Thursday 27 August 2015

ജന്മദിനം

                                                                ജന്മദിനം


 

                ആ ദിവസം അവന് കാലത്തെ എഴുന്നെല്‍ക്കാതിരിക്കാന്‍ സാധിക്കുമായിരുന്നില്ല.അതവന്‍ അവള്‍ക്ക് കൊടുത്ത ഒരു വാക്ക് കൂടി ആയിരുന്നു. ആ ഒരു ദിനം ഒഴിച്ച് ബാക്കിയെല്ലാ ദിവസങ്ങളും അവനു മാത്രം സ്വന്തമായിരുന്നു. എന്നാല്‍ ആ ഒരു ദിനം അതവളുടെ അവകാശമായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേപ്പോലൊരുദിവസമായിരുന്നു അവളുടെ ഉദരത്തില്‍ നിന്നും അവന്‍റെ  കടിഞ്ഞൂല്‍ കിടാങ്ങള്‍ ഈ ഭൂമിയിലെ   കാറ്റിന്‍റെ തലോടല്‍ ഏറ്റ് വാങ്ങിയത്. 

                              വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ദൈവത്തിന്‍റെ കയ്യൊപ്പ് അവളുടെ ഗര്‍ഭ പാത്രത്തില്‍ പതിഞ്ഞത്.ആ ദിനം ഇന്നും അവനു മറക്കാനാകുമായിരുന്നില്ല. താനൊരു അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞ അവന്‍റെ കണ്ണില്‍ നിന്നും താഴേക്ക് ഉതിര്‍ന്ന  സന്തോഷത്തിന്‍റെ ചുടു കണ്ണീര്‍ ഒന്ന് രണ്ടു നിമിഷ നേരത്തേക്ക് അവളെ അവന്‍റെ കാഴ്ചയില്‍ നിന്നും മറച്ചു. കണ്ണുനീരിന്‍റെ നേര്‍ത്ത പാളികളെ വകഞ്ഞു മാറ്റി അവന്‍റെ നയനങ്ങളിലെക്ക് കയറിയ  അവളുടെ കവിളിണകളില്‍ തെളിഞ്ഞ് നിന്നത്  നാണത്തിന്‍റെ നിഴല്‍പ്പാടുകള്‍ ആയിരുന്നില്ല, മറിച്ച് പരിപൂര്‍ണതയുടെ സംതൃപ്തിയായിരുന്നു.

                                 അര്‍ച്ചനയും നടത്തി അമ്പലത്തിന്‍റെ കല്പടവുകളും താണ്ടി വരുന്ന അവളെയും കാത്ത് അവന്‍ പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. തന്‍റെ കൈവശം ഇരുന്ന വാഴയിലക്കീറില്‍ നിന്നും മോതിര വിരലിനാല്‍ പകര്‍ത്തിയെടുത്ത ചന്ദനം നെറ്റിയില്‍ ചാര്‍ത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം അവനില്‍ നിറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജിന്‍റെ എക്സിബിഷന്‍ ഹാളിനെ ലക്ഷ്യമാക്കി അവരെയും വഹിച്ചു കൊണ്ട് അവന്‍റെ ബൈക്ക് യാത്ര തിരിക്കുമ്പോള്‍ അവന്‍റെ ഉള്ളിലെ തീ കെടുത്താനെന്ന വണ്ണം മഴ പെയ്തു തുടങ്ങി.

