Wednesday 19 June 2013

പാസ്സെഞ്ചർ...


                               ഇന്നലെ പെയ്ത മഴയിൽ ഭൂമിയൊന്നു തണുത്തു.ഓഫീസിൽ നിന്നുമിറങ്ങി മൂന്നു ചുവട്ടടി മുന്നോട്ട് വെച്ച എൻറെ കവിളിലൂടെ അവൾ ഭൂമിയിലേക്ക് പെയ്തിറങ്ങി. ഭൂമിയെപ്പോലെ എന്റെ മനസ്സുമൊന്നു തണുത്തു. എനിക്കന്നു അവളോട്‌ ആദ്യമായി പ്രണയം തോന്നി.എന്റെ നെറുകയിലും കവിളുകളിലും പിൻകഴുത്തിലും ആവോളം ചുംബിക്കുവാൻ ഞാനവളെ അനുവദിച്ചു.

                                    വീട്ടിലെത്തുമ്പോൾ അച്ചാമ്മ( അച്ഛന്റെ അമ്മയെ അങ്ങനെയാണ് ഞങ്ങൾ വിളിക്കുന്നത് ) രാമനാമം ചൊല്ലിക്കൊണ്ടു കുടയും പിടിച്ചു കാറ്റത്ത് ഞെട്ടറ്റ് വീണ മാങ്ങ പെറുക്കുന്നുണ്ടായിരുന്നു.മഴ നനഞ്ഞു ചെന്നതിനു അമ്മയുടെ  വക ശകാരം കിട്ടി.

                                 " ഉച്ചിയിൽക്കൂടി വെള്ളം ഇറങ്ങാൻ നിൽക്കാതെ പോയി തല തുവർത്ത്." തോർത്ത് കയ്യിലെക്കിട്ടു തന്നു കൊണ്ട് അമ്മ പറഞ്ഞു." അച്ഛനിതു കാണേണ്ട. ഉം,വേഗം തുവർത്ത്‌".ഈ സമയം നിലത്തു വീണ മാങ്ങകൾ മുഴുവൻ പെറുക്കി മടിശീലയിൽ തിരുകിക്കൊണ്ട്‌ അച്ചാമ്മയെത്തി.
                                   "രാമ രാമ, എന്തൊരു മഴയാണിത് ? എന്റെ ആയുസ്സിനിടയിൽ ഇതുപോലൊരു മഴ ഞാൻ കണ്ടിട്ടില്ല. ലോകാവസാനം ആയോ ? നാരായണ നാരായണ".എനിക്ക് ഓർമ വെച്ച നാൾ മുതൽ ഓരോ മഴക്കാലത്തും ഞാൻ ഈ വാക്കുകൾ അച്ചാമ്മയിൽ നിന്നും കേൾക്കാറുണ്ട് .
                                     " അമ്മയ്ക്ക് ഇതെന്തിന്റെ അസുഖാ, ഈ മഴ സമയത്ത് മാങ്ങ പെറുക്കാൻ? മഴയൊന്നു തോർന്നിട്ട് പോരാരുന്നോ ?".അച്ചാമ്മക്ക് മറുപടി പറയാനുള്ള അവസരം കിട്ടുന്നതിനു മുൻപ്  അച്ഛനെത്തി.
                        "നിങ്ങൾ ഇതെവിടെ ആയിരുന്നു മനുഷ്യാ?"
                            " ഞാൻ ഒരു ചായ കുടിക്കാൻ പോയതാണ് ." ഇതും പറഞ്ഞു തിരിഞ്ഞപ്പോൾ അച്ഛൻ എന്നെ കണ്ടു." നീയെന്താടാ, മഴ മുഴുവനും നനഞ്ഞോ? പുതു മഴ നനയാൻ പാടില്ലെന്ന് നിനക്കറിഞ്ഞു കൂടെ.ഇതെന്താടി ലൈറ്റൊന്നും ഇടാത്തത്, കരണ്ട് ഇതുവരെ വന്നില്ലേ ?""അഞ്ചു മണിക്ക് പോയതാണ്, ഇതുവരെ വന്നില്ല" അമ്മ മറുപടി പറഞ്ഞു.
                                 "ഡാ, നീ കെ എസ് ഇ  ബിയിലേക്ക് ഒന്ന് വിളിച്ചു തന്നെ." ഞാൻ മൊബൈലിൽ നമ്പർ  ഡയൽ ചെയ്തു കൊടുത്തു. " ഹലോ സർ ഞാൻ രവീന്ദ്രൻ'. കണ്‍സ്യുമർ നമ്പർ 5657.പായൽക്കുളങ്ങര ക്ഷേത്രത്തിനു വടക്ക് ഭാഗത്തായി പടിഞ്ഞാറ് ദിശയിലേക്ക് കിടക്കുന്ന റോഡിലൂടെ നടന്നു വരുമ്പോൾ വലതു ഭാഗത്തായി സ്ഥിതി ചെയ്യുന്നട്രാൻസ് ഫോർമറിൽ നിന്നും കാലാവസ്ഥയിലെ പെട്ടന്നുണ്ടായ മാറ്റം മൂലം ഉണ്ടായ അതി ശക്തമായ കാറ്റും മഴയും മൂലം അതിഭയങ്കരമായ സ്ഫോടനവും തുടർന്ന് പ്രകാശ കിരണങ്ങളുടെ ബഹിർസ്ഫുരണവും ഉണ്ടായതിനാൽ വിച്ചേദിക്കപ്പെട്ട വൈദ്യുതബന്ധം ഇതുവരെ പുനസ്ഥാപിക്കപെട്ടിട്ടില്ല. പ്രസ്തുത പ്രശ്നത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ള നടപടിക്രമങ്ങൾ അങ്ങയുടെ പക്കൽ നിന്നും എത്രയും പെട്ടന്ന് ഉണ്ടാകണമെന്ന് അഭ്യർഥിച്ചു കൊള്ളുന്നു. ഓ കെ സർ "
                                അച്ഛന്റെ ഫോണ്‍ വിളി കേട്ടുകൊണ്ടിരുന്ന എന്റെ തല ആകെ പെരുത്ത് കയറി. ഈശ്വരാ അപ്പോൾ ഈ ഫോണ്‍ കോൾ  അറ്റെന്റ് ചെയ്ത ആളുടെ അവസ്ഥ എന്തായിരിക്കും. മിക്കവാറും അയാൾ ആ ട്രാൻസ്ഫോർമർ പോലെ കത്തിക്കരിഞ്ഞു കാണും.അല്ലെങ്കിൽ ആ ഫോണിന്റെ വയർ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തു കാണും. അച്ഛനങ്ങനെ ആണ് ഫോണ്‍ ചെയ്യുമ്പോൾ സംസാരിക്കുന്നത് . വളരെ വിശദമായി തന്നെ സംസാരിച്ചു കളയും. ഒരിക്കൽ അച്ഛൻ ആലപ്പുഴ വരെ എന്തോ ആവിശ്യത്തിന് പോയി. മടങ്ങി വരാൻ വൈകിയ അച്ഛനെ ഞാൻ വിളിച്ചു.
                              
                                          "എവിടെയെത്തി അച്ഛാ?"
                           "ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിൽ കയറി കച്ചേരിമുക്ക് ജംക്ഷനിൽ ഇറങ്ങി പടിഞ്ഞാറ് ഭാഗത്തേക്ക് റോഡ്‌ ക്രോസ് ചെയ്തു റോഡിന്റെ സൈഡിലൂടെ ദക്ഷിണ ദിശ ലക്ഷ്യമാക്കി നടന്നു നവരാക്കൽ അമ്പലത്തിന്റെ മുൻപിൽ എത്തി."
                                  എന്റെ തല ആകെ ചൂടായി " എന്റെ പൊന്നച്ഛാ, നവരാക്കൽ എത്തിയെന്ന് പറയുന്നതിനാണോ ഇക്കണ്ട രാമായണം മുഴുവനും വിളമ്പിയത് ".എന്തൊക്കെ പറഞ്ഞാലും അച്ഛന്റെ ഫോണ്‍ വിളിയിലുള്ള മികവു കാരണമോ അതോ അത് കേൾക്കാൻ കെ എസ് ഇ ബി ജീവനക്കാർക്കു കരുത്തില്ലാത്തത് കൊണ്ടോ എന്തോ അര മണിക്കൂറിനുള്ളിൽ കരണ്ട് വന്നു.
                                 ഊണും കഴിച്ചു ഞാൻ കമ്പ്യുട്ടെറിന്റെ മുൻപിൽ എത്തി. അന്ന് ഞാൻ മൊബൈൽ ക്യാമറയിൽ പകർത്തിയ എന്റെ വ്യെതസ്ഥ ഭാവത്തിലുള്ള അഞ്ചു ചിത്രങ്ങൾ യു എസ് ബി കേബിൾ വഴി കമ്പ്യുട്ടെറിന്റെ നെഞ്ചത്ത് ഒട്ടിച്ചു. ഫോട്ടോ ഷൊപ്പിലിട്ട് ഒന്ന് ചിന്തേരിട്ട് എടുത്ത എൻറെ  ഫോട്ടോ കണ്ടു ഞാൻ പുളകിതനായി.അതിൽ ഏറ്റവും മികച്ചതെന്നു തോന്നിയ ഒന്ന് ഞാൻ പ്രൊഫൈൽ പിക്ചർ ആയിടാൻ തീരുമാനിച്ചു.ആഴ്ചയിൽ കുറഞ്ഞത്‌ പത്ത് പ്രാവശ്യമെങ്കിലും ഞാൻ എന്റെ പ്രൊഫൈൽ പിക്ചർ മാറ്റിയിരിക്കും.അപ് ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോയിലും കിട്ടുന്ന കമൻറുകളും ലൈക്കുകളും എന്നെ ഹരം കൊള്ളിച്ചിരുന്നു. ഓരോ ഫോട്ടോയും നൂറു ലൈക്കുകൾ കടക്കുമ്പോൾ ട്വന്റി ട്വെന്റിയിൽ സെഞ്ച്വറി തികച്ച ബറ്റ്സ്മാന്റെ ഉന്മാദാവസ്ഥയിൽ ഞാൻ എത്തുമായിരുന്നു. ഫോട്ടോ ലൈക് ചെയ്ത പെണ്‍ പ്രജകളെ തിരഞ്ഞു പിടിച്ചു ചാറ്റ് ചെയ്തതിനു ശേഷം ഞാൻ ഫൈസ് ബുക്ക്‌ അടച്ചു.ഈ സമയങ്ങളിലെല്ലാം മഴ അവളുടെ ലാസ്യ നൃത്തം തുടരുന്നുണ്ടായിരുന്നു. ബെയറിംഗ് പോയ ഫാനിൻറെ കര കരാ ശബ്ദമില്ലാതെ ഞാൻ ഉറക്കത്തിലേക്ക് തെന്നി മാറി.

                                                        ശീതളമായ കാലാവസ്തയായിരുന്നിട്ട് കൂടി പുലർച്ചെ അഞ്ചു മണിക്ക് തന്നെ അലാറം എഴുന്നേറ്റു.ഉച്ചത്തിൽ അലറിക്കൊണ്ടിരുന്ന അവൻറെ വായ പൊത്തിപ്പിടിച് കട്ടിലിൻറെ ഒരു വശത്തേക്ക് തള്ളിയിട്ടതിന് ശേഷം തലയനക്കടിയിലേക്ക് ഞാൻ തല മൂടി വെച്ചു.അമ്മയുടെ ശകാരം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. കാലം 2700 സെക്കൻറുകൾ കൂടി മുന്നിലേക്ക് പോയെന്നു ക്ലോക്കിലേക്ക് നോക്കിയ ഞാൻ മനസ്സിലാക്കി.പ്രഭാതഭക്ഷണം കഴിച്ചെന്നു വരുത്തി ഇറങ്ങുമ്പോൾ മൊബൈലിൽ  രണ്ടു മിസ്‌ കോളുകൾ കണ്ടു.ബിലിനും അഷ്കറും ആണ്,ഏറനാട് കോത്തിലെ ദിവ്യന്മാർ.വൈകി എഴുന്നേറ്റതിനാൽ ഏറനാട് എക്സ്പ്രസ്സ്‌ മിസ്‌ ആയെന്നും ഇനി മേലിൽ ഇങ്ങനെയൊരു തെറ്റ് ആവർത്തിക്കില്ലെന്നും തൻറെ മേൽ ശിക്ഷണ നടപടികൾ എടുക്കരുതെന്നും അഭ്യർഥിച്ചു കൊണ്ടുള്ള ഒരു എസ് എം എസ് ഞാൻ അവർക്ക് അയച്ചു.

                                              സ്റ്റാർ ബേക്കറിക്ക് അഭിമുഖമായി ബൈക്ക് പാർക്ക്‌ ചെയ്തിട്ട്  ഞാൻ ബസ് സ്റൊപ്പിലെത്തി. ഏതാനം നിമിഷത്തെ കാത്ത് നിൽപ്പിനു ശേഷം ഒരു ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് കിട്ടി. ആലപ്പുഴ മെഡിക്കൽ കോളേജ് ജെംക്ഷനിൽ ബസ്‌ നിർത്തുമ്പോൾ സീതാസ് തിയേറ്ററിൽ മമ്മൂട്ടിയുടെ പടുകൂറ്റൻ ഫ്ലെക്സ്  ഒരു കൂട്ടം ആരാധകർ മഴയെ അവഗണിച്ചും ഒരുക്കുന്നുണ്ടായിരുന്നു.

                                              7.10 ഓടെ ഞാൻ ആലപ്പുഴ റെയിൽവെ സ്റ്റെഷനിൽ എത്തി. സ്റ്റെഷനുള്ളിൽ തന്നെയുള്ള ബുക്ക്‌ സ്റ്റാളിൽ നിന്നും ആലാഖയുടെ പെണ്മക്കൾ വാങ്ങി ബാഗിൻറെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു .പാസ്സെഞ്ചർ മൂന്നാമത്തെ പ്ലാറ്റ് ഫോമിലാണ് കിടന്നിരുന്നത്. ഫ്ലൈ ഓവർ കയറി പാസ്സെഞ്ചരിനടുത്തെക്ക് പോകുമ്പോഴും എൻറെ കണ്ണുകൾ പരിചിത മുഖങ്ങൾ തിരയുകയായിരുന്നു. പക്ഷെ ആരെയും കണ്ടില്ല. ഫ്ലൈ ഓവറിനു സമീപം തന്നെയുള്ള കമ്പാർട്ട് മെന്റിൽ കയറാൻ ഞാൻ തീരുമാനിച്ചു.എന്നാൽ അവിടമാകെ ചെളിവെള്ളം ഒരു തടാകം തീത്തിരുന്നു. ആ തടാകം നീന്തി കടന്നു വേണമായിരുന്നു കയറാൻ. കഴിഞ്ഞയാഴ്ച വാങ്ങിയ   റീബോക്കിന്റെ വെളു വെളുത്ത ഷൂ എന്നെ ആ പ്രയത്നത്തിൽ നിന്നും വിലക്കി.ഞാൻ പുറകിലേക്ക് നടന്നു മറ്റൊരു കമ്പാർട്ട്മേന്റിൽ കയറി.ഭാഗ്യത്തിന് എമർജൻസി വിൻഡോ സീറ്റ് തന്നെ എനിക്ക് കിട്ടി. മഴ തോർന്നിരുന്നതിനാൽ വിൻഡോ മുകളിലേക്ക് കയറ്റി വെച്ച് ബാഗിൽ നിന്നും പഴയ ഒരു ഒരു പത്രക്കടലാസ് എടുത്ത് സീറ്റിലുണ്ടായിരുന്ന വെള്ളത്തുള്ളികൾ തുടച്ചുമാറ്റി. ഈ സമയങ്ങളിൽ പാസ്സെഞ്ചറിന്റെ ആമാശയം യാത്രക്കാരെ കൊണ്ട് നിറഞ്ഞു കൊണ്ടിരുന്നു. ബാഗിൻറെ ഗർഭ പാത്രത്തിൽ നിക്ഷേപിച്ചിരുന്ന പുസ്തകം ഓമനത്വത്തോടെ പുറത്തെടുത്തു ഞാൻ വായന ആരംഭിച്ചു.അപ്പോഴാണ്‌ സീസണ്‍ ടിക്കറ്റ്‌ മൃതിയടഞ്ഞ കാര്യം ഞാൻ ഓർത്തത്. ടിക്കറ്റ്‌ എടുക്കാതെ യാത്ര ചെയ്യാൻ എന്നിലെ പൌര ബോധം എന്നെ അനുവദിചില്ല. ബാഗ് സീറ്റിലേക്ക് സ്ഥാപിച്ചു സീറ്റ് ബുക്ക്‌ ചെയ്തുകൊണ്ട് എതിർവശമിരുന്ന ആളോട് ഞാൻ പറഞ്ഞു.

