Wednesday 8 April 2015

കൈതക്കോരയും എന്‍റെ ചെറുകഥകളും...

                                       കൈതക്കോരയും എന്‍റെ ചെറുകഥകളും..
  

                                          മുകുന്ദന്‍റെ "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" വായിച്ചപ്പോഴാണ്എന്ത് കൊണ്ട് കഥകള്‍ എഴുതിക്കൂടാ എന്ന ആശയം എന്നില്‍ മുളച്ച് പൊന്തിയത്. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ചില നാടകങ്ങള്‍ സ്വയം എഴുതി സംവിധാനവും ചെയ്തത് എന്നില്‍ ആത്മവിശ്വാസം നിറച്ചു. പക്ഷെ കാലങ്ങള്‍ ഒരുപാട് പിന്നിട്ടിരിക്കുന്നു. അന്നത്തെ മൂക്കള ഒലിപ്പിച്ചിരുന്ന പയ്യനല്ലല്ലോ ഇന്ന് ഞാന്‍. നാട്ടില്‍ അറിയപ്പെടുന്ന ഒരു ബുദ്ധിജീവി . ആ ഒരു നിലവാരത്തില്‍ നിന്ന് താഴുക എന്നത് ഒരിക്കലുംഎനിക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല.

                                              കഥകള്‍ എഴുതുക ഒരു പ്രശ്നമല്ല. പക്ഷെ എവിടെ പ്രസിദ്ധീകരിക്കും. ഏതെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ അയച്ചു കൊടുത്തിട്ട് അവരത് പ്രസിധീകരിച്ചില്ലെങ്കില്‍ അത് എന്‍റെഇമേജിനെ സാരമായിബാധിക്കും. അങ്ങനെയാണ് ഞാന്‍ എന്‍റെ രചനകള്‍ ഫെയിസ് ബുക്കില്‍ ഇടാന്‍ തീരുമാനിച്ചത്. അതാകുമ്പോള്‍ ആരുടേയും കാലു പിടിക്കേണ്ടല്ലോ.

                                            ആദ്യ രചന തന്നെ സ്ത്രീകളുടെ മനസ്സിനെ പിടിച്ചുലക്കണം. ആ ഒരു ഉദ്ദേശത്തില്‍ തന്നെ ഞാന്‍ എഴുതി തുടങ്ങി. ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ എന്‍റെ ആദ്യ കഥ എഴുതി തീര്‍ത്തു. ആദ്യ പ്രസവം കഴിഞ്ഞു വയറൊഴിഞ്ഞത് പോലൊരു ഫീല്‍. "സ്ത്രീ മനസ്" എന്ന പേരും മുകളില്‍ എഴുതി പിടിപ്പിച് എന്‍റെ ചിരിക്കുന്ന ഒരു ഫോട്ടോ ഫോട്ടോഷോപ്പിലിട്ടു ചില്ലറ ഭംഗിയൊക്കെ വരുത്തി രണ്ടാമതൊന്നു ചിന്തിക്കുക പോലും ചെയ്യാതെ പോസ്റ്റി. 

                                                 മണിക്കൂറുകള്‍ ഓരോന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. പേരിനു പോലും ഒരു ലൈക്കോ കമന്റോ കിട്ടിയില്ല. ഹതാശയനായ ഞാന്‍ തല്‍ക്കാലം മുഖപുസ്തകം അടച്ചു വെച്ച് ഉറങ്ങാന്‍ കിടന്നു. അതങ്ങനെയാണ്, യാതൊന്നും ചെയ്യാനില്ലെങ്കില്‍ ഞാന്‍ കിടന്നുറങ്ങും. അമ്മയും അച്ഛനും അതിനെപ്പോഴും വഴക്കാണ്. അവര്‍ക്കറിയില്ലല്ലോ ബുദ്ധിജീവികള്‍ മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ അലസന്മാരാകുമെന്ന്. 

