Saturday 27 June 2015

ചിറകൊടിഞ്ഞ കിനാവുകള്‍.....

                                      ചിറകൊടിഞ്ഞ കിനാവുകള്‍.....
                                     **********************************

                                               "ഒരു രാജമല്ലി വിടരുന്നപോലെ സ്വയമരുളി എന്നിലൊരു മുഖം...." കഴിഞ്ഞ ദിവസം കണ്ട അനിയത്തിപ്രാവിന്‍റെ  ഹാങ്ങ് ഓവര്‍ ഉള്ളില്‍ കിടക്കുന്നത് കൊണ്ടാകാം ചില ആംഗിളുകളില്‍ കുഞ്ചാക്കോ ബോബന്‍റെ ഒരു കട്ട് വരുന്നുണ്ട്. അതല്ലെങ്കിലും അങ്ങനെയാണ് ഏതെങ്കിലും സിനിമ മനസ്സിന് പിടിച്ചാല്‍ ആയാഴ്ച കണ്ണാടി നോക്കുമ്പോള്‍ ചില ആംഗിളുകളില്‍ ആ സിനിമയുടെ നായകന്‍റെ ഛായ എനിക്ക് തോന്നാറുണ്ട്. കുഞ്ചാക്കോ ബോബന്‍...പയ്യന്‍ ആള് കൊള്ളാം. കര്‍ത്താവേ ഇവന്‍ ഒന്ന് പൊങ്ങി വന്നാല്‍ മതിയായിരുന്നു. എന്നിട്ട് വേണം ആ നവാസിന്‍റെയും ഹരിയുടെയും മുന്നില്‍ നെഞ്ചും വിരിച്ചൊന്നു നില്‍ക്കാന്‍. സിനിമാ ചര്‍ച്ച തുടങ്ങിയാല്‍ ഹരി മോഹന്‍ ലാലിനെയും നവാസ് മമ്മൂട്ടിയെയും അങ്ങ് ഏറ്റെടുക്കും. ഒരിക്കല്‍ സഹികെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു പോയി "നിങ്ങള്‍ മുസ്ലീങ്ങള്‍ മമ്മൂട്ടിയെയും ഹിന്ദുക്കള്‍ മോഹന്‍ലാലിനെയും കൊണ്ടുപോയാല്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്ആരാടാ ഉള്ളത്???" അതിന്ഹരി പറഞ്ഞ മറുപടി ഹൃദയഭേദകം ആയിരുന്നു." നിങ്ങള്‍ വേണേല്‍ മച്ചാന്‍ വര്‍ഗീസിനെ എടുത്തോന്നേ".

