Wednesday 5 June 2013

നേതാവ്

                   വളരെ പ്രതീക്ഷയോടെയാണ് ഞാൻ കോളേജിൽ ആദ്യ ദിനത്തിൽ എത്തിയത്. ഫസ്റ്റ് പ്രിഫറൻസ് വെച്ചത് ഇംഗ്ലീഷിനായിരുന്നു. കിട്ടിയതാവട്ടെ സുവോളജിയും. ആദ്യ ദിനം തന്നെ മടുപ്പിക്കുന്നതായിരുന്നു.മൂന്നോ നാലോ ആണ്‍കുട്ടികളെ ക്ലാസിൽ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാം പെണ്‍കുട്ടികൾ.കമ്പനി കൂടാനായി ആദ്യം കണ്ട പെണ്‍കുട്ടിയോട് ഞാൻ "ഹായ് " പറഞ്ഞു."ഇവനാരെടാ " എന്നാ ഭാവത്തോടെയുള്ള ഒരു നോട്ടം നോക്കി ദേഹമാസകാലം കുലുക്കിക്കൊണ്ടവൾ സ്വന്തം സീറ്റിലെക്ക് പോയിരുന്നു.നനഞ്ഞ കോഴിയെപ്പോലെ ഞാൻ ചുറ്റും നോക്കി.പെണ്‍കുട്ടികൾ ആരും തന്നെ എന്നെ നോക്കുന്നില്ലായിരുന്നു. എന്നാൽ ലവന്മാരുടെ മുഖത്ത് ഒരു ആത്മ നിർവൃതി ഞാൻ കണ്ടു. റെകോർഡുകളും അസൈൻമെന്റുകളും എന്നിലെ യോദ്ധാവിനെ തളർത്തി. ഞാൻ ഡിപാർട്ട്‌ മെന്റ് മാറാനുള്ള ഊർജിത ശ്രമങ്ങൾ ആരംഭിച്ചു.ഡിസംബറിന്റെ തുടക്കത്തോടെ ഇംഗ്ലീഷ് ഡിപാർട്ട്‌ മെന്റിലെക്ക് എനിക്ക് മാറ്റം കിട്ടി.ഇംഗ്ലീഷ് ഡിപാർട്ട്‌ മെന്റിന്റെ ഇടവഴികളിൽ ഞാൻ അവളെ കണ്ടു.വടക്കൻ കേരളത്തിൽ മാത്രം കണ്ടു വരാറുള്ളതെന്നു പറയപ്പെടുന്ന ആ പ്രത്യേക തരം കാറ്റ് മദ്ധ്യ കേരളത്തിലും വീശുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കി.നീണ്ട മൂക്കിന്റെ ഉടമയായ ആ സുന്ദരി എന്റെ ക്ലാസ്സിൽ തന്നെയാണെന്ന തിരിച്ചറിവ് എന്റെ മനസ്സിൽ നൂറു കണക്കിന് ലഡ്ഡുസ് ഒരുമിച്ച് പൊട്ടിച്ചു.മീര , അവളെന്റെ ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം അനുനിമിഷം കൂട്ടിക്കൊണ്ടിരുന്നു.എന്നാൽ മിസ്‌ . സുവോളജിയുടെ പ്രതികരണം അവളുമായി സൗഹാർദം രൂപപ്പെടുത്തുന്നതിന് ഒരു തടസ്സമായി നിന്നു.
                                  സെക്യുരിറ്റി ഇരിക്കുന്നതിനു സമീപമായി ഒരു ചെറിയ ഷെഡ്‌ ഉണ്ട് . അവിടെയാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിക്കുന്നത് പോലെ ക്ലാസുകൾ ബഹിഷ്കരിച്ചിരുന്ന ധീരയോധാക്കൾ തമ്പടിച്ചിരുന്നത് .അവിടെ വെച്ചാണ് ഞാൻ നേതാവിനെയും അനുയായികളെയും പരിചയപ്പെട്ടത്‌.മീശ മാധവൻ സിനിമ സ്റ്റൈലിൽ നേതാവ് എന്നോട് ചോദിച്ചു

