Saturday 8 June 2013

ഒരു ബ്ലോഗിന്റെ കഥ - എന്റെയും



        “ഇത് എന്റെ ഭാര്യയുടെ അനുജത്തിയുടെ ഹസ്ബന്റ്" അങ്ങനെയാണ് ഞാൻ ട്രെയിൻ കോറത്തിൽ എത്തിയത്. ഞാൻ വളരെ വേഗത്തിൽ ആ കോറത്തിലെ ഒരാളായി മാറി.നവാസ്, അഷ്കർ,പ്രവീണ്‍,ഹരി,മനു ,വിജേഷ്, ബിജു ചേട്ടൻ എന്നിവരായിരുന്നു ഏറനാട് കോറത്തിലെ പ്രധാനികൾ.
            
                നവാസ്, ശബ്ദം കൂട്ടിയായിരുന്നു അവൻ എന്തും സംസാരിച്ചിരുന്നത്. ലൌഡ് സ്പീകറിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പലപ്പോഴും അവൻ അനുസ്മരിപ്പിക്കുമായിരുന്നു.ഒരിക്കൽ അവൻ പറഞ്ഞ ഒരു രഹസ്യം പാസഞ്ചറിലെ മുഴുവൻ യാത്രക്കാരും കേട്ടു എന്നത് ചരിത്ര വസ്തുത.അവൻ തന്നെ തന്റെ ഈ സംസാര രീതിയെക്കുറിച്ച് പറയുന്നത് "ചള്ള്" രീതി എന്നാണ്.ചില പ്രത്യേക തരം വാക്കുകൾ അവൻ സംസാരിക്കുമ്പോൾ ഉപയോഗിച്ചിരുന്നു. അതിൽ ഒന്നാണ് ഈ " ചള്ള്" എന്നാ പ്രയോഗം. മോശം എന്നാണു അവൻ അതിനു അർഥമാക്കുന്നത്. ഇനി മറ്റൊരെണ്ണം പറയാം.നമ്മൾ കഴിക്കുന്ന റൊട്ടിക്ക് അവന്റെ ഭാഷയിലെ പേര് "ഒരുത്തിക്കൊന്ന് എന്നാണ്.കാരണം മറ്റൊന്നുമല്ല, ഒരാൾക്ക് ഒരെണ്ണം മതിയല്ലോ വിശപ്പ് മാറാൻ.
   
            ഇനി അഷ്ക്കറിലേക്ക് പോകാം.നവാസിന്റെ നേരെ എതിർ സ്വഭാവം.വളരെ ശബ്ദം കുറച്ചാണ് അവൻ സംസാരിച്ചിരുന്നത്. അഷ്ക്കർ സംസാരിക്കുമ്പോൾ മറ്റുള്ളവർ നിശബ്ദരാകും. എങ്കിലെ അവനിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ശബ്ദ വീചികൾ നമുക്ക് ശ്രവണകരമാകൂ.

അടുത്തത് പ്രവീണ്‍. മിസ്‌ കോളടി ശീലമാക്കിയ ഒരു ഹതഭാഗ്യൻ.അവന്റെ മൊബൈലിൽ ഒരിക്കൽ പോലും ബാലൻസ് ഉണ്ടാകുമായിരുന്നില്ല. കൊച്ചു കുട്ടികൾ ഇൻജക്ഷൻ എടുക്കുന്നത് പോലെ അവൻ റീ ചാർജ് ചെയ്യുന്നത് ഭയപ്പെട്ടിരുന്നു. എങ്കിലും ഒരിക്കൽ തന്റെ പ്രി പൈഡ് കണക്ഷൻ മാറ്റി പോസ്റ്റ്‌ പൈഡ് ആക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നടന്നാൽ നന്ന്.