                            " കുറെ നേരമായല്ലോടാ കണ്ണാടിയുടെ മുന്നില്‍ നിന്ന് പിറു പിറുക്കുന്നത്?" പുറകില്‍ വലതു കയ്യില്‍ നൂല് കോര്‍ത്ത സൂചിയുമായി അച്ഛനാണ്. എന്നെ ഈ ഭൂമിയിലേക്ക്ഭൂജാതനാക്കിയപ്പോള്‍ കുറച്ചു കൂടി സൌന്ദര്യത്തോടെ ആയിക്കൂടായിരുന്നോ എന്ന് ചോദിക്കാന്‍ നാവു പൊങ്ങി. ഒരു നല്ല കാര്യത്തിനു ഇറങ്ങുന്നതിനാല്‍ തല്‍ക്കാലം "ഒന്നുമില്ലേ" എന്ന് നീട്ടിയൊന്നു പറഞ്ഞു കൊണ്ട് ഞാന്‍ അവിടെ നിന്ന് തടിതപ്പി. ഇറങ്ങാന്‍ നേരത്താണ് അച്ഛന്‍റെ ഇടത് കയ്യിലെ ഷര്‍ട്ട് കാണുന്നത്. അതില്‍ ഇനി തുന്നാന്‍ ഒരു സ്ഥലം ബാക്കിയില്ല. അച്ഛന്‍റെ  ഈയൊരു സ്വഭാവം  ആണ് എനിക്ക് പിടിക്കാത്തത്. എന്ത് കീറിയാലും, അതിപ്പോള്‍ ഷര്‍ട്ട് ആയാലും മുണ്ടായാലും തുന്നി ഉപയോഗിക്കുന്ന ശീലം പണ്ടേ ഉള്ളതാണ്. കഴിഞ്ഞ ആഴ്ച വീട്ടില്‍  കൂട്ടുകാര്‍ വന്നപ്പോള്‍ അച്ഛനുണ്ട് സിറ്റ് ഔട്ടില്‍ ഇരുന്നു ബനിയന്‍ തുന്നുന്നു. ആ ബനിയന്‍ ആണെങ്കില്‍ അപ്പടി കീറിയതും . ഓര്‍ക്കുമ്പോള്‍ തന്നെ വല്ലാതെ വരുന്നു. അന്നവര്‍ പോയതിനു ശേഷം ഒരു മൂന്നാം ലോക മഹായുദ്ധം തന്നെ വീട്ടില്‍ നടന്നു. അവസാനം "ഞാന്‍ ഇങ്ങനെ കീറല്‍ തുന്നി ഇടുന്നത് കൊണ്ടാണ് നിനക്ക് ബ്രാന്റഡ് ഷര്‍ട്ടും പാന്‍റ്സും ഇടാന്‍ പറ്റുന്നത്" എന്ന അച്ഛന്‍റെ  വാദം തന്നെ ജയിച്ചു .അമ്മയും അച്ഛന്‍റെ  സൈഡ് ആയതിനാല്‍ കയ്യില്‍ കിട്ടിയ റിമോട്ട് തല്ലിപ്പൊട്ടിച്ചു ഇറങ്ങേണ്ടി വന്നു.

                                              ഓരോന്ന് ആലോചിച്ചു കൊച്ചിച്ചന്‍റെ  കടയുടെ സമീപം വന്നതറിഞ്ഞില്ല. ഓര്‍മ വെച്ചനാള്‍ മുതല്‍ അമ്പലപ്പുഴ ജംക്ഷനിലുള്ള ആ ചായ കടക്കാരനെ ഞാന്‍ വിളിക്കുന്നത് കൊച്ചിച്ചന്‍ എന്നാണു. ഞാന്‍ മാത്രമല്ല, കൊച്ചു കുട്ടികള്‍ മുതല്‍ കുഴിയിലേക്ക് കാലു നീട്ടീരിക്കുന്ന കാര്‍ന്നോന്മാര്‍ക്ക് വരെ അദ്ദേഹം കൊച്ചിച്ചനാണ്.

                                                    ഭാഗ്യം കൃത്യ സമയത്ത് തന്നെയാണ് ഞാന്‍ എത്തിയത്. ദൂരെ നിന്നും അവള്‍ വരുന്നുണ്ട്, മീര. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ആയി അവളുടെ ഒരു നോട്ടത്തിനായി ദാഹിച്ചു പുറകെ നടക്കുന്നു. ഇത് വരെ അവളൊന്ന് നോക്കുക പോലും ചെയ്തിട്ടില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ എന്നും കൊച്ചിച്ചന്‍റെ  കടയുടെ വലതു സൈഡില്‍ ഞാന്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം വാങ്ങിയ വാക്ക് മാന്‍ ഓണ്‍ ചെയ്ത് ഇയര്‍ ഫോണ്‍ ചെവിയില്‍ തിരികി നല്ല സ്റ്റൈലില്‍ തന്നെ ഞാന്‍ നിലയുറപ്പിച്ചു.

                                                    അവള്‍ തനിച്ചായിരുന്നില്ല,കൂടെ ഗായത്രിയും ഉണ്ട്. അവളുടെ മുന്നോട്ടുള്ള ഓരോ ചുവടും എന്‍റെ ഹൃദയത്തിലാണോ പതിക്കുന്നതെന്ന് തോന്നി. അവളുടെ ഗന്ധം അടുത്തടുത്ത് വരും തോറും ശരീരത്തിലാകമാനം ഒരു വിറ രൂപം കൊള്ളുന്നത് ഞാന്‍ അറിഞ്ഞു. ഒരു പക്ഷെ കുരിശില്‍ കിടക്കുന്ന സമയത്ത് കര്‍ത്താവ് പോലും ഇത്രയേറെ മാനസിക പീഡ അനുഭവിച്ചു കാണില്ല.  അവള്‍ അടുത്തെത്തിയപ്പോള്‍ എന്‍റെ ശ്വാസം ഒരു നിമിഷം നിലച്ചത് പോലെ തോന്നി. " കര്‍ത്താവേ പരീക്ഷണം അരുതേ", അത്രയേറെ ആത്മാര്‍ഥമായി ഞാന്‍ മുന്‍പൊരിക്കലും പ്രാര്‍ഥിച്ചിട്ടില്ലായിരുന്നു.  എന്നാല്‍ ഒന്നും സംഭവിക്കാതെ  അവള്‍ ഉപയോഗിച്ചിരുന്ന കാച്ചിയെണ്ണ എന്‍റെ മൂക്കില്‍ ശക്തമായിടിച്ചു കടന്നു പോയി. പക്ഷെ ചില സിനിമകളില്‍ പറയാറില്ലേ മെഡിക്കല്‍ മിറാക്കിള്‍ എന്ന് , അന്നത് സംഭവിച്ചു. അവളുടെ വാലിട്ടെഴുതി മനോഹരമാക്കിയ കണ്ണുകള്‍ എന്‍റെ മുഖത്തേക്ക് പാറി വീഴുന്നത് ഒരു നിമിഷം ഞാന്‍ കണ്ടു. യെസ്, അത് സംഭവിച്ചിരിക്കുന്നു. അവള്‍ എന്നെ നോക്കിയിരിക്കുന്നു. കഴുത്തില്‍ കിടന്ന ഈശോയുടെ തിരു രൂപത്തില്‍ മുത്തി ഞാന്‍ അതിവേഗം വീട്ടിലേക്ക് കുതിച്ചു. എന്‍റെ ശരീരത്തേക്കാള്‍ വേഗം മനസ്സിനുണ്ടെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു.

                                            ഭാഗ്യം, സിറ്റ് ഔട്ടില്‍ തന്നെ സൈക്കിള്‍ ഉണ്ട്. സാധാരണ അച്ഛന്‍ അതുമായി റൌണ്ട്സിനു പോകുന്ന സമയമായിരുന്നു അത്. സ്വന്തം ഇരയെ വളരെയേറെ വൈദഗ്ധ്യത്തോടെ കൈപ്പിടിയില്‍ ഒതുക്കുന്ന പരുന്തിന്‍റെ  കയ്യടക്കത്തോടെ ഞാന്‍ സിറ്റ് ഔട്ടില്‍ ഇരുന്ന സൈക്കിള്‍ റാഞ്ചിയെടുത്ത് അക്ഷരാര്‍ഥത്തില്‍ പറക്കുക തന്നെയായിരുന്നു. എത്രയും വേഗം അവളുടെ അടുത്തെത്തണം എന്ന  ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സില്‍. സൈക്കിളുമെടുത്തു പായുന്നതിനിടയില്‍ പുറകില്‍ നിന്ന് അച്ഛന്‍ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ എന്‍റെ ചുറ്റും പ്രണയത്തിന്‍റെ  ബി ജി എം അലയടിച്ചു കൊണ്ടിരുന്നതിനാല്‍ അതൊന്നും തന്നെ എന്‍റെ കര്‍ണപുടത്തില്‍ എത്തുന്നുണ്ടായിരുന്നില്ല.