             "എന്താടാ നിന്റെ പേര് ?"
              ഭവ്യതയോടെ ഞാൻ പറഞ്ഞു.
                         "പ്രവീണ്‍ "
   അടുത്ത ഊഴം അനുയായിയുടെതായിരുന്നു.ഗൗരവത്തി
             "ഏതാ ഡിപാർട്ട്‌ മെന്റ് ?"
              "ഫസ്റ്റ് ഇയർ ഇംഗ്ലീഷ് ലിറ്ററേച്ചർ"
                        നേതാവും അതേ ക്ലാസിൽ ആയിരുന്നു.നേതാവ് മൊഴിഞ്ഞു.
              "എന്നിട്ട് നിന്നെ ഞങ്ങൾ ഇതേവരെ കണ്ടിട്ടില്ലല്ലോ ?"
                അനുയായി മയത്തിൽ നേതാവിന്റെ ചെവിയിൽ മന്ത്രിച്ചു.
             "നേതാവേ നാലഞ്ചു മാസത്തോളമായി നമ്മൾ സ്വന്തം മണ്ഡലത്തിൽ ചെന്നിട്ട് "
ഗാഡമായി ചിന്തിച്ചതിനു ശേഷം നേതാവ് പറഞ്ഞു.
             "ഇന്ന് മുതൽ നീയും എന്റെ അനുയായി ആയിരിക്കും."
                  ഞാൻ ഭയ ഭക്തി ബഹുമാനത്തോടെ അനുയായി പദം ഏറ്റെടുത്തു.അനുയായി ഒന്നാമന്റെ പക്കൽ നിന്നും നേതാവിന്റെ വീര കഥകൾ ഞാൻ കേട്ടു. കരാട്ടെ ബ്ലാക്ക്‌ ബെൽറ്റായ നേതാവ് നഞ്ചക്ക് ഉപയോഗിക്കുന്നതിൽ അസാമാന്യ പ്രാഗത്ഭ്യം പ്രദർശിപ്പിച്ചിരുന്നു . പാർട്ടി അഹിംസ മുറുകെ പിടിചിരുന്നെങ്കിലും നേതാവ് അടിക്കടി ഇടിക്കിടി എന്ന മട്ടുകാരൻ ആണെന്ന് അനുയായിയുടെ വായിൽ നിന്നും ഞാൻ അറിഞ്ഞു . ഏതു കാര്യത്തിനും സ്വന്തമായ തീരുമാനം പറയാനുള്ള നേതാവിന്റെ കഴിവാണ് എന്നെ അയാളിലേക്ക് അടുപ്പിച്ചത്. അങ്ങനെ ഞാനും നേതാവിനു "കീ ജയ്‌ " വിളിച്ചു തുടങ്ങി .
കലുഷിതമായ പാർട്ടി പ്രവർത്തനങ്ങൽക്കിടയിലും മീരയുടെ ഗന്ധം ആസ്വദിക്കാൻ ഞാൻ സമയം കണ്ടെത്തി . എന്നാൽ ഒരിക്കൽ പോലും അവളെന്നെ നോക്കിയിരുന്നില്ല.
                  അന്നും ഞാൻ പതിവുപോലെ കോളേജിൽ എത്തി. എന്നെ കാത്ത് നേതാവും അനുയായികളും ഗേറ്റിൽ തന്നെ നില്പ്പുണ്ടായിരുന്നു. നേതാവിനെ കണ്ട പാടെ ഞാൻ തല കുമ്പിട്ട് വണങ്ങി. നേതാവ് ഗൌരവത്തിൽ പറഞ്ഞു.
                          "വരൂ, നമുക്ക് ഇഡ്ഡലി കഴിക്കാം"ഇതെന്തു പറ്റി. ഞാൻ മനസ്സിൽക്കരുതി. സാധാരണ അനുയായികളുടെ പാത്രത്തിൽ നിന്നാണ് നേതാവ് ഉണ്ടിരുന്നത് . പുറത്തേക്ക് തികട്ടി വന്ന ചോദ്യത്തെ ചവച്ചരച്ച് തിന്നു കൊണ്ട് ഞാൻ നേതാവിനെ അനുഗമിച്ചു.
                കോളേജ് കാന്റീനിലെ ബെഞ്ചിലിരുന്നു ചൂട് ഇഡ്ഡലി സാമ്പാറിൽ മുക്കി വായിലേക്ക് തിരുകുന്ന ശ്രമകരമായ പണിക്കിടയിൽ നേതാവ് മൊഴിഞ്ഞു
              "എതിർ പാർട്ടിയുടെ തുഗ്ലക്ക് പരിഷ് ക്കാരങ്ങൾക്കെതിരെ ഇന്നൊരു ധർണയുണ്ട് . "
ഇഡ്ഡലിയിൽ നിന്നും മാറി ഞാൻ കടിച്ച കടി എന്റെ കയ്യിൽ കൊണ്ടു .
                 "ഇടയ്ക്കിടെ ഇങ്ങനെയൊന്നു നടത്തിയാലെ ഒരു ഓളമൊക്കെ ഉണ്ടാകു."അനുയായി ഒന്നാമൻ നേതാവിനെ പിന് താങ്ങി.ഈശ്വരാ ആ ഓളത്തിൽ മുക്കി കൊല്ലുന്നതിനായിട്ടയിരുന്നോ ഈ ഇഡ്ഡലി ?നേതാവിന്റെ ബ്ലാക്ക് ബെൽറ്റ്‌ പദവിയും നഞ്ചക്കും എന്നിൽ ആശ്വാസം നല്കി.
