Thursday 2 April 2015

പൂവന്‍റെ മക്കള്‍

                                                   പൂവന്‍റെ മക്കള്‍

                                              

                                         തൃത്താല കാവിലെ കോടിയേറ്റത്തിന്‍റെ കാര്യം വല്ലാത്തൊരു ആവേശത്തോടെയാണ് പൂവന്‍ മക്കളോടും പിടയോടും പറഞ്ഞത്.  അവന്‍ ഇത്രത്തോളം വികാര വിക്ഷോഭം കൊള്ളാന്‍ പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാമത്തേത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇതുപോലൊരു കൊടിയേറ്റ ദിവസമായിരുന്നു അവന്‍ ആ നാട്ടില്‍ ആദ്യമായി എത്തിയത്.  വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതേ പോലെ ഒരു ഉത്സവ ദിവസമായിരുന്നു അവന്‍ തന്‍റെ പിടയെ ജീവിത സഖിയാക്കിയത്. ഒരു പക്ഷെ നിമിത്തങ്ങള്‍ ആകാം പിന്നെയും ചില വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ പോലെ ഒരു ഉത്സവ  സമയത്താണ് അവരുടെ ജീവിതത്തിലേക്ക് കുട്ടികള്‍ കടന്നു വരുന്നത്. അത് കൊണ്ട് തന്നെ തൃത്താല കാവിലെ ഉത്സവത്തിന് തങ്ങളുടെ ജീവിതവുമായി എന്തോ ഒരു അദൃശ്യ ബന്ധമുണ്ടെന്നു  അവനും പിടയും ഒരു പോലെ വിശ്വസിക്കുന്നു.

                                               തൃത്താല കാവിലെ അമ്മയെ പിട ഒരുപാടൊരുപാട് വിശ്വസിക്കുന്നു. മനസ്സുരുകി പ്രാര്‍ഥിച്ചാല്‍ അമ്മ എന്തും നല്‍കുമെന്ന് അവള്‍ക്ക് ഉറപ്പാണ്. ഒരു കുട്ടിയെ പോറ്റി വളര്‍ത്തണം എന്നത് അവളുടെ വളരെ നാളത്തെ ആഗ്രഹമായിരുന്നു. എന്നാല്‍ മുട്ട ഇടാന്‍ മാത്രമായിരുന്നു അവള്‍ക്ക് അവകാശം. അതിന്സ്വന്തം ചൂട് നല്‍കി ഭൂമിയിലേക്ക് ഭൂമിയുടെ മറ്റൊരു അവകാശിയായി അതിനെ പടച്ചു വിടാന്‍ അവള്‍ക്ക് യാതൊരു അവകാശവുമില്ലായിരുന്നു. ആദ്യമായി തന്‍റെ ഉദരത്തില്‍ നിന്നും പുറത്തേക്ക് വന്ന ജീവന്‍ തീന്മേശക്ക് സമീപമുള്ള ചട്ടിയില്‍ മനുഷ്യന്‍റെ ഭക്ഷണമായി മാറുന്നത് ചങ്ക് പിളര്‍ക്കുന്ന വേദനയോടെയാണ് അവള്‍ കണ്ടു നിന്നത്. അവളോടൊപ്പം നിന്ന് ആ ദുഖത്തില്‍ പങ്കു ചേരുന്നതിനപ്പുറം പൂവനൊന്നും ചെയ്യാനില്ലായിരുന്നു. "ഇത് നമ്മുടെ ലോകമല്ല മോളെ. ബുദ്ധിയും വിവേകമുള്ള മനുഷ്യരുടെ മാത്രം ലോകമാണ്. എല്ലാ വേദനകളും സഹിച്ചു അവര്‍ക്ക് സന്തോഷം നല്‍കാന്‍ വേണ്ടി മാത്രമാണ് ഈശ്വരന്‍ നമ്മെ പടച്ചു വിട്ടിരിക്കുന്നത്"