                                     എക്സിബിഷന്‍ ഹാളിലെ ഓരോ പടിയും കയറുമ്പോള്‍ അവന്‍റെ ഓര്‍മകളെ ആരൊക്കെയോ പുറകോട്ട് പിടിച്ചു വലിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ തനിക്ക് ദൈവം നല്‍കുന്നത് ഇരട്ടി മധുരമാണെന്ന് മെഡിക്കല്‍ എത്തിക്സിനെ മറികടന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അന്നാദ്യമായി ദൈവത്തോട് അവനു എന്തന്നില്ലാത്ത ആദരവ് തോന്നി. സ്വന്തം കര്‍മമാണ് ദൈവം എന്ന് അതുവരെ കരുതിയിരുന്ന അവന്‍ ആദ്യമായി ഒരു കല്‍പ്രതിമക്ക് മുന്നില്‍  ഇരു കൈകളും കൂപ്പി.  പിന്നീടുള്ള ഓരോ നിമിഷങ്ങളും തന്‍റെ പോന്നോമനകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. ആ കുരുന്നുകളെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അവര്‍ പാകിയത്‌ സ്വര്‍ണ നൂലിഴകളാല്‍ ആയിരുന്നു. എന്നാല്‍ ആ സ്വപ്നങ്ങള്‍ക്ക് ആറു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇരു ഹൃദയങ്ങളെ നിര്‍ലോഭം അവര്‍ക്ക് സമ്മാനിച്ചെങ്കിലും ആ കുഞ്ഞു ഹൃദയങ്ങളുടെ  മിടിപ്പിന്‍റെ കണക്കില്‍ ഈരേഴു പതിനാലു ലോകത്തിന്‍റെയും അധിപനായ ഗണിതാധ്യാപകന് അമ്പേ പരാജയം സംഭവിച്ചു.   ആറാം മാസത്തില്‍ വെറും മാംസ പിണ്ടങ്ങളായി ഇരു കൈകളിലേക്കും തന്‍റെ പൊന്നോമനകളെ ഏറ്റു വാങ്ങുമ്പോള്‍ ആ വേനല്‍ ചൂടിലും അവന്‍റെ ശരീരം ആകമാനം വിറക്കുന്നുണ്ടായിരുന്നു. വണ്ടാനം മെഡിക്കല്‍കോളേജിലെ ശീതീകരിച്ച ലാബിലേക്ക് വെറുമൊരു പഠനോപകരണമായി അവരെ കൊണ്ട് പോകുമ്പോള്‍ വര്‍ഷം തോറും തന്‍റെ പൊന്നോമനകളെ കാണാനുള്ള അനുവാദം ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാങ്ങുന്നതിനായുള്ള പരിശ്രമത്തില്‍ ആയിരുന്നു അവന്‍.ചുവപ്പുനാടകളുടെ ഊരാക്കുടുക്ക്‌ വിടര്‍ത്തി അവനത് നേടുക തന്നെ ചെയ്തു. കഴിഞ്ഞ നാല് വര്‍ഷങ്ങളിലും ഇതേ ദിനം വണ്ടാനം മെഡിക്കല്‍കോളേജിലെ,  തണുപ്പിന്‍റെ കരിമ്പടം മൂടിയ  എക്സിബിഷന്‍ ഹാളിലെ  ആ സ്ഫടിക ഭരണിയിയുടെ സമീപം എത്തി നില്‍ക്കുമ്പോള്‍ അന്നത്തെ വിറയലിന്‍റെ പ്രതിഭലനം ഇന്നും അവനില്‍ നിറയുന്നു. അര്‍ച്ചന കഴിച്ച ചന്ദനം മോതിരവിരലില്‍ പകര്‍ത്തി എടുത്ത് ആ സ്ഫടിക ഭരണിയില്‍ തങ്ങളെയും പ്രതീക്ഷിച്ചെന്ന വണ്ണം നില്‍ക്കുന്ന തന്‍റെ പോന്നോമനകളുടെ എന്നന്നേക്കുമായി ചേതനയറ്റിരുന്ന നെറ്റിയില്‍ ചാര്‍ത്തുമ്പോള്‍ അവളുടെ കയ്യും വിറക്കുന്നുണ്ടായിരുന്നു.

Sunday 2 August 2015

ഏറനാടും ഒരു മഞ്ഞക്കിളിയും....

ഈശ്വരാ സമയം നാല് പത്തായി.... ഏറനാട് കിട്ടിയാല്‍ മതിയായിരുന്നു...കിട്ടിയില്ലേല്ലെങ്കില്‍ ഇന്നത്തെ ദിവസം പോക്കാ. ഈ പേരും പറഞ്ഞാണ് ഇന്ന് ഓഫീസില്‍ നിന്നും ഞാന്‍ നേരത്തെ ഇറങ്ങിയത്‌. ഏറനാട് കിട്ടിയില്ലെങ്കില്‍ നേരത്തെ ഇറങ്ങിയെന്ന പേരും ആകും പാസഞ്ചറിന് വേണ്ടി ആറു മണി വരെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരിക്കുകയും വേണ്ടി വരും.

ഞാന്‍ ഒരിക്കല്‍ കൂടി റെയില്‍വേയുടെ സൈറ്റ് എടുത്ത് ട്രെയിന്‍ അപ്േഡഷന്‍ നോക്കി. പണ്ടാരമടങ്ങാന്‍ വണ്ടി റൈറ്റ് ടൈം ആണെന്നാണ്‌ കാണിക്കുന്നത്.  ഇനി വെറും പത്ത് മിനിട്ട് മാത്രം. സകല ശക്തിയുമെടുത്ത് ഞാന്‍ ഓടി. ഇരുന്നുള്ള ജോലിയായതു കൊണ്ടാകാം ഓടിയിട്ട് വല്ലാതെ കിതക്കുന്നത്. എല്ലാ ദിവസവും കരുതും രാവിലെ എഴുന്നേറ്റ് അല്‍പസമയം വ്യായാമാമൊക്കെ ചെയ്യണമെന്ന്. എന്ത് ചെയ്യാന്‍ മടി കൂടപ്പിറപ്പായിപ്പോയി. മടി മാത്രമല്ല , മറ്റൊരു പ്രധാന കാരണം സമയം കിട്ടുന്നില്ല എന്നതാണ്. രാവിലെ നാലരയ്ക്ക് എങ്കിലും എഴുന്നെറ്റാലെ റിലാക്സ് ആയി അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തി ട്രെയിന്‍ പിടിക്കാന്‍  കഴിയൂ. ഇതിനിടയില്‍ വ്യായാമം ചെയ്യാന്‍ എവിടെയാ സമയം.

ഒരു വിധത്തില്‍ ഓടി ഞാന്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തി. അവിടെയെത്തിയ എന്നെ വരവേറ്റത് റെയില്‍വേ ചേച്ചിയുടെ അനൌണ്‍സ്മെന്‍റ് ആണ്. "ട്രെയിന്‍ നമ്പര്‍ 16605 മംഗലാപുരം മുതല്‍ നാഗര്‍കോവില്‍ വരെ പോകുന്ന ഏറനാട് എക്സ്പ്രസ്സ് എറണാകുളം ജങ്ക്ഷന്‍ നാലാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നും അല്‍പ സമയത്തിനുള്ളില്‍ പുറപ്പെടുന്നതാണ്‌". ഹാവൂ ആശ്വാസമായി. അപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ   എന്നെ ചതിച്ചിട്ടില്ല. റണ്‍ ബേബി റണ്‍.. യു കാന്‍ ഡു ഇറ്റ് മാന്‍. ഞാന്‍ എനിക്ക് തന്നെ ആത്മവിശ്വാസം നല്‍കി.  ആ ആത്മവിശ്വാസത്തിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന ഞാന്‍ ഫ്ലൈ ഓവറും ചാടിക്കടന്നു നാലാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ അതിന്‍റെ പ്രയാണംപുനരാരംഭിച്ചിരുന്നു. ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ട്രയിനിലേക്ക് ചാടിക്കയറി വാതിലിന്‍റെ അടുത്ത് തന്നെയുള്ള സീറ്റില്‍ തല ചായ്ച്ചു വെച്ച് കിതപ്പ് മാറാന്‍ കാത്ത് നിന്നു. 

ഹോ എന്നാലും എന്‍റെ ദൈവമേ വല്ലാത്ത ഒരു ഓട്ടമായിപ്പോയി. വിശന്നിട്ടു കണ്ണ് കാണാതാവും എന്നൊക്കെ കേട്ടിട്ടുണ്ട്, കിതച്ചിട്ട് കണ്ണ് കാണാതാവുന്നത് ഇത് ആദ്യമാണ്.പോരാത്തതിന് തൊണ്ടയാകെ വരണ്ടു വല്ലാതെ ദാഹിക്കുകയും ചെയ്യുന്നു. ബാഗില്‍ നിന്നും കുപ്പിയെടുത്ത് ഒരു കവിള്‍ വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ ചുറ്റുമുള്ള കാഴ്ചകള്‍ എനിക്ക് അനുഭവവേദ്യമാകാന്‍ തുടങ്ങി. ഓ ദൈവമേ അങ്ങ് ഇത്രയും വലിയവനോ. ഇതിനായിരുന്നോ അങ്ങ് എന്നെ ഇത്രയും പരീക്ഷിച്ചത്. ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാകുമെന്ന് പറയുന്നത് എത്രയോ ശരി. എന്‍റെ ചുറ്റും കണ്ട കാഴ്ചകള്‍ എന്‍റെ നയനങ്ങളെ ആനന്ദത്തില്‍ ആറാടിച്ചു. ഞാന്‍ കയറിയ കമ്പാര്‍ട്ട് മുഴുവന്‍ കിളികള്‍. അതും പല വര്‍ണങ്ങളില്‍ ഉള്ള കുപ്പായം ധരിച്ച അതി സുന്ദരികള്‍. അതുവരെ അടുത്തുള്ള ഒരു കമ്പിയില്‍ തൂങ്ങി മൃതപ്രായനായി നിന്ന ഞാന്‍ മൂരി  നിവര്‍ന്നു ഒരുഗ്രന്‍ പോസില്‍ നില്‍ക്കാന്‍ തുടങ്ങി. എന്‍റെ ഓടിയുള്ള ട്രെയിന്‍  കയറ്റവും പട്ടിയുടെത് പോലെയുള്ള കിതയ്ക്കലും കണ്ടിട്ടാകാം കിളികളെല്ലാം എന്നെ തന്നെയായിരുന്നു നോക്കികൊണ്ടിരുന്നത്.

പ്രവീണ്‍, ബി ഡീസന്റ്.. ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ചക്കരക്കുടത്തില്‍ കയറിയ ഉറുമ്പിന്‍റെ അവസ്ഥയില്‍ ആയിരുന്നു ഞാന്‍. എവിടെ നിന്ന് നോക്കി തുടങ്ങണം എന്ന ആശങ്ക എന്നില്‍ മുളച്ചു പൊന്തി. ഇവിടെ വളരെ ബുദ്ധിപൂര്‍വ്വം വേണം കാര്യങ്ങള്‍ നീക്കാന്‍. എന്‍റെ തലച്ചോര്‍ എന്നോട് മന്ത്രിച്ചു. ആദ്യം വേണ്ടത് വായില്‍ നോക്കാനുള്ള ഒരു കിളിയെ തിരഞ്ഞെടുക്കുകയാണ്. അതിനായി ഞാന്‍ സാവധാനം  പരിസര വീക്ഷണം നടത്തി.അപ്പോള്‍ മാത്രമാണ് ആ കമ്പാര്‍ട്ട്മെന്റില്‍ എന്നെ കൂടാതെ ഒരേ ഒരാണ്‍ തരിയെ ഉള്ളൂ എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. ഏകദേശം 45 വയസ് പ്രായമുള്ള ഒരാളായിരുന്നു മറ്റേ കക്ഷി. ഞാന്‍ അയാള്‍ക്ക് വലിയ ശ്രദ്ധ കൊടുക്കാതെ എന്‍റെ ജോലിയില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു റഡാര്‍ പോലെ സ്കാന്‍ ചെയ്തു കൊണ്ടിരുന്ന എന്‍റെ കണ്ണില്‍ അവള്‍ കുടുങ്ങി, ഒരു മഞ്ഞ ചുരിദാര്‍കാരി. അവള്‍ തന്‍റെ കൂട്ടുകാരികളോട് എന്തൊക്കെയോ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് പുറത്തെ കാഴ്ചകള്‍ ആസ്വദിക്കുകയായിരുന്നു. അവളുടെ സംസാരം കേട്ടപ്പോള്‍ മാത്രമാണ് അവരാരും തന്നെ മലയാളികള്‍ അല്ല എന്ന വസ്തുത ഞാന്‍ മനസ്സിലാക്കിയത്. അല്ലെങ്കിലും വായിനോട്ടത്തിനു ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഒരിക്കലും ഒരു തടസമല്ലല്ലോ. അമ്പലപ്പുഴ വരെ ആരെയെങ്കിലും വായില്‍ നോക്കണം. അത്രേ ഉള്ളൂ. അവരുടെ സംസാരത്തില്‍ നിന്നും ഭാഷ കന്നടയാണെന്ന് ഒഴിച്ചാല്‍ ഒരു പിണ്ണാക്കും എനിക്ക് മനസ്സിലായില്ല. 

പണ്ടേ കൂട്ടുകാര്‍ പറയാറുണ്ട്‌ എന്‍റെ കണ്ണുകള്‍ക്ക് എന്തോ മാന്ത്രികതയുണ്ടെന്ന്. അവളുടെ നോട്ടം പലപ്പോഴായി എന്നിലേക്ക് പാറി വീഴാന്‍ തുടങ്ങിയപ്പോള്‍ എനിക്കും അതില്‍ എന്തൊക്കെയോ സത്യമുണ്ടെന്ന് തോന്നി തുടങ്ങി.ആ മഞ്ഞ ചുരിദാറിന്‍റെയും എന്‍റെയും കണ്ണുകള്‍ പലപ്പോഴും പരസ്പരം  ഇടഞ്ഞു. ഇടക്കെപ്പോഴോ അവളുടെ കവിളിണകളില്‍ ഒരു നനുത്ത മന്ദഹാസത്തിന്‍റെ തുടിപ്പ് ഞാന്‍ കണ്ടു. എന്നെ നോക്കുന്നത് കൂട്ടുകാരികള്‍ അറിയാതിരിക്കാന്‍ ആണെന്ന് തോന്നുന്നു അവരോട് വളരെ ഉച്ചത്തില്‍ എന്തൊക്കെയോ തമാശ   പറഞ്ഞു കൊണ്ടാണ് അവള്‍ അവളുടെ പ്രവീണേട്ടനെ കടക്കണ്ണാല്‍ നോക്കിക്കൊണ്ടിരുന്നത്. ഇറങ്ങുമ്പോള്‍ എന്തായാലും ആ സുന്ദരിക്കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങണം. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. പെട്ടന്നാണ് എന്‍റെ പുറത്ത് ഒരു കൈ വന്നു വീണത്. ശവം, ആ നാല്പത്തഞ്ച്കാരനാണ്. ഒറ്റക്ക് നിന്ന് ബോറടിച്ചത് കൊണ്ട് കമ്പനി കൂടാനുള്ള വരവാണ്. ഞാന്‍ പരമാവധി അയാളെ ഒഴിവാക്കാന്‍ നോക്കിയെങ്കിലും അയാള്‍ ഓരോരോ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ഞങ്ങള്‍ ഒരേ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവരാണെന്ന മഹത്തായ കണ്ടുപിടുത്തം നടത്തുകയും ചെയ്തു ആ ബോറന്‍, വെബ് ഡിസൈനിംഗ്.... പിന്നീട് ഒരു മണിക്കൂര്‍ നേരം  വെബ് ഡിസൈനിങ്ങിന്‍റെ ആരും ഇതുവരെയും നടന്നിട്ടില്ലാത്ത വഴികളിലൂടൊക്കെ അയാള്‍ എന്നെയും കൂട്ടി നടന്നു, ഒരു ഭ്രാന്തനെപ്പോലെ.. അയാളുടെ വാക്കുകള്‍ മൂളി കേള്‍ക്കുന്നതിനിടയിലും ഞാന്‍ എന്‍റെ മഞ്ഞക്കിളിയെ നോക്കുന്നുമുണ്ടായിരുന്നു. ഇതിനിടയിലെപ്പോഴൊക്കെയോ  ഞാന്‍ നില്‍ക്കുന്നതിനു തൊട്ടടുത്തിരുന്ന തന്‍റെ കൂട്ടുകാരിയുടെ അരികില്‍ എത്തി എന്തൊക്കെയോ സംസാരിച്ചു. അവളുടെ അധരങ്ങള്‍ കൂട്ടുകാരിയോടും  അവളുടെ കണ്ണുകള്‍ എന്നോടും ആയിരുന്നു സംസാരിച്ചത്.  ഹോ ദൈവമേ വടക്കന്‍ കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തും ആ പ്രത്യേക തരം ഗന്ധമുള്ള കാറ്റ് ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി.  അത് ആ മഞ്ഞക്കിളിയുടെ ചുരിദാറിലും ഷാളിലുമൊക്കെ തട്ടി തടഞ്ഞു എന്നെ തഴുകി കടന്നു പോയി. 

