Sunday 5 October 2014

ധൂളികള്‍....

                                  കൃത്യമായി പറഞ്ഞാല്‍ ഇരുപത്തി അഞ്ച് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു ഗൗതമന്‍ ഉണര്‍ന്നത്.പരസ്പരം ആലിംഗന ബദ്ധരായി കിടന്ന കണ്‍പോളകളെ അകറ്റാന്‍ അയാള്‍ക്ക്‌ അല്‍പ്പ സമയം പണിപ്പെടേണ്ടി വന്നു." ഞാനിതെവിടെയാണ്‌" കണ്ണുകള്‍ കാഴ്ചകളുമായി പൊരുത്തപ്പെട്ടെങ്കിലും അതിനു മടിച്ചു നിന്ന തലച്ചോര്‍ അയാളോട് ചോദിച്ചു.അയാള്‍ ചുറ്റും നോക്കി. വളരെ ഭംഗിയുള്ള മുറിയായിരുന്നു അത്.  എല്ലാ കോണുകളിലും പാകമായ അളവില്‍ ആണ് പ്രകാശം പറ്റി നിന്നിരുന്നത്.ഈട്ടിയിലും തേക്കിലും പണിത ഫര്‍ണീച്ചറുകള്‍ ഒരു പ്രത്യേക രീതിയില്‍ ഭംഗിയായി ക്രമീകരിച്ചിരുന്നു. അതില്‍ ഓരോന്നിലും ഉള്ള കൊത്തുപണികള്‍ തച്ചന്‍റെ കഴിവിനെ വിളിച്ചോതുന്ന തരത്തിലാണ്. ആ മുറിയുടെ ഒത്ത മദ്ധ്യത്തിലായി സിംഹാസനം എന്ന് തോന്നിക്കുന്ന തരത്തില്‍ ഒരു കസേര കിടന്നിരുന്നു. ആ മുറിയില്‍ ആകമാനം മധുരിക്കുന്ന വായു തങ്ങി നിന്നിരുന്നു.

                                  ഗൗതമന്‍ പതിയെ എഴുന്നേറ്റു. അയാളെ കാത്തിട്ടെന്നവണ്ണം വാതില്‍ പടിയില്‍ നിന്നിരുന്ന ഒരാള്‍ കൈകള്‍ കൊണ്ട് എന്തോ ആംഗ്യം കാണിച്ചു പുറം തിരിഞ്ഞു നടന്നു തുടങ്ങി. അയാളെ അനുഗമിക്കാനുള്ള സൂചനയായി കണക്കിലെടുത്ത ഗൗതമന്‍ നിഴല് പോലെ അയാളോടൊപ്പം നടന്നു തുടങ്ങി.

                                  നടക്കുന്നതിനിടയില്‍ ഗൗതമന്‍റെ നോട്ടം ആ അപരിചിതനില്‍ ആയിരുന്നു. ആറടിക്ക്മേല്‍ ഉയരമുണ്ടായിരുന്ന അയാളുടെ ശരീരമാകമാനം അഴുക്കു പുരണ്ടിരുന്നു. അയാള്‍ താടി നീട്ടി വളര്‍ത്തിയിട്ടുണ്ടായിരുന്നു. തലമുടി മുകളിലേക്ക് വെച്ച് കെട്ടിയിരിക്കുന്നതില്‍ നിന്നും അയാള്‍ ഒരു സര്‍ദാര്‍ജി ആയിരിക്കുമെന്ന് ഗൗതമന്‍ഊഹിച്ചു. പഠിക്കുന്ന സമയത്ത് ഹിന്ദിഎന്ന വിഷയത്തിനു വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്ന തന്‍റെ ഉദാസീനതയെ ആനിമിഷം അയാള്‍ ശപിച്ചു.

                                           ഇപ്പോള്‍ അവര്‍ നടന്നിരുന്നത് ഒരു ഇടനാഴിയിലൂടെയാണ്. ഇരു വശത്തെ ഭിത്തിയില്‍ നിന്നും താഴേക്ക് ഒലിച്ചിറങ്ങിയ മലിന ജലം അവിടെയാകമാനം തളം കെട്ടി നിന്നിരുന്നു. ഹോ, വല്ലാത്ത ദുര്‍ഗന്ധം. നാസികയുടെ ഇരു വിടവുകളും അടക്കുനതിനായി ഗൗതമന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ക്ക് തന്‍റെ ഇരു കരങ്ങളും ഒന്നനക്കുവാന്‍ പോലും കഴിഞ്ഞില്ല. ഇതെന്തൊരു അത്ഭുതം. ശ്വാസം പിടിച്ചു നില്‍ക്കുവാനായി അടുത്ത ശ്രമം. എന്നാല്‍ അതിനും അയാള്‍ക്ക് സാധിച്ചില്ല.

                                    " എന്തൊരു നാശം പിടിച്ച സ്ഥലമാണിത്?" അയാള്‍ പിറ് പിറുത്തു. അവിടെയാകെ തങ്ങി നിന്നിരുന്ന ദുര്‍ഗന്ധം തന്‍റെ വയറിനുള്ളിലുള്ള സകലതിനെയും പുറത്തേക്ക് തള്ളാന്‍ അയാളെ പ്രേരിപ്പിച്ചു.


                                     ഒരു വലിയ ഹാളിലായിരുന്നു അവരുടെ യാത്ര അവസാനിച്ചത്.ആ വലിയ മുറിയുടെ നാല് ചുവരുകളില്‍ നിന്നും എവിടെ നിന്നെന്നറിയാതെ മലിന ജലം താഴേക്കു ഒഴുകിക്കൊണ്ടിരുന്നു. അവിടെയുണ്ടായിരുന്ന സകലമാന ഫര്‍ണീച്ചറുകളിലും അഴുക്ക് പുരണ്ടിരുന്നു. താഴേക്ക് ഒഴുകിക്കൊണ്ടിരുന്ന മാലിന്യം അവിടം ഒരു ചെറു സമുദ്രമാക്കി മാറ്റി.

                                        സര്‍ദാര്‍ജി ഗൗതമന്‍റെ മുന്നിലേക്ക്‌ ഒരു ബക്കറ്റും ക്ലീനിംഗ് ഉപകരണങ്ങളും വെച്ച് കൊടുത്തു. ആ മുറിയില്‍ അവരെക്കൂടാതെ മറ്റനേകം പേര്‍ ഉണ്ടായിരുന്നു.അവരെല്ലാം തന്നെ ക്ലീനിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അവരെ ഓരോരുത്തരെയും വീക്ഷിച്ച ഗൗതമന്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടു. അവിടെ അയാള്‍ക്ക് ഇന്ത്യക്കാരെ മാത്രമല്ല, പാകിസ്ഥാനികളെയും ശ്രീലങ്കക്കാരെയും ബ്രിട്ടീഷുകാരെയും അമേരിക്കക്കാരെയും കാണുവാന്‍ കഴിഞ്ഞു. അവിടെ മംഗോളിയന്‍ മുഖമുള്ളവരും കൊറിയന്‍ മുഖമുള്ളവരും ചൈനീസ് മുഖമുള്ളവരും ഉണ്ടായിരുന്നു. അവിടെ ലോകം മുഴുവനും ഉണ്ടായിരുന്നു. എന്നാല്‍ അവരാരും തന്നെ ഗൗതമനെ പരിചയപ്പെടാനോ ഒന്ന് കുശലം പറയാനോ സന്നദ്ധത പ്രകടിപ്പിച്ചില്ല. അവരെല്ലാം അവരവരുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു.

                            " ഏതു നരകത്തിലാണീശ്വരാ ഞാനിതെത്തിപ്പെട്ടിരിക്കുന്നത്?" ഗൗതമന്‍റെ അസ്വസ്ഥത കണ്ട സര്‍ദാര്‍ജി അയാളുടെ സമീപത്തേക്ക് വന്നു.

                                     " സുഹൃത്തേ " സര്‍ദാര്‍ജി പതിഞ്ഞ ശബ്ദത്തില്‍ ഗൗതമനെ വിളിച്ചു.

                               ഗൗതമന്‍ അത്ഭുതസ്തബ്ധനായി. ഉറക്കമെണീറ്റ നിമിഷം മുതല്‍ അത്ഭുതങ്ങള്‍ ഒരു ഘോഷയാത്രയായി അയാളിലൂടെ കടന്നു പോവുകയായിരുന്നു. ഇപ്പോളിതാ ഗൗതമന്‍റെ ഭാഷയിലൂടെ സര്‍ദാര്‍ജിയും അയാളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

                                 സര്‍ദാര്‍ജി പറഞ്ഞു തുടങ്ങി.

              " ഏതാണീ സ്ഥലമെന്ന അങ്കലാപ്പിലായിരിക്കും താങ്കള്‍. മനുഷ്യര്‍ സ്വര്‍ഗമെന്നും നരകമെന്നും തരം തിരിച്ച് വിശ്വസിക്കുന്ന ദൈവ സന്നിധിയാണിവിടം."

വല്ലാത്തൊരു നടുക്കത്തോടെയാണ് സര്‍ദാര്‍ജിയുടെ വാക്കുകള്‍ ഗൗതമന്‍റെ ചെവികളിലൂടെ കടന്നു പോയത്. ഗൗതമന്‍റെ  മനസ്സിലുള്ളത് വായിച്ചിട്ടെന്ന പോലെ സര്‍ദാര്‍ജി തുടര്‍ന്നു.

                          " അതെ സുഹൃത്തേ, മനുഷ്യ ജീവിതത്തിന്‍റെ ഏറ്റവും മനോഹരവും അനിവാര്യവുമായ അത്ഭുതവും കടന്നാണ് താങ്കള്‍ ഇന്നിവിടെ എത്തിയിരിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെയെത്തുമ്പോള്‍ എനിക്കും ആദ്യം ഉണ്ടായത് ഇതേ നടുക്കമാണ്."

                             കാല്‍ വെള്ളയിലൂടെ തണുപ്പ് ഗൗതമനിലേക്ക് അരിച്ചു കയറി. സര്‍ദാര്‍ജി തുടര്‍ന്നു.
 "താങ്കള്‍കണ്‍തുറന്നമുറിപോലെശുദ്ധവുംസുന്ദരവുമായിരുന്നുപണ്ടിവിടംമുഴുവന്‍.എന്നാല്‍മനുഷ്യന്‍റെപ്രവര്‍ത്തനങ്ങള്‍അനുനിമിഷംഇവിടംമലിനമാക്കിക്കൊണ്ടിരിക്കുകയാണ്. മനുഷ്യനെതെറ്റില്‍നിന്നും പിന്‍തിരിപ്പിക്കാനുള്ള ഉപാധിയായിട്ടായിരുന്നു ഈശ്വരനും ദേവാലയങ്ങളും അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇന്നോ, ചെയ്ത തെറ്റുകള്‍ കഴുകി കളയാനുള്ള ഒരിടമാക്കി അതിനെ അവര്‍ മാറ്റി."

