Saturday 8 June 2013

ഒരു ദോശ കഥ

സാമ്പാറിൽ ഒരു മുടി. അതായിരുന്നു ഞാൻ കണ്ടുപിടിച്ച മഹാ അപരാധം.

"എന്താ അമ്മെ ഇത് ?ഒരു ശ്രദ്ധയുമില്ല."

അമ്മയുടെ മറുപടിക്ക് ഞാൻ കാത്ത് നിന്നില്ല. കയ്യും കഴുകി ഞാൻ പുറത്തേക്കിറങ്ങി.അമ്മയുടെ മറുപടി ഏത് ദിശയിലേക്കായിരിക്കും പോകുക എന്ന് എനിക്ക് ഊഹിക്കാൻ കഴിയും. കഴിഞ്ഞ ഒരു വർഷത്തോളമായി അമ്മ നിർബന്ധിക്കുന്നു. ജോലി ചെയ്യുന്ന പ്രൈവറ്റ് കമ്പനിയുടെ നില നിൽപ്പ് തന്നെ ഒരു സൂചി മുനയിലാണ്. ഒന്ന് പച്ച പിടിച്ചു കഴിഞ്ഞേ കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ കഴിയൂ. എന്നാൽ ജീവിതം എന്ന വയലിൽ അനുനിമിഷം പോച്ച വളർന്നു വരുന്നത് മാത്രം മിച്ചം.

എന്തൊക്കെയായാലും അന്ന് മുതൽ ഞാൻ ഭക്ഷണം ഹോട്ടലിൽ നിന്നാക്കി. എറണാകുളത്ത് വർക്ക് ചെയ്യുന്ന പ്രൈവറ്റ് കമ്പനിയുടെ അടുത്ത് തന്നെയുള്ള ******* എന്ന ഹോട്ടലിൽ ഞാൻ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്തു. ആ ഹോട്ടലിലെ പ്രധാന ഐറ്റമായി എനിക്ക് തോന്നിയത് അവിടുത്തെ ദോശയായിരുന്നു. ഒരു പ്രത്യേകതരം ടേസ്റ്റ് ആയിരുന്നു അതിന്. ആ ടേസ്റ്റിന്റെ കാരണം എന്തെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. തലയിൽ കഷണ്ടി കയറിയത് തന്നെ മിച്ചം.

അധോവായു പോകുന്ന വേഗത്തിൽ ആറ് മാസങ്ങൾ കടന്നു പോയി. അന്നൊരു അവധി ദിനമായിരുന്നു. അവധി ദിനങ്ങളിൽ വാർത്തകളിലൂടെയുള്ള ഒരു യാത്ര എന്റെ പതിവായിരുന്നു. എന്നാൽ അന്നത്തെ പത്ര വാർത്ത‍ എന്നെ ഞെട്ടിച്ചു.

"സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക റൈഡ്. എറണാകുളത്തെ ******** ഹോട്ടലിലെ( ഞാൻ ഫുഡ്‌ കഴിച്ചിരുന്ന ) അടുക്കളയിൽ കക്കൂസ് മാലിന്യം കണ്ടെടുത്തു."

എന്റെ അടിവയറ്റിൽ നിന്നും എന്തോ ഒന്ന് മുകളിലേക്ക് ഉരുണ്ടുകയറാൻ തുടങ്ങി. എന്നാൽ എന്നെ അക്ഷരാർഥത്തിൽ തകർത്തത് ആ വാർത്തയിലെ അടുത്ത വരികളായിരുന്നു.

"പ്രസ്തുത ഹോട്ടലിലെ അന്യ സംസ്ഥാനക്കാരായ ജോലിക്കാർ സ്വന്തം ജട്ടി ഉണക്കാനിട്ടിരുന്നത് അവിടുത്തെ ദോശക്കല്ലിൽ ആയിരുന്നു."

അപ്പോൾ അതായിരുന്നു ആ വെറൈറ്റി ടേസ്റ്റിനു കാരണം. ആ ഉരുണ്ടു കയറ്റം എന്റെ വായിലൂടെ ഒരു കൊടും വാളായി പുറത്തേക്കിറങ്ങി.

NB :ഈ കഥ തികച്ചും സാങ്കല്പികം മാത്രം

1 comment: