
                  അന്നും ഞാൻ പതിവുപോലെ കോളേജിൽ എത്തി. എന്നെ കാത്ത് നേതാവും അനുയായികളും ഗേറ്റിൽ തന്നെ നില്പ്പുണ്ടായിരുന്നു. നേതാവിനെ കണ്ട പാടെ ഞാൻ തല കുമ്പിട്ട് വണങ്ങി. നേതാവ് ഗൌരവത്തിൽ പറഞ്ഞു.
                          "വരൂ, നമുക്ക് ഇഡ്ഡലി കഴിക്കാം"ഇതെന്തു പറ്റി. ഞാൻ മനസ്സിൽക്കരുതി. സാധാരണ അനുയായികളുടെ പാത്രത്തിൽ നിന്നാണ് നേതാവ് ഉണ്ടിരുന്നത് . പുറത്തേക്ക് തികട്ടി വന്ന ചോദ്യത്തെ ചവച്ചരച്ച് തിന്നു കൊണ്ട് ഞാൻ നേതാവിനെ അനുഗമിച്ചു.
                കോളേജ് കാന്റീനിലെ ബെഞ്ചിലിരുന്നു ചൂട് ഇഡ്ഡലി സാമ്പാറിൽ മുക്കി വായിലേക്ക് തിരുകുന്ന ശ്രമകരമായ പണിക്കിടയിൽ നേതാവ് മൊഴിഞ്ഞു
              "എതിർ പാർട്ടിയുടെ തുഗ്ലക്ക് പരിഷ് ക്കാരങ്ങൾക്കെതിരെ ഇന്നൊരു ധർണയുണ്ട് . "
ഇഡ്ഡലിയിൽ നിന്നും മാറി ഞാൻ കടിച്ച കടി എന്റെ കയ്യിൽ കൊണ്ടു .
                 "ഇടയ്ക്കിടെ ഇങ്ങനെയൊന്നു നടത്തിയാലെ ഒരു ഓളമൊക്കെ ഉണ്ടാകു."അനുയായി ഒന്നാമൻ നേതാവിനെ പിന് താങ്ങി.ഈശ്വരാ ആ ഓളത്തിൽ മുക്കി കൊല്ലുന്നതിനായിട്ടയിരുന്നോ ഈ ഇഡ്ഡലി ?നേതാവിന്റെ ബ്ലാക്ക് ബെൽറ്റ്‌ പദവിയും നഞ്ചക്കും എന്നിൽ ആശ്വാസം നല്കി.
                  ഇംഗ്ലീഷ് ഡിപാർട്ട്‌മെന്റിന്റെ വാതിൽപടിയിൽ നിന്നും ഞങ്ങൾ ധർണ ആരംഭിച്ചു. അനുയായി ഒന്നാമൻ വിളിച്ചു പറഞ്ഞ മുദ്രാവാക്യങ്ങൾ മന്ത്രം കണക്കെ ഉരുവിടുന്നതിനിടയിൽ ക്ലാസ്സിലേക്ക് നോക്കിയ ഞാൻ അവളെ കണ്ടു . അതെന്നിൽ വീര്യം നിറച്ചു .
"നേതാവ് കീ ജയ്‌ . ധർണ കീ ജയ്‌ " വർധിത വീര്യത്തോടെ ഞാൻ അലറി. അത് കേട്ട അവളെന്നെ ആദ്യമായി നോക്കി. കന്നി മഴ ലഭിച്ച ഭൂമി കണക്കെ ഞാൻ തരളിതനായി.
                   ഇംഗ്ലീഷ് ഡിപാർട്ട്‌ മെന്റിന്റെ ഇട നാഴികൾ പിന്നിട്ട ഞങ്ങൾ കൊമെർഴ്സ് ഡിപാർട്ട്‌ മെന്റിൽ എത്തി. പെട്ടന്ന് നാല് ഭാഗത്ത് നിന്നും എതിർ പാർട്ടിക്കാർ ഞങ്ങളെ വളഞ്ഞു. ഞാൻ അലറി " ധർണ കീ ജയ്‌ , നേതാവ് കെ ജയ്‌ "
കോളേജിന്റെ പുറകു വശത്തെ മതിൽ രണ്ടാൾ പൊക്കത്തിൽ ഉള്ളതായിരുന്നു. ഇരുപതു പേരെ ഒറ്റയ്ക്ക് നേരിട്ട് പാരമ്പര്യമുള്ള,ബ്ലാക്ക്‌ ബെൽറ്റായ, നഞ്ചക്ക് ഉപയോഗിക്കുന്നതിൽ പ്രഗല്ഭനായ നേതാവ് രണ്ടാൾ പൊക്കമുള്ള ആ മതിൽ ഒന്ന് തോടുക പോലും ചെയ്യാതെ ചാടിക്കടക്കുന്നത് ഞാൻ നിസ്സഹായതയോടെ അതിലേറെ വേദനയോടെ ഞാൻ കണ്ടു . പുറകെ മറ്റ് അനുയായികളും. ആ രാക്ഷസന്മാരുടെ ഇടയിൽ ഞാൻ മാത്രം അകപ്പെട്ടു.മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മുന്നിൽ പെട്ട ഷയിൻ വോണിന്റെ അവസ്ഥയിലായി ഞാൻ. പത്തു ടെണ്ടുൽക്കർമാർ ചുറ്റും നിന്ന് സിക്സറുകളും ഫോറുകളും തലങ്ങും വിലങ്ങും അടിച്ചു തകർത്തു.ഡബിൾ സെഞ്ച്വറി തികച്ച ആത്മ നിർവൃതിയോടെ അവർ പോകുമ്പോൾ സ്റ്റിച്ച് പൊട്ടിയ ബോളിന്റെ അവസ്ഥയിലായിരുന്നു ഞാൻ.
രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കയ്യിൽ പ്ലാസ്റ്ററും തലയിൽ കെട്ടുമായി കോളേജിൽ ചെന്ന എന്നെ എതിരേറ്റത് കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ആയിരുന്നു.
                  "സഹനത്തിന്റെ ആൾ രൂപത്തിനു സ്വാഗതം"
                     അവരാരും അറിഞ്ഞില്ലല്ലോ ഒരടി തടുക്കുമ്പോൾ ഒൻപതടി ഒരുപോലെ വാങ്ങിക്കുക്കയായിരുന്നു ഞാനെന്ന് . പുതു നേതാവായി മാറിയ ഞാൻ പാർട്ടി അനുഭാവികളുടെ അകമ്പടിയോടെ ക്ലാസിൽ എത്തിയപ്പോൾ എന്നെ പൂമാലയിട്ടു ക്ലാസിലേക്ക് കയറ്റിയത് അവളായിരുന്നു, എന്റെ മീര. വേദന സുഖകരമായ ഒരു അനുഭൂതിയായി മാറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു.