Sunday 2 August 2015

ഏറനാടും ഒരു മഞ്ഞക്കിളിയും....

ഈശ്വരാ സമയം നാല് പത്തായി.... ഏറനാട് കിട്ടിയാല്‍ മതിയായിരുന്നു...കിട്ടിയില്ലേല്ലെങ്കില്‍ ഇന്നത്തെ ദിവസം പോക്കാ. ഈ പേരും പറഞ്ഞാണ് ഇന്ന് ഓഫീസില്‍ നിന്നും ഞാന്‍ നേരത്തെ ഇറങ്ങിയത്‌. ഏറനാട് കിട്ടിയില്ലെങ്കില്‍ നേരത്തെ ഇറങ്ങിയെന്ന പേരും ആകും പാസഞ്ചറിന് വേണ്ടി ആറു മണി വരെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരിക്കുകയും വേണ്ടി വരും.

ഞാന്‍ ഒരിക്കല്‍ കൂടി റെയില്‍വേയുടെ സൈറ്റ് എടുത്ത് ട്രെയിന്‍ അപ്േഡഷന്‍ നോക്കി. പണ്ടാരമടങ്ങാന്‍ വണ്ടി റൈറ്റ് ടൈം ആണെന്നാണ്‌ കാണിക്കുന്നത്.  ഇനി വെറും പത്ത് മിനിട്ട് മാത്രം. സകല ശക്തിയുമെടുത്ത് ഞാന്‍ ഓടി. ഇരുന്നുള്ള ജോലിയായതു കൊണ്ടാകാം ഓടിയിട്ട് വല്ലാതെ കിതക്കുന്നത്. എല്ലാ ദിവസവും കരുതും രാവിലെ എഴുന്നേറ്റ് അല്‍പസമയം വ്യായാമാമൊക്കെ ചെയ്യണമെന്ന്. എന്ത് ചെയ്യാന്‍ മടി കൂടപ്പിറപ്പായിപ്പോയി. മടി മാത്രമല്ല , മറ്റൊരു പ്രധാന കാരണം സമയം കിട്ടുന്നില്ല എന്നതാണ്. രാവിലെ നാലരയ്ക്ക് എങ്കിലും എഴുന്നെറ്റാലെ റിലാക്സ് ആയി അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തി ട്രെയിന്‍ പിടിക്കാന്‍  കഴിയൂ. ഇതിനിടയില്‍ വ്യായാമം ചെയ്യാന്‍ എവിടെയാ സമയം.

ഒരു വിധത്തില്‍ ഓടി ഞാന്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തി. അവിടെയെത്തിയ എന്നെ വരവേറ്റത് റെയില്‍വേ ചേച്ചിയുടെ അനൌണ്‍സ്മെന്‍റ് ആണ്. "ട്രെയിന്‍ നമ്പര്‍ 16605 മംഗലാപുരം മുതല്‍ നാഗര്‍കോവില്‍ വരെ പോകുന്ന ഏറനാട് എക്സ്പ്രസ്സ് എറണാകുളം ജങ്ക്ഷന്‍ നാലാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നും അല്‍പ സമയത്തിനുള്ളില്‍ പുറപ്പെടുന്നതാണ്‌". ഹാവൂ ആശ്വാസമായി. അപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ   എന്നെ ചതിച്ചിട്ടില്ല. റണ്‍ ബേബി റണ്‍.. യു കാന്‍ ഡു ഇറ്റ് മാന്‍. ഞാന്‍ എനിക്ക് തന്നെ ആത്മവിശ്വാസം നല്‍കി.  ആ ആത്മവിശ്വാസത്തിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന ഞാന്‍ ഫ്ലൈ ഓവറും ചാടിക്കടന്നു നാലാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ അതിന്‍റെ പ്രയാണംപുനരാരംഭിച്ചിരുന്നു. ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ട്രയിനിലേക്ക് ചാടിക്കയറി വാതിലിന്‍റെ അടുത്ത് തന്നെയുള്ള സീറ്റില്‍ തല ചായ്ച്ചു വെച്ച് കിതപ്പ് മാറാന്‍ കാത്ത് നിന്നു. 