                                                     " ചേട്ടാ, ഈ ബാഗൊന്നു നോക്കണേ. ഞാനിപ്പോൾ ടിക്കറ്റ്‌ എടുത്തു വരാം." കാർമേഘത്തിനിടയിലൂടെ തട്ടി തടകി വന്ന സൂര്യൻറെ ചീളുകൾ ആ മനുഷ്യൻറെ മാർബിൾ പോലെ മിനുസമായ തലയിൽ തട്ടി റബ്ബർ പന്ത് കണക്കെ എന്റെ കണ്ണിലേക്കു ഇടിച്ചു കയറി.

                                                    വേഗത്തിൽ ഞാൻ ടിക്കറ്റ്‌ കൌണ്ടാറിനരുകിൽ എത്തി.വെള്ളിയാഴ്ച ആയിരുന്നിട്ട് കൂടിയും സാമാന്യം നല്ല രീതിയിൽ തിരക്കുണ്ടായിരുന്നു. ഒച്ചിഴയുന്ന വേഗതയിൽ നീങ്ങി കൊണ്ടിരുന്ന ക്യു എന്നെ മുഷിപ്പിച്ചു. മുക്കിയും മൂളിയും ഒരു വിധത്തിൽ ടിക്കറ്റ്‌ കൌണ്ടാറിനരുകിൽ എത്തി. സ്റ്റാർട്ടിങ്ങ് പോയിൻറ് ആലപ്പുഴ അല്ലാത്തതിനാൽ നിർദാക്ഷണ്യം സീസണ്‍ എനിക്ക് നിഷേധിക്കപ്പെട്ടു. പേഴ്സിൽ നിന്നും തപ്പിപ്പെറുക്കി എടുത്ത പത്തു രൂപയുടെ ചില്ലറ തുട്ടുകൾ ടിക്കറ്റ്‌ കൌണ്ടറിന്റെ വായിലേക്ക് ഞാൻ കൊടുത്തു. തിരികെ കിട്ടിയ ടിക്കെട്ടുമായി മൂന്നാമത്തെ പ്ലാറ്റ് ഫോമിലേക്ക് കുതിക്കുമ്പോൾ റെയിൽ വേയുടെ അന്നൗണ്‍സ്മെന്റ് എൻറെ  ചെവിയിലേക്ക് തുളച്ചു കയറി.