                              സത്യത്തിനൊപ്പം മുറിയിലെ ദുര്‍ഗന്ധവും ഗൗതമന്‍റെ തലച്ചോറിലേക്ക് ഇടിച്ചു കയറി. അയാളപ്പോള്‍ തന്‍റെ മൂക്ക്പൊത്താനുള്ള ഒരു വൃഥാ ശ്രമം നടത്തി. അത് മനസ്സിലാക്കിയിട്ടെന്ന വണ്ണം സര്‍ദാര്‍ജി തുടര്‍ന്നു.

                                          " സുഹൃത്തെ, താങ്കള്‍ക്കതിനു കഴിയില്ല. മനുഷ്യ ജന്മം പൂണ്ടിരുന്ന വേളയില്‍ ഞാനും താങ്കളും അടക്കമുള്ളവര്‍ ചെയ്തു കൂട്ടിയ പാപത്തിന്‍റെ ഗന്ധമാണിത്. അത് അനുഭവിക്കുന്നതില്‍ നിന്നും ഒരു മോചനം സാധ്യമല്ല."

                          സര്‍ദാര്‍ജി സംസാരിക്കുന്നതിനിടയിലും തന്‍റെ ക്ലീനിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു.

                  "താങ്കള്‍ അതിശയപ്പെടുന്നുണ്ടാകും ഞാന്‍എങ്ങനെ താങ്കളുടെ ഭാഷ സംസാരിക്കുന്നതെന്ന്. ഞാനൊരിക്കലും താങ്കളുടെ ഭാഷയില്‍ അല്ല സംസാരിക്കുന്നത്, എന്‍റെഭാഷയില്‍ ആണ്."

                         അവരുടെ സംഭാഷണത്തിന് ക്ഷണ നേരത്തേക്ക് ഭംഗം വരുത്തി ചുവന്നു തുടുത്ത ഒരുവസ്തു അവരുടെ മുന്നില്‍ വന്നു വീണു. അത് അവിടുത്തെ മലിന സമുദ്രത്തില്‍ പൊങ്ങിക്കിടന്നു. ആ വസ്തുവിനെ നോക്കി സര്‍ദാര്‍ജി പറഞ്ഞു.

                          " പെണ്‍കുട്ടിയായതിന്‍റെ പേരില്‍ മാത്രം ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട മനുഷ്യ ഭ്രൂണമാണത്"

                        അത് കണ്ട ഗൗതമന് മനം പുരട്ടലുണ്ടായി. എന്നാല്‍ അയാള്‍ക്കത് ശര്‍ദ്ദിച്ചു പുറത്തേക്ക് കളയാനുള്ള അനുവാദമില്ലായിരുന്നു. അസ്വസ്ഥതയുളവാക്കികൊണ്ട് ആ ചവര്‍പ്പ് അയാളുടെ വായ്ക്കുള്ളില്‍ തന്നെ കിടന്നു.

                            ഈ സമയം ദൂരത്തെവിടെ നിന്നോ വന്ന ഒരു വ്യക്തി ആ മനുഷ്യ ഭ്രൂണത്തെ ഓമനത്തത്തോടെ കയ്യിലെടുത്ത് നടന്നകന്നു. ആ രൂപത്തിന്‍റെ ശരീരവും മാലിന്യത്താല്‍ മൂടപ്പെട്ടിരുന്നു,താടിയും മുടിയും നീട്ടി വളര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ ഗൗതമന് ആ വ്യക്തിയുടെ മുഖം കാണുവാന്‍ സാധിച്ചില്ല. മുഖഭാഗത്ത് നിന്നും പുറപ്പെട്ടിരുന്ന ചൈതന്യ പ്രഭാപൂരം തന്‍റെ കണ്ണുകളെ ഇറുക്കി അടപ്പിക്കാന്‍ ഗൗതമനെ നിര്‍ബന്ധിതനാക്കി. ദൂരേക്ക് നടന്നകന്ന ആ രൂപത്തെ നോക്കി സര്‍ദാര്‍ജി പതുക്കെ പറഞ്ഞു.

                        " വിവിധ പേരുകളിലും വിവിധ രൂപങ്ങളിലും മനുഷ്യര്‍ ആരാധിക്കുന്ന ഈശ്വരനാണത്."


                   ഒരു വിറയല്‍ ഗൗതമന്‍റെ ശരീരത്തെ പിടിച്ചുലച്ചു. സര്‍ദാര്‍ജി തുടര്‍ന്നു.

                                "മുപ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ സുന്ദര വദനം കാണാന്‍ ഇനിയും എനിക്ക്അനുവാദം ലഭിച്ചിട്ടില്ല."

                               കാലം തെറ്റി വന്ന മഴ ഗൗതമന്‍റെ ശരീരത്തെ നനയിച്ചു. ജീവനറ്റ്  കിടന്ന അയാളുടെ ശരീരത്തില്‍ വീണത് അവിടെ കൂടി നിന്നവരുടെ ഹൃദയങ്ങള്‍ ആയിരുന്നില്ല, മറിച്ച് മൊബൈല്‍ ക്യാമറ കണ്ണുകള്‍ ആയിരുന്നു.....