            കൂട്ടത്തിലെ മിസ്റ്റർ പെർഫക്റ്റ് ഹരിയായിരുന്നു. ( ഡ്രസിങ്ങിന്റെ കാര്യത്തിൽ) ഫുൾ സ്ലീവ് ഷർട്ട് ഇൻ  ചെയ്യാതെ ആശാൻ കാണപ്പെടുന്നത് നീലക്കുറിഞ്ഞി പൂകും പോലെ ആണ് . ഡ്രസ്സ് കോഡിനവൻ  വളരെയേറെ പ്രാധാന്യം നല്കിയിരുന്നു. ബ്രാന്റഡ് ഐറ്റംസ് വാങ്ങിച്ച് കൂട്ടുന്നതിൽ ആശാൻ യാതൊരു പിശുക്കും കാണിച്ചിരുന്നില്ല. ദിവസവും ഷേവ് ചെയ്തു മിനുസമാക്കിയ മുഖം അവന്റെ മാത്രം പ്രത്യേകതയായിരുന്നു. ട്രെയിൻ കോറത്തിൽ ചേർത്തലയിൽ നിന്നും കയറിയിരുന്ന ഒരാളായിരുന്നു ഹരി.

            ഞങ്ങളുടെ ഇടയിലെ റൊമാന്റിക് ഹൃദയത്തിനുടമ മനുവായിരുന്നു. എന്തിനും സ്വന്തമായ ഒരു സാധൂകരണം അവനുണ്ടായിരുന്നു. ഒരിക്കൽ അവൻ വിവിധയിനം പൂക്കളോട് കൂടിയ ഒരു  ഷർട്ട്‌ ഇട്ടാണ് വന്നത്. അൽപ്പം പൈങ്കിളി ടച്ച് ഉള്ളത്. ഇത് കണ്ട പ്രവീണ്‍ ചോദിച്ചു.

        " എന്തോന്നാടെ ഇത്? ഒരു മാതിരി പൈങ്കിളി സ്റ്റൈൽ."
             "വൈ മാൻ , ഞാനിങ്ങനെയാണ്‌ . എനിക്കിത് ഏറെ ഇഷ്ടപ്പെട്ടു. അത് കൊണ്ട് ഞാനിത് ഇട്ടു. ദാറ്റ്സ് ഓൾ."


            പ്രവീണ്‍ തിരിച്ചൊന്നും പറഞ്ഞില്ല. അതിന്റെ പിന്നാമ്പുറം പിന്നീട് ഒരിക്കലും മനു ആ ഷർട്ട് ഇട്ടിട്ടില്ല എന്നതാണ്.പിന്നീടൊരിക്കൽ അവൻ ജീൻസും ഒരു ജാങ്കോ ടി ഷർട്ടുമിട്ട് നെറ്റിയിൽ  ഒരു പോസ്റ്റർ കണക്കെ ചന്ദനവും പുരട്ടി വന്നു. അപ്പോഴും പ്രവീണ്‍ ചോദിച്ചു.
       
        " എന്തോന്നാടെ ഇത് ? ടി ഷർട്ടിന്റെയും ജീൻസിന്റെയും കൂടെ ചന്ദനക്കുറിയോ ? ഒരു മാതിരി അലുവയും അയലക്കറിയും പോലെ.ബോറിംഗ്. തൂത്തിട്ട് വാടെ. ചന്ദനത്തിന് പകരം ഭസ്മം ഇട് . അതാവുമ്പോൾ ഇത്രയും വിസിബിൾ ആയിരിക്കില്ലല്ലോ."

    അപ്പോഴും മനു പറഞ്ഞു "യോ മാൻ. ഞാൻ ഇങ്ങനെ ആണ്. എനിക്ക് ചന്ദനം തോടുന്നതാണിഷ്ടം. അതിൽ എന്താണ് ഒരു തെറ്റ്."
പ്രവീണ്‍ അന്നുംപ്രതികരിച്ചില്ല .പിന്നീടൊരിക്കലും മനു ടി ഷർട്ട് ഇടുമ്പോൾ ചന്ദനം തൊട്ടിട്ടില്ല, എന്തിനു ഭസ്മം പോലും.

            അടുത്തത് വിജേഷ്. കോട്ടയം, കോഴിക്കൊടാൻ യാത്രകൾ ആഴ്ചയിലൊരിക്കൽ നടത്തിയിരുന്ന വിദ്വാൻ. സുന്ദരൻ , സുമുഘൻ. ഒത്ത പൊക്കം . ഒരേയൊരു കുഴപ്പമേഉള്ളൂ . അവൻ ഇടുന്ന ഷർട്ട് അമ്മുമ്മമാരുടെ റൌക്ക കണക്കെ ആയിരുന്നു. ഒന്ന് ശ്വാസം വിട്ടാൽ പൊട്ടിപ്പോകുന്ന തരത്തിൽ ശരീരവുമായി ഇഴുകി ചേർന്നാണത് കിടന്നിരുന്നത് . വീട്ടിൽ ചെന്ന് ഷർട്ട് ഊരിയല്ല , വടിച്ചാണത് അവൻ എടുത്തിരുന്നത്.

        കൂട്ടത്തിൽ സീനിയർ ബിജു ചേട്ടൻ ആയിരുന്നു. സഹൃദയൻ . ഞങ്ങളിൽ ഒരാളായി എപ്പോഴും അദ്ദേഹം കൂടെ ഉണ്ടായിരുന്നു. എന്തെങ്കിലും ഒക്കെ എഴുതി പ്രസിദ്ധീകരിക്കാൻ ആഗ്രഹിച്ചിരുന്ന എനിക്ക് കരുമാടി ന്യൂസ്‌ എന്ന അടിത്തറ തന്നത് അദ്ദേഹം ആയിരുന്നു.

            നവാസ്, അഷ്കർ , പ്രവീണ്‍, ഹരി, മനു, വിജേഷ് എന്നിവർ ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരുന്നു. " സൊമാലിയൻസ് " ലാലേട്ടന്റെ രീതിയിൽ പറഞ്ഞാൽ " ഞാൻ സൊമാലിയൻ, പ്രണയം നിഷേധിക്കപ്പെട്ടവൻ എന്നർഥം." വിവാഹിതരായി എന്ന ഒറ്റ കാരണത്താൽ എനിക്കും ബിജു ചേട്ടനും  സൊമാലിയൻസ് പട്ടം അവർ നിഷേധിച്ചു. എങ്കിലും ഞാൻ അവരോടൊപ്പം തന്നെ കൂടി.
       
            കുറച്ച് ദിവസങ്ങളായി എന്റെ മനസ്സിൽ സ്വന്തമായൊരു ബ്ലോഗ്‌ എന്ന ആശയം കിടക്കുന്നു.ഞാനത് ഏറനാട് ചർച്ചകളിൽ എടുത്തിട്ടു. നവാസ് പച്ചക്കൊടി കാണിച്ചു "നീ ധൈര്യമായി തുടങ്ങേടാ."

ഞാൻ : മച്ചു അതിന് എനിക്കതിന്റെ എ ബി സി ഡി പോലും അറിയില്ല.
പ്രവീണ്‍ " യോ മാൻ ( അവനങ്ങനെയാണ്. എന്തും തുടങ്ങുന്നതിനു മുൻപ് ആ ഒരു വാക്ക് മന്ത്രം കണക്കെ ഉരുവിടും) നീ ഗോ മാൻ.ഗൂഗിളിൽ കയറി ബ്ലോഗ്ഗർ എന്ന് ടൈപ് ചെയ്തു സൈൻ അപ് ചെയ്‌താൽ മതി. ഇ- മെയിൽ ഐ ഡി നിനക്കുള്ളത് അല്ലെ. അത് ക്രിയേറ്റ് ചെയ്ത പോലെ തന്നെ.

        അങ്ങനെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.അപ്പോളതാ അടുത്ത പ്രശ്നം മുളച്ചു പൊന്തി." അളിയാ എന്റെ ബ്ലോഗിന് ഒരു പേര് വേണം."

ഹരി : ഹരി ഓം.നമുക്കത് പരിഹരിക്കാം.

        അങ്ങനെയതും ചർച്ചക്കെടുത്തു. എന്തെക്കൊയോ ചില കാരണങ്ങളാൽ അത് തല്ക്കാലം തടസ്സപ്പെട്ടു.

            വൈകുന്നേരങ്ങളിൽ തിരികെ വന്നിരുന്നത് പസ്സഞ്ചറിൽ ആയിരുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഷാലിമാറിലും . അന്ന് ഞാൻ പസ്സഞ്ചറിൽ എത്തിയപ്പോൾ ഹരി അവിടെ  സന്നിഹിതനായിരുന്നു. 6 മണിക്ക് മുൻപ് തന്നെ ബാക്കിയുള്ളവരും ഹാജരായി. മറ്റൊരു ചർച്ചക്കും ഇടം നല്കാതെ ഞാൻ എന്റെ വിഷയം എടുത്തിട്ടു .  നവാസ് തന്റെ മൊട്ടതലയിൽ കൈ വിരലോടിച്ചു അതിൽ പതുക്കെ ഒരു തട്ടും കൊടുത്ത് ഗൌരവത്തിൽ പറഞ്ഞു.

        "അപ്പോൾ  നിനക്കൊരു  പേര് വേണം. "എല്ലാവരും ഗാഡമായ ആലോചനയിൽ ആയി. ഈ ഞാനും.

        “നീ ഏത് ടൈപ് പേരാണ് ആഗ്രഹിക്കുന്നത് ?"
        " മച്ചു ആ ഒരു പേരുള്ള മറ്റൊരു ബ്ലോഗും കാണരുത്." ഞാൻ മറുപടി പറഞ്ഞു.

        " ഉം " അവനൊന്നു അമർത്തി മൂളി. " എന്റെ കഥകൾ എന്നായാലോ ?"

" എടാ ആ പേരിൽ ഒരുപാട് ബ്ലോഗ്‌ കാണും" പ്രവീണിന്റെ വെട്ട്.

        " മച്ചു അടയും ശർക്കരയും എന്നായാലോ ?" വിജേഷിന്റെ സംഭാവന.
        "അടയും ശർക്കരയും ഒന്ന് പോടെ." പ്രവീണ്‍ രണ്ടാമതും വെട്ടി.

        " ചേട്ടാ ഒരു പേര് പറയു" ഞാൻ ബിജു ചേട്ടനോട് പറഞ്ഞു.
        " നാല്പാമരം എന്നിട്ടാലോ."
        " മച്ചു അതൊന്നു ലിസ്റ്റിൽ ഇട്ടോ." ഹരി എന്നോട് പറഞ്ഞു. അങ്ങനെ ഷോർട് ലിസ്റ്റിൽ ഒരു പേരായി.

        " അളിയാ പച്ചപ്പ്‌ എന്നിട്ടാലോ?" പ്രവീണിന്റെ ചോദ്യം.
        " പച്ചപ്പോ ഒന്ന് പോടെ " വിജെഷും നവാസും ഒരുമിച്ച് പ്രവീണിനെ കന്നം പിന്നം വെട്ടി.
        " അളിയാ ചിരാത് എന്നിട്ടാലോ? " നവാസിന്റെ ചോദ്യം. "എന്നാലത് മണ്‍ചിരാത് എന്നാക്കിക്കോ." അത് വരെ മിണ്ടാതിരുന്ന സൈലൻസർ അഷ്കർ പറഞ്ഞു.