                                         അമ്മയുടെ നിരന്തരമായ വിളികള്‍ കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. നോക്കിയപ്പോള്‍ സമയം ഏഴര. അമ്മ കൊണ്ട് വെച്ച ചൂട് കാപ്പി മൊത്തിക്കൊണ്ട് ഞാന്‍ കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ എത്തി. ഫെയിസ് ബുക്കില്‍ കയറി എന്‍റെ പോസ്റ്റ്‌ പരതി. നിരാശയായിരുന്നു ഫലം. ആകെ കിട്ടിയത് ഒരു ലൈക്കും "നൈസ്" എന്ന ഒരേ ഒരു കമന്‍റും. അത് രണ്ടും ചെയ്തത് ഒരേ ആള്‍. നമ്മുടെ "കൈതക്കോര". എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. അതിനു കാരണം ഉണ്ട്. ഒരിക്കലും ഞാന്‍ ഈ കൈതക്കൊരയെ മതിച്ചിരുന്നില്ല. വളരെ നിസാരനായിട്ടായിരുന്നു ഞാന്‍ അവനെ കരുതിയിരുന്നത്. അവസാനം അവന്‍ വേണ്ടി വന്നു എന്‍റെ സൃഷ്ടിയെ മാനിക്കാന്‍.

                                     കഷ്ടം അവന്‍റെ യഥാര്‍ഥ പേര് പോലും ഞാന്‍ മറന്നിരിക്കുന്നു. മഴക്കാലത്ത് കുളം നിറഞ്ഞു കവിയുന്ന അവസരങ്ങളില്‍ ചൂണ്ട പോലുള്ള ലഘു യന്ത്രങ്ങളുടെ സഹായങ്ങള്‍ ഒന്നും തന്നെയില്ലാതെ സ്വന്തം കൈകള്‍ ഉപയോഗിച്ച് കൈതക്കോര എന്ന മത്സ്യത്തെ പിടിക്കാന്‍ അതിവിദഗ്ദ്ധനായത് കൊണ്ട് ഞാന്‍ പരിഹാസപൂര്‍വ്വം അവനിട്ട പേരായിരുന്നു "കൈതക്കോര" എന്നത്. വളരെ പെട്ടന്ന് ആ പേര് മറ്റുള്ളവരുടെ ഇടയില്‍ ക്ലിക്കായി. എല്ലാവരും ആ പേര് അവനെ വിളിക്കാന്‍ തുടങ്ങി.അവസാനം എല്ലാവരും  ആ പേര് വിളിച്ചു വിളിച്ച് അവന്‍ തന്നെ അവന്‍റെ പേര് മറന്നു തുടങ്ങിയിരുന്നു.

                                              അടുത്ത രണ്ടു ദിവസത്തേക്ക് ഒന്നും ചെയ്യാന്‍ ഒരുഉത്സാഹവും തോന്നിയില്ല. ആകെപ്പാടെ ഒരു മടുപ്പ്. മറ്റുള്ളവര്‍ വായിക്കണമെങ്കില്‍ ഏതു തരം കഥകള്‍ എഴുതണമെന്നായി എന്‍റെ ചിന്ത. ചെറുപ്പക്കാരെ ആകര്‍ഷിക്കണമെങ്കില്‍ പ്രണയത്തെ കുറിച്ച് തന്നെ എഴുതണം. പക്ഷെ എന്നപ്പോലെ ഒരു ബുദ്ധിജീവി പ്രണയത്തെക്കുറിചെഴുതിയാല്‍... എന്‍റെ ഇമേജ്...ഇമേജ്, മണ്ണാംകട്ട...ലൈക് തന്നെ പ്രധാനം. ഞാന്‍ അവസാനം രണ്ടും കല്‍പ്പിച്ച്‌ പ്രണയത്തെക്കുറിച്ച് അടുത്ത രചന നടത്തി. ഇത്തവണ ഒന്ന് രണ്ടാവര്‍ത്തി വായിച്ചു ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് പോസ്റ്റാന്‍ തീരുമാനിച്ചത്. കൂട്ടത്തില്‍ വികാര വിവശനായി നില്‍ക്കുന്നഎന്‍റെ ഒരു സെല്ഫിയും അതിനു മോടികൂട്ടാനായി ചേര്‍ത്തു.