Sunday 21 September 2014

ചെറുതിരി വെട്ടം

                 പാതി താഴ്ത്തി വെച്ചിരുന്ന ഗ്ലാസ്സിന്‍റെ വിടവിലൂടെഅകത്തേക്ക് കയറിയ മകര മാസത്തിലെ തണുത്ത കാറ്റ് അയാളുടെ നട്ടെല്ലിനു ചുറ്റും ധ്രുവ പ്രദേശം സൃഷ്ടിച്ചു.അന്തരീക്ഷത്തില്‍ അങ്ങിങ്ങായി അപ്പൂപ്പന്‍ താടികള്‍ പോലെ മഞ്ഞു തത്തി തത്തി നിന്നിരുന്നത് ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ അയാള്‍ക്ക്‌ കാണുവാന്‍ സാധിച്ചു. സീറ്റിനു പുറകില്‍ വെച്ചിരുന്ന അമേരിക്കന്‍ ടൂറിസ്റ്ററിന്‍റെ ബാഗില്‍ ഭംഗിയായി അടുക്കി വെച്ചിരുന്ന ഡ്രെസ്സുകള്‍ക്കിടയില്‍ നിന്നും കമ്പിളിയുടെ ഒരു പുത്തന്‍ ഷീറ്റെടുത്ത് അയാള്‍ തന്‍റെ ശരീരത്തെ ഭാഗീകമായി പുതച്ചു. കഴിഞ്ഞ തവണ ദുബായിലെ മലയാളി സമാജത്തിന്‍റെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഒരു ആരാധകന്‍ സമ്മാനിച്ചതായിരുന്നു അത്. ബാഗിന്‍റെ മറ്റൊരറയില്‍ നിന്നും റോത്ത്മാന്‍സിന്‍റെ സിഗരെറ്റ്‌ പാക്കെറ്റില്‍ നിന്നും ഒന്നെടുത്തു ചുണ്ടില്‍ വെച്ച് തീ പറ്റിച്ചു.ചുണ്ടുകളില്‍ നിന്നും ശരീരത്തിലേക്ക് പടര്‍ന്ന ചെറു ചൂട് അയാള്‍ക്ക്‌ തെല്ലൊരാശ്വാസം നല്‍കി.
                 " തണുക്കുന്നുണ്ടെങ്കില്‍ ഗ്ലാസ് അടച്ചോളൂ സര്‍", ക്ഷണ നേരത്തേക്ക് തല നൂറ്റി എണ്‍പത് ഡിഗ്രി പുറകിലേക്ക് തിരിച്ചു ഡ്രൈവര്‍ പറഞ്ഞു.
                   അയാളുടെ പുതച്ചു മൂടിയുള്ള ഇരിപ്പ് കണ്ടത് കൊണ്ടായിരുന്നു ഡ്രൈവര്‍ അങ്ങനെ പറഞ്ഞത്. അയാള്‍ എപ്പോഴും അങ്ങനെ തന്നെയായിരുന്നു. വേനല്‍ക്കാലത്ത് മാത്രമല്ല,മഴക്കാലത്തും, എന്തിനു മഞ്ഞു കാലത്ത് പോലും എ.സി. അതിന്‍റെ പരമാവധി വോളിയത്തില്‍ വെച്ച് പുതപ്പു തലവഴിയിട്ട് മൂടി അതും കൂടാതെ തലയണയുടെ അടിയില്‍ തലയും പൂഴ്ത്തി ഒരു ഒട്ടകപ്പക്ഷിയെപ്പോലെയാണ് നിത്യവും അയാള്‍ ഉറങ്ങിയിരുന്നത്.അത്തരത്തിലുള്ള ഉറക്കമായിരുന്നു അയാള്‍ക്ക്‌ സുഖവും സംതൃപ്തിയും നല്‍കിയിരുന്നത്.
                      ഡ്രൈവറുടെ വാക്കുകള്‍ക്കു ഒരു ചെറു പുഞ്ചിരിയിലൂടെ മറുപടി നല്‍കി അയാള്‍ തന്‍റെ ഓര്‍മയിലേക്കിറങ്ങി. ചുണ്ടില്‍ ഒട്ടിപ്പിടിച്ചിരുന്ന സിഗരറ്റില്‍ പറ്റിയ തീ കണക്കെ കാലവും പുറകിലേക്ക് കുതിച്ചു.
          സ്വന്തം സംതൃപ്തിക്ക് വേണ്ടി മാത്രമായിരുന്നു ആദ്യമൊക്കെ അയാള്‍ എഴുതിയിരുന്നത്. പ്രസിദ്ധീകരണങ്ങളില്‍ അയച്ചു കൊടുത്താല്‍ ബൂമാറാങ്ങ് പോലെ  തിരിച്ചു വരുമെന്ന ഭയം ആദ്യ നാളുകളില്‍ അയാളുടെ ഉള്ളിന്‍റെ ഉള്ളില്‍  ആഴത്തില്‍ വേരോടിയിരുന്നു. ഒരു നാളെപ്പോഴോ ആ ഭയം അയാളില്‍ നിന്നും പിഴുതെറിയപ്പെട്ടു. ചെരുവരികള്‍ മുഴു കഥകളായി രൂപപ്പെട്ടു. എന്നാല്‍ പ്രോത്സാഹനം ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന പലരില്‍ നിന്നും അത് കിട്ടാതായപ്പോള്‍ ആദ്യമൊന്നു പതറി. എന്തെങ്കിലുമൊക്കെ എഴുതണം എന്ന ആഗ്രഹം മാത്രമാണ് അയാളെ നിലനിര്‍ത്തിയത്.
                 ഇന്നയാള്‍ മലയാള സാഹിത്യത്തിലെ നിറസാനിധ്യമാണ്. അയാളുടെ അക്ഷരങ്ങള്‍ക്ക് സ്വര്‍ണത്തിന്‍റെ വിലയുണ്ടിന്ന്‍.അയാളുടെ ഓരോ പുസ്തകങ്ങളും പത്തും ഇരുപതും പതിപ്പുകളിലൂടെയാണിന്ന് സഞ്ചരിക്കുന്നത്. അയാളുടെ വയറും മനസ്സും എപ്പോഴും നിറഞ്ഞു തന്നെ നിന്നു. സര്‍ക്കാരും സര്‍ക്കാരിതര സ്ഥാപനങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന പുരസ്കാര ഫലകങ്ങള്‍ക്കു പലതിനും ഷോ കേസില്‍ ഇരിക്കുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. അവയില്‍ പലതിനും സ്ഥാനം സ്റ്റോര്‍ റൂമിലെ ചാക്കിനകത്തായിരുന്നു.ആകെ വിയര്‍ത്തു,പൊടിയില്‍ കുളിച്ച്,ശ്വാസം മുട്ടി അവ കരഞ്ഞു കൊണ്ട് അവിടെ കിടന്നു. അവയുടെ രോദനം അയാളൊരിക്കലും കേട്ടില്ല.അയാളുടെ വയറും മനസ്സും എപ്പോഴും നിറഞ്ഞു തന്നെ നിന്നു.