                                         ആ സംഭവത്തിനു ശേഷം പലതവണ അവളുടെ ഉദരത്തിലെ ജീവന്‍റെ തുടിപ്പ് തീന്മേശയിലെ രസക്കൂട്ടായി മാറി. അവര്‍ക്ക് പരാതികള്‍ ഇല്ലായിരുന്നു, അഥവാ ഉണ്ടെങ്കില്‍ തന്നെ അതവരുടെ കണ്ഠത്തില്‍ ഊരാക്കുടുക്ക്‌ കണക്കെ കുരുങ്ങി തന്നെ കിടന്നു. തൃത്താല കാവിലെ അമ്മ മാത്രമായിരുന്നു അവര്‍ക്കൊരാശ്വാസം. ഒടുവില്‍ ഒരുനാള്‍ അവരുടെ പ്രാര്‍ഥന ഫലം കണ്ടു. യജമാനന്‍റെ കുടുംബം വിദേശത്ത് പോയ ഇരുപത്തൊന്നു ദിവസം അവരുടെ ജീവിതത്തെ മാറ്റി മറിച്ചു. അതിനു ശേഷം എല്ലാ വര്‍ഷവും അവര്‍ കുടുംബ സമേതം തൃത്താല കാവിലെത്തി തൃപ്പടിയില്‍ ചുണ്ടുരച്ച് തങ്ങളുടെ നന്ദി അവര്‍ അമ്മയെ അറിയിച്ചു പോന്നു. 

                                                        അന്ന് പത്താം ഉത്സവമായിരുന്നു. കൊടിയിറങ്ങുന്ന ദിനം. ചെണ്ട മേളത്തിന്‍റെ താളക്കൊഴുപ്പില്‍മതിമറന്നു നിന്ന പൂവനെ അന്നാദ്യമായി അവന്‍റെ യജമാനന്‍ വാല്സ്യത്തോടെ എടുത്തു. പിടയും മക്കളും ആശ്ചര്യത്തോടെയാണ് അത് കണ്ടു നിന്നത്. പൂവനുമായി അയാള്‍ നടയിലേക്ക് പോകുമ്പോള്‍ പിട തന്‍റെ മക്കളോടൊപ്പം അയാളെ അനുഗമിച്ചു. നടയുടെ മുന്‍പിലെത്തിയ അയാള്‍ തന്‍റെ കൈവശം ഉണ്ടായിരുന്ന ചെമ്പട്ട് പൂവന്‍റെ കഴുത്തിലണിയിച്ചു. ശാന്തിയുടെ കൈയില്‍ നിന്നും വാങ്ങിയ വാഴയിലക്കീറിലെ ചന്ദനവും കുങ്കുമവും പൂവന്‍റെ നെറ്റിയില്‍ അണിയിച്ച് തന്‍റെ യാത്ര തുടര്‍ന്ന അയാള്‍ ബലിക്കല്ലിന്‍റെ സമീപം കാലുകള്‍ നിശ്ചലമാക്കി. ബലിക്കല്ലില്‍ തലയമര്‍ത്തിക്കിടക്കുമ്പോളും പൂവന്‍റെ കണ്ണുകള്‍ അവന്‍റെ ഭാര്യയേയും മക്കളെയും തിരയുകയായിരുന്നു. തന്‍റെ ചുറ്റും നിന്നിരുന്ന നൂറു കണക്കിന് ഭക്ത ജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരുന്ന മന്ത്രാക്ഷരങ്ങളില്‍ നിന്നുയര്‍ന്ന്‍ കൊണ്ടിരുന്ന ഭക്തിയായിരുന്നില്ല മറിച്ചു ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചു കൊണ്ടിരുന്ന കത്തിയുടെ  വേഗത്തില്‍ നിന്നും മൂര്‍ച്ചയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ ഭയമായിരുന്നു പൂവന്‍റെ തലച്ചോറില്‍ നിറഞ്ഞത്‌. ഉയരത്തില്‍ നിന്നും പൂവന്‍റെ കണ്ഠത്തെ ലക്ഷ്യമാക്കി ശരവേഗത്തില്‍ താഴേക്കു പതിച്ച അറവു കത്തിയുടെ കണ്ണില്‍ പതിച്ചത് യജമാനന്‍റെ ഭക്തിയായിരുന്നില്ല, മറിച്ചു പൂവന്‍റെ കണ്ണുകളിലെ ജീവിതത്തോടുള്ള ആസക്തിയായിരുന്നു.