                                                            ഇരുപത്തഞ്ചോളം സുഹൃത്തുക്കള്‍ക്ക് ടാഗ് ചെയ്താണ് ഞാന്‍ ഇപ്രാവശ്യംഎന്‍റെ കഥ പോസ്റ്റ്‌ ചെയ്തത്. അത് മാത്രമല്ല പ്ലീസ് സപ്പോര്‍ട്ട് എന്ന ഒരു മെസേജും എല്ലാ പഹയന്മാര്‍ക്കും അയച്ചു.നിമിഷങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു പോകുന്നതിനോടൊപ്പം എന്‍റെ മനസ്സില്‍ ഒരു പ്രത്യേകതരം വിറയല്‍ കടന്നു കൂടി. മണിക്കൂറുകള്‍ പലതു കഴിഞ്ഞിട്ടും ഒറ്റൊരുത്തന്‍ പോലും എന്‍റെ കഥ ഒന്ന് ശ്രദ്ധിക്കുക കൂടി ചെയ്തില്ല. അതല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലെന്നാണല്ലോ. എല്ലാ പ്രശസ്തരും പ്രശസ്തരായതിനു ശേഷം മാത്രമാണല്ലോ അവര്‍ക്ക് ഗോഡ് ഫാദേഴ്സ് ഉണ്ടാകുന്നത്. എന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് അവസാനം കൈതക്കോര തന്നെ രക്ഷകനായെത്തി. ഒരു ലൈക്കും "സ്വീറ്റ്" എന്ന കമന്‍റും ചൊരിഞ്ഞു ആ മഹാനുഭാവന്‍ എന്‍റെ ഉള്ളം തണുപ്പിച്ചു. ഈ നാട്ടില്‍ സാഹിത്യാഭിരുചിയുള്ള ഒരേയൊരാള്‍ കൈതക്കോര മാത്രമാണെന്ന് സത്യം എന്നെ ഞെട്ടിച്ചു. എന്‍റെ എല്ലാ ഈഗോയും കാറ്റില്‍ പറത്തി കൈതക്കൊരയുമായി അല്പം സാഹിത്യ ചര്‍ച്ചയും പിന്നെ എന്‍റെ കഥയെ കുറിച്ചുള്ള വിലയിരുത്തലും അറിയുക എന്ന ലക്ഷ്യത്തോടെ  അവനെ തിരക്കി ഞാന്‍ പുറത്തേക്കിറങ്ങി.


                                                      പ്രതീക്ഷിച്ചത് പോലെ തന്നെ വടക്കേതിലെ മൂത്താശാരിയുടെ പറമ്പിനു കിഴക്ക് ഭാഗത്തായുള്ള കുളത്തിന്‍റെ കരയില്‍ തന്നെ ഞാന്‍ അവനെ കണ്ടു. കൈതക്കൊരയുടെ (മത്സ്യം) സഞ്ചാര ഗതിയും വേഗവും മനസ്സില്‍ കണക്കു കൂട്ടി നിന്ന അവനു പിന്നില്‍ കൃത്രിമമായി രൂപപ്പെടുത്തിയ ഗൌരവ ഭാവത്തോടെ ഊശാന്‍ താടിയും തടവി ഞാന്‍ നിന്നു. മുന്നില്‍ വീണ നിഴലിനെ പിന്തുടര്‍ന്ന് പുറകിലേക്ക് തിരിഞ്ഞ അവന്‍റെ ദൃഷ്ടിയില്‍ ഞാന്‍ പതിഞ്ഞു. "ങാ അണ്ണനോ?" 