                      ഒരുകാലത്ത് പ്രോത്സാഹിപ്പിക്കുവാന്‍ പിശുക്ക് കാട്ടിയിരുന്നവര്‍ ഇന്ന് അഭിനന്ദനങ്ങള്‍ നിര്‍ലോഭം അയാളുടെ മേല്‍ ചൊരിയുന്നു. ഇന്ന് അയാള്‍ മലയാളത്തിന്‍റെ ചിഹ്നമാണ്. മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ നടക്കുന്ന സാംസ്ക്കാരിക മേഘലയിലെ വിവിധ തുറകളില്‍ നിന്നും ഉള്‍പ്പെട്ട പ്രമുഖരെ ആരാധിക്കുന്ന ചടങ്ങില്‍ വിശിഷ്ട സ്ഥാനം ലഭിച്ചതും അതൊന്നുകൊണ്ട് മാത്രം.അഭിനന്ദനങ്ങളും പുരസ്കാരങ്ങളും അയാളെ പൂര്‍ണമായും ഉന്മത്തനാക്കി മാറ്റിയിരുന്നു.
                       പാതിയുറക്കത്തില്‍, തന്‍റെ മനോരാജ്യത്തില്‍ ആ നവയുഗ സാഹിത്യകാരന്‍ ആണ്ടുകിടക്കുന്ന അവസരത്തില്‍ അയാളെ വഹിച്ചു പൊയ്ക്കൊണ്ടിരുന്ന കാറിന്‍റെ സാരഥി ആ സമയം ഒരു ശ്രമകരമായ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
                                     റോഡിന്‍റെ മധ്യത്തില്‍ നിന്നിരുന്ന നായയെ ഇടിക്കാതിരിക്കുക എന്ന ശ്രമകരമായ ദൗത്യത്തില്‍ ഏര്‍പ്പെട്ട ആ കാര്‍ റോഡിന്‍റെ ഒരു വശം ചേര്‍ന്ന് ടാറിളക്കി നിന്നു. പെട്ടന്നുണ്ടായ ദിശാവ്യതിയാനത്തില്‍ നിയന്ത്രണം വിട്ട അയാളുടെ ശരീരത്തിന്‍റെ മുന്‍ഭാഗം അനുവാദത്തിനു കാത്ത് നില്‍ക്കാതെ മുന്‍സീറ്റില്‍ ചെന്നിടിച്ചു. ഇതിനിടയില്‍ ചുണ്ടില്‍ ഒട്ടിയിരുന്ന തീമരം അയാള്‍ക്ക്‌ നഷ്ടമായിരുന്നു. വര്‍ത്തമാന കാലത്തിലേക്കിറങ്ങിയ അയാള്‍ക്ക്‌, ഒരു നായയുടെ ജീവന്‍റെയത്ര പോലും തന്‍റെ ജീവന് വില കല്‍പ്പിക്കാത്ത ഡ്രൈവറുടെ പ്രവര്‍ത്തിയോട് അത്യുഗ്രമായ കോപം തോന്നി. ആ കോപം കമ്പിളിയുടെ സ്ഥാനം ഏറ്റെടുത്തു.
                           ജന്തു സ്നേഹിയായ ആ പാവം ഡ്രൈവര്‍ എത്ര ശ്രമിച്ചിട്ടും അതിനു സംഭവിക്കെണ്ടിയിരുന്ന ദുരന്തത്തില്‍ നിന്നും ആ ജീവിയെ രക്ഷിക്കാന്‍ സാധിച്ചില്ല. ജീവിതത്തിന്‍റെ അനിവാര്യത ഏറ്റുവാങ്ങി മകരത്തിന്‍റെ തണുപ്പ് ശരീരത്തിലേക്ക് ആവാഹിച്ച് കൊണ്ടിരുന്ന ആ ജീവിയുടെ സമീപത്തേക്ക് തന്‍റെ കാറിലിരുന്ന വിശിഷ്ട വ്യക്തിയെ മറന്നിട്ടെന്നപോലെ ഓടിയടുത്തു.
                         മനപ്പൂര്‍വമല്ലാതെ സംഭവിച്ചുപോയ തെറ്റിന്‍റെ ഫലമായി തണുപ്പ് കൊണ്ട് മൂടപ്പെട്ടുകൊണ്ടിരുന്ന ആ ജീവിയുടെ ആത്മാവിനോട് ക്ഷമ ചോദിച്ചു തിരികെ കാറിനരികിലേക്ക് നടക്കുമ്പോള്‍ അയാളുടെ ഇരുകണ്ണുകളിലും കണ്ണുനീര്‍ തളം കെട്ടി നിന്നിരുന്നു. മനോവ്യഥയാല്‍ തപിച്ചുകൊണ്ട് തിരികെ വരുന്ന ആ മനുഷ്യനെ നോക്കി നിന്നിരുന്ന നവയുഗ സാഹിത്യകാരന്‍റെ കണ്ണില്‍ ക്രോധത്തിന്‍റെ ഉഗ്രഭാവമായിരുന്നില്ല, മറിച്ച് തിരിച്ചറിവിന്‍റെ തെളിനാളമാണ് നിഴലിച്ചു നിന്നത്. പണ്ടെപ്പോഴോ കേട്ട് മറന്ന, ഉറുമ്പുകളുടെ ഘോഷ യാത്രക്ക് വിഘ്നം വരാതിരിക്കാന്‍, അവയുടെ ജീവന് ആപത്ത് വരാതിരിക്കാന്‍ അവയുടെ യാത്ര അവസാനിക്കുന്നത് വരെ ക്ഷമയോടെ തന്‍റെ കുതിരയുമായി കാത്തു നിന്ന രാജകുമാരന്‍റെ കഥ, ആ ഉന്മത്തന്‍റെ ബോധമണ്ഡലത്തില്‍ ആ നിമിഷങ്ങളില്‍ തെളിഞ്ഞിരിക്കാം. കാരണം, മാനവികതയെക്കുറിച്ചു ഘോര ഘോരം പ്രസംഗിക്കുകയും വാക്കുകളാല്‍ പുസ്തകങ്ങളില്‍ കോറിയിടുകയും മാത്രമായിരുന്നല്ലോ ഇക്കാലമത്രയും അയാള്‍ ചെയ്തിരുന്നത്. താന്‍ ഒരു നിസ്സാരനെന്നു കരുതിയ ആ ചെറു ജീവിയുടെ മരണത്തില്‍ പോലും ആകുലനായി നില്‍ക്കുന്ന മനുഷ്യനോട് നവയുഗ സാഹിത്യകാരന് ആദരവ് തോന്നി. പിന്നീട് ആ കാറിന്‍റെ നാല് ചക്രങ്ങളും സഞ്ചരിച്ചത് പ്രമുഖ ചാനലിന്‍റെ സമ്മേളന സ്ഥലത്തേക്കായിരുന്നില്ല, മറിച്ച് അതിലും പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരിടത്തേക്കായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ അയാള്‍ പോകേണ്ടിയിരുന്ന ഒരിടത്തേക്ക്.....