        " അതും കൊള്ളാം. ഷോർട് ലിസ്റ്റിൽ ഇട്ടോ." ഹരി പറഞ്ഞു. " അളിയാ ഞാൻ ഒരു പേര് പറയാം. പകർന്നാട്ടം, എങ്ങനെയുണ്ട്?" പ്രവീണിന്റെ വക അടുത്തത്. " മച്ചു അതിനൊരിത്തിരി നിലവാരം കൂടി പ്പോയി. ആ പേര് കണ്ടു ബ്ലോഗിൽ കയറുന്നവർ ഒരുപാട് പ്രതീക്ഷിക്കും.ഞാൻ അത്ര നിലവാരത്തിൽ എത്തിയിട്ടില്ല." ഞാനും ഒരു വെട്ടു വെട്ടി.പ്രവീണ്‍ ആകെ നിരാശനായി.

            " പകർന്നാട്ടം നല്ല ഒരു പേരാണ്. അതിന് മനോഹരമായ ഒരു കവർ പേജു പോലും ഞാനിപ്പോൾ മനസ്സിൽ കണ്ടു" പ്രവീണ്‍ സ്വയം പറഞ്ഞു. എന്നാൽ ഞങ്ങളതിന് ചെവി കൊടുത്തില്ല.

        " ഡാ തൂശനില എങ്ങനെയുണ്ട് ?" മനു ചാടിപ്പറഞ്ഞു. " കൊള്ളാം അതൊരു ബയിസ് ആണ്. അതിൽ എല്ലാതരം കഥകളും വിളമ്പാം." ഞങ്ങളതും ഷോർട്ട് ലിസ്റ്റ് ചെയ്തു.

        " ഹരി ഓം. ഞാനൊരു പേര് പറയാം. വാഴപ്പിണ്ടി എങ്ങനുണ്ട്?" ഹരിയുടെ വക. ഞങ്ങളതും ലിസ്റ്റ് ചെയ്തു.പേരിടൽ അങ്ങനെ കൊഴുക്കുകയാണ്. " സിമ്പിൾ, കാചിംഗ് ആയിട്ടുള്ള ഒരു പേര് ഞാൻ പറയാം ഞഞ്ഞാ പിഞ്ഞ " ബിജു ചേട്ടൻ പറഞ്ഞു.
        "ചേട്ടാ എന്നെപ്പോലുള്ളവർ അതെങ്ങനെ ടൈപ് ചെയ്തു കേറും." നവാസ് ആത്മ നൊമ്പരത്തോടെ ചോദിച്ചു. " ഞഞ്ഞാ പിഞ്ഞ. നല്ലതാണ്. പക്ഷെ ടൈപ് ചെയ്യാൻ ബുദ്ധിമുട്ട് തന്നെയാണ്. " ഞാനും അതിനോട്  യോജിച്ചു.

        "ഡാ ഉണ്ടംപൊരി എങ്ങനെയുണ്ട് ?" അഷ്കറിന്റെ വക. ഞങ്ങൾ അഷ്കറിന്റെ ഉണ്ടംപോരിയും ലിസ്റ്റ് ചെയ്തു." ഹരി ഓം. ദാ പിടിച്ചോ വേറൊരെണ്ണം തേങ്ങാക്കൊല" " ബലെ ഭേഷ്" ഞാൻ പറഞ്ഞു. ഹരിയുടെ തെങ്ങാകൊലയും ലിസ്റ്റിൽ ആയി. " അളിയാ എന്റെ അടയും ശർക്കരയും....." വിജേഷ് പത്തി വിടർത്തി. " ഒന്ന് പോടെ " അപ്പോൾ തന്നെ നവാസ് ആ പത്തി നിലത്തിട്ട് ചതച്ചരച്ചു.