എന്‍റെ നിവിന്‍ പൊളി സ്റ്റൈലില്‍ ഉള്ള നില്‍പ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു ആ നാല്പത്തഞ്ച്കാരന്‍ മൊഴിഞ്ഞു തുടങ്ങി. " പ്രവീണേ, എന്ത് പെണ്‍പിള്ളേരാടായിവര്‍???? നാടും വീടും വിട്ടാല്‍ ആണും പെണ്ണുമൊക്കെ  കണക്കാ. നീയാ മഞ്ഞ ചുരിദാര്‍ ഇട്ട പെണ്ണിനെ കണ്ടോ??? അവളാണ് ഈ കൂട്ടത്തിലെ ജഗജില്ലി.." അയാളുടെ വാക്കുകള്‍ കേട്ട എന്‍റെ നാഡിഞരമ്പ്‌ വലിഞ്ഞു മുറുകി, കണ്ണ് ചുവന്നു... അയാളുടെ കര്‍ണപുടം നോക്കി ഒരെണ്ണം കൊടുക്കാന്‍ തോന്നി. പിന്നെ ഒരേ മേഖലയില്‍ വര്‍ക്ക് ചെയുന്നത് കൊണ്ടും പ്രായകൂടുതല്‍ ഉള്ളത് കൊണ്ടും പുള്ളിക്കാരന്‍റെ ഇരു കൈകളിലെയും മാംസക്കുന്നുകള്‍ കണ്ടതിനാലും  ഞാന്‍ തല്‍ക്കാലം ക്ഷമിച്ചു.  എന്നാല്‍ എന്‍റെ നീരസം മുഖത്ത് പരമാവധി പ്രദര്‍ശിപ്പിച്ചു. അത് വകവെക്കാത അയാള്‍ തുടര്‍ന്നു. "ഇവളുമാരുടെ വിചാരം നമുക്കാര്‍ക്കും കന്നഡ അറിയില്ലെന്നാ. ഞാനേ മൂന്നാല് വര്‍ഷം ബാംഗ്ലൂരില്‍ കിടന്നു പയറ്റി തെളിഞ്ഞതാ.."അത് കേട്ടപ്പോള്‍ ആദ്യം തോന്നിയത് ആ നാല്പത്തഞ്ച്കാരന്‍ തള്ളിയതാണെന്നാണ്.എന്നാല്‍ തുടര്‍ന്നുള്ള അയാളുടെ വാക്കുകള്‍ക്ക് ചെവിനല്‍കിയപ്പോള്‍ അത് സത്യമാണെന്ന് എനിക്ക് ബോധ്യമായി. ബാംഗ്ലൂര്‍, മാംഗ്ലൂര്‍, മൈസൂര്‍, ഹമ്പി, കൂര്‍ഗ് ഇത്യാദി കര്‍ണാടകയിലെ വിശേഷ സ്ഥലങ്ങളില്‍ എല്ലാം  താന്‍ നടത്തിയ പടയോട്ടങ്ങളെക്കുറിച്ച് ആ നാല്‍പ്പത്തി അഞ്ചുകാരന്‍ വാചാലനായി. ആ വാചക കസര്‍ത്തില്‍ തരക്കേടില്ലാത്ത രീതിയില്‍ എനിക്ക് ബോറടിച്ചെങ്കിലും മഞ്ഞക്കിളി എന്നെക്കുറിച്ച് എന്തെങ്കിലും മൊഴിഞ്ഞിട്ടുണ്ടെങ്കില്‍ മനസ്സിലാക്കുന്നതിനായി തല്ക്കാലം സഹിച്ചു. അവസാനം ചെവി കടിച്ചു പറിച്ചു ആ മനുഷ്യന്‍ തിന്നു തീര്‍ക്കും എന്ന ഘട്ടം വന്നപ്പോള്‍ അപ്പോള്‍ സംസാരം അപ്പോള്‍ എത്തി നിന്നിരുന്ന ഗുല്‍ബര്‍ഗായില്‍ നിന്നും യു ടേണ്‍ എടുത്ത് വീണ്ടും കിളികളില്‍ എത്തിച്ചു. 