Friday 22 August 2014

കള്ളനും വൃദ്ധയും.....

                                               

                                              അന്നത്തെ പരാതികളും പരിഭവങ്ങളും രാത്രിയുടെ മടിത്തട്ടിലേക്ക് ഇറക്കി വെച്ച് ഭൂമീദേവി നിദ്രയുടെ കാണാക്കയത്തിലേക്ക് വീണു.ആകാശ ഗംഗയിലെ ബീറ്റ് പോലീസുകാരന്‍ ടോര്‍ച്ചും തെളിച്ച് പതിവ് ഡ്യൂട്ടിക്കിറങ്ങിയിട്ട് നേരമേറെ കഴിഞ്ഞിരുന്നു.അവന്‍റെ വെള്ളിവെളിച്ചം സ്കറിയയുടെ ബംഗ്ലാവിനു മുന്‍പെങ്ങുമില്ലാത്ത തരം സൗന്ദര്യം നല്‍കി.ആ ബംഗ്ലാവിനു മുന്നിലൂടെ ഒരു യുവതിയുടെ അഴിച്ചിട്ട കാര്‍ക്കൂന്തല്‍ പോലെ പഞ്ചായത്ത് റോഡ്‌ പരന്നു കിടന്നു.


                                      ബംഗ്ലാവിന്‍റെ പടിഞ്ഞാറേ മൂലയില്‍ അതിനോട് ചേര്‍ന്ന് നിന്നിരുന്ന പറങ്കിമാവ് വഴി ആ കള്ളന്‍ രണ്ടാം നിലയിലേക്ക് ഊര്‍ന്നിറങ്ങി.കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചകളായി സ്കറിയയുടെ ബംഗ്ലാവ് അവന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു.മൂന്ന് നാല് ദിവസങ്ങള്‍ക്കു മുന്‍പാണ് അവിടുത്തെ വൃദ്ധയുടെ മകള്‍ വന്നിട്ട് പോയത്. കൂടെ അവരും പോയിക്കാണണം. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ ആളനക്കം ഒന്നും തന്നെ കണ്ടില്ല. അതെന്തായാലും നന്നായി,ഭയംവിന തനിക്കാവശ്യമുള്ളതെല്ലാം എടുക്കാമല്ലോ.അവന്‍റെ ഹൃദയം അവനോട് മന്ത്രിച്ചു.അവന്‍ തന്‍റെ മുന്നിലുള്ള വാതിലിന്‍റെ യോനിയിലേക്ക് പോക്കറ്റില്‍ കരുതിയിരുന്ന തിറവുകോല്‍ കയറ്റി മൃദുവായി തിരിച്ചു. ഒരു സില്‍ക്കാര ശബ്ദത്തോടെ കോട്ടവാതില്‍ അവനെ ബംഗ്ലാവിന്‍റെ ഉള്ളറകളിലേക്ക് ആനയിച്ചു.
                                                  
