Thursday 27 August 2015

ജന്മദിനം

                                                                ജന്മദിനം


 

                ആ ദിവസം അവന് കാലത്തെ എഴുന്നെല്‍ക്കാതിരിക്കാന്‍ സാധിക്കുമായിരുന്നില്ല.അതവന്‍ അവള്‍ക്ക് കൊടുത്ത ഒരു വാക്ക് കൂടി ആയിരുന്നു. ആ ഒരു ദിനം ഒഴിച്ച് ബാക്കിയെല്ലാ ദിവസങ്ങളും അവനു മാത്രം സ്വന്തമായിരുന്നു. എന്നാല്‍ ആ ഒരു ദിനം അതവളുടെ അവകാശമായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേപ്പോലൊരുദിവസമായിരുന്നു അവളുടെ ഉദരത്തില്‍ നിന്നും അവന്‍റെ  കടിഞ്ഞൂല്‍ കിടാങ്ങള്‍ ഈ ഭൂമിയിലെ   കാറ്റിന്‍റെ തലോടല്‍ ഏറ്റ് വാങ്ങിയത്. 

                              വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ദൈവത്തിന്‍റെ കയ്യൊപ്പ് അവളുടെ ഗര്‍ഭ പാത്രത്തില്‍ പതിഞ്ഞത്.ആ ദിനം ഇന്നും അവനു മറക്കാനാകുമായിരുന്നില്ല. താനൊരു അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞ അവന്‍റെ കണ്ണില്‍ നിന്നും താഴേക്ക് ഉതിര്‍ന്ന  സന്തോഷത്തിന്‍റെ ചുടു കണ്ണീര്‍ ഒന്ന് രണ്ടു നിമിഷ നേരത്തേക്ക് അവളെ അവന്‍റെ കാഴ്ചയില്‍ നിന്നും മറച്ചു. കണ്ണുനീരിന്‍റെ നേര്‍ത്ത പാളികളെ വകഞ്ഞു മാറ്റി അവന്‍റെ നയനങ്ങളിലെക്ക് കയറിയ  അവളുടെ കവിളിണകളില്‍ തെളിഞ്ഞ് നിന്നത്  നാണത്തിന്‍റെ നിഴല്‍പ്പാടുകള്‍ ആയിരുന്നില്ല, മറിച്ച് പരിപൂര്‍ണതയുടെ സംതൃപ്തിയായിരുന്നു.

                                 അര്‍ച്ചനയും നടത്തി അമ്പലത്തിന്‍റെ കല്പടവുകളും താണ്ടി വരുന്ന അവളെയും കാത്ത് അവന്‍ പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. തന്‍റെ കൈവശം ഇരുന്ന വാഴയിലക്കീറില്‍ നിന്നും മോതിര വിരലിനാല്‍ പകര്‍ത്തിയെടുത്ത ചന്ദനം നെറ്റിയില്‍ ചാര്‍ത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം അവനില്‍ നിറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജിന്‍റെ എക്സിബിഷന്‍ ഹാളിനെ ലക്ഷ്യമാക്കി അവരെയും വഹിച്ചു കൊണ്ട് അവന്‍റെ ബൈക്ക് യാത്ര തിരിക്കുമ്പോള്‍ അവന്‍റെ ഉള്ളിലെ തീ കെടുത്താനെന്ന വണ്ണം മഴ പെയ്തു തുടങ്ങി.