                                        ഊശാന്‍ താടിയില്‍ നിന്നുംകൈ എടുത്ത് വളരെ  നാടകീയമായി കുളത്തോട് ചേര്‍ന്ന് നിന്ന മൂവാണ്ടന്‍ മാവില്‍ ചാരി നിന്ന് ഞാന്‍ ചര്‍ച്ചക്ക് തുടക്കം ഇട്ടു.

                                                "വളരെയേറെ പുസ്തകങ്ങള്‍ വായിക്കുമല്ലേ നീ? നല്ലത്. ആരുടെ എഴുത്താണ് നിന്നെ കൂടുതലായി വശീകരിച്ചിട്ടുള്ളത്?"

                                                  ഒരു വിചിത്ര ജീവിയെ കാണുന്നത് പോലെ അവന്‍ എന്നെ നോക്കി. അവനില്‍ നിന്നും യാതൊരു മറുപടിയും കിട്ടാഞ്ഞതിനാല്‍ ഞാന്‍ വന്ന കാര്യത്തിലേക്ക് നേരിട്ട് കടന്നു.

                                                " എങ്ങനുണ്ടെടാ ഫെയിസ് ബുക്കില്‍ അണ്ണന്‍ ഇട്ട കഥകള്‍?" വളരെയേറെ ആകാംക്ഷയോടെ ഞാന്‍ അവന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നു. അവന്‍ പറഞ്ഞു തുടങ്ങി.

                                        "അണ്ണാ അത് കഥകള്‍ ആയിരുന്നാ? ഞാന്‍ ഓര്‍ക്കുവായിരുന്നു അണ്ണന്‍ ഫോട്ടോകള്‍ ഇടാന്‍ എന്തിനാ ഇത്രയേറെ ചതുരങ്ങള്‍ മുകളില്‍ ടൈപ് ചെയ്യുന്നതെന്ന്? 

                                                അവന്‍റെ വാക്കുകള്‍ കേട്ട ഞാന്‍ ഒരു നിമിഷം സ്തബ്ധനായിപ്പോയി. കുളത്തിന്‍റെ കരയില്‍ വെച്ചിരുന്ന അവന്‍റെ  മൊബൈല്‍ എടുത്ത് അവന്‍റെ ഫെയിസ് ബുക്കില്‍ ഞാന്‍ കയറി നോക്കി. അതില്‍ കണ്ട കാഴ്ച എന്നെ തളര്‍ത്തി കളഞ്ഞു. വികാര വിജ്രംബിതനായി നില്‍ക്കുന്ന എന്‍റെ തലയ്ക്കു മുകളില്‍ ചതുരങ്ങളുടെ ഒരു നീണ്ട ഘോഷയാത്ര. അപ്പോള്‍ അവന്‍ എന്‍റെ ഫോട്ടോക്കാണ് ഇക്കണ്ട രണ്ടു ലൈക്കും കമന്‍റും പാസ്സാക്കിയത്. ഭൂമി പിളര്‍ന്നു താഴേക്കു പോകുന്ന പോലെയുള്ള ഫീലുമായി ദൂരേക്ക്‌ നീങ്ങിയ എന്നോട് അവന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.....

29 comments:

  1. കൊടകരപുരാണത്തിലെ ലിങ്ക്‌ കണ്ട്‌ കയറിയതാ.ആദ്യം മുതൽ വായിച്ച്‌ വരാം.

    ReplyDelete
  2. മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.. രസിച്ചു വായിച്ചു. ഫെയ്സ്ബുക്കില്‍ കമന്‍റിനും ലൈക്കിനും പെടാപ്പാട് പെടുന്നവരുടെ കഥ ഒരാളുടേതല്ല, ഒരായിരം പേരുടേതാണ്. പക്ഷെ.. ആ ചതുരങ്ങളുടെ ട്വിസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല. ഇവിടെയും കമന്‍റൊന്നും കാണുന്നില്ലല്ലോ... എന്തു പറ്റി?? വേറെ എവിടെ നിന്നെങ്കിലും ലൈക്കും കമന്‍റുമൊക്കെ കിട്ടുന്നുണ്ടോ???
    അതോ ഇവിടെ പുറത്തോട്ടിറങ്ങി ആരെയും കാണാറില്ലേ...???
    തുടര്‍ന്നും എഴുതൂ.... ആശംസകൾ.!!