"ഇവളുമാരെ പറഞ്ഞിട്ട് കാര്യമില്ല. കണ്ടില്ലേ ഓരോന്നിന്‍റെയും ഡ്രസ്സ്‌ കോഡ്. " അതിനെന്താ, ഒരു കുഴപ്പവുമില്ലല്ലോ...നല്ല സ്റ്റൈല്‍ ആയിട്ടുണ്ട് എന്നൊക്കെ പറയാന്‍ നാവു പൊങ്ങിയെങ്കിലും പൊങ്ങി വന്ന നാവിനെ കടിച്ചു പിടിച്ചു ആ നാല്‍പ്പത്തിഅഞ്ചുകാരന് ഞാന്‍ റാന്‍ മൂളി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പിന്നീട് ഒരു അരമണിക്കൂര്‍ നേരം ഡ്രസ്സ്‌ കോഡിനെക്കുറിച്ചായിരുന്നു അയാളുടെ സംസാരം.സംഭാഷണം വീണ്ടും കാട് കയറുമെന്ന ഘട്ടം വന്നപ്പോള്‍ ഞാന്‍ തന്നെ മുന്‍കൈ എടുത്ത് മഞ്ഞച്ചുരിദാറില്‍ എത്തിച്ചു.

" ചേട്ടാ ആ മഞ്ഞ ചുരിദാര്‍ എന്ത് അങ്കമാണ് കാണിക്കുന്നത് അല്ലെ ചേട്ടാ..." തല്‍ക്കാലം എന്‍റെ ലക്ഷ്യത്തിനായി എന്‍റെ പ്രണയിനിയെ ഞാന്‍ കുരുതി നല്‍കി.

" പിന്നല്ലാതെ...അവളില്ലേ...... അവള്‍ വായ വലിച്ചു കീറി ഉച്ചത്തില്‍ കൂട്ടുകാരികളോട് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്താണെന്ന് നിനക്ക് മനസ്സിലായോ????"

യെസ് അതാ അവസാനം ഞാന്‍ ഉദ്ദേശിച്ചിടത്ത് കാര്യം എത്തിയിരിക്കുന്നു.എനിക്കത് അറിയാന്‍ താല്‍പര്യമില്ലായിരുന്നു. എന്‍റെ ഉല്‍കണ്ഠ അവള്‍  എന്‍റെ അടുത്തേക്ക് വന്നു തൊട്ടടുത്തിരുന്ന കൂട്ടുകാരിയുടെ കാതില്‍ മൊഴിഞ്ഞത് എന്തെന്നറിയുന്നതിലായിരുന്നു. എനിക്കുറപ്പായിരുന്നു അത് എന്നെക്കുറിച്ചാണെന്ന്, അവളുടെ മനസ്സ് കുറഞ്ഞ നിമിഷങ്ങള്‍ കൊണ്ട് കവര്‍ന്നെടുത്ത ഈ പ്രവീണ്‍കുമാര്‍.എം.ജി. എന്ന പ്രവീണേട്ടനെക്കുറിച്ചാണെന്ന്‍

" എന്താ ചേട്ടാ പറഞ്ഞത്???" കഴിയുന്നത്ര നിഷ്കളങ്കത മുഖത്ത്  വരുത്തി ഞാന്‍ ചോദിച്ചു.

" അവള്‍ പറയുകയാ ഈ മലയാളികളൊക്കെ വെറും വായി നോക്കികളാ അവരെ വളക്കാന്‍ വളരെ എളുപ്പമാണെന്ന്..."

ആ വാക്കുകള്‍ എന്‍റെ കാതില്‍  ചുട്ടു പഴുപ്പിച്ച ഒന്നര ഇഞ്ചിന്‍റെ ആണി  കയറുന്നത് പോലെ കടന്നു പോയി. അതിനു ശേഷം ആ നാല്‍പ്പത്തഞ്ചുകാരന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ ബാഹുബലിയെപ്പോലെ ഞാന്‍ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങി റെയില്‍വേ പാളവും മുറിച്ചു കടന്നു  ഓടി.  മണിച്ചിത്രത്താഴിലെ ഗംഗയെപ്പോലെ സീസണ്‍ ടിക്കറ്റും കീറി ഒരു മുഴുഭ്രാന്തനെപ്പോലെ
ഓടിയ എന്നെ ഇന്നും ആ നാല്‍പ്പത്തിയഞ്ചുകാരനും സ്റ്റേഷന്‍ മാസ്റ്ററും ഓര്‍ക്കുന്നുണ്ടാകും....