        ഹതാശനായ പ്രവീണ്‍ ദയനീയമായി പറഞ്ഞു " യോ മാൻ" ആ വിളിയിൽ പഴയ പുള്ളിംഗ് ഇല്ലായിരുന്നു. " മണ്ണാംകട്ട എങ്ങനെയുണ്ട്?" " കുഴപ്പമില്ല " അഷ്കറിന്റെ അപ്രൂവൽ. പ്രവീണിന് പഴയ ഊർജം തിരിച്ചു കിട്ടി.

            " മക്കളെ കപ്പതണ്ട്. എങ്ങനെയുണ്ട് ?"ബിജു ചേട്ടൻ. ഞങ്ങളതും ലിസ്റ്റ് ചെയ്തു. ഷോർട്ട് ലിസ്റ്റ് ചെയ്ത പേരിനൊക്കെ ഞങ്ങൾ നമ്പരിട്ടു.
1. മണ്‍ചിരാത്
2. തൂശനില
3.വാഴപ്പിണ്ടി
4. ഉണ്ടംപൊരി
5. തേങ്ങാക്കൊല
6. മണ്ണാംകട്ട
7. കപ്പതണ്ട്
       
        ഞങ്ങൾ തൽക്കാലത്തെക്ക് ചർച്ച അവസാനിപ്പിച്ചു.

        വീട്ടിലെത്തി ചായ കുടിച്ചെന്നു വരുത്തി ഞാൻ സിസ്റ്റത്തിനു മുന്നിൽ എത്തി. ഫേസ് ബുക്കിൽ അല്പസമയം കയറി നഖ ക്ഷതങ്ങൾ എൽപ്പിച്ചതിനു ശേഷം ഞാൻ ബ്ലോഗ്‌ നിർമാണം ആരംഭിച്ചു. അതിനു മുന്നോടിയായി ഷോർട്ട് ലിസ്റ്റ് ചെയ്ത പേരുകളിൽ ബ്ലോഗ്‌ ഉണ്ടോയെന്നു പരത്താൻ ഞാൻ തീരുമാനിച്ചു.

            അഷ്കറിന്റെ ഉണ്ടംപൊരി അടുപ്പത്ത് വെച്ചപ്പോളെ  കത്തിക്കരിഞ്ഞു പോയി. ആ പേരിൽ ഒരു ബ്ലോഗ്‌ ഉണ്ടായിരുന്നു.അങ്ങനെ ഗണപതിക്ക്‌ വെച്ചത് തന്നെ കാക്ക കൊണ്ട് പോയി. തൂശനില കീറി പറിഞ്ഞു നാശമായി.അതും ഉണ്ടായിരുന്നു. മണ്‍ചിരാത് നെലത്ത് വീണുടഞ്ഞു. എന്റെ പ്രതീക്ഷകൾ അസ്തമിക്കാൻ തുടങ്ങി.

        തെങ്ങാക്കൊല.ബ്ലോഗ്‌ സ്പോട്ട് . കോം നോക്കി. ഛെ, എന്റെ നെറുകംതലയിൽ തന്നെ തേങ്ങാക്കൊല വീണു.മണ്ണാംകട്ടയിലായി എന്റെ അടുത്ത പ്രതീക്ഷ. അത് ഗൂഗിളിന്റെ സെർച് ബാറിൽ വെച്ചപ്പോൾ തന്നെ മഴ പെയ്തു അലിഞ്ഞു പോയി.
       
