Monday 20 April 2015

കൂടോത്രം എന്ന കുണ്ടാമണ്ടി.

                                           കൂടോത്രം എന്ന കുണ്ടാമണ്ടി.

             ജ്യോത്സ്യന്‍റെ  കൈവശമിരുന്ന കവടി തറയുമായി ഉരസിയപ്പോളുണ്ടായ
കിരു കിരാ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ചിതലരിച്ചുതുടങ്ങിയ തടിപ്പലകയില്‍ ഒറ്റക്കും കൂട്ടായും ഇരുന്നുകൊണ്ട്  ഗ്രഹങ്ങളും ഉപഗ്രഹങ്ങളും എന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നതായി തോന്നി. ജ്യോത്സ്യന്‍ തന്‍റെ  കൈവശം ഇരുന്ന ജാതകം തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ കൂട്ടിയും കുറച്ചും കൊണ്ടിരുന്നു.

                                പി.എസ്.സി. പരീക്ഷക്ക്‌ പോലും ഞാനിത്രയും ടെന്‍ഷന്‍ അടിച്ചിട്ടില്ല. ദൈവമേ ഇത്തവണയും നീ എന്നെ കൈവിട്ടാല്‍ സത്യമായും ഞാനൊരു റിബലായി മാറും. അത്രയ്ക്ക് ദെണ്ണം ഉണ്ടേ...ഇതിപ്പോള്‍ നൂറ്റി ഒന്നാമത്തെ ജാതകമാ ആ കശ്മലന്‍ ഇട്ടു കീറി മുറിക്കുന്നത്. കഴിഞ്ഞ നൂറെണ്ണവും അയാള്‍ ഓരോരോ  കാരണങ്ങള്‍ പറഞ്ഞു കുളമാക്കി.

                                    പെണ്ണു കാണലിന്‍റെ കാര്യമാലോചിക്കുമ്പോള്‍ തന്നെ ഹൃദയത്തില്‍ ഒരു പാറക്കല്ലെടുത്ത് വെച്ച പോലത്തെ ഫീലാണ്. ഒരുദാഹരണത്തിന് നല്ലൊരു ബുഫെ നടക്കുന്ന ഒരു ഹാളില്‍ നമ്മള്‍ ചെല്ലുകയാണ്. ആ ഹാളിലേക്ക് നമ്മള്‍ ചെന്ന് കയറുമ്പോള്‍ തന്നെ മാല്‍ഗോവ മാമ്പഴം പാലും പഞ്ചസാരയും ഇട്ടടിച്ച സൊയമ്പന്‍ ഒരു ഗ്ലാസ് ജ്യൂസ് നമ്മളെ നോക്കി  പുഞ്ചിരിയോടെ ഇരിക്കുന്നു.  കൊതിയോടെ നമ്മള്‍ അത് എടുത്ത് കുടിക്കാന്‍ ചെല്ലുമ്പോള്‍  ഒരാള്‍ യാതൊരു വിധ ദയാ ദാക്ഷണ്യവും കൂടാതെ പറയുന്നു "മകനെ ഇത് നീ കുടിക്കേണ്ട.നിനക്ക് ഷുഗര്‍ ഉണ്ടാകും" എന്ന്. അങ്ങനെ പുറത്തേക്ക് വന്ന ഒരു ലോഡ് തുപ്പലും അകത്തേക്ക് വിഴുങ്ങി എന്നാല്‍ ഇനിയൊരു ചിക്കന്‍ ബിരിയാണി കഴിക്കാം എന്ന് കരുതി ചെല്ലുമ്പോളാകട്ടെ ദാ നില്‍ക്കുന്നു നേരത്തെ ജ്യൂസ് കുടിക്കാന്‍ അനുവദിക്കാത്ത പരമദ്രോഹി. അയാള്‍ വീണ്ടും മൊഴിയുന്നു " മകനെ ഇത് നീ ഒട്ടും കഴിക്കേണ്ട. ഇത് പൈല്‍സ് ഉണ്ടാക്കും". പോട്ടെ പുല്ല് എന്നും പറഞ്ഞു ഒരു ബീഫ് ബിരിയാണി കഴിക്കാമെന്നു കരുതിയാലോ "ഇതും കഴിക്കേണ്ട,ഇത് കൊളസ്ട്രോള്‍ ഉണ്ടാക്കും" എന്ന ഉപദേശവുമായി അയാള്‍ വീണ്ടും എത്തുന്നു. എന്നാല്‍  നാരങ്ങ അച്ചാറും മാങ്ങ അച്ചാറും കൂട്ടി നല്ലൊരു സദ്യ പിടിപ്പിക്കാമെന്ന് കരുതി ചെന്നാല്‍ അച്ചാര്‍ അള്‍സര്‍ ഉണ്ടാകുമെന്ന് പറഞ്ഞു അതിനും സമ്മതിക്കില്ല. അങ്ങനെ വിശന്നു വലഞ്ഞു ഇപ്പോള്‍ ചെന്ന് നില്‍ക്കുന്നത് പഴങ്കഞ്ഞിയുടെ മുന്നിലാ. പച്ചമുളകും ഉപ്പുമായി കുടിക്കാമെന്ന് കരുതിയപ്പോളാണ് പച്ചമുളകില്‍ പുഴുക്കുത്തല്‍ ഉണ്ടോ ഉപ്പുപയോഗിച്ചാല്‍ പ്രെഷര്‍ ഉണ്ടാകുമോ എന്ന് കൂലംകഷമായി വിശകലനം ചെയ്യുന്നത്.  വിശന്ന വയറിന്‍റെ വേദന മൂന്നു നേരവും സമൃദ്ധമായി ഉണ്ടുറങ്ങി ജീവിക്കുന്ന ഇയാള്‍ക്ക് മനസ്സിലാകുമോ?

                              എന്നെ അത്ഭുതപ്പെടുത്തുന്നത് അച്ഛന്റെയും അമ്മയുടെയും മാറ്റമാണ്. സകലവിധ എതിര്‍പ്പുകളെയും അവഗണിച്ചു പ്രണയിച്ചു വിവാഹം ചെയ്തവര്‍ ആയിരുന്നുഅവര്‍. അന്നത്തെ ഒരു പ്രശസ്ത ജ്യോത്സ്യന്‍ അവരുടെ ദാമ്പത്യ ജീവിതത്തിനു വെറും ഒരു വര്‍ഷത്തെ ആയുസ്സേ വിധിച്ചിട്ടുള്ലായിരുന്നു. അതിനെയൊക്കെ തൃണവല്‍ഗണിച്ചവരാണ് ഇന്ന് സ്വന്തം മകനായ എന്‍റെ കാര്യം വന്നപ്പോള്‍ യാഥാസ്ഥിതികരായി മാറിയത്. വിശ്വാസം എന്നത് ഒരു തരം പച്ച കുത്തല്‍ ആണ്. ചെറുപ്പത്തില്‍ നമ്മുടെ മനസ്സില്‍ അത് ആഴത്തില്‍ പതിഞ്ഞാല്‍ പിന്നീടൊരിക്കലും  ഇളകിപ്പോകില്ല.

                                           എന്നെ വലക്കുന്നത് എനിക്ക് ചെറിയ തോതില്‍ ചൊവ്വാ ദോഷം ഉണ്ടെന്നുള്ളതാണ്. ആരാണാവോ ഈശ്വരാ ഈ ചൊവ്വാ ഗ്രഹം കണ്ടുപിടിച്ചത്? അങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ രെക്ഷപ്പെട്ടെനെ. അല്ലെങ്കില്‍ ഇനി ആകെയുള്ള പ്രതീക്ഷ പ്ലൂട്ടോയെ വെള്ളക്കുള്ളനായി തള്ളിയത് പോലെ ചൊവ്വയെയും തള്ളണം എന്നുള്ളത് മാത്രമാണ്.


                                           ഇത്തരത്തിലൊക്കെ ചിന്തിച്ച് ദൈവത്തെയും പളളു പറഞ്ഞിരുന്ന എന്‍റെ മുഖത്തേക്ക് ജ്യോത്സ്യന്‍ സാവധാനം മുഖമുയര്‍ത്തി നോക്കി. എന്‍റെ ദയനീയാവസ്ഥ കണ്ട് ഞാനൊരു സാമൂഹിക വിപത്തായി മാറുമോ എന്ന പേടി കൊണ്ടോ അതോ എന്‍റെ പ്രാര്‍ഥനയുടെ ശക്തി കൊണ്ടോ എന്തോ എനിക്ക് അനുകൂലമായ ഒരു മറുപടിയാണ് അയാള്‍ പറഞ്ഞത്.

                                 "ഉം....നമുക്കിതങ്ങു ഉറപ്പിക്കാം." ആ വാക്കുകള്‍ എന്‍റെ ഹൃദയത്തില്‍ ആശ്വാസത്തിന്‍റെ കുളിര്‍മഴ പെയ്യിച്ചു. ജ്യോത്സ്യന്‍ തുടര്‍ന്നു. " എങ്കിലും ചില ദോഷങ്ങളൊക്കെ കാണുന്നുണ്ട്. സാരമില്ല, ഞാന്‍ ചില പ്രതിവിധികള്‍ പറഞ്ഞു തരാം. അതെല്ലാം ഈ ലിസ്റ്റില്‍ കാണുന്ന ക്ഷേത്രങ്ങളിലും പള്ളികളിലും നടത്തണം.പിന്നെ ഒരു കാര്യം. നിങ്ങളുടെ അയല്‍വാസികളില്‍ ആരെക്കെയോ നിങ്ങള്‍ക്കെതിരെ കടുത്ത ആഭിചാര കര്‍മങ്ങള്‍ നടത്തിയിട്ടുണ്ട്. ഇയാളുടെ വിവാഹം നടക്കരുതെന്നു കരുതി ആരോ ഇയാള്‍ക്കെതിരെ കൂടോത്രം ചെയ്തിട്ടുണ്ട്."

                                    കൂടോത്രം, മണ്ണാങ്കട്ട. എനിക്കയാള്‍ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തോന്നിയില്ല. പക്ഷെ അച്ഛന്റെ മുഖഭാവത്തില്‍ നിന്നും കൂടോത്ര  പുരാണം ആ പാവത്തിനെ വല്ലാതെ ഭയപ്പെടുത്തി എന്ന് എനിക്ക് മനസ്സിലായി. അച്ഛന്‍ കൂടോത്രത്തിന്‍റെ കാര്യം ഉടന്‍ തന്നെ അമ്മയെ വിളിച്ചു പറയുകയും ചെയ്തു.

                                ജ്യോല്‍സ്യന് നല്‍കേണ്ടദക്ഷിണയും നല്‍കി നടത്തേണ്ട പ്രതിവിധികളുടെ ചാര്‍ത്തും വാങ്ങി ഞാനും അച്ഛനും അവിടെ നിന്നിറങ്ങി. നടക്കുമ്പോള്‍ അച്ഛന്‍റെ വായില്‍ നിന്നും വന്നു കൊണ്ടിരുന്നത് മുഴുവനും കൂടോത്ര പുരാണം ആയിരുന്നു. കൂടോത്രത്തിന്റെ ഫലമായി വടക്കേതിലെ തങ്കപ്പന്‍ ചേട്ടന് ആക്സിടെന്റ്റ് ഉണ്ടായെന്നും പിന്നെ വേറെ ആര്‍ക്കൊക്കെയോ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായെന്നും മറ്റും പുലമ്പിക്കൊണ്ട് ആണ്  അച്ഛന്‍ നടന്നത്. ഈ കൂടോത്ര പുരാണം കേള്‍ക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. നടക്കുമ്പോഴും ഞാന്‍ എന്‍റെ നൂറ്റി ഒന്നാമത്തെ പെണ്‍കൊടിയും കൊണ്ട് ഫ്രാന്‍സ്,അമേരിക്ക,ഉഗാണ്ട, സൌത്ത് ആഫ്രിക്ക,കമ്പോഡിയ  തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ മനോരഥത്തില്‍ ഊളിയിടുകയായിരുന്നു.കഴിഞ്ഞ നൂറു പേരെയും കൊണ്ട് ചെക്ക്‌ ഇന്‍ ചെയ്യാന്‍എയര്‍ പോര്‍ട്ടില്‍ ചെന്നപ്പോള്‍ തന്നെ ഫ്ലൈറ്റ് മിസ്‌ ആയിരുന്നല്ലോ.

                                     നൂറ്റി ഒന്നാമത്തെ പെണ്ണെങ്കിലും ഒന്നുറച്ച സന്തോഷം കൂട്ടുകാരുമായി പങ്ക് വെക്കാമെന്നു കരുതി ഞാന്‍ നേരെ ഹരിയുടെ വീട്ടിലേക്ക് വിട്ടു. എന്‍റെ വീട്ടില്‍ നിന്നും നടന്നു പോകാവുന്ന ദൂരമേ അവന്‍റെ വീടുമായുള്ളൂ. അവിടെ ഹരിയും മറ്റുള്ളവരും എന്‍റെ  സന്തോഷത്തിനു മാറ്റ് കൂട്ടാനായി ബാക്കാര്‍ഡിയുടെ രണ്ടു ഫുള്ളുമായി എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

                                       ആഘോഷങ്ങള്‍ തീര്‍ന്നപ്പോള്‍ നേരമേറെ വൈകിയിരുന്നു. ഒരു തരത്തില്‍ ആടിയാടി വീട്ടിലെത്തിയ ഞാന്‍ ആരെയും വിളിച്ചുണര്‍ത്താതെ രഹസ്യ വാതിലൂടെ മുറിയില്‍ കയറി കിടന്നപ്പോള്‍  എന്‍റെ മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ കുളിരണിയിച്ചു കൊണ്ട് മഴ പെയ്യാന്‍ തുടങ്ങിയത് ഞാന്‍ അറിഞ്ഞു.

                                     രാവിലെ അമ്മയുടെഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. കഴിഞ്ഞ രാത്രിയില്‍ അമിതമായി കഴിചിരുന്നതിനാല്‍ചെറിയ തോതില്‍ ഒരു ഹാങ്ങ് ഓവര്‍ എന്നില്‍ ഉണ്ടായിരുന്നു. വായും മുഖവും കഴുകി സ്മെല്‍ അഥവാ ഉണ്ടെങ്കില്‍ അറിയാതിരിക്കാന്‍ മുഖത്തും വായിലും സ്പ്രേയും അടിച്ച് വീടിനു പുറത്തേക്ക് ചെല്ലുമ്പോള്‍ കാണുന്നത് അച്ഛന്‍ ആകെ വിഷണ്ണനായി താടിക്ക് കയ്യും കൊടുത്ത്  സിറ്റ് ഔട്ടില്‍ ഒരു കസേരയുടെ പുറത്തിരിക്കുന്നു. അമ്മയാണെങ്കില്‍ അടുത്ത വീട്ടിലെ ചേച്ചിയുമായി കശപിശ ഇട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ പതിയെ പത്രവുമെടുത്ത് സോഫയിലേക്ക് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അമ്മ എന്നെ കണ്ടത്.
                      
                                             ഒരു ഭദ്രകാളിയെപ്പോലെ ചാടി തുള്ളിക്കൊണ്ടാണ് അമ്മ എന്‍റെ സമീപത്തേക്ക് വന്നത്. വന്ന പാടെ അത്യുച്ചത്തില്‍എന്നോടായിപറഞ്ഞു.

                                         "നിനക്കല്ലെടാ ഞങ്ങള്‍ പറയുന്നതൊക്കെ അന്ധവിശ്വാസം എന്ന് പറഞ്ഞു പുച്ഛിച്ച് തള്ളാന്‍ തിടുക്കം. കണ്ടില്ലേ നീ ഈ സിറ്റ് ഔട്ടില്‍ ഇരിക്കുന്ന ഈ കല്ലുകള്‍, അതും ലക്ഷണമൊത്ത മൂന്നെണ്ണം."

                                      "എന്‍റെ ലക്ഷ്മി അത് കുട്ടികള്‍ ആരെങ്കിലും എടുത്ത് വെച്ചതായിരിക്കും". അച്ഛനങ്ങനെ പറയുമ്പോഴും അച്ഛന്റെ വാക്കുകളില്‍ നിഴലിച്ചിരുന്ന ഭയം എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

                               "നിങ്ങളൊന്നു മിണ്ടാതിരിക്ക്‌ മനുഷ്യാ." അമ്മ തുടര്‍ന്നു." ഡാ നീയൊന്നു നോക്കിയേ, ഇന്നലെ ഇവിടെ മുഴുവന്‍ മഴ പെയ്തതല്ലേ. നീ ഈ കല്ലുകളില്‍ ഒന്ന് സൂക്ഷിച്ചു നോക്കിയേ ഒരിത്തിരി എങ്കിലും നനഞ്ഞിട്ടുണ്ടോ? ആരോ ഇത് ഇവിടെ കൂടോത്രം ചെയ്ത് കൊണ്ട് വെച്ചതാ. ജ്യോത്സ്യന്‍ പറഞ്ഞതോര്‍മ്മയുണ്ടല്ലോ അല്ലെ. കല്ലില്‍ വരെ കൂടോത്രം ചെയ്യുന്ന പരിഷകളാ ചുറ്റുമുള്ളത്". അമ്മയത്പറയുമ്പോള്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.


                                  ഈശ്വരാ സയന്‍സ് ഇത്രത്തോളം പുരോഗമിച്ച ഈ കാലഘട്ടത്തിലും കൂടോത്രത്തെ ആശ്രയിക്കുന്ന അപരിഷ്കൃതര്‍ നമുക്ക് ചുറ്റും ഉണ്ടോ എന്ന് എന്നോട് തന്നെ ചോദിച്ചു കൊണ്ട് അമ്മ ചൂണ്ടിക്കാണിച്ചു തന്ന ഭാഗത്തേക്ക് നോക്കി. അവിടെ അമ്മ പറഞ്ഞത് പോലെ തന്നെ മൂന്നു കല്ലുകള്‍ ഉണ്ടായിരുന്നു. അത് പക്ഷെ മറ്റാരും കൂടോത്രം ചെയ്തു കൊണ്ട് വെച്ചതല്ലായിരുന്നു. കഴിഞ്ഞ രാത്രിയില്‍ ഹരിയുടെ വീട്ടില്‍ നിന്നും പോരുമ്പോള്‍ പട്ടികളുടെ കടിയില്‍ രക്ഷപെടാനായി അവന്‍റെ വീടിനു മുന്നില്‍ നിന്നും ഞാന്‍ തന്നെ എടുത്ത കല്ലുകളായിരുന്നു. എന്‍റെ നന്മ മാത്രം മുന്നില്‍ കണ്ടു കഴിഞ്ഞ രാത്രിയില്‍ എന്‍റെ കൂടെ വന്നിട്ടും ഇത്തരത്തില്‍ ഒരു ആരോപണം നേരിടേണ്ടി വന്നതില്‍ അവരുടെ മുഖത്ത് നിഴലിചിരുന്നത് ദുഖമായിരുന്നില്ല മറിച്ച് ഞങ്ങളോടുള്ള സഹതാപം ആയിരുന്നു.