                                നാഴികകളും വിനാഴികകളും ആരുടേയും അനുവാദത്തിനു കാത്തു നില്‍ക്കാതെ യാത്ര തുടര്‍ന്ന് കൊണ്ടിരുന്നു.പതിവ് പോസ്റ്റിങ്ങിനും ചാറ്റിങ്ങിനും ഷയറിങ്ങിനുമായി സൂര്യ ഭഗവാന്‍ കിഴക്കേപ്പാടത്ത് നിന്നും തന്‍റെ എഫ് ബി അക്കൌണ്ടിലേക്ക് മെല്ലെ ലോഗിന്‍ ചെയ്തു കയറി.
                                                
                                ശരീരത്തില്‍ അനാവശ്യമായി കടന്നു കൂടിയ ടെമ്പ് ഫയല്‍സ് നീക്കം ചെയ്യാനായി നാരായണന്‍ താടിക്കാരന്‍ ന്യൂ ജെനറേഷന്‍ കോസ്റ്റ്യൂംസുംധരിച്ചു തന്‍റെ പതിവ് പ്രഭാത സവാരിക്കിറങ്ങി.ഈയടുത്ത കാലത്തായി രൂപം കൊണ്ട ട്രാവന്‍കൂര്‍ ഹൗസിംഗ് അസോസിയേഷന്‍റെ സെക്രട്ടറി കം ട്രെഷറര്‍ ആണ് ടിയാന്‍. അന്‍പത്തിയഞ്ചിനോടടുക്കുന്ന പ്രായം,വട്ട മുഖം,ന്യൂ ജെനറേഷന്‍ യുവാകളെപ്പോലും കൊതിപ്പിക്കുന്ന ഒട്ടും നര കയറിയിട്ടില്ലാത്ത, എണ്ണ തേച്ച് മിനുക്കിയ സമൃദ്ധമായ മുടി,രോമസമൃധമായ ശരീരം,അറുപത് സെ.മീറ്റര്‍ വ്യാസാര്‍ധത്തില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയര്‍. ബ്രസൂക്ക പോലെ വീര്‍ത്തു നില്‍ക്കുന്ന തന്‍റെ വയറിന്‍റെ ആരമൊന്നു കുറച്ചു എല്‍.ഇ.ഡി ടി.വി പോലെയാക്കുക എന്നത് താടിക്കാരന്‍റെ സ്വപ്നമാണ്.

                               അനാവശ്യമായി കടന്നു കയറിയ ദുര്‍മേദസ്സ് വിയര്‍പ്പിന്‍റെ രൂപത്തില്‍ പുറത്തേക്ക് തള്ളിക്കൊണ്ടിരുന്ന ആ മാംസ സംഭരണ ശാല സ്കറിയയുടെ ബംഗ്ലാവിനു മുന്നില്‍ നിശ്ചലമായി.സ്കറിയയുടെ ബംഗ്ലാവിന്‍റെ തെക്ക് കിഴക്കേ മൂലയില്‍ കത്തിക്കൊണ്ടിരുന്ന ചിതയില്‍ നിന്നും ലക്ഷ്യമേതെന്നറിയാതെ മുകളിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്ന ധൂമപടലമാണ് താടിക്കാരന്‍റെ ഇരുകാലുകളെയും ബന്ധനത്തിലാക്കിയത്. വളരെ വേഗത്തില്‍ തന്നെ ആ കൊലപാതക കഥ നാട് മുഴുവന്‍ പരന്നു.


                              "മിസ്സിസ് മേഴ്സി ഡേവിഡ്, ഈഅവസരത്തില്‍ ഇങ്ങനെയൊരു ഇന്‍റെറോഗേഷന്‍.....ബട്ട്,വീ ആര്‍ ഹെല്‍പ് ലെസ്സ്.എന്തെങ്കിലും തുമ്പ് കിട്ടണമെങ്കില്‍ നിങ്ങളുടെ സഹകരണം കൂടിയേ തീരൂ"

                               സി.ഐ. വടക്കന് അഭിമുഖമായി ചിതയില്‍ നിന്നും അധികം ദൂരത്തല്ലാതെ സ്കറിയയുടെ സഹോദരി മേഴ്സിയും ഭര്‍ത്താവ് ഡേവിഡും ഇരുന്നു.ചിതയില്‍ നിന്നും അസ്ഥികള്‍ പൊട്ടുന്ന ശബ്ദം അവരുടെ കാതുകളെ ചുട്ടുപഴുപ്പിച്ച് കൊണ്ട് തള്ളിക്കയറിക്കൊണ്ടിരുന്നു. ഡേവിഡ് നീട്ടിയ തൂവാല ഉപയോഗിച്ച് മൂക്ക് ചീറ്റി മേഴ്സി സി.ഐ.യെ നോക്കി.സി.ഐ.തുടര്‍ന്നു.

                                 "ജനനത്തിനു മുന്‍പ് വളരെ സുരക്ഷിതമായ ഒരു ഇടത്താവളം നല്‍കുന്നത് കൊണ്ടുള്ള കടപ്പാട് കൊണ്ടാകാം,പലരും കല്ലും മണ്ണും കൊണ്ട് വാര്‍ത്തെടുക്കുന്ന പടുകൂറ്റന്‍ കൃത്രിമ ഗര്‍ഭ പാത്രങ്ങളിലേക്ക് തങ്ങളുടെ മാതാപിതാക്കളെ സുരക്ഷിതരായി നിക്ഷേപിച്ചു എന്ന് വരുത്തി തീര്‍ത്ത് പുറത്തേക്ക് പോകുന്നത്. പക്ഷെ ആ പാവങ്ങള്‍ക്ക് സുരക്ഷിതത്ത്വത്തെക്കാലുപരിഅരക്ഷിതാവസ്ഥയും മാധ്യമങ്ങള്‍ക്ക് ഒരു നേരത്തേക്കുള്ള വാര്‍ത്തയും മാത്രമാണ് ഇത്തരത്തിലുള്ള മണിമാളികകള്‍ നല്‍കുന്നത്."