        ഹരിയുടെ വാഴപ്പിണ്ടിയിലായി പിന്നീടെന്റെ പ്രതീക്ഷ. ഭാഗ്യം, വാഴപ്പിണ്ടി ജസ്റ്റിനു രക്ഷപെട്ടു. ബിജു ചേട്ടൻ തന്ന കപ്പതണ്ടും ഗൂഗിളിൽ ഒന്ന് നട്ടു നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. മരച്ചീനി കൃഷിയെ കുറിച്ചല്ലാതെ കപ്പതണ്ട് എന്ന പേരിൽ മറ്റൊരു ബ്ലോഗ്‌ ഇല്ലായിരുന്നു. അങ്ങനെ അവസാന റൌണ്ടിൽ വാഴപ്പിണ്ടിയും കപ്പതണ്ടും പ്രവേശിച്ചു. അതിൽ എതെന്നായി അടുത്ത ചോദ്യം. വാഴപ്പിണ്ടിയെക്കാൾ ആകർഷകമായി എനിക്ക് തോന്നിയത് കപ്പതണ്ട് ആയിരുന്നു. അഭിപ്രായം ആരായുന്നതിനായി ഞാൻ നവാസിനെ വിളിച്ചു. റിംഗ് ചെയ്ത് നിന്നതല്ലാതെ അവൻ എടുത്തില്ല. പ്രവീണിനെ എനിക്ക് കിട്ടി. " ഡാ തെങ്ങാകൊല കിട്ടിയില്ല" അങ്ങേത്തലക്കൽ ഫോണെടുത്ത പ്രവീണ്‍ " തെങ്ങാകൊല കിട്ടിയില്ലെന്നോ" ആരാണിത് ?" അപ്പോഴാണ്‌ ഞാൻ ഓർത്തത് വിളിച്ചത് ലാൻഡ്‌ ഫോണിൽ നിന്നാണെന്നു. " മച്ചു ഇത് ഞാനാണ് സുനിൽ." നീയായിരുന്നോ. ഞാൻ കരുതി ഏതോ തേങ്ങാ കച്ചവടക്കാരനാണെന്ന്. ഡാ മണ്ണാംകട്ടയുമില്ലെ?" " ഇല്ലളിയാ." " യോ മാൻ അത് കുഴപ്പമില്ല. തേങ്ങാക്കൊല ഔട്ട്‌ ആയല്ലോ, അത് മതി. "അവന്റെ ചിരിയിൽ ആശ്വാസം നിഴലിച്ചിരുന്നു.

        " മച്ചു ഇപ്പോൾ ഉള്ളത് രണ്ടു പേരാണ്, വാഴപ്പിണ്ടിയും കപ്പതണ്ടും. ഏതു വേണം" ഒരു നിമിഷത്തെ നിശബ്ദത "മാൻ, കപ്പതണ്ടാണ് ബെറ്റർ"ഞാൻ ആശ്വാസത്തോടെ ഫോണ്‍ ഡിസ് കണക്റ്റ് ചെയ്തു ബ്ലോഗ്ഗർ എടുത്ത് ബ്ലോഗ്‌ അഡ്രസ്സിൽ "കപ്പതണ്ട് " എന്ന് ടൈപ് ചെയ്തു.ഏതാനം മിനുട്ടുകൾ...... അത് യുഗങ്ങളായി എനിക്ക് തോന്നി. ഞാൻ അക്ഷമയോടെ കാത്തു നില്ക്കെ ഗൂഗിൾ ബ്ലോഗറിന്റെ വാതിൽ എനിക്കായി മലർക്കെ തുറന്നു തന്നു. കന്നി പ്രസവം കഴിഞ്ഞ സ്ത്രീയെ പോലെ ഞാൻ പുളകിതനായി നിന്നു.

3 comments:

  1. കൊച്ചു കുട്ടികൾ ഇൻജക്ഷൻ എടുക്കുന്നത് പോലെ അവൻ റീ ചാർജ് ചെയ്യുന്നത് ഭയപ്പെട്ടിരുന്നു..... Great...
    :)
    Your writings are good... try to expand ur viewer ship.
    -----------------------------------------------------------------------------------------------------------------

    ReplyDelete
  2. നല്ലെഴുത്ത്‌.നല്ല ഇഷ്ടായി.

    കപ്പത്തണ്ട്‌ തലകുത്തി ആണോ കുഴിച്ച്‌ വെച്ചേക്കുന്നതെന്ന് നോക്കട്ടെ.!!!!

    ReplyDelete