21 comments:

  1. ഹാ...നല്ല ഇഷ്ടായി.
    സ്വന്തം മകൾ കാമുകന്റൊപ്പം ഇറങ്ങിപ്പോകുന്നത്‌ നിസഹായതയോടെ നോക്കി നിൽക്കുന്നവരാണു മറ്റുള്ളവരുടെ ഭാഗ്യം നിർണ്ണയിക്കാൻ വരുന്നത്‌...

    നല്ല ചിരി ഉണർത്തിയ പോസ്റ്റ്‌.

    ReplyDelete
    Replies
    1. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ ആണ് എന്‍റെ തുടര്‍ന്നുള്ള എഴുത്തിന് പ്രചോദനം. വളരെ നന്ദി സുഹൃത്തെ

      Delete
  2. വിശ്വാസം അതല്ലേ എല്ലാം.....
    പോസ്റ്റ് രസകരമായിരുന്നു...

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. നന്ദി സുഹൃത്തേ

      Delete
  3. സംഭവം ഉഷാറായി.....അവിശ്വാസം....വിശ്വാസത്തിലേക്ക് മാറുന്നതിന് ഞാനും സാക്ഷിയാണ്.....ആശംസകൾ......

    ReplyDelete
    Replies
    1. നന്ദി.തുടര്‍ന്നും പ്രോല്സാഹങ്ങള്‍ പ്രതീക്ഷിക്കുന്നു

      Delete
  4. ഇത്ര ചെറിയ കല്ലുകള്‍ പോര കേട്ടോ പട്ടിയെ വീക്കാന്‍. അല്ലെങ്കിലും ഇപ്പോള്‍ കല്ലേറ് കിട്ടിയാലും വലിയ കൂസലോന്നും ഇല്ല അവയ്ക്ക്.

    എല്ലാ വിശ്വാസങ്ങളും കൂടികൊണ്ടിരിക്കയാണ്.

    ReplyDelete
    Replies
    1. തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു...

      Delete
  5. ഇനി ഒരേ ഒരു വഴി മാത്രമേ ഉള്ളൂ. നേരത്തെ ചെയ്യേണ്ടതായിരുന്നു. അതാണ്‌ ഈ പ്രശ്നങ്ങൾക്ക് ഒക്കെ കാരണം. ആ ജ്യോത്സ്യനെ വശീകരിയ്ക്കുക. രണ്ടു ബക്കാർഡിയുടെ കാശ് അങ്ങേർക്കു രഹസ്യമായി മുൻ കൂട്ടി ദക്ഷിണ വച്ച് കാര്യം പറയുക.

    ആ ജ്യൂസിന്റെയും ബിരിയാണിയുടെയും വിവരണംഅൽപ്പം നീണ്ടു പോയി.

    ഭാഷയും അവതരണവും നന്നായി. നല്ല എഴുത്ത്.

    ReplyDelete
  6. കൂടോത്രം സത്യമാണ് കപ്പത്തണ്ടേ! നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് കാറിടിച്ച് മരിച്ച പിച്ചക്കാരനെ ഓർമയില്ലേ? മ്മടെ കല്യാണരാമൻ, മുട്ട, സിബ്ബ്... ലത്‌ തന്നെ!

    ReplyDelete
    Replies
    1. ഇന്നും നമ്മുടെ ചുറ്റും ഇത്തരക്കാർ ഒരു പാടുണ്ട് സുഹൃത്തേ

      Delete
  7. നന്നായിട്ടുണ്ട് ....

    ReplyDelete
    Replies
    1. നന്ദി ചിന്നന്‍....

      Delete
  8. കൂടോത്രത്തിന്റെ മറിമായങ്ങൾ...

    ReplyDelete
  9. നന്ദി സുഹൃത്തേ

    ReplyDelete