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ..തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു........

      Delete
  3. ഹാ ഹാ ഹാാ.സൂപ്പറായിട്ടുണ്ട്‌.


    കൈതക്കൊര എന്നതാന്ന് മനസിലായില്ലല്ലൊ!!!!

    ReplyDelete
    Replies
    1. കൈതക്കോര എന്നത് ഒരു മത്സ്യമാണ്...

      Delete
  4. ഹലോ!!!!എല്ലാ പോസ്റ്റും വായിച്ചു.
    മറുപടി കിട്ടിയില്ല

    ReplyDelete
    Replies
    1. കഥകള്‍ വായിച്ചു എനിക്ക് ഇപ്പോള്‍ നല്‍കിയ പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

      Delete
  5. ഇത് സൂപ്പറ് അപ്പീ......നര്‍മ്മം ഗംഭീരമായി... ആശംസകൾ.....

    ReplyDelete
    Replies
    1. നന്ദി വിനോദ് ചേട്ടാ........

      Delete
  6. good one.. നന്നായിട്ടുണ്ട്

    ReplyDelete
  7. കലക്കിട്ടോ.......

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഇതു കലക്കി!വീണ്ടും വരാം!ആശംസകൾ !

    ReplyDelete
  10. നന്ദി ഡോ.ജ്യുവല്‍....തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു....

    ReplyDelete
  11. ലളിതവും മനോഹരവുമായ ശൈലി വായനയെ ഒഴുക്കുള്ളതാക്കുന്നു. കൈതക്കോരയുടെ നിഷ്കളങ്കതയാണ് നർമത്തെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് :)

    ReplyDelete
    Replies
    1. തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു....

      Delete
  12. ആ ചതുരങ്ങളുടെ ട്വിസ്റ്റ് കലക്കി കേട്ടോ..

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ

      Delete
  13. നന്നായിടുണ്ട് ......എഴുത്ത് തുടരുക

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ

      Delete
  14. എന്നാലും ലൈക്ക് കിട്ടുന്ന ഓരോ വഴികളേ..
    കലക്കനായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
    Replies
    1. വളരെയേറെ നന്ദി

      Delete
  15. എന്റെ മോബൈലിൽ ചതുരക്കട്ട ഇടാൻ നിവൃത്തിയില്ലാത്തതിനാൽ ഖേദിക്കന്നു ...! ആശംസകൾ ...

    ReplyDelete
  16. എന്റെ മോബൈലിൽ ചതുരക്കട്ട ഇടാൻ നിവൃത്തിയില്ലാത്തതിനാൽ ഖേദിക്കന്നു ...! ആശംസകൾ ...

    ReplyDelete
  17. ഹ ഹ... കലക്കീട്ടാ....

    ReplyDelete
  18. ചെങ്ങായീ..
    ഇത്തിരിയല്ല, ഒത്തിരി വൈകി..
    എങ്കിലും ഇളംചൂടില് വായിച്ചു..
    ഇതൊരു കുഞ്ഞിബ്ലോഗായി തോന്നിയില്ല..
    കീപ് മൂവ്..

    ReplyDelete
  19. :) :) :)

    "ഒന്ന് ശ്രദ്ധിക്കുക കൂടി ചെയ്തില്ല. അതല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലെന്നാണല്ലോ. എല്ലാ പ്രശസ്തരും പ്രശസ്തരായതിനു ശേഷം മാത്രമാണല്ലോ അവര്‍ക്ക് ഗോഡ് ഫാദേഴ്സ് ഉണ്ടാകുന്നത്."

    ഇവിടെ വന്നെത്തിപ്പെടാന്‍ ഇച്ചിരി വൈകി.... :)
    ഇനി ഇടക്കിടെ വന്നോളാം... ആശംസകള്‍..

    ReplyDelete