                                     എക്സിബിഷന്‍ ഹാളിലെ ഓരോ പടിയും കയറുമ്പോള്‍ അവന്‍റെ ഓര്‍മകളെ ആരൊക്കെയോ പുറകോട്ട് പിടിച്ചു വലിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ തനിക്ക് ദൈവം നല്‍കുന്നത് ഇരട്ടി മധുരമാണെന്ന് മെഡിക്കല്‍ എത്തിക്സിനെ മറികടന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അന്നാദ്യമായി ദൈവത്തോട് അവനു എന്തന്നില്ലാത്ത ആദരവ് തോന്നി. സ്വന്തം കര്‍മമാണ് ദൈവം എന്ന് അതുവരെ കരുതിയിരുന്ന അവന്‍ ആദ്യമായി ഒരു കല്‍പ്രതിമക്ക് മുന്നില്‍  ഇരു കൈകളും കൂപ്പി.  പിന്നീടുള്ള ഓരോ നിമിഷങ്ങളും തന്‍റെ പോന്നോമനകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. ആ കുരുന്നുകളെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അവര്‍ പാകിയത്‌ സ്വര്‍ണ നൂലിഴകളാല്‍ ആയിരുന്നു. എന്നാല്‍ ആ സ്വപ്നങ്ങള്‍ക്ക് ആറു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇരു ഹൃദയങ്ങളെ നിര്‍ലോഭം അവര്‍ക്ക് സമ്മാനിച്ചെങ്കിലും ആ കുഞ്ഞു ഹൃദയങ്ങളുടെ  മിടിപ്പിന്‍റെ കണക്കില്‍ ഈരേഴു പതിനാലു ലോകത്തിന്‍റെയും അധിപനായ ഗണിതാധ്യാപകന് അമ്പേ പരാജയം സംഭവിച്ചു.   ആറാം മാസത്തില്‍ വെറും മാംസ പിണ്ടങ്ങളായി ഇരു കൈകളിലേക്കും തന്‍റെ പൊന്നോമനകളെ ഏറ്റു വാങ്ങുമ്പോള്‍ ആ വേനല്‍ ചൂടിലും അവന്‍റെ ശരീരം ആകമാനം വിറക്കുന്നുണ്ടായിരുന്നു. വണ്ടാനം മെഡിക്കല്‍കോളേജിലെ ശീതീകരിച്ച ലാബിലേക്ക് വെറുമൊരു പഠനോപകരണമായി അവരെ കൊണ്ട് പോകുമ്പോള്‍ വര്‍ഷം തോറും തന്‍റെ പൊന്നോമനകളെ കാണാനുള്ള അനുവാദം ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാങ്ങുന്നതിനായുള്ള പരിശ്രമത്തില്‍ ആയിരുന്നു അവന്‍.ചുവപ്പുനാടകളുടെ ഊരാക്കുടുക്ക്‌ വിടര്‍ത്തി അവനത് നേടുക തന്നെ ചെയ്തു. കഴിഞ്ഞ നാല് വര്‍ഷങ്ങളിലും ഇതേ ദിനം വണ്ടാനം മെഡിക്കല്‍കോളേജിലെ,  തണുപ്പിന്‍റെ കരിമ്പടം മൂടിയ  എക്സിബിഷന്‍ ഹാളിലെ  ആ സ്ഫടിക ഭരണിയിയുടെ സമീപം എത്തി നില്‍ക്കുമ്പോള്‍ അന്നത്തെ വിറയലിന്‍റെ പ്രതിഭലനം ഇന്നും അവനില്‍ നിറയുന്നു. അര്‍ച്ചന കഴിച്ച ചന്ദനം മോതിരവിരലില്‍ പകര്‍ത്തി എടുത്ത് ആ സ്ഫടിക ഭരണിയില്‍ തങ്ങളെയും പ്രതീക്ഷിച്ചെന്ന വണ്ണം നില്‍ക്കുന്ന തന്‍റെ പോന്നോമനകളുടെ എന്നന്നേക്കുമായി ചേതനയറ്റിരുന്ന നെറ്റിയില്‍ ചാര്‍ത്തുമ്പോള്‍ അവളുടെ കയ്യും വിറക്കുന്നുണ്ടായിരുന്നു.

10 comments:

  1. ഹൊ!!
    സങ്കടപ്പെടുത്തിക്കളഞ്ഞല്ലോ.!!!

    ReplyDelete
    Replies
    1. നന്ദി....ഒരായിരം നന്ദി.....

      Delete
  2. പ്രിയപ്പെട്ട കപ്പത്തണ്ട്‌!!!!!

    വായിച്ച്‌ തകർന്ന് പോയി..കഴിഞ്ഞ ചിരിപ്പിച്ച കഥയിൽ നിന്ന് ഈ കഥയിലേക്ക്‌ വന്നപ്പോൾ എന്തൊരു മാറ്റം.!!!!

    മുടങ്ങാതെ എഴുതൂ.മറ്റു ബ്ലോഗുകളിലും പോകൂ.

    മംഗളങ്ങൾ!!!

    ReplyDelete
    Replies
    1. എനിക്ക് തമാശ കഥകള്‍ എഴുതുന്നതാണ് കൂടുതല്‍ ഇഷ്ടം...എന്നാല്‍ ഏറ്റവും പ്രയാസവും അത്തരം കഥകള്‍ എഴുതുന്നത് തന്നെ....പരമാവധി മറ്റു ബ്ലോഗുകളില്‍ പോകാന്‍ ശ്രമിക്കാറുണ്ട്......

      Delete
  3. എന്തോ ആകെ വിഷമത്തിലായി.നല്ലതു നേര്‍ന്നു കൊണ്ട്.....

    ReplyDelete
    Replies
    1. വീണ്ടും എന്‍റെ എഴുത്ത് വായിക്കാന്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു. വായിച്ചാല്‍ മാത്രം പോര കേട്ടോ...അതിലെ പോരായ്മകള്‍ ചൂണ്ടി കാണിച്ചു തരുകയും വേണം...

      Delete
  4. നെറ്റിയില്‍ ചന്ദനക്കുറി ചാര്‍ത്തുമ്പോള്‍...........
    നന്മകള്‍ നേരുന്നു.
    ഓണാശംസകള്‍

    ReplyDelete
  5. പറയാനുള്ളത് നേരിട്ട് എഴുതുന്നതിനേക്കാൾ കുറേക്കൂടി ഭംഗിയാകും അൽപ്പം ഭാവന കൂടി കലർത്തിയാൽ. അത് പോലെ ഭാഷയും അൽപ്പം സാഹിത്യ പരമായാൽ കുറേക്കൂടി ഭംഗിയാകും. കഥ നന്നായി.

    ReplyDelete
    Replies
    1. ഞാന്‍ ശ്രമിക്കുന്നുണ്ട്.....എഴുതി തന്നെ തെളിയണം....അതിനു സാറിനെ പോലുള്ളവരുടെ പിന്തുണ തീര്‍ച്ചയായും ഉണ്ടാവണം...ഉണ്ടാകുമെന്ന പ്രതീക്ഷയോടെ....

      Delete