                  ഇംഗ്ലീഷ് ഡിപാർട്ട്‌മെന്റിന്റെ വാതിൽപടിയിൽ നിന്നും ഞങ്ങൾ ധർണ ആരംഭിച്ചു. അനുയായി ഒന്നാമൻ വിളിച്ചു പറഞ്ഞ മുദ്രാവാക്യങ്ങൾ മന്ത്രം കണക്കെ ഉരുവിടുന്നതിനിടയിൽ ക്ലാസ്സിലേക്ക് നോക്കിയ ഞാൻ അവളെ കണ്ടു . അതെന്നിൽ വീര്യം നിറച്ചു .
"നേതാവ് കീ ജയ്‌ . ധർണ കീ ജയ്‌ " വർധിത വീര്യത്തോടെ ഞാൻ അലറി. അത് കേട്ട അവളെന്നെ ആദ്യമായി നോക്കി. കന്നി മഴ ലഭിച്ച ഭൂമി കണക്കെ ഞാൻ തരളിതനായി.
                   ഇംഗ്ലീഷ് ഡിപാർട്ട്‌ മെന്റിന്റെ ഇട നാഴികൾ പിന്നിട്ട ഞങ്ങൾ കൊമെർഴ്സ് ഡിപാർട്ട്‌ മെന്റിൽ എത്തി. പെട്ടന്ന് നാല് ഭാഗത്ത് നിന്നും എതിർ പാർട്ടിക്കാർ ഞങ്ങളെ വളഞ്ഞു. ഞാൻ അലറി " ധർണ കീ ജയ്‌ , നേതാവ് കെ ജയ്‌ "
കോളേജിന്റെ പുറകു വശത്തെ മതിൽ രണ്ടാൾ പൊക്കത്തിൽ ഉള്ളതായിരുന്നു. ഇരുപതു പേരെ ഒറ്റയ്ക്ക് നേരിട്ട് പാരമ്പര്യമുള്ള,ബ്ലാക്ക്‌ ബെൽറ്റായ, നഞ്ചക്ക് ഉപയോഗിക്കുന്നതിൽ പ്രഗല്ഭനായ നേതാവ് രണ്ടാൾ പൊക്കമുള്ള ആ മതിൽ ഒന്ന് തോടുക പോലും ചെയ്യാതെ ചാടിക്കടക്കുന്നത് ഞാൻ നിസ്സഹായതയോടെ അതിലേറെ വേദനയോടെ ഞാൻ കണ്ടു . പുറകെ മറ്റ് അനുയായികളും. ആ രാക്ഷസന്മാരുടെ ഇടയിൽ ഞാൻ മാത്രം അകപ്പെട്ടു.മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മുന്നിൽ പെട്ട ഷയിൻ വോണിന്റെ അവസ്ഥയിലായി ഞാൻ. പത്തു ടെണ്ടുൽക്കർമാർ ചുറ്റും നിന്ന് സിക്സറുകളും ഫോറുകളും തലങ്ങും വിലങ്ങും അടിച്ചു തകർത്തു.ഡബിൾ സെഞ്ച്വറി തികച്ച ആത്മ നിർവൃതിയോടെ അവർ പോകുമ്പോൾ സ്റ്റിച്ച് പൊട്ടിയ ബോളിന്റെ അവസ്ഥയിലായിരുന്നു ഞാൻ.
രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കയ്യിൽ പ്ലാസ്റ്ററും തലയിൽ കെട്ടുമായി കോളേജിൽ ചെന്ന എന്നെ എതിരേറ്റത് കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ആയിരുന്നു.
                  "സഹനത്തിന്റെ ആൾ രൂപത്തിനു സ്വാഗതം"
                     അവരാരും അറിഞ്ഞില്ലല്ലോ ഒരടി തടുക്കുമ്പോൾ ഒൻപതടി ഒരുപോലെ വാങ്ങിക്കുക്കയായിരുന്നു ഞാനെന്ന് . പുതു നേതാവായി മാറിയ ഞാൻ പാർട്ടി അനുഭാവികളുടെ അകമ്പടിയോടെ ക്ലാസിൽ എത്തിയപ്പോൾ എന്നെ പൂമാലയിട്ടു ക്ലാസിലേക്ക് കയറ്റിയത് അവളായിരുന്നു, എന്റെ മീര. വേദന സുഖകരമായ ഒരു അനുഭൂതിയായി മാറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു.

2 comments:

  1. വായനാസുഖമുള്ള എഴുത്ത്‌.ഇഷ്ടായി.

    ReplyDelete
  2. പുറത്തേക്ക് തികട്ടി വന്ന ചോദ്യത്തെ ചവച്ചരച്ച് തിന്നു കൊണ്ട് ഞാൻ നേതാവിനെ അനുഗമിച്ചു. പ്രയോഗം ഇഷ്ടമായി.. കുറച്ച് തല്ലു കൊണ്ടെങ്കിലെന്താ.. നേതാവായില്ലേ... ;)

    ReplyDelete