                                               അവളുടെ അടുത്തെത്തിയപ്പോള്‍ സൈക്കിളിന്‍റെ വേഗത അല്പം കുറച്ചു ഒരു ചാക്കോച്ചന്‍ ചിരി വരുത്തി സൈഡ്ചരിഞ്ഞു ഞാന്‍ അവളെ നോക്കി. അവള്‍ നോക്കുന്നുണ്ട്. എന്നെ കണ്ട അവളുടെ മുഖത്ത് ഒരു പുഞ്ചിരി വരുന്നുണ്ട്. എന്‍റെ ഉത്സാഹം അതോടെ പതിന്മടങ്ങായി വര്‍ദ്ധിച്ചു. അല്‍പ സ്വല്പം സൈക്കിളില്‍ അഭ്യാസങ്ങള്‍ അറിയാവുന്നതിനാല്‍ ഞാന്‍ അതെല്ലാം ആ സൈക്കിളില്‍ പ്രയോഗിച്ചു. എന്‍റെ അഭ്യാസങ്ങള്‍ കണ്ടിട്ടാണെന്ന് തോന്നുന്നു അവള്‍ ഗായത്രിയുടെ കാതില്‍ എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. കര്‍ത്താവേ അങ്ങേക്ക് നന്ദി. അവള്‍ വളഞ്ഞു തുടങ്ങി എന്ന് ഉറപ്പ്.  അവളുടെ ചുറ്റും സൈക്കിളില്‍ ഒരു വൃത്തം വരച്ചു ഞാന്‍ അന്നത്തെ എന്‍റെ അഭ്യാസത്തിനു പരിസമാപ്തി ഇടാന്‍ തീരുമാനിച്ചു. ആ നിമിഷം തന്നെ എന്‍റെ ഇഷ്ടം അവളോട്‌ പറയാന്‍ എന്‍റെ മനസു കൊതിച്ചു.അടുത്ത നിമിഷം തന്നെ എന്നിലെ വിവേകം അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഇപ്പോള്‍ വേണ്ട, പതുക്കെ പതുക്കെ അവളെ പ്രണയ പരവശയാക്കിയിട്ടു പറയാം. നല്ല സ്റ്റൈലില്‍ മുടി കോതിയൊതുക്കി അവളെ നോക്കി ഒരു സ്റ്റൈലന്‍ ചിരിയും പാസാക്കി അവളുടെ അന്നനടയും നോക്കി ഞാന്‍ അവിടെ നിന്നു. മുന്നിലേക്ക് നടക്കുമ്പോളും അവള്‍ പിന്നിലേക്ക് തിരിഞ്ഞു എന്നെ നോക്കി ചിരിക്കുന്നത് വല്ലാത്തൊരു ഉള്‍പുളകത്തോടെ നോക്കി നിന്നു.

                        അങ്ങനെ ഒടുവില്‍ ഞാന്‍ അവളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയിരിക്കുന്നു. എന്‍റെ ശരീരത്തിലെ ഓരോ രോമകൂപത്തിലും ആ തിരിച്ചറിവ് വല്ലാത്തൊരു ലഹരി പടര്‍ത്തി. ആനിയത്തിപ്രാവിലെ " ഓ പ്രീയേ " എന്ന ഗാനവും മൂളി വീട്ടിലേക്ക് ചെന്ന എന്നെയും നോക്കി അച്ഛന്‍ സിറ്റ് ഔട്ടില്‍ തന്നെയുണ്ടായിരുന്നു. അച്ഛന്‍ വല്ലാത്തൊരു കലിപ്പ് ലുക്കില്‍ ആണ് നിന്നിരുന്നത്. ആ സമയം എന്‍റെ ഹൃദയത്തില്‍ നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന സന്തോഷംതല്ലിക്കെടുത്താന്‍ ആഗ്രഹിക്കാതിരുന്നതിനാല്‍ അച്ഛന് വലിയ മൈന്‍ഡ് കൊടുക്കാതെ സൈക്കിള്‍ സിറ്റ് ഔട്ടിലേക്ക് കയറ്റി വെച്ച് മാറി നിന്നു. അച്ഛന്‍റെ  വായില്‍ നിന്നും ചീത്തവിളി പ്രതീക്ഷിച്ചു നിന്ന എന്നെ എതിരേറ്റത് അതിലും ഭീകരമായ് മറ്റൊരു അത്യാപത്തായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരക്ഷരം പോലും ഉരിയാടാതെ സൈക്കിളിന്‍റെ സമീപത്ത് ചെന്ന അച്ഛന്‍ പുറകിലത്തെ ക്യാരിയറില്‍ നിന്നും  ഉണക്കാന്‍ ഇട്ടിരുന്ന അച്ഛന്‍റെ ജട്ടി പൊക്കിയെടുത്തു. ആ നിമിഷം വരെ ഞാന്‍ അത് കണ്ടിരുന്നില്ല.  " എന്തായാലും നീ സൈക്കിളും കൊണ്ട് പോയത് നന്നായി. ഇത് പെട്ടന്നുണങ്ങി കിട്ടി." ഉണങ്ങിയ ജട്ടിയുമായി വീടിനകത്തേക്ക് പോകുന്ന അച്ഛനെ നോക്കി തലക്കു കയ്യും വെച്ച് നിലത്ത് കുത്തിയിരിക്കാനെ എനിക്ക് പറ്റുമായിരുന്നുള്ളൂ. മീര നോക്കിച്ചിരിച്ചത് എന്നെയായിരുന്നില്ല മറിച്ച് പല പ്രാവശ്യം സൂചിയും നൂലും വിക്രിതികള്‍ കാട്ടിയ അച്ചന്‍റെ ആടിമാസ കിഴിവുകള്‍ വീണ
ജട്ടി നോക്കിയായിരുന്നു എന്ന തിരിച്ചറിവ് എന്‍റെ ബോധ മണ്ഡലത്തെ എന്നില്‍ നിന്നും മറച്ചു കളഞ്ഞു.