                                             " ആലപ്പുഴ സ്റ്റെഷൻ നിങ്ങൾക്ക് ശുഭ യാത്രയേകുന്നു"  
       
                                            ട്രെയിൻ അതിന്റെ ചലനം തുടങ്ങിയിരിക്കുന്നു. ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നും പാളത്തിലേക്ക്  ചാടിയിറങ്ങി വളരെ വേഗത്തിൽ ഞാൻ ഒരു അഭ്യാസിയെപ്പോലെ രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് ചാടിക്കയറി. മൂന്നാമത്തെ പ്ലാറ്റ് ഫോമിനെ വലയം ചെയ്ത് കിടന്നിരുന്ന ചെളി തടാകത്തെ അവഗണിച്ചു വാതിലിനെ ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ തിളങ്ങുന്ന ഒരു തല പുറത്തേക്ക് നീണ്ടു വരുന്നത് ഞാൻ കണ്ടു.ക്ഷണനേരത്തേക്കേ ആ തല പുറത്ത് ദ്രിശ്യമായുള്ളൂ. തൊട്ടടുത്ത നിമിഷത്തിൽ തന്നെ ആമ സ്വന്തം തോടിനുള്ളിലേക്ക്  തല വലിക്കുന്നത് പോലെ വജ്ര ശോഭ വിതറിയ ആ തല പാസ്സെഞ്ചറിന്റെ ഉദരത്തിലെക്ക് തിരിച്ചു കയറി.ആ തല കണ്ട കമ്പാർട്ട് മെന്റ് ലക്ഷ്യമാക്കി ഞാൻ കുതിച്ചു. ഒരു വിധത്തിൽ ഞാൻ ചാടിക്കയറി. തലക്കുള്ളിലെക്ക് മലവെള്ള പാച്ചിൽ പോലെ രക്തം ഇരച്ചു കയറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. പള പളാ തിളങ്ങിക്കൊണ്ടിരുന്ന എന്റെ പുതു പുത്തൻ റീബോക്കിന്റെ ഷൂസിനു ചുറ്റും ചെളി ഒരു പുറ്റു കണക്കെ പറ്റിപ്പിടിച്ചിരുന്നു. ഹൗ! വല്ലാത്ത ദുർഗന്ധം.ആ ദുർഗന്ധവും പേറി കിതച്ചു കൊണ്ട് ഞാൻ എന്റെ സീറ്റിലെത്തി. സീറ്റിലേക്ക് നോക്കിയാ ഞാൻ ഞെട്ടി. അവിടം ശൂന്യമായിരുന്നു. ഓ ഗോഡ് , ആയിരത്തി അഞ്ഞൂറ്  രൂപ വിലയുള്ള  അമേരിക്കൻ ടൂറിസ്റ്റെറിന്റെ എന്റെ ബാഗ് അപ്രത്യേക്ഷമായിരിക്കുന്നു.ഒരു വിധത്തിൽ ശ്വാസോച്ഛാസത്തെ നിയന്ത്രിച്ചു കൊണ്ട് ബാഗ്‌ നോക്കാൻ ഏല്പിച്ച മാർബിൾ തലയനോട് ചോദിച്ചു.

                                               " ചേട്ടാ, എന്റെ ബാഗ്?"

                                   അപ്പോഴാണയാൾ എന്നെ കണ്ടത്." അയ്യോ മോൻ കയറിയായിരുന്നോ?മക്കൾ കയറിയില്ലെന്നു കരുതി ഞാനത് പ്ലാറ്റ്ഫോമിലേക്കിട്ടു."

                                              ഒരു നിമിഷത്തെ നിശബ്ദത.വിന്ഡോ സീറ്റിലൂടെ പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത് ചെളി സമുദ്രത്തിൽ റ്റൈറ്റാനിക് കപ്പൽ  പോലെ മുങ്ങി താണു കൊണ്ടിരുന്ന എന്റെ ആയിരത്തി അഞ്ഞൂറ് രൂപ വിലയുള്ള അമേരിക്കൻ ടൂറിസ്റ്റെർ ബാഗാണ്.

4 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. comment option njaan enable cheythitund

    ReplyDelete
  3. മഴ നനയുന്ന ആദ്യഭാഗം അടിപൊളി.

    നന്നായി ചിരിച്ചു.ആശംസകൾ.

    ReplyDelete