ഹോ എന്നാലും എന്‍റെ ദൈവമേ വല്ലാത്ത ഒരു ഓട്ടമായിപ്പോയി. വിശന്നിട്ടു കണ്ണ് കാണാതാവും എന്നൊക്കെ കേട്ടിട്ടുണ്ട്, കിതച്ചിട്ട് കണ്ണ് കാണാതാവുന്നത് ഇത് ആദ്യമാണ്.പോരാത്തതിന് തൊണ്ടയാകെ വരണ്ടു വല്ലാതെ ദാഹിക്കുകയും ചെയ്യുന്നു. ബാഗില്‍ നിന്നും കുപ്പിയെടുത്ത് ഒരു കവിള്‍ വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ ചുറ്റുമുള്ള കാഴ്ചകള്‍ എനിക്ക് അനുഭവവേദ്യമാകാന്‍ തുടങ്ങി. ഓ ദൈവമേ അങ്ങ് ഇത്രയും വലിയവനോ. ഇതിനായിരുന്നോ അങ്ങ് എന്നെ ഇത്രയും പരീക്ഷിച്ചത്. ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാകുമെന്ന് പറയുന്നത് എത്രയോ ശരി. എന്‍റെ ചുറ്റും കണ്ട കാഴ്ചകള്‍ എന്‍റെ നയനങ്ങളെ ആനന്ദത്തില്‍ ആറാടിച്ചു. ഞാന്‍ കയറിയ കമ്പാര്‍ട്ട് മുഴുവന്‍ കിളികള്‍. അതും പല വര്‍ണങ്ങളില്‍ ഉള്ള കുപ്പായം ധരിച്ച അതി സുന്ദരികള്‍. അതുവരെ അടുത്തുള്ള ഒരു കമ്പിയില്‍ തൂങ്ങി മൃതപ്രായനായി നിന്ന ഞാന്‍ മൂരി  നിവര്‍ന്നു ഒരുഗ്രന്‍ പോസില്‍ നില്‍ക്കാന്‍ തുടങ്ങി. എന്‍റെ ഓടിയുള്ള ട്രെയിന്‍  കയറ്റവും പട്ടിയുടെത് പോലെയുള്ള കിതയ്ക്കലും കണ്ടിട്ടാകാം കിളികളെല്ലാം എന്നെ തന്നെയായിരുന്നു നോക്കികൊണ്ടിരുന്നത്.

പ്രവീണ്‍, ബി ഡീസന്റ്.. ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ചക്കരക്കുടത്തില്‍ കയറിയ ഉറുമ്പിന്‍റെ അവസ്ഥയില്‍ ആയിരുന്നു ഞാന്‍. എവിടെ നിന്ന് നോക്കി തുടങ്ങണം എന്ന ആശങ്ക എന്നില്‍ മുളച്ചു പൊന്തി. ഇവിടെ വളരെ ബുദ്ധിപൂര്‍വ്വം വേണം കാര്യങ്ങള്‍ നീക്കാന്‍. എന്‍റെ തലച്ചോര്‍ എന്നോട് മന്ത്രിച്ചു. ആദ്യം വേണ്ടത് വായില്‍ നോക്കാനുള്ള ഒരു കിളിയെ തിരഞ്ഞെടുക്കുകയാണ്. അതിനായി ഞാന്‍ സാവധാനം  പരിസര വീക്ഷണം നടത്തി.അപ്പോള്‍ മാത്രമാണ് ആ കമ്പാര്‍ട്ട്മെന്റില്‍ എന്നെ കൂടാതെ ഒരേ ഒരാണ്‍ തരിയെ ഉള്ളൂ എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. ഏകദേശം 45 വയസ് പ്രായമുള്ള ഒരാളായിരുന്നു മറ്റേ കക്ഷി. ഞാന്‍ അയാള്‍ക്ക് വലിയ ശ്രദ്ധ കൊടുക്കാതെ എന്‍റെ ജോലിയില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു റഡാര്‍ പോലെ സ്കാന്‍ ചെയ്തു കൊണ്ടിരുന്ന എന്‍റെ കണ്ണില്‍ അവള്‍ കുടുങ്ങി, ഒരു മഞ്ഞ ചുരിദാര്‍കാരി. അവള്‍ തന്‍റെ കൂട്ടുകാരികളോട് എന്തൊക്കെയോ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് പുറത്തെ കാഴ്ചകള്‍ ആസ്വദിക്കുകയായിരുന്നു. അവളുടെ സംസാരം കേട്ടപ്പോള്‍ മാത്രമാണ് അവരാരും തന്നെ മലയാളികള്‍ അല്ല എന്ന വസ്തുത ഞാന്‍ മനസ്സിലാക്കിയത്. അല്ലെങ്കിലും വായിനോട്ടത്തിനു ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഒരിക്കലും ഒരു തടസമല്ലല്ലോ. അമ്പലപ്പുഴ വരെ ആരെയെങ്കിലും വായില്‍ നോക്കണം. അത്രേ ഉള്ളൂ. അവരുടെ സംസാരത്തില്‍ നിന്നും ഭാഷ കന്നടയാണെന്ന് ഒഴിച്ചാല്‍ ഒരു പിണ്ണാക്കും എനിക്ക് മനസ്സിലായില്ല. 

പണ്ടേ കൂട്ടുകാര്‍ പറയാറുണ്ട്‌ എന്‍റെ കണ്ണുകള്‍ക്ക് എന്തോ മാന്ത്രികതയുണ്ടെന്ന്. അവളുടെ നോട്ടം പലപ്പോഴായി എന്നിലേക്ക് പാറി വീഴാന്‍ തുടങ്ങിയപ്പോള്‍ എനിക്കും അതില്‍ എന്തൊക്കെയോ സത്യമുണ്ടെന്ന് തോന്നി തുടങ്ങി.ആ മഞ്ഞ ചുരിദാറിന്‍റെയും എന്‍റെയും കണ്ണുകള്‍ പലപ്പോഴും പരസ്പരം  ഇടഞ്ഞു. ഇടക്കെപ്പോഴോ അവളുടെ കവിളിണകളില്‍ ഒരു നനുത്ത മന്ദഹാസത്തിന്‍റെ തുടിപ്പ് ഞാന്‍ കണ്ടു. എന്നെ നോക്കുന്നത് കൂട്ടുകാരികള്‍ അറിയാതിരിക്കാന്‍ ആണെന്ന് തോന്നുന്നു അവരോട് വളരെ ഉച്ചത്തില്‍ എന്തൊക്കെയോ തമാശ   പറഞ്ഞു കൊണ്ടാണ് അവള്‍ അവളുടെ പ്രവീണേട്ടനെ കടക്കണ്ണാല്‍ നോക്കിക്കൊണ്ടിരുന്നത്. ഇറങ്ങുമ്പോള്‍ എന്തായാലും ആ സുന്ദരിക്കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങണം. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. പെട്ടന്നാണ് എന്‍റെ പുറത്ത് ഒരു കൈ വന്നു വീണത്. ശവം, ആ നാല്പത്തഞ്ച്കാരനാണ്. ഒറ്റക്ക് നിന്ന് ബോറടിച്ചത് കൊണ്ട് കമ്പനി കൂടാനുള്ള വരവാണ്. ഞാന്‍ പരമാവധി അയാളെ ഒഴിവാക്കാന്‍ നോക്കിയെങ്കിലും അയാള്‍ ഓരോരോ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ഞങ്ങള്‍ ഒരേ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവരാണെന്ന മഹത്തായ കണ്ടുപിടുത്തം നടത്തുകയും ചെയ്തു ആ ബോറന്‍, വെബ് ഡിസൈനിംഗ്.... പിന്നീട് ഒരു മണിക്കൂര്‍ നേരം  വെബ് ഡിസൈനിങ്ങിന്‍റെ ആരും ഇതുവരെയും നടന്നിട്ടില്ലാത്ത വഴികളിലൂടൊക്കെ അയാള്‍ എന്നെയും കൂട്ടി നടന്നു, ഒരു ഭ്രാന്തനെപ്പോലെ.. അയാളുടെ വാക്കുകള്‍ മൂളി കേള്‍ക്കുന്നതിനിടയിലും ഞാന്‍ എന്‍റെ മഞ്ഞക്കിളിയെ നോക്കുന്നുമുണ്ടായിരുന്നു. ഇതിനിടയിലെപ്പോഴൊക്കെയോ  ഞാന്‍ നില്‍ക്കുന്നതിനു തൊട്ടടുത്തിരുന്ന തന്‍റെ കൂട്ടുകാരിയുടെ അരികില്‍ എത്തി എന്തൊക്കെയോ സംസാരിച്ചു. അവളുടെ അധരങ്ങള്‍ കൂട്ടുകാരിയോടും  അവളുടെ കണ്ണുകള്‍ എന്നോടും ആയിരുന്നു സംസാരിച്ചത്.  ഹോ ദൈവമേ വടക്കന്‍ കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തും ആ പ്രത്യേക തരം ഗന്ധമുള്ള കാറ്റ് ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി.  അത് ആ മഞ്ഞക്കിളിയുടെ ചുരിദാറിലും ഷാളിലുമൊക്കെ തട്ടി തടഞ്ഞു എന്നെ തഴുകി കടന്നു പോയി. 

എന്‍റെ നിവിന്‍ പൊളി സ്റ്റൈലില്‍ ഉള്ള നില്‍പ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു ആ നാല്പത്തഞ്ച്കാരന്‍ മൊഴിഞ്ഞു തുടങ്ങി. " പ്രവീണേ, എന്ത് പെണ്‍പിള്ളേരാടായിവര്‍???? നാടും വീടും വിട്ടാല്‍ ആണും പെണ്ണുമൊക്കെ  കണക്കാ. നീയാ മഞ്ഞ ചുരിദാര്‍ ഇട്ട പെണ്ണിനെ കണ്ടോ??? അവളാണ് ഈ കൂട്ടത്തിലെ ജഗജില്ലി.." അയാളുടെ വാക്കുകള്‍ കേട്ട എന്‍റെ നാഡിഞരമ്പ്‌ വലിഞ്ഞു മുറുകി, കണ്ണ് ചുവന്നു... അയാളുടെ കര്‍ണപുടം നോക്കി ഒരെണ്ണം കൊടുക്കാന്‍ തോന്നി. പിന്നെ ഒരേ മേഖലയില്‍ വര്‍ക്ക് ചെയുന്നത് കൊണ്ടും പ്രായകൂടുതല്‍ ഉള്ളത് കൊണ്ടും പുള്ളിക്കാരന്‍റെ ഇരു കൈകളിലെയും മാംസക്കുന്നുകള്‍ കണ്ടതിനാലും  ഞാന്‍ തല്‍ക്കാലം ക്ഷമിച്ചു.  എന്നാല്‍ എന്‍റെ നീരസം മുഖത്ത് പരമാവധി പ്രദര്‍ശിപ്പിച്ചു. അത് വകവെക്കാത അയാള്‍ തുടര്‍ന്നു. "ഇവളുമാരുടെ വിചാരം നമുക്കാര്‍ക്കും കന്നഡ അറിയില്ലെന്നാ. ഞാനേ മൂന്നാല് വര്‍ഷം ബാംഗ്ലൂരില്‍ കിടന്നു പയറ്റി തെളിഞ്ഞതാ.."അത് കേട്ടപ്പോള്‍ ആദ്യം തോന്നിയത് ആ നാല്പത്തഞ്ച്കാരന്‍ തള്ളിയതാണെന്നാണ്.എന്നാല്‍ തുടര്‍ന്നുള്ള അയാളുടെ വാക്കുകള്‍ക്ക് ചെവിനല്‍കിയപ്പോള്‍ അത് സത്യമാണെന്ന് എനിക്ക് ബോധ്യമായി. ബാംഗ്ലൂര്‍, മാംഗ്ലൂര്‍, മൈസൂര്‍, ഹമ്പി, കൂര്‍ഗ് ഇത്യാദി കര്‍ണാടകയിലെ വിശേഷ സ്ഥലങ്ങളില്‍ എല്ലാം  താന്‍ നടത്തിയ പടയോട്ടങ്ങളെക്കുറിച്ച് ആ നാല്‍പ്പത്തി അഞ്ചുകാരന്‍ വാചാലനായി. ആ വാചക കസര്‍ത്തില്‍ തരക്കേടില്ലാത്ത രീതിയില്‍ എനിക്ക് ബോറടിച്ചെങ്കിലും മഞ്ഞക്കിളി എന്നെക്കുറിച്ച് എന്തെങ്കിലും മൊഴിഞ്ഞിട്ടുണ്ടെങ്കില്‍ മനസ്സിലാക്കുന്നതിനായി തല്ക്കാലം സഹിച്ചു. അവസാനം ചെവി കടിച്ചു പറിച്ചു ആ മനുഷ്യന്‍ തിന്നു തീര്‍ക്കും എന്ന ഘട്ടം വന്നപ്പോള്‍ അപ്പോള്‍ സംസാരം അപ്പോള്‍ എത്തി നിന്നിരുന്ന ഗുല്‍ബര്‍ഗായില്‍ നിന്നും യു ടേണ്‍ എടുത്ത് വീണ്ടും കിളികളില്‍ എത്തിച്ചു. 


"ഇവളുമാരെ പറഞ്ഞിട്ട് കാര്യമില്ല. കണ്ടില്ലേ ഓരോന്നിന്‍റെയും ഡ്രസ്സ്‌ കോഡ്. " അതിനെന്താ, ഒരു കുഴപ്പവുമില്ലല്ലോ...നല്ല സ്റ്റൈല്‍ ആയിട്ടുണ്ട് എന്നൊക്കെ പറയാന്‍ നാവു പൊങ്ങിയെങ്കിലും പൊങ്ങി വന്ന നാവിനെ കടിച്ചു പിടിച്ചു ആ നാല്‍പ്പത്തിഅഞ്ചുകാരന് ഞാന്‍ റാന്‍ മൂളി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പിന്നീട് ഒരു അരമണിക്കൂര്‍ നേരം ഡ്രസ്സ്‌ കോഡിനെക്കുറിച്ചായിരുന്നു അയാളുടെ സംസാരം.സംഭാഷണം വീണ്ടും കാട് കയറുമെന്ന ഘട്ടം വന്നപ്പോള്‍ ഞാന്‍ തന്നെ മുന്‍കൈ എടുത്ത് മഞ്ഞച്ചുരിദാറില്‍ എത്തിച്ചു.

" ചേട്ടാ ആ മഞ്ഞ ചുരിദാര്‍ എന്ത് അങ്കമാണ് കാണിക്കുന്നത് അല്ലെ ചേട്ടാ..." തല്‍ക്കാലം എന്‍റെ ലക്ഷ്യത്തിനായി എന്‍റെ പ്രണയിനിയെ ഞാന്‍ കുരുതി നല്‍കി.

" പിന്നല്ലാതെ...അവളില്ലേ...... അവള്‍ വായ വലിച്ചു കീറി ഉച്ചത്തില്‍ കൂട്ടുകാരികളോട് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്താണെന്ന് നിനക്ക് മനസ്സിലായോ????"

യെസ് അതാ അവസാനം ഞാന്‍ ഉദ്ദേശിച്ചിടത്ത് കാര്യം എത്തിയിരിക്കുന്നു.എനിക്കത് അറിയാന്‍ താല്‍പര്യമില്ലായിരുന്നു. എന്‍റെ ഉല്‍കണ്ഠ അവള്‍  എന്‍റെ അടുത്തേക്ക് വന്നു തൊട്ടടുത്തിരുന്ന കൂട്ടുകാരിയുടെ കാതില്‍ മൊഴിഞ്ഞത് എന്തെന്നറിയുന്നതിലായിരുന്നു. എനിക്കുറപ്പായിരുന്നു അത് എന്നെക്കുറിച്ചാണെന്ന്, അവളുടെ മനസ്സ് കുറഞ്ഞ നിമിഷങ്ങള്‍ കൊണ്ട് കവര്‍ന്നെടുത്ത ഈ പ്രവീണ്‍കുമാര്‍.എം.ജി. എന്ന പ്രവീണേട്ടനെക്കുറിച്ചാണെന്ന്‍

" എന്താ ചേട്ടാ പറഞ്ഞത്???" കഴിയുന്നത്ര നിഷ്കളങ്കത മുഖത്ത്  വരുത്തി ഞാന്‍ ചോദിച്ചു.

" അവള്‍ പറയുകയാ ഈ മലയാളികളൊക്കെ വെറും വായി നോക്കികളാ അവരെ വളക്കാന്‍ വളരെ എളുപ്പമാണെന്ന്..."

ആ വാക്കുകള്‍ എന്‍റെ കാതില്‍  ചുട്ടു പഴുപ്പിച്ച ഒന്നര ഇഞ്ചിന്‍റെ ആണി  കയറുന്നത് പോലെ കടന്നു പോയി. അതിനു ശേഷം ആ നാല്‍പ്പത്തഞ്ചുകാരന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ ബാഹുബലിയെപ്പോലെ ഞാന്‍ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങി റെയില്‍വേ പാളവും മുറിച്ചു കടന്നു  ഓടി.  മണിച്ചിത്രത്താഴിലെ ഗംഗയെപ്പോലെ സീസണ്‍ ടിക്കറ്റും കീറി ഒരു മുഴുഭ്രാന്തനെപ്പോലെ
ഓടിയ എന്നെ ഇന്നും ആ നാല്‍പ്പത്തിയഞ്ചുകാരനും സ്റ്റേഷന്‍ മാസ്റ്ററും ഓര്‍ക്കുന്നുണ്ടാകും....