12 comments:

  1. എന്നാലും.കപ്പത്തണ്ടേ ഇതിച്ചിരി കടന്ന കൈയായിപ്പോയി...

    ഹാ ഹാ ഹാ.

    ReplyDelete
  2. എനിക്ക് പറ്റിയ ഒരു അബദ്ധമാണ് സുഹൃത്തേ.

    ReplyDelete
  3. ഹ ഹ ചിരിപ്പിച്ചു! എന്നാലും വല്ലാത്ത പറ്റായിപ്പോയി!

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ

      Delete
  4. സംഭവം കലക്കി സുഹൃത്തേ. മല്ലു സിംഗ് പറയുന്നത് പോലെ ആ അരിപ്പ ജെട്ടി കണ്ട് അവൾ ആത്മ നിർവൃതി അടഞ്ഞു കാണും.

    ReplyDelete
    Replies
    1. എന്‍റെ എഴുത്ത് വായിച്ച് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനു ഒരായിരം നന്ദി.....

      Delete
  5. നല്ല എഴുത്ത് , നല്ല നർമം, ശരിക്കും ചിരിപ്പിച്ചു...ഇങ്ങനൊരു ക്ലൈമാക്സ്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല... :)

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ

      Delete
  6. ആടിമാസകിഴിവുകള്‍..... ഹ ഹ ഹാ....
    അച്ഛന്റെ തുന്നല്‍മഹാത്മ്യം വിവരിച്ചപ്പോഴൊന്നും ഒട്ടും പ്രതീക്ഷിച്ചില്ല.. ഇങ്ങനൊരു ക്ലൈമാക്സ്.!!!
    കൈതക്കോരയുടെ ചതുരങ്ങളേക്കാള്‍ ചിരിപ്പിച്ചു....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ...ക്ലൈമാക്സ് ഏതു രീതിയില്‍ വായനക്കാര്‍ എടുക്കും എന്ന ഭയത്തോടെയാണ് എഴുതിയത്....നിങ്ങളെപ്പോലുള്ളവരുടെ വാക്കുകള്‍ തുടര്‍ന്നും എഴുതാന്‍ എനിക്ക് ശക്തി നല്‍കുന്നു....

      Delete
  7. ഹോ... കഷ്ടമായിപ്പോയി.

    ReplyDelete
    Replies
    1. എന്‍റെ ഈ കുഞ്ഞു ബ്ലോഗില്‍ എത്തി എന്‍റെ അക്ഷരങ്ങള്‍ വായിച്ചു എനിക്ക് പ്രോത്സാഹനം നല്‍കുന്നതിനു ഒരായിരം നന്ദി....

      Delete