(മനുഷ്യനു വേണ്ടി സ്വന്തം ജീവനും ജീവിതവും ഹോമിക്കുന്ന എല്ലാ ജീവികള്‍ക്കും ഈ കഥ സമര്‍പ്പിക്കുന്നു.)


12 comments:

  1. കഥ കണ്ണു നനയിച്ചു... , വഴിപാട്, ബലി എന്ന പേരിൽ ജീവനെ കുരുതികൊടുക്കുന്നതിനോട് ഞാനും യോജിക്കുന്നില്ല.

    ReplyDelete
    Replies
    1. സപ്പോര്‍ട്ടിന് വളരെയേറെ നന്ദി... എന്‍റെ എഴുത്തിന്‍റെ പോരായമകളും എനിക്ക് പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് തുടര്‍ന്ന് എന്‍റെ എഴുത്തിന്‍റെ ശക്തി....

      Delete
  2. comment approval option കൊടുത്തിരിക്കുന്നത് എന്തിനാണ്??? കമന്റുകൾ അപ്പപ്പോള്‍ പബ്ലിഷ് ആവുകയാണെങ്കില്‍ കമന്‍റു ചെയ്യുന്നവര്‍ക്ക് തന്നെ അത് ശരിയായൊ എന്ന് ചെക്ക് ചെയ്യാന്‍ സഹായകമാകുമല്ലോ സുഹൃത്തേ...
    ബ്ലോഗില്‍ ഫോളോവര്‍ ഗാഡ്ജറ്റ് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ..

    ReplyDelete
  3. Orupad chindhipikkunnu.... nanni suhruthee

    ReplyDelete
  4. നല്ല കഥ...
    കമന്റ്‌ ഇട്ട്‌ ദയവിനായി കാത്തിരിക്കാൻ ആരും ആഗ്രഹിക്കുന്നില്ല.എങ്കിലും നിങ്ങളുടെ എല്ലാ പോസ്റ്റിലും കമന്റ്‌ ചെയ്തിട്ടുണ്ട്‌.

    ReplyDelete
    Replies
    1. നന്ദി സുധി ചേട്ടാ

      Delete
  5. പൊരിച്ചടിച്ച എല്ലാ പൂവന്മാരെയും സ്വാദോടെ സ്മരിക്കുന്നു. വേദനയുടെ രണ്ടു തുള്ളി കള്ളക്കണ്ണീർ ഈ മുറ്റത്ത് ഞാനും പൊഴിക്കുന്നു.
    നല്ല ഭാഷയും എഴുത്തും. തുടർന്നും എഴുതൂ സുഹൃത്തേ.

    ReplyDelete
    Replies
    1. താങ്കളെപ്പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്‍റെ കരുത്ത്. തുടര്‍ന്നും അത് പ്രതീക്ഷിക്കുന്നു....

      Delete
  6. തൃത്താലക്കാവിലമ്മ കാത്തു...
    കൊള്ളാം ഒരു വേറിട്ട ആശയം

    ReplyDelete
  7. നന്ദി സുഹൃത്തേ

    ReplyDelete
  8. "ഇത് നമ്മുടെ ലോകമല്ല മോളെ. ബുദ്ധിയും വിവേകമുള്ള മനുഷ്യരുടെ മാത്രം ലോകമാണ്. എല്ലാ വേദനകളും സഹിച്ചു അവര്‍ക്ക് സന്തോഷം നല്‍കാന്‍ വേണ്ടി മാത്രമാണ് ഈശ്വരന്‍ നമ്മെ പടച്ചു വിട്ടിരിക്കുന്നത്"

    ആശംസകള്‍...

    ReplyDelete