                                     മേഴ്സിയുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അവളെ വകവെക്കാതെ താഴേക്ക് കുതിച്ചു. ചിതയില്‍ നിന്നും മുകളിലേക്കുയര്‍ന്നു കൊണ്ടിരുന്ന പുക അതില്‍ പ്രതിഫലിച്ചു.

                                      "എല്ലാം ഞങ്ങളുടെ തെറ്റാണ് സര്‍." ഡേവിഡാണ് മറുപടി പറഞ്ഞു തുടങ്ങിയത്." പക്ഷെ അമ്മച്ചി ഒരു വാശിക്കാരിയായിരുന്നു. പ്രായം കൂടും തോറുംനമ്മളെല്ലാം ശൈശവാവസ്തയിലേക്ക് പോകും എന്ന് കേട്ടിട്ടില്ലേ. അപ്പച്ചന്‍റെ ആദ്യസമ്പ്യാദ്യമാണി വീടും സ്ഥലവും എന്ന ചീപ് സെന്റിമെന്റ്സും കെട്ടിപ്പിടിച്ച്തന്‍റെഅവസാനം ഈ മണ്ണിലാകണമെന്ന......"

                                ഡേവിഡിനെ തന്‍റെ വാക്കുകളെ പൂര്‍ത്തിയാകുവാന്‍ മേഴ്സി അനുവദിച്ചില്ല.അവളുടെ കണ്ണുകള്‍ ഡേവിഡ് നല്‍കിയ തൂവാലയുടെ ഓരോ ഞരമ്പുകളിലും രക്തം നിറച്ചു. 

                                  " മേഴ്സി, കൂള്‍ ഡൌന്‍." അവളുടെ വീര്‍ത്തു കെട്ടിയ നയനങ്ങള്‍ താന്‍ പത്ത് മാസം കഴിച്ചു കൂട്ടിയ ഗര്‍ഭപാത്രത്തെ തിരയുകയായിരുന്നു ആ സമയം.

                                      വടക്കന്‍ തന്‍റെ ഇരിപ്പിടത്തില്‍ നിന്നും പതിയെ എഴുന്നേറ്റു. " മിസ്റ്റര്‍. ഡേവിഡ്, ഒന്നുകില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ ഉണ്ടായ കൊലപാതകം മറക്കാനാകാം കള്ളന്‍ ശവം കത്തിച്ചത്. പക്ഷെ ആ ഒരു സാധ്യതയ്ക്കു നികത്താനാവാത്ത ഒരുപാട് വിടവുകള്‍ ഉണ്ട്. ഒന്നാമതായി ഒരു ആക്രമണം നടന്നതിന്‍റെ യാതൊരു ലക്ഷണവും നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല,രണ്ട്, നിങ്ങള്‍ പറയുന്നു യാതൊന്നും തന്നെ ഇവിടുന്ന് മോഷണം പോയിട്ടില്ലെന്ന്. മൂന്നാമതായി മൃതദേഹം കത്തിച്ച രീതി. ഒരിക്കലും ഒരു കൊലയാളി ഇത്തരത്തില്‍ ചെയ്യില്ല. സത്യത്തില്‍ മൃതദേഹം കത്തിക്കുകയല്ല അവന്‍ ചെയ്തത് സകലവിധ മര്യാദകളോടും കൂടി ഹൈന്ദവാചാര പ്രകാരം ദഹിപ്പിക്കുകയാണവന്‍ ചെയ്തിട്ടുള്ളത്." സി.ഐ. തന്‍റെ പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടില്‍ വെച്ചു.

                                      " മറ്റൊരു സാധ്യതയുള്ളത്............."

                                         ****************************

                                       ഉറുമ്പരിച്ചു തുടങ്ങിയ മൃതദേഹത്തിനു മുന്‍പില്‍ ആ ചോരന്‍ ഇതികര്‍ത്തവ്യതാ മൂഢനായി ഇരുന്നു. അവന്‍റെ കണ്ണുകളില്‍ നിന്നും യാത്ര തുടങ്ങിയ ഉപ്പുനീര്‍ അവന്‍റെ ചുണ്ടുകളുടെ വിടവിലേക്കിറങ്ങി. താന്‍ എന്തിനു വേണ്ടിയാണോ ആ ബംഗ്ലാവില്‍ കയറിയതെന്ന സത്യം അവനില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ആ ബംഗ്ലാവിലെ വിലമതിക്കാനാകാത്ത സ്വര്‍ണപ്പണ്ടങ്ങളായിരുന്നില്ല അവന്‍റെ കണ്ണുകളില്‍ ഉടക്കി നിന്നത്, മോചനം കാത്ത് ദിവസങ്ങളായി കിടന്നിരുന്ന  ഒരു ആത്മാവായിരുന്നു.

                                             ****************************

                                          സി.ഐ. തന്‍റെ പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടില്‍ വെച്ചു.

                                      " മറ്റൊരു സാധ്യതയുള്ളത്..... അവനൊരുപക്ഷേ മോഷ്ടിച്ചത് നിങ്ങളുടെ അമ്മയുടെ യാതനകളായിരിക്കാം." ഒരു അലര്‍ച്ചയോടെ മേഴ്സിയുടെ ചുണ്ടുകള്‍ മണ്ണിലേക്ക് പുതഞ്ഞു.