25 comments:

  1. ദൈവമേ.
    എനിയ്ക്ക്‌ ബ്ലോഗിൽ ഒരു ശത്രു ഉണ്ടായിരിക്കുന്നു...
    പഞ്ചോട്‌ പഞ്ച്‌.!!!!
    ഇനി മേലാൽ ഇമ്മാതിരിയൊന്നും ചിരിപ്പിക്കല്ലേ.ചിരിച്ചു വയ്യാതായി...

    തകർത്തു കേട്ടോ.ആശംസകൾ!!!

    ReplyDelete
    Replies
    1. വളരെ നന്ദി സുധിയേട്ടാ.....ചേട്ടനാണ് എന്നും ആദ്യം എത്തി എന്നെ സപ്പോര്‍ട്ട് അറിയിക്കുന്നത്...ഒരായിരം നന്ദി....

      Delete
  2. This comment has been removed by the author.

    ReplyDelete
  3. മല്ലുസിങിലെയും സാള്‍ട്ട് ഏന്‍ഡ് പെപ്പറിലെയും സീനുകള്‍ ഓര്‍മ വന്നു.!!
    വായ് നോട്ടം ഒരു ഫാഷനാക്കി എടുത്ത മലയാളി യുവ(?) ജനതയെക്കുറിച്ച് ആ പെണ്‍കുട്ടികള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലേയുള്ളൂ.. അത്ഭുതം.!!!
    വളരെ രസകരമായിരുന്നു.. ചിരിപ്പിച്ചു.
    പ്ലാറ്റ്ഫോമുകൾ കയറിമറിഞ്ഞ് ഓടിച്ചെന്ന് ട്രയിനില്‍ കയറിയതിനു ശേഷം പട്ടികിതയ്ക്കും പോലെ നിന്ന് കിതയ്കുന്ന ആ കിതപ്പുണ്ടല്ലോ.. ഒരൊന്നൊന്നര കിതപ്പു തന്നെയാണത്. അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ......!!!

    ReplyDelete
    Replies
    1. അതെ...ചില സമയത്ത് ഹൃദയം പുറത്തേക്ക് വന്നു പോകും എന്ന് പോലും തോന്നിയിട്ടുണ്ട്....

      Delete
  4. നന്നായിട്ടുണ്ടല്ലോ കപ്പത്തണ്ടേ.
    കൂടുതല്‍ പേരിലേക്ക് എത്തിക്കൂ. ആ സുധിയോടു പറഞ്ഞാല്‍ ബ്ലോഗര്‍മാരുടെ ഐഡി കിട്ടും. ലിങ്ക് അയച്ചുകൊടുക്കൂ ആളുകള്‍ക്ക്.
    എഴുത്ത് മുടക്കണ്ട. തുടരൂ.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ...കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ശ്രമിക്കാം...

      Delete
  5. കപ്പത്തണ്ടേ!!!!കണ്ണൂരാനൊക്കെ വന്ന് കമന്റിടാൻ തുടങ്ങി...
    വേഗം മറ്റുള്ള ബ്ലോഗിലൊക്കെ പോയി ഇവിടെ ഇങ്ങനൊരു ആളുണ്ടെന്ന് അറിയിക്ക്‌.
    അപ്പോ ആളു വന്നോളും.

    ReplyDelete
    Replies
    1. ശരി ചേട്ടാ....ചേട്ടന്‍ പറഞ്ഞ പ്രകാരം ചെയ്തത് കൊണ്ട് മാത്രമാണ് ഇത്രയും പേരെങ്കിലും കയറാന്‍ തുടങ്ങിയത്....

      Delete
  6. ഹഹ, രസകരമായി എഴുതി, കുറേ ചിരിച്ചു..

    പിന്നെ ക്ഷണനത്തിന് നൻട്രി. :) , ആദ്യായിട്ടാണ് ഇവിടെ. എല്ലാവിധ ആശംസകളും.ഇനിം പോരട്ടെ തകർപ്പൻ പോസ്റ്റ്‌കൾ.

    ReplyDelete
    Replies
    1. നന്ടിസ് സുഹൃത്തെ...ഇനിയും താങ്കള്‍ ഈ വഴിക്ക് വരുമെന്ന് കരുതുന്നു...

      Delete
  7. രസകരമായി.. ചിരിപ്പിക്കുന്ന വരികള്‍ ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ...പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.........

      Delete
  8. കൊള്ളാം അസ്സലായിട്ടുണ്ട്.മൊത്തം വായി നോട്ടം തന്നെ. എന്നാലും അവസാനത്തെ ആ ഓട്ടം അല്‍പം സ്പീഡ് കൂടിപ്പോയോ എന്നൊരു തോന്നല്‍. പണ്ടൊക്കെ ഇവിടെ സ്ഥിരം വന്നിരുന്നെങ്കില്‍ ഈയിടെയായി സന്ദര്‍ശനം കുറവാ. എന്നാലും സൌകര്യം പോലെ എത്തി നോക്കാം.

    ReplyDelete
  9. വായ് നോട്ടവും ഒരു കഥയാക്കാമല്ലെ ........!! ആശംസകൾ..

    ReplyDelete
    Replies
    1. ഒരായിരം നന്ദി...തുടര്‍ന്നും എന്‍റെ എഴുത്ത് വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.........

      Delete
  10. ഊതിനിറച്ച ബലൂണില്‍ ഒരുപൊന്‍സൂചികൊണ്ടായാലും കുത്തു മതി,കാറ്റെല്ലാം പോയികിട്ടാന്‍.....
    രസകരമായി എഴുതി.
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരായിരം നന്ദി.....എന്‍റെ മറ്റു കഥകളും വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു....

      Delete
  11. ആ മഞ്ഞച്ചുരിദാറുകാരി പെണ്‍കുട്ടി പറഞ്ഞത് ശരിയാണു കേട്ടോ. സത്യം കന്നടക്കാര് പറഞ്ഞാലും അംഗീകരിക്കണം

    ReplyDelete
    Replies
    1. എന്‍റെ ഈ കുഞ്ഞു ബ്ലോഗില്‍ എത്തി വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരായിരം നന്ദി....

      Delete
  12. കൊള്ളാം. രസമുണ്ട്. മഞ്ഞക്കിളിയെ കണ്ടാൽ മധുരം തിന്നാം എന്ന് വക്കീൽ സാമി അയ്പ് പാറ മേലിന്റെ ചേറപ്പായി കഥയിൽ പറയുന്നുണ്ട്. അത് പോട്ടെ. ആ 45 കാരനെ കുറേക്കൂടി വായ്‌ നോക്കിയിട്ട് നായകൻറെ അടുത്തേയ്ക്ക് കൊണ്ട് വന്നാൽ മതിയായിരുന്നു. അങ്ങിനെയെങ്കിൽ മഞ്ഞ ക്കിളിയുടെ കമന്റിനു കുറേക്കൂടി ഇഫക്റ്റ് കിട്ടിയേനെ. ഇത്രയും വായ്‌ നോക്കിയായിട്ടു ഒരു കമന്റ് കേട്ടിട്ട് അത് താങ്ങാൻ ശക്തിയില്ലാതെ ഇങ്ങിനെ ഓടിയതും അത്ര ശരിയായി തോന്നിയില്ല. ആ ട്രെയിനിൽ കയറുന്നത് വരെയുള്ള ഭാഗം ഒരു നല്ല കഥയുടെ എല്ലാം ഉൾക്കൊണ്ടിരുന്നു.

    ReplyDelete
    Replies
    1. ഒരായിരം നന്ദി...........

      Delete
  13. നല്ല ഒതുക്കമുള്ള ശൈലി ,അനാവശ്യമായി വലിച്ചു നീട്ടാതെ കൃത്യമായി അവസാനിപ്പിച്ചു , എങ്കിലും ക്ലൈയ്മാക്സ് ഒന്നൂടെ പന്ജ് വരുത്താമായിരുന്നു എന്ന് തോന്നി .. ആശംസകള്‍

    ReplyDelete
  14. നിങ്ങള് വേറെ ലവലാണ് ...കൊല മാസ്സ് .... :